തൊടുപുഴ – കാഞ്ഞാർ – വാഗമൺ റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്ര ദുഷ്ക്കരം. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, തേക്കടി എന്നി കേന്ദ്രങ്ങളെ ഏറ്റവും എളുപ്പം കൊച്ചിയുമായി ബന്ധിപ്പിക്കുന്ന തൊടുപുഴ കാഞ്ഞാർ വാഗമൺ റോഡ് പൊട്ടി പൊളിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര വളരെ ബുദ്ധിമുട്ടേറിയതായി മാറി. ദിവസവും നൂറുകണക്കിനു വിനോന്ദസഞ്ചാരികളാണ് ഈ വഴിയെ ആശ്രയിച്ചുകൊണ്ട് വാഗമണിലേക്കും തേക്കടിയിലേക്കും എത്തിച്ചേരുന്നത്. പൊട്ടിപൊളിഞ്ഞ ഈ വഴിയിലൂടെയുള്ള യാത്രയിൽ അപകടങ്ങളും പതിവു കാഴ്ചയാണ്. വിനോദസഞ്ചാരികളെപ്പോലെ തന്നെ പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും മറ്റു സ്ഥിരയാത്രക്കാർക്കും ഈ റോഡ് പൊട്ടിപൊളിഞ്ഞത് വളരെ ദോഷകരമായാണ് ബാധിച്ചിരിക്കുന്നത്. നിരവധി വിദ്യാർത്ഥികളാണ് വാഗമണിൽ നിന്നും മുട്ടം, തൊടുപുഴ എന്നിവടങ്ങളിൽ പഠനത്തിനായി പോകുന്നത്. റോഡ് ആകെ തകർന്നു കിടക്കുന്നതിനാൽ നിരവധി ബസ് സർവ്വീസുകൾ നിർത്തലാക്കിയിട്ടുമുണ്ട്.
ഇതിനെത്തുടർന്ന് നാട്ടുകാർക്കും വിദ്യാർഥികൾക്കും കൃത്യസമയത്ത് സ്കൂളിലോ പണി സ്ഥലങ്ങളിലോ എത്താൻ കഴിയുന്നില്ല. പൊട്ടിപൊളിഞ്ഞ റോഡും വലിയ വളവുകളും ആഴത്തിൽ ഉള്ള കൊക്കകളും വിനോദസഞ്ചാരികളെ ഭയപ്പെടുത്തുന്ന കാഴ്ചയാണ്. ഇത് വിനോദ സഞ്ചാര മേഖലയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ഇത്രേയൊക്കെ ആയിട്ടും അധികൃതർ ഇന്നു വരെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നതാണ് സത്യം. അധികൃതരുടെ ഈ അനാസ്ഥയിൽ കടുത്ത പ്രേതിഷേധത്തിലാണ് നാട്ടുകാർ. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ഒരു പറ്റം നാട്ടുകാരായ ചെറുപ്പക്കാരാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അവർ പകർത്തിയ ദൃശ്യങ്ങൾ താഴെ കാണാം.
തൊടുപുഴയിൽ നിന്നും വാഗമൺ, ഏലപ്പാറ, കട്ടപ്പന ഭാഗങ്ങളിലേക്ക് കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടാണിത്. റോഡ് മോശമായതിനാൽ ഡ്രൈവർമാർക്ക് ബസ് നിയന്ത്രിക്കുവാൻ വളരെ കഷ്ടപ്പെടേണ്ടി വരുന്നുണ്ടെന്നു കെഎസ്ആർടിസി ജീവനക്കാർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. റോഡിലെ കുണ്ടിലും കുഴികളിലുമൊക്കെ കയറിയിറങ്ങി ആടിയുലഞ്ഞുകൊണ്ട് കെഎസ്ആർടിസി ബസ്സുകൾ ഇതുവഴി സഞ്ചരിക്കുന്ന കാഴ്ച തന്നെ ഭീതിജനകമാണ്. തൊട്ടപ്പുറം കൊക്കയായതിനാൽ വളരെ ശ്രദ്ധിച്ചു വേണം ഇതുവഴി ബസ് പോലുള്ള വലിയ വാഹനങ്ങൾ നിയന്ത്രിച്ചു കൊണ്ടുപോകുവാൻ. ഇതുമൂലം ബസ്സുകൾക്ക് കൃത്യസമയം പാലിക്കപ്പെടാൻ കഴിയാത്ത അവസ്ഥ വരുന്നുമുണ്ട്.
കഴിഞ്ഞ വര്ഷം ഓഗസ്റ്റ് മാസം നടന്ന പ്രളയത്തിനിടെയാണ് ഈ റോഡിനു സാരമായ കേടുപാടുകൾ സംഭവിച്ചത്. കേരളത്തിലുടനീളം ഇത്തരത്തിൽ പല റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഒന്നോ രണ്ടോ മാസങ്ങൾക്കകം പൂർവസ്ഥിതി കൈവരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ വിനോദസഞ്ചാരത്തിൽ പ്രത്യേകം എടുത്തുപറയേണ്ട ഒരു സ്ഥലമായ വാഗമണിലേക്കുള്ള ഒരു പ്രധാന റൂട്ടായ തൊടുപുഴ – കാഞ്ഞാർ – വാഗമൺ റോഡ് ഇന്നും ഈ അവസ്ഥയിൽത്തന്നെ കാണപ്പെടുന്നത് വളരെ വേദനാജനകമായ ഒരു കാര്യമാണ്.
കടപ്പാട് – Ebin Mancherikalam.