വിവരണം – വൈശാഖ് കിഴേപ്പാട്ട്.
യാദൃശ്ചികമായി സുഹൃത് അയച്ചു തന്ന ഒരു ചിത്രത്തിൽ നിന്നാണ് ഈ യാത്രയുടെ ആരംഭം. കണ്ടപ്പോൾ തന്നെ പോകാൻ ആഗ്രഹം തോന്നി. പ്രകൃതിയുടെ അനുഗ്രഹത്തിനായി കുറച്ചു കാത്തിരുന്നു. മഴയുടെ രൂപത്തിലുള്ള ആ അനുഗ്രഹം കിട്ടിയാൽ യാത്ര ഒന്നുടെ ഉഷാറാകും എന്ന് കരുതിയാണ് അങ്ങനെ ചിന്തിച്ചത്. കാരണം ഷൊർണുർ നിലമ്പൂർ റെയിൽ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ മഴ കൂട്ടിനുള്ളത് ഒരു അലങ്കാരമാണ്. ആ കാത്തിരിപ്പിന് അവസാനം ആയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഈ യാത്രയിൽ കൂട്ടായി തൃശൂർ ഗഡി ഗോകുലും ഉണ്ട്.
കാലത്ത് 5:55 നു ഉള്ള തൃശൂർ കണ്ണൂർ ട്രെയിൻ കയറിയാലേ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കൂ. അതിനാൽ ചേട്ടന്റെ കൂടെ തലേ ദിവസം തന്നെ തൃശൂർ വന്നു താമസിച്ചു. കിഴക്കേകോട്ടയിൽ നിന്നും കാലത്ത് സ്റ്റേഷനിലേക്ക് പോകാൻ വേണ്ടി ഇറങ്ങുമ്പോൾ തന്നെ മഴ കൂടെ ഉണ്ട്. അനുഗ്രഹം ഇച്ചിരി നേരത്തെ തന്നെ തന്നു. അതിനാൽ ബൈക്കിലുള്ള സ്റ്റേഷൻ യാത്ര തടസപ്പെട്ടു. തൃശൂർ നിന്നും ആരംഭിക്കുന്ന വണ്ടി ആയതിനാൽ കൃത്യ സമയത്തു തന്നെ എടുക്കും അതിനാൽ പതിവുപോലെ കിട്ടുന്ന റെയിൽവേ സഹായം ഇവിടെ ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയ ഞാൻ മഴ നനഞ്ഞു തന്നെ നടത്തം ആരംഭിച്ചു. ഒടുവിൽ പൂങ്കുന്നം സ്റ്റേഷൻ നിന്നും കയറേണ്ട അവസ്ഥയാണ് അവസാനം ഉണ്ടായത്. ഒരു നിമിഷം വൈകിയെങ്കിൽ ഈ യാത്രക്കുള്ള കാത്തിരിപ്പ് തുടർന്നേനെ.
തിരക്ക് തീരെ ഇല്ല. സ്റ്റേഷനുകൾ ഓരോന്നായി കടന്നുപോയി. ഈ യാത്രയിൽ ആദ്യത്തെ കാഴ്ച മ്മടെ ഉത്രാളിയാണ്. അതൊരു പ്രത്യേക ഫീൽ തന്നെയാണ്. ഇരുകരയും മുട്ടി ഒഴുകാൻ കഷ്ടപ്പെടുന്ന നിളയുടെ മുകളിലൂടെ വണ്ടി നീങ്ങി. നിലമ്പുർ വണ്ടിയുടെ സമയം അടുത്തതിനാൽ വീണ്ടും പണിയാകുമോ എന്ന ടെൻഷൻ കയ്യിലെ വാച്ചിലാണ് തീർത്തത്. വണ്ടികൾ വേറെ ഉണ്ടെങ്കിലും ഉദ്ദേശിച്ച പോലെ പോയിവരാൻ കഴിയില്ല.
ഷൊർണുർ എത്താറായപ്പോൾ ആണ് പാലക്കാട് നിന്നുള്ള നിലമ്പുർ വണ്ടി വൈകിയാണ് ഓടുന്നത് എന്ന കാര്യം അറിഞ്ഞത്. ഏകദേശം 20 മിനുട്ട് ദൈർഘ്യം ഉണ്ട് ആ വൈകലിന്. ഒരു ചായ കുടിച്ചു കൊണ്ട് അതിനെ മറികടക്കാൻ ശ്രമിച്ചു. തൃശൂർ നിന്നും നേരിട്ടുള്ള ടിക്കറ്റ് എടുത്തതിനാൽ വണ്ടി വന്നപ്പോൾ തന്നെ കയറിക്കൂടി . 25 രൂപയാണ് തൃശൂർ നിലമ്പൂർ ചാർജ്. നിലമ്പുർ വണ്ടിയും ഞങൾ വന്ന വണ്ടിയും ഒരുമിച്ചാണ് ഷൊർണുർ നിന്നും അടുത്ത യാത്ര ആരംഭിച്ചത്. ഒരുമിച്ചു തുടങ്ങിയ അവർ പതിയെ രണ്ടു വഴിയിലേക്ക് മാറി. ഇനി തേക്കിൻകാടുകൾക്കു നടുവിലൂടെയുള്ള ഒറ്റയടി പാതയിൽ..
11 സ്റ്റേഷനുകൾ ആണ് ഈ യാത്രയിൽ അകെ ഉള്ളത്. ദിവസേനെ 7 സെർവീസുകളും. അതിൽ തിരുവനന്തപുരം, ,എറണാകുളം ,പാലക്കാട് സെർവീസുകളും ഉൾപ്പെടുന്നു. 66 KM ദൂരമുള്ള ഈ പാത ഇന്ത്യയിലെ തന്നെ ഏറ്റവും ദൂരം കുറഞ്ഞ ബ്രോഡ്‌ഗേജ് പാതകളിൽ ഒന്നാണ്. ഇരുവശവും പ്രകൃതി സൗന്ദര്യം നിറഞ്ഞ കാഴ്ചകൾ ആണ്. പുറത്തേക്കു കൈ ഇട്ടാൽ തട്ടുന്നത് മരങ്ങളുടെ ചില്ലകളിലോ ഇലയിലോ ആകും. ഈ പാതയിലെ മറ്റൊരു പ്രധാന ആകർഷണം സ്റ്റേഷനുകളിൽ ഉള്ള മരങ്ങൾ ആണ്. വള്ളികളും മറ്റും ആയി ഒരു പ്രത്യേക കാഴ്ചാനുഭവം യാത്രികർക്ക് നൽകും. എന്നാൽ സ്റ്റേഷന് ഭീഷണി ആയതിനാൽ ആണോ എന്നറിയില്ല പല മരങ്ങളും മുറിച്ചു മാറ്റിയതായി കാണാൻ കഴിഞ്ഞു.
വാടാനാംകുറിശ്ശി ആണ് ആദ്യ സ്റ്റേഷൻ. വല്ലപ്പുഴ, കുലുകല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവൂർ, തൊടികപ്പുളം, വാണിയമ്പലം തുടങ്ങിയ സ്റ്റേഷനിലൂടെ ഈ യാത്ര തുടരും. അങ്ങാടിപ്പുറം ആണ് കൂട്ടത്തിൽ വലിയവൻ. രണ്ടു ഭാഗത്തു നിന്നുള്ള വണ്ടികൾ പാസ് ചെയ്യുന്നത് ഇവിടെ വെച്ചാണ്. കാലത്ത് ആയതിനാൽ മിക്ക സ്റ്റേഷനിൽ നിന്നും കയറാൻ ആളുകൾ ഉണ്ട് . ജോലിക്കാർ, കുട്ടികൾ അങ്ങനെ പല തരത്തിൽ പെട്ടവർ. വാണിയമ്പലം ആണ് നമ്മുടെ സ്റ്റേഷൻ. അത് കഴിഞ്ഞാൽ പിന്നെ നിലമ്പുർ ആയി.
ഈ യാത്രയുടെ ആരംഭത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാൽ അവിടെ ഉള്ള ഒരു സുഹൃത് ശരത് വരാം എന്ന് പറഞ്ഞിരുന്നു. സ്റ്റേഷൻ ഇറങ്ങി അല്പം സമയത്തിനു ശേഷം പറഞ്ഞപോലെ സുഹൃത് എത്തുകയും ചെയ്തു. അന്നേരം ആണ് ഞങ്ങൾ കാണാൻ ഉദ്ദേശിച്ച സ്ഥലം അവസാന സ്റ്റേഷൻ ആയ നിലമ്പുർ അടുത്താണ് എന്ന് മനസിലായത്. അത് നടക്കില്ല എന്ന് മനസിലാക്കിയ നിമിഷം അടുത്ത കാഴ്ചയായ വാണിയമ്പലം പാറ ലക്ഷ്യമാക്കി റയിൽവേ ട്രാക്കിലൂടെ നടന്നു. നിലമ്പുർ വരെ യാത്ര ചെയ്ത ആളുകൾ കണ്ടുകാണും ട്രാക്കിനോട് ചേർന്നുള്ള ഈ പാറ. റോഡുമാർഗം ദൂരം കൂടുതലായതിനൽ ആണ് യാത്ര ട്രാക്കിലൂടെ ആക്കിയത്.. ഈ റൂട്ടിലെ ട്രെയിനുകളുടെ യാത്ര കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. അര കിലോമിറ്റർ നടത്തിനൊടുവിൽ പാറയുടെ അടിഭാഗത്ത് എത്തിച്ചേർന്നു. ഈ നടത്തം ഒരു 8 കിലോമീറ്റര് ഇതുപോലെ പോയാൽ നിലമ്പുർ സ്റ്റേഷൻ എത്തിച്ചേരും.
65 ഏക്കർ പരന്നു കിടക്കുന്ന വാണിയമ്പലം പാറ. പാറയുടെ മുകളിൽ ബാണാപുരം ദേവി ക്ഷേത്രം. പിന്നെ ചുറ്റുമുള്ള കുളിർമയേകുന്ന കാഴ്ചകൾ ഇതാണ് ഈ പാറ നമ്മുക് നൽകുക. പടികളോ പിടിക്കാനോ ഒന്നും ഇവിടെ ഇല്ല. കുത്തനെ ഉള്ള കയറ്റം അല്ലാത്തതിനാൽ അതിന്റെ ആവശ്യം ഉള്ളതായി തോന്നിയില്ല. മഴ നല്ലതുപോലെ ആകാത്തതിനാൽ വഴുക്കലും നിലവിൽ ഇല്ല. അതിനാൽ മുകളിലേക്ക് എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ട് ഇല്ല. മുകളിലേക്ക് കയറുംതോറും ചുറ്റുമുള്ള കാഴ്ചകളുടെ ഭംഗി കൂടി വരും. അങ്ങ് ദൂരെ കരുവാരക്കുണ്ട് പ്രളയ സമയത്തു ഉണ്ടായ മണ്ണിടിച്ചിൽ വരെ ആ കാഴ്ചകളിൽ നമ്മുക് കാണാം. പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ. ദൂരെ മലനിരകൾ. അങ്ങനെ പോകും കാഴ്ചകളുടെ വിശേഷങ്ങൾ.
അല്പം സമയം അവിടെ വിശ്രമിച്ചതിനു ശേഷമാണ് അവിടെ നിന്നും ഇറങ്ങിയത്. ഇനി നേരെ സ്റ്റേഷനിലേക്ക്. തിരിച്ചുള്ള യാത്രയിൽ ആണ് നല്ല മത്സ്യങ്ങൾ വിൽക്കുന്ന ഒരു കട ശ്രദ്ധയിൽപെട്ടത്. അന്നേരമാണ് സുഹൃത് പറഞ്ഞത് പണ്ട് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് മീൻ വാങ്ങാൻ വന്ന വീഡിയോ ഇവിടത്തെ ആണെന്ന്. വാങ്ങാൻ ഉദ്ദേശം ഇല്ലെങ്കിലും ആ പ്രമുഖ കടയിലേക്ക് ഒന്ന് നോക്കിയാണ് മുന്നോട്ട് നടന്നത്..
അടുത്ത സ്റ്റേഷനിലേക്കുള്ള യാത്രക്ക് സമയമായി. വരവറിയിച്ചു അവൻ കൂകി തുടങ്ങി. സൃഹുതിനോട് യാത്ര പറഞ്ഞു വീണ്ടും വണ്ടി കയറി. ഇനി ലക്‌ഷ്യം മേലാറ്റൂർ. ഒരു പ്രത്യേക ഭംഗിയാണ് ആ സ്റ്റേഷന്. അവിടെ ഇറങ്ങാനും കയറാനും അധികം ആളുകൾ ഉണ്ടായില്ല. ഷീറ്റ് ഇട്ട ഒരു പഴയ കെട്ടിടമാണ് സ്റ്റേഷൻ. കഴിഞ്ഞ രണ്ടു മാസം വരെ ടിക്കറ്റ് ആയി നൽകിയിരുന്നത് പഴയ കാർഡുകൾ ആണ്. കോൺട്രാക്ട് അടിസ്ഥാനത്തിൽ ആണ് അവിടെ ജോലി ചെയ്യുന്നത്. എല്ലാം ചെയ്യുന്നത് ഒരാൾ.
ഇങ്ങനെ ഒരു സ്റ്റേഷൻ കേരളത്തിൽ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്. ചുറ്റും തേക്കിൻമരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങൾ. ഇവക്കിടയിലൂടെ നീണ്ടു കിടക്കുന്ന റെയിൽ പാത. അതിലൂടെ ഉള്ള ട്രെയിൻ വരവ് കാണേണ്ട കാഴ്ച തന്നെയാണ്. പ്ലാറ്റഫോമിൽ വീണു കിടക്കുന്ന ചുവന്ന പൂക്കൾ. മൊത്തത്തിൽ കിടിലൻ ഫീൽ ആണ് ആ സ്ഥലം നൽകിയത്. അന്നേരം മഴ ചെറുതായി വന്നെങ്കിലും കണ്ട ഭാവം നടിക്കാതെ എങ്ങോട്ടോ പോയി.
ഇവിടെയാണ് ഗോകുലിന്റെ ബന്ധുവീട് എന്ന് അവൻ പറയുന്നത് അന്നേരമാണ്. തൃശൂർ ട്രെയിനിന് സമയം ഇനിയും ഉള്ളതിനാൽ അവിടെ പോയി അവിടെ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷമാണ് തിരിച്ചു സ്റ്റേഷനിലേക്ക് വീണ്ടും വന്നത്. അതിനാൽ സ്റ്റേഷനിലെ കാത്തിരിപ്പ് അധികം ഉണ്ടായില്ല. അതിനിടയിൽ അവിടെ ഉള്ള മറ്റൊരു സുഹൃതായ അരുണിനെയും കാണാൻ സാധിച്ചു. തിരിച്ചുള്ള യാത്രക്കായി ട്രെയിൻ വന്നപ്പോൾ മഴ വീണ്ടും വന്നു. സമയത്തിന് എത്താതെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രം വന്ന മഴയെ നോക്കി വീണ്ടും വരും എന്ന് മാത്രമേ പറയാൻ തോന്നിയുള്ളൂ…
ട്രെയിൻ ചാർജ് : തൃശൂർ – നിലമ്പുർ : 25 രൂപ, വാണിയമ്പലം – മേലാറ്റൂർ : 10 രൂപ, മേലാറ്റൂർ – തൃശൂർ : 20 രൂപ.