പാട്ടും ഡാൻസും കളർഫുൾ റൗണ്ടും; തൃശ്ശൂർ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ

കേരളത്തിലെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരം, മറ്റെല്ലാ നഗരങ്ങളെപ്പോലെയും രാത്രി പത്തുമണിയാകുമ്പോഴേക്കും ഉറങ്ങുവാൻ തുടങ്ങാറാണ് പതിവ്. കടകമ്പോളങ്ങൾ അടയുകയും സ്വരാജ് റൗണ്ട് ഉൾപ്പെടെയുള്ള നിരത്തുകൾ വിജനമാകുകയും ചെയ്യുന്നതോടെ വടക്കുംനാഥനും, പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലെ പൂവിൽപ്പനക്കാരും മാത്രമാകും തൃശ്ശൂർ നഗരഹൃദയത്തിൽ ഉറങ്ങാതെയിരിക്കുന്നത്.

ഈ രീതിയ്ക്ക് ഒരു മാറ്റം വരുത്തുവാനായി ഒരു നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ശ്രമിക്കുകയാണ് ഈ ഡിസംബർ മാസം. ഹാപ്പി ഡേയ്സ് എന്ന് പേരിട്ടിട്ടുള്ള തൃശ്ശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 15 വരെ ഒരുമാസത്തോളം അരങ്ങു തീർക്കും. വൈകുന്നേരം ആറുമണി മുതൽ രാത്രി 11 മണിവരെ തൃശ്ശൂർ നഗരം ഇനി ഉണർന്നിരിക്കും, പകലിനേക്കാൾ പൊലിമയോടെ.

ചേംബർ ഓഫ് കൊമേഴ്സ്, വ്യാപാര വ്യവസായ ഏകോപന സമിതി, തൃശ്ശൂർ കോർപ്പറേഷൻ തുടങ്ങിയവയുടെ സഹായത്തോടെയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇരുട്ട് പരക്കുന്നതോടെ വീടുകളിൽ ഒതുങ്ങിക്കൂടുക എന്ന പഴയ ശീലങ്ങൾക്ക് വിട കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നിശാ വ്യാപാരമേള നടത്തുന്നത്. കേരളത്തിൽത്തന്നെ ഇത് ആദ്യമായാണ് ഒരുമാസം നീണ്ടു നിൽക്കുന്ന നൈറ്റ് ഷോപ്പിംഗ്.

വൈകിട്ട് ആറു മണി മുതൽ രാത്രി 11 വരെ തൃശ്ശൂർ നഗര പരിധിയിൽ കടകൾ തുറന്നു പ്രവർത്തിക്കും. ഒപ്പം ആകർഷകമായ ഡിസ്കൌണ്ടുകളും ആനുകൂല്യങ്ങളും ഉത്പന്നങ്ങൾക്ക് ഉണ്ടായിരിക്കും. നൂറു രൂപയ്ക്കു മീതെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു സമ്മാന കൂപ്പണ്‍ നല്‍കും. അഞ്ചു കാറുകളും ഒട്ടേറെ ഗൃഹോപകരണങ്ങളും സമ്മാന പദ്ധതിയിലുണ്ട്. കൂടാതെ ഷോപ്പിംഗിനും കറങ്ങാനും വരുന്നവർക്ക് വിശപ്പടക്കാൻ ഹോട്ടലുകളും തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.

തൃശ്ശൂർ നഗരത്തിലെ ഷോപ്പിംഗ് ഫെസ്റ്റിവലും നൈറ്റ് ലൈഫും : വീഡിയോ കാണുക.

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരമാകെ വർണ്ണപ്രപഞ്ചമാക്കി പലതരത്തിലുള്ള കളർഫുൾ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. കൂടാതെ ഈസ്റ്റ് ഫോർട്ട്, ശക്തൻ നഗർ, വെസ്റ്റ് ഫോർട്ട്, വഞ്ചിക്കുളം തുടങ്ങിയ നാലിടങ്ങളിൽ സ്റ്റേജ് ഷോകളും ഉണ്ടായിരിക്കും. ദിവസേന ഈ സ്റ്റേജുകളിൽ പ്രശസ്തരായ വിവിധ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ നടത്തപ്പെടുന്നു. കാണികൾക്ക് തികച്ചും സൗജന്യമായി ഇവയെല്ലാം ആസ്വദിക്കുകയും ചെയ്യാം.

അതോടൊപ്പംതന്നെ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഓപ്പൺ സ്റ്റേജ് മാതൃകയിൽ പലതരം പരിപാടികളും അരങ്ങേറും. ബെല്ലി ഡാൻസ്, ബാൻഡ് മേളം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികൾ ആളുകൾ വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. ഇതിൽ വിദേശ കലാകാരികൾ അണിനിരന്ന ബെല്ലിഡാൻസ് ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്നുവേണം പറയാൻ.

ഫെസ്‌റ്റിവലിൻറെ ഭാഗമായി മാരത്തൺ മുതൽ മെഗാ മാർഗം കളി വരെയുണ്ടാകും. വിൻറേജ്‌ കാർറാലി, റോളർ സ്‌കേറ്റിങ്, ബൈക്ക്‌ റാലി, പെറ്റ്‌ഷോ, ഫ്ളാഷ്‌മോബ്‌, ചിത്രരചനാമത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. സമാപനദിനത്തിൽ ബേക്കേഴ്‌സ്‌ അസോസിയേഷൻറെ നേതൃത്വത്തിൽ മൂന്നര കിലോമീറ്റർ നീളമുള്ള വലിയ കേക്കും തയ്യാറാക്കുന്നുണ്ട്. കോടികൾ ചെലവഴിച്ചാണ് ഷോപ്പിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

നടക്കാനുള്ള തെരുവ് എന്ന ആശയമാണ് മറ്റൊരു പ്രത്യേകത. വിദേശ രാജ്യങ്ങളിലേതിനു സമാനമായാണ് രാത്രികാല ഷോപ്പിങ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. എന്തായാലും തൃശ്ശൂരിലെ രാത്രി ജീവിതം ഉണരാൻ ഈ നൈറ്റ് ഷോപ്പിങ് ഫെസ്റ്റ് സഹായകരമായി എന്നതിൽ യാതൊരു തർക്കവുമില്ല.

വിവരങ്ങൾക്ക് കടപ്പാട് – Samayam, Times Of India.