ഒറ്റയ്ക്ക് ദൂരയാത്രകള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍

വിവരണം – Jobin Ovelil.

ഇന്നത്തെ തലമുറകളില്‍ തനിച്ചുള്ള ദൂരയാത്രകള്‍ ആസ്വദിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ വളരെ അധികമാണ്. ഒരുപാട് പേര്‍ solo യാത്രകളില്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റ്‌ ഞാന്‍ എഴുതുന്നത്. തനിച്ചുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഭൂരിഭാഗവും പ്രശ്നങ്ങള്‍ ഫേസ് ചെയ്യാന്‍ കഴിവുള്ളവര്‍ തന്നെയാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ കഴിവിനും അപ്പുറമായിരിക്കാം നാം സഞ്ചരിക്കുന്ന വഴികളില്‍ നമ്മെ കാത്തിരിക്കുന്ന അപകടങ്ങള്‍, ചില മുന്‍കരുതലുകള്‍ എടുത്താല്‍ നമ്മുക്ക് ഇതില്‍ നിന്നെല്ലാം ഒരു പരിധി വരെ രക്ഷപെടുവാന്‍ സാധിക്കും.

ഹൈവേ കള്ളന്മാര്‍ [ highway thief ] – സ്വന്തം വാഹനത്തില്‍ ദൂരയാത്രകള്‍ ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ഹൈവേ ലക്ഷ്യമാക്കി കളവുകള്‍ നടത്തുന്നവര്‍. കൂടുതലായും ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ആണ് ഇവര്‍ കൂടുതലായും കണ്ടു വരുന്നത്. നമ്മുടെ ജീവന്‍ അപഹരിക്കാന്‍ പോലും മടിയില്ലാത്തവര്‍ ആണ് ഇക്കൂട്ടര്‍. രാത്രിയില്‍ ആണ് ഇവര്‍ കൊള്ളക്ക് ഇറങ്ങുന്നത്. നാലോ അഞ്ചോ അതില്‍ കൂടുതലോ ആയ ഗ്രൂപ്പ്‌ ആയിട്ടായിരിക്കും ഇക്കൂട്ടര്‍ കൊള്ളക്ക് ഇറങ്ങുക. തനിച്ചു സഞ്ചരിക്കുന്നവരെയാണ് കൂടുതലായും ഇവര്‍ ലക്ഷ്യമിടുന്നത്.

ഇവരില്‍ നിന്നും രക്ഷപെടുവാന്‍ രാത്രി യാത്രകള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രധാനം. പ്രത്യേകിച്ചും ഇരുചക്രവാഹന യാത്രക്കാര്‍ തനിച്ചു സഞ്ചരിക്കുന്ന അവസരങ്ങളില്‍ രാത്രി 8 മണിക്ക് ശേഷം ഉള്ള യാത്രകള്‍ ഒഴിവാക്കുക അതിനു മുന്പായി തന്നെ സുരക്ഷിത സ്ഥാനത്ത് തങ്ങുക. പലപ്പോഴും രാത്രിയില്‍ അപകടം സംഭവിച്ചു കിടക്കുന്ന വാഹനങ്ങള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കാണുകയോ, വാഹനം കേടായി എന്ന രീതിയില്‍ റോഡ്‌ സൈഡില്‍ നില്‍ക്കുന്നവരെയോ കാണുകയോ, ആരെങ്കിലും വാഹനത്തിനു കൈ കാണിക്കുകയോ ചെയ്യ്താല്‍ വാഹനം നിര്‍ത്തി അവരെ സഹായിക്കുവാന്‍ നില്‍ക്കാതിരിക്കുക.

രാത്രിയില്‍ റോഡില്‍ കട്ടയോ മറ്റെന്തെങ്കിലുമോ വച്ച് മാര്‍ഗതടസ്സം സൃഷ്ടിച്ചിരിക്കുന്നത് കാണുകയോ, കയര്‍ റോഡിനു കുറുകെ ഇട്ടിരിക്കുന്നത് കാണുകയോ ചെയ്യ്താല്‍ വേഗം തന്നെ വാഹനം തിരിച്ച് കുറഞ്ഞത് 1 കിലോമീറ്റര്‍ എങ്കിലും പുറകോട്ടു പോകുക. കൂട്ടമായി കുറച്ചു വാഹനങ്ങള്‍ വരുന്നത് വരെ കാത്തിരിക്കുക. തുടര്‍ന്നു അവരോടൊപ്പം യാത്ര ചെയ്യാന്‍ ശ്രമിക്കുക.

കാറിലോ മറ്റു വലിയ വാഹനങ്ങളിലോ ആണ് യാത്ര ചെയ്യുന്നത് എങ്കില്‍ വണ്ടിയുടെ ഗ്ലാസില്‍ മുട്ടയോ ഓയിലോ പോലെയുള്ള വസ്തുക്കളോ വീഴുകയാണെങ്കില്‍ ഒരു കാരണവശാലും വൈപര്‍ ഇടുകയോ വാഹനം നിര്‍ത്തുകയോ ചെയ്യരുത്. വൈപര്‍ ഇട്ടാല്‍ ഗ്ലാസില്‍ മുഴുവന്‍ ഇവ പടരുകയും പുറം കാഴ്ച അസാധ്യമാവുകയും ചെയ്യും.

എന്തൊക്കെ കൊണ്ടുപോകണം? ഒറ്റക്കുള്ള യാത്രയില്‍ പരമാവധി സാധനങ്ങള്‍ കുറക്കാന്‍ ശ്രെധിക്കണം. യാത്രയില്‍ ഒഴിവാക്കാന്‍ പാടില്ലാത്തത് എന്തൊക്കെയാണ് എന്നാണു ഞാന്‍ പറയുന്നത്.

ID: നമ്മുടെ ഇന്ത്യന്‍ ഗവണ്മെന്റ് അംഗീകാരം ഉള്ള ഏതെങ്കിലും 2 ID കാര്‍ഡ്. ഇന്ത്യക്ക് പുറത്തേക്കു യാത്ര ഉണ്ടെങ്കില്‍ പാസ്സ്പോര്‍ട്ട് നിര്‍ബ്ബന്ധം.ഇവയുടെ ഒരു 5 കളര്‍ കോപ്പി. ഫോട്ടോ : 10 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ. ഡ്രസ്സ്‌ : യാത്രയില്‍ കൂടുതലും ടീ ഷര്‍ട്ടുകള്‍ കരുതുക. ഇവ നമ്മുടെ ലഗ്ഗേജ് ഭാരം കുറക്കുകയും ബാഗില്‍ കൂടുതല്‍ ഇടം ലഭിക്കുകയും ചെയ്യും കൂടാതെ വേഗം ഉണങ്ങുകയും ചെയ്യും.യാത്രക്ക് 5 ടീ ഷര്‍ട്ടിനു മുകളില്‍ ആവശ്യം ഇല്ല. ജീന്‍സും 2 എണ്ണം മതിയാകും. ട്രാക്ക് സ്യൂട്ട് പാന്‍റ്കള്‍ ഒരു 3 എണ്ണം കൂടി കരുതുക. ഇന്നെര്‍ വെയര്‍ ആണെങ്കിലും ഒരു 5 എണ്ണം കരുതിയാല്‍ മതി. നിങ്ങള്‍ സ്റ്റേ എടുക്കുന്ന ഹോട്ടലുകളില്‍ ഉറങ്ങുന്ന സമയത്ത് ഫാനിന്‍റെയോ ac യുടെയോ കീഴില്‍ നനച്ചിട്ട് ഉണങ്ങി എടുക്കുക. Jacket, gloves അതുപോലെയുള്ള കാര്യങ്ങള്‍ നിങ്ങളുടെ യാത്രയുടെ സ്വഭാവം അനുസരിച്ച് കരുതുക.

ഷൂസ് : ട്രെക്കിംഗ് ഷൂസ് ആണ് യാത്രയില്‍ എനിക്ക് പ്രിയം, കൂടുതലും ഗ്രിപ്പ് ഉള്ള ഷൂസുകള്‍ ഉപയോഗിക്കുക. ഒരു ജോഡി സ്ലിപ്പര്‍സ് കൂടാതെ ആവശ്യം എങ്കില്‍ ഗംബൂട്ടും കരുതുക. മൊബൈല്‍: ഫോട്ടോ എടുക്കാനും മറ്റും ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ ഫോണ്‍ കൂടാതെ ഒരു സാദാരണ മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യ്ത് കരുതുക. കഴിയുമെങ്കില്‍ അതില്‍ ഒരു postpaid BSNL സിം ഉപയോഗിക്കുക. അതില്‍ നമ്മെ നല്ലപോലെ അറിയാവുന്ന ആള്‍ക്കാരുടെ മാത്രം നമ്പരുകള്‍ സേവ് ചെയ്യ്ത് സൂക്ഷിക്കുക. കൂടാതെ ഒരു സോളാര്‍ ചാര്‍ജ്ജറോ, Hand Rotating Charger കരുതുക.

Safety things : തനിച്ചുള്ള യാത്രകളില്‍ കുറച്ചു ആയുധങ്ങള്‍ കൂടി കരുതിയിരിക്കണം. എന്നാല്‍ അവ ആയുധങ്ങള്‍ എന്ന ലിസ്റ്റില്‍ വരുന്നവയും ആകരുത്. അങ്ങനെയുള്ള കുറച്ചു സാധനങ്ങള്‍ ആണ് ഇവ., Bright Light Torch – നീളംകൂടിയ കനം കൂടുതല്‍ ഉള്ള ടോര്‍ച് കരുതുക, വെട്ടം കാണുവാനും അക്രമിയെ നേരിടുവാനും ഇത് ഉപയോഗിക്കാം. parker pen , swiss knife മുതലായവയും ഇതിനു ഉപയോഗിക്കാം.. സ്ലീപിംഗ് ബാഗ്‌, tent മുതലായവ ആവശ്യം ഉണ്ടെങ്കില്‍ മാത്രം കരുതുക.

2 ATM കാര്‍ഡുകള്‍ കരുതണം. അതില്‍ ഒരെണ്ണം emargency cash ആവശ്യം ഉള്ളപ്പോള്‍ മാത്രം ഉപയോഗിക്കാന്‍ തക്കവണ്ണം കുറച്ചു പൈസ ഇട്ടു നഷ്ടപ്പെടാന്‍ സാധ്യത ഇല്ലാത്തിടത്ത് സൂക്ഷിക്കുക. അതുപോലെ കയ്യില്‍ ഉള്ള cash ബാഗിലും മറ്റുമായി പലയിടങ്ങളില്‍ സൂക്ഷിക്കുക. നമ്മള്‍ തന്നെ തയ്യാറാക്കിയ നമ്മുടെ ഒരു ID പേര്‍സില്‍ കരുതുക, അവയില്‍ നിങ്ങളുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തുക. നിങ്ങളുടെ രക്ത ഗ്രൂപ്പും എമര്‍ജന്‍സി contact number എന്നിവ വലിയ അക്ഷരത്തില്‍ ചുവപ്പ് കളറില്‍ രേഖപ്പെടുത്തുക.

താമസം – തനിച്ചുള്ള യാത്രയില്‍ മറ്റൊരു പ്രധാന വില്ലനായി വരുന്ന ഒന്നാണ് താമസം.
കൂടുതല്‍ ആള്‍ക്കാരും യാത്രകളില്‍ താമസിക്കാനായി തിരഞ്ഞെടുക്കുന്നവ ലോഡ്ജ്കളോ ഹോട്ടലുകളോ ആയിരിക്കാം. ഇങ്ങനെയുള്ളവ താമസിക്കുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി Rating നോക്കി മാത്രം ബുക്ക്‌ ചെയ്യുക. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ബുക്ക്‌ ചെയ്യുമ്പോള്‍ പ്രധാനമായും നമ്മുക്ക് 3 കാര്യങ്ങള്‍ക്ക് ഇവ ഉപകാരപ്പെടും.

പൊതുവേ നേരിട്ട് നമ്മള്‍ ഒരു ഹോട്ടലില്‍ ചെന്ന് ബുക്ക്‌ ചെയ്യുന്നതിലും കുറഞ്ഞ തുകക്കായിരിക്കും ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തില്‍ ഇവര്‍ തങ്ങളുടെ ഹോട്ടല്‍ റൂം ഇട്ടിരിക്കുക. അതിനാല്‍ നമ്മുടെ പൈസ ലാഭിക്കുവാന്‍ സാധിക്കും. മുന്പ് ആ ഹോട്ടലില്‍ താമസിച്ചിരുന്നവര്‍ അവരുടെ അഭിപ്രായങ്ങളും rating മുതലായവ ഈ ഓണ്‍ലൈന്‍ ആപ്പുകളില്‍ പങ്കുവക്കാര്‍ഉണ്ട് അതിനാല്‍ ആ ഹോട്ടലിനെക്കുറിച്ച് ഏകദേശം ധാരണ നമ്മുക്ക് ലഭിക്കും. അത്യാവശ്യം കൊള്ളാവുന്ന ഹോട്ടലുകാര്‍ മാത്രമേ ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ റൂമുകള്‍ പരസ്യപ്പെടുത്താറുള്ളൂ. അതിനാല്‍ നമ്മുടെ ജീവനും സാധന സാമഗ്രികളും ഒരു പരിധി വരെ സുരക്ഷിതമായിരിക്കും.

താമസത്തിനായി മറ്റൊരു പ്രധാന മാര്‍ഗ്ഗം എന്നത് Portable Tent ആണ്. ഒരുപാട് solo സഞ്ചാരികള്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നുണ്ട്. വാട്ടര്‍പ്രൂഫ്‌ tent കള്‍ തന്നെ വാങ്ങുവാന്‍ ശ്രദ്ധിക്കുക. നമ്മുടെ യാത്രയില്‍ കാശ് ലാഭിക്കാന്‍ ഏറ്റവും ഉപകാരപ്പെടുന്നതൊന്നാണ് ഇത്. എന്നാല്‍ tentല്‍ താമസിക്കുമ്പോള്‍ നമ്മള്‍ക്ക് ഒരുപാട് കരുതല്‍ വേണം. tent അടിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്. വിജനമായ സ്ഥലങ്ങളിലാണ് tent അടിക്കുവാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ റോഡില്‍ നിന്ന് മാറി ആരുടേയും നോട്ടം എത്താത്ത രീതിയില്‍ tent അടിക്കുവാന്‍ ശ്രെദ്ധിക്കുക.

ഇഴജന്തുക്കളോ മൃഗങ്ങളോ വിഹരിക്കുന്ന ഇടങ്ങള്‍ അല്ല എന്ന് ഉറപ്പ് വരുത്തുക.
ആ സ്ഥലത്തെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പോയി അവരുടെ അനുവാദം മേടിച്ച് സ്റ്റേഷന്‍ പരിസരത്ത് tent അടിക്കുകയാണ് ഏറ്റവും ഉത്തമം. എപ്പോളും അമ്പലങ്ങള്‍ പള്ളികള്‍ സ്കൂളുകള്‍ മുതലായവക്കടുത്ത് tent അടിക്കുമ്പോള്‍ അവിടുത്തെ അധികാരികളോട് അനുവാദം വാങ്ങിയിരിക്കണം.

നമ്മുടെ നാട്ടില്‍ വ്യാപകമായില്ലെങ്കിലും ഉപയോഗത്തില്‍ ഉള്ള ഒരു താമസ സംവിഥാനം ആണ് Couch Surfing. അതിന്‍റെ മുദ്രാവാക്യം തന്നെ “Stay with Locals and Meet Travelers” എന്നതാണ്. തങ്ങളുടെ വീട്ടില്‍ സഞ്ചാരികളെ താമസിപ്പിക്കുവാന്‍ താല്പര്യം ഉള്ള യാത്രയെ സ്നേഹിക്കുന്ന ഒരുപാട് വ്യക്തികള്‍ തങ്ങളുടെ വീട്ടില്‍ നമ്മുക്ക് താമസിക്കുവാനും കഴിക്കുവാനും സവ്കര്യം ഒരുക്കും. ചിലര്‍ ചിലപ്പോള്‍ ഇതിനായി വളരെ ചെറിയ തുക ചിലപ്പോള്‍ ഈടാക്കിയേക്കാം. Couchsurfing എന്ന സോഷ്യല്‍ networking വെബ്സൈറ്റ് മുഖേനയാണ് ഇത് സാദ്യമാകുന്നത്. Link: https://www.couchsurfing.com.

ഭക്ഷണം,വെള്ളം – ഒറ്റപ്പെട്ട യാത്രകളിലെ ചെറിയൊരു കാര്യമല്ല ഭക്ഷണവും കുടിവെള്ളവും എന്നത്. ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട ഒന്ന് തന്നെയാണ് ഇവ. നമ്മുടെ യാത്രകളില്‍ നമ്മുക്കെന്തെങ്കിലും സംഭവിച്ചാല്‍ സഹായിക്കാന്‍ നാം തന്നെ ഉള്ളൂ എന്നൊരു ഉത്തമബോധം നമുക്കുണ്ടാവണം. കണ്ണില്‍കാണുന്നവ ഒന്നും വാരിവലിച്ചു തിന്നരുത്, ദഹനക്കുറവു മൂലം വയറുവേദന , ശര്‍ദ്ദി എന്നിവ ഉണ്ടാകാം. കൂടാതെ എണ്ണപലഹാരങ്ങളോ മാംസാഹാരങ്ങളോ പരമാവധി ഒഴിവാക്കുകയും വേണം. ഇവയില്‍ നിന്നും Food poison ഉണ്ടാകാന്‍ സാദ്യത വളരെ കൂടുതല്‍ ആണ്.

പല ഹോട്ടലുകളിലും ദിവസങ്ങള്‍ പഴക്കം ചെന്ന മാംസാഹാരങ്ങള്‍ ആണ് വിളമ്പുന്നത്. കൂടുതലും സസ്യാഹാരങ്ങള്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് നമ്മുടെ യാത്രയുടെ ചിലവ് കുറയ്ക്കാനും ആരോഗ്യം നശിക്കാതിരിക്കുവാനും സഹായിക്കും. യാത്രയില്‍ നല്ല ഫ്രൂട്ട്കള്‍ കയ്യില്‍ കരുതുന്നതും നല്ലതാണ്. വഴിയില്‍ നിന്ന് വാങ്ങുന്നതാണ് എങ്കില്‍ നല്ലതുപോലെ കഴുകി സൂക്ഷിക്കുക. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് സമയത്തുള്ള ഭക്ഷണം. ഒരു കാരണവശാലും പ്രഭാതഭക്ഷണം മുടങ്ങരുത്. അതുപോലെ തന്നെ രാത്രിയില്‍ മിതമായി മാത്രം നേരത്തെ കഴിച്ചു വിശ്രമിക്കുക.

ഭക്ഷണം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ് വെള്ളവും. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുവാന്‍ ശ്രെദ്ധിക്കുക. ഏറ്റവും കുറഞ്ഞത് ഒരു ദിവസം 5 ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. സമുദ്രനിരപ്പില്‍ നിന്നും ഒരുപാട് ഉയരെ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ വെള്ളം നല്ലത് പോലെ കുടിച്ചില്ല എങ്കില്‍ AMS പോലെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യത അധികമാണ്. അതുപോലെ ക്ഷീണം വരാതെയിരിക്കുവാനും മലശോധന സംബന്തമായുള്ള പ്രശ്നങ്ങളില്‍ നിന്നും വെള്ളം കുടിക്കുന്നത് പരിഹാരമാണ്. കുടിക്കുവാന്‍ വെള്ളം മേടിക്കുന്നതിലും നമ്മള്‍ ശ്രെധചെലുത്തണം. കുപ്പി വെള്ളം ആണ് വാങ്ങുന്നത് എങ്കില്‍ സീല്‍ പൊട്ടിച്ചതല്ല എന്ന് ഉറപ്പ് വരുത്തി വാങ്ങുക. കടയില്‍ നിന്നും മറ്റും വെള്ളം വാങ്ങുമ്പോള്‍ തിളപ്പിച്ച വെള്ളം ചോദിച്ചു വാങ്ങുക. ഭക്ഷണം കഴിക്കുവാന്‍ കയറുന്ന കടയില്‍ നിന്ന് തന്നെ തിളപ്പിച്ചാറിയ വെള്ളം കുപ്പികളില്‍ ശേഖരിക്കുക.

ഈ കാര്യങ്ങള്‍ ഒന്ന് ശ്രെധിക്കുകയാണങ്കില്‍ ഒരു പരിതി വരെ നിങ്ങളുടെ solo യാത്രകള്‍ നിങ്ങള്‍ക്ക് ആനന്ദകരവും സുരക്ഷിതവും ആക്കുവാന്‍ സാധിക്കും. തനിച്ചുള്ള യാത്രകളുടെ രുചി നിങ്ങള്‍ അറിഞ്ഞുതുടങ്ങിയാല്‍ ഒരിക്കലും നിങ്ങള്‍ മറ്റൊരാളുടെ കൂടെ യാത്ര പോകുവാന്‍ ഇഷ്ടപ്പെടില്ല. അപ്പോള്‍ എല്ലാവര്‍ക്കും നല്ല യാത്രകള്‍ നേരുന്നു.