വിവരണം – ജിതിൻ ജോഷി.
സ്പിറ്റിയിലേക്കുള്ള യാത്രകൾ സഞ്ചാരികൾ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ നിറുകയിലുള്ള ഗ്രാമത്തിലേക്ക് പോകുന്നതിനുമുന്നെ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പ്രധാനമായും രണ്ടു വഴികളിലൂടെ സ്പിറ്റി വാലിയിൽ എത്താം. മണാലിയിൽ നിന്നും അതുപോലെ ഷിംലയിൽ നിന്നും (റോക്കങ് -പിയോ വഴി ) സ്പിറ്റിയിലെ കാസയിലേക്ക് ബസ് ഉണ്ട്. പക്ഷേ ഈ ബസ് സർവീസ് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം, വഴിയിൽ മണ്ണിടിച്ചിലോ മറ്റു തടസങ്ങളോ ഉണ്ടെങ്കിൽ. മണാലിയിൽ നിന്നും അതിരാവിലെ പുറപ്പെടുന്ന ബസിൽ ടിക്കറ്റ് തലേന്നേ എടുത്തു വയ്ക്കാൻ സാധിക്കും. ഒരു പകലിന്റെ യാത്രയാണ് മണാലിയിൽ നിന്നും സ്പിറ്റിയിലേക്ക്..
വഴിയിൽ ഏതാനും കടകളുള്ള ഒന്നുരണ്ടു ഇടങ്ങൾ ഒഴിച്ചാൽ ബാക്കി വിജനമായ റോഡുകളാണ്. ഇവ കടന്നുപോകുന്നതോ ആൾതാമസമില്ലാത്ത മാനം മുട്ടുന്ന പർവ്വതങ്ങൾക്കിടയിലൂടെയും. വഴിയിൽ കടകൾ അധികം ലഭ്യമല്ലാത്തതിനാൽ ആവശ്യത്തിന് വെള്ളം, ഭക്ഷണം എന്നിവ കയ്യിൽ കരുതുക. കാരണം വഴിയിൽ എപ്പോൾ വേണമെങ്കിലും ബ്ലോക്ക് പ്രതീക്ഷിക്കാം. ചിലപ്പോൾ മണിക്കൂറുകൾ വിജനമായ വഴിയിൽ കിടക്കേണ്ടിവരും. അപ്പോൾ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഇല്ലെങ്കിൽ ബുദ്ധിമുട്ടും.
വൈകുന്നേരം കാസയിൽ എത്തിയാൽ താമസിക്കാനൊരു സ്ഥലം കണ്ടെത്തുക. ഒരുപാട് ഹോട്ടൽ / ഹോം സ്റ്റേ എന്നിവ കാസയിൽ ലഭ്യമാണ്. അതുപോലെ പിറ്റേന്ന് പോകാനുള്ള വണ്ടിയും സംസാരിച്ചു റെഡി ആക്കുക. സ്പിറ്റിയിൽ കറങ്ങാൻ ഒരു സ്കൂട്ടർ തന്നെ ധാരാളമാണ്. ബുള്ളറ്റ് / സ്കൂട്ടർ വാടകയ്ക്കു ലഭിക്കുന്ന കടകൾ കാസയിൽ ഉണ്ട്.
പറ്റിയാൽ അന്ന് വൈകുന്നേരം തന്നെ വണ്ടിയിൽ പെട്രോൾ അടിച്ചു വയ്ക്കുക. കാരണം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പെട്രോൾ ബങ്കിൽ എണ്ണയടിക്കാൻ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ 9.00 മണിക്കേ തുറക്കൂ എന്നാണ് എന്റെ ഓർമ്മ. തണുപ്പ് കാലത്തും തണുപ്പില്ലാത്തപ്പോളും സമയം വ്യത്യാസമുണ്ട്. അതിനാൽ തലേന്നേ പെട്രോൾ അടിച്ചുവച്ചാൽ അതിരാവിലെ കറങ്ങാൻ ഇറങ്ങാം.
വാഹനം ഓടിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക. ഒരുപാട് ഉയരത്തിലാണ് റോഡ്. മിക്കവാറും എല്ലായിടത്തും റോഡിന്റെ ഒരുവശം അഗാധമായ ഗർത്തമാണ്. കൂടാതെ വീതി നന്നേ കുറഞ്ഞ റോഡുകളാണ്. ടാർ ഇട്ട റോഡുകൾ ഉണ്ടെങ്കിലും മിക്കപ്പോഴും ടാറിന്റെ മേൽ ചരൽ മണ്ണ് ഉണ്ടാകും. അതുകൊണ്ട് ബൈക്ക് ആണെങ്കിൽ വണ്ടി സ്കിഡ് ആവാനുള്ള സാധ്യത ഏറെയാണ്. കാർ ആണെങ്കിൽ കൃത്യമായ ഗിയർ ഉപയോഗിച്ച് മാത്രം കയറ്റങ്ങൾ ഇറങ്ങുകയും കയറുകയും ചെയ്യുക. ഒരിക്കലും വണ്ടി ചുരത്തിലൂടെ പായിച്ചു ഇറക്കരുത്. നിയന്ത്രണം കിട്ടിയെന്ന് വരില്ല. കയറ്റം കയറുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക.
കാസയിൽ നിന്നും ഒരു പകൽ കൊണ്ട് കറങ്ങിവരാൻ പാകത്തിലുള്ള ദൂരത്തിലാണ് ഹിക്കിം, ചിം ചാം, കോമിക്, കീ മൊണാസ്ട്രി തുടങ്ങി എല്ലാ സ്ഥലങ്ങളും. ഒരു റൗണ്ട് ട്രിപ്പ് ആണ് ഇത്. കാസയിലെ ഒട്ടുമിക്ക കടകളിലും ആ ഭൂപ്രദേശത്തിന്റെ മാപ്പ് ഒട്ടിച്ചു വച്ചിട്ടുണ്ട്. കൂടാതെ ബൈക്ക് എടുക്കുന്ന കടയിൽ നിന്നും ഒരു ചെറിയ മാപ് കിട്ടുന്നതാണ്.
മൊബൈൽ റേഞ്ച് ഒട്ടുമില്ലാത്ത സ്ഥലമാണ് സ്പിറ്റി വാലി. ചില കടകളിൽ വൈഫൈ ലഭ്യമാണെങ്കിലും വെറുതെ പൈസ പോയിയെന്നെയുള്ളൂ എനിക്ക്. മടക്ക യാത്രയ്ക്കും ബസ് ഉണ്ടോ എന്ന് നേരത്തെ അന്വേഷിച്ചു ഉറപ്പ് വരുത്തുക. വൈകുന്നേരം ഒരു 6.00 ആകുമ്പോൾ ബസ് സ്റ്റാൻഡിൽ പോയി അന്വേഷിച്ചാൽ അന്ന് അങ്ങോട്ട് എത്തേണ്ട ബസ് എത്തിയോ എന്നറിയാം.. അഥവാ ബസ് വന്നിട്ടില്ലെങ്കിൽ ടെമ്പോ ട്രാവെൽസ് ഉണ്ടാകും. പൈസ ഇത്തിരി കൂടുമെന്ന് മാത്രം.
സ്പിറ്റിയോട് ചേർന്നുകിടക്കുന്ന മറ്റു അനവധി സ്ഥലങ്ങൾ ഉണ്ട്. വരുമ്പോൾ അവയും കൂടി ചേർത്ത് പ്ലാൻ ചെയ്യുക. നിഷ്കളങ്കരായ ഒരുകൂട്ടം ആളുകളാണ് സ്പിറ്റിയിൽ. യാതൊരു വിധത്തിലും അവരെ ശല്യപ്പെടുത്താതിരിക്കുക. നിങ്ങളുടെ സഹായത്തിന് തീർച്ചയായും അവരുണ്ടാകും..