ഓൺലൈനിൽ ഓർഡർ ചെയ്താൽ മദ്യം ലഭിക്കുമോ? സംസ്ഥാനത്ത് മദ്യലഭ്യത ഇല്ലാത്ത സാഹചര്യത്തിൽ വീടുകളിൽ രഹസ്യമായി മദ്യം എത്തിച്ചുനൽകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
സമൂഹ മാധ്യമ എക്കൌണ്ടുകളിൽ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച്, മദ്യം ഓർഡർ ചെയ്യാൻ ആളുകളെ പ്രലോഭിപ്പിക്കും. ഫോൺനമ്പറിൽ വിളിക്കുമ്പോൾ മധുരതരമായ സംഭാഷണത്തിലൂടെ ഉപഭോക്താവിനെ ഇവർ വലയിലാക്കും. തുടർന്ന്, ഉപഭോക്താവിനെ വിശ്വസിപ്പിച്ച് മദ്യത്തിന്റെ വില ഓൺലൈൻ ബാങ്കിങ്ങിലൂടെ അടയ്ക്കാൻ ആവശ്യപ്പെടും. താരതമ്യേന മുന്തിയ ബ്രാൻറ് മദ്യത്തിന് കമ്പോളവിലയുടെ നാല് ഇരട്ടിയിലധികം തുകയാണ് ആവശ്യപ്പെടുക.
ഓൺലൈൻ ബാങ്കിങ്ങിലൂടെ പണമടച്ചു കഴിഞ്ഞാൽ മദ്യം നൽകാതെ ചതിക്കുന്നതാണ് ഒരു രീതി. ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് തട്ടിപ്പുകാർ ഒരു ക്യൂ.ആർ കോഡ് അയച്ചുനൽകും. ഈ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ എക്കൌണ്ടിലെ വൻതുക നഷ്ടപ്പെടുന്ന രീതിയും തട്ടിപ്പുകാർ പ്രയോഗിക്കുന്നുണ്ട്. ചില അവസരങ്ങളിൽ മദ്യത്തിന്റെ വില മൊബൈൽ ഫോണിലേക്ക് അയച്ചു നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഓൺലൈൻ ബാങ്കിങ്ങിലൂടെ അടയ്ക്കാൻ ആവശ്യപ്പെടും. മണിട്രാൻസ്ഫർ നടത്തുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിങ്ങ് സംബന്ധിച്ച വിവരങ്ങൾ ചോരുകയും, ഫലത്തിൽ ബാങ്കിൽ നിന്നും അവർ വൻതുക പിൻവലിക്കുകയും ചെയ്യും.
തൃശൂർ സിറ്റി പോലീസിന്റെ സാമൂഹ്യ മാധ്യമ വിഭാഗം കണ്ടെത്തിയ ഇത്തരം തട്ടിപ്പുസംഘങ്ങളെക്കുറിച്ച് നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, സാധാരണക്കാരും മദ്യ ഉപയോഗം അത്യാവശ്യമായവരും ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളെ അറിയിക്കുന്നു. സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന അംഗീകരിച്ചിട്ടില്ലാത്തതും, ഇത്തരത്തിൽ മദ്യം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഓർമ്മിപ്പിക്കുന്നു. ഇത്തരം വാർത്തകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിക്കുക.