നന്മയുമായി തുമ്പ പോലീസ് സ്റ്റേഷൻ്റെ പടികയറി വന്ന ഒരമ്മ

എഴുത്ത് – ശ്രീവത്സൻ കടകംപള്ളി.

കഴിഞ്ഞ ദിവസം (മെയ് 11) തുമ്പ പോലീസ് സ്റ്റേഷനിലേക്ക് ഒരു അമ്മ കടന്നു വന്നു. എന്തോ പരാതിയുമായ് വന്നതാണെന്നാണ് കരുതിയത്. കുറച്ച് സമയം സ്റ്റേഷാങ്കണത്തിൽ ആ അമ്മ നിന്നു. അതിനുശേഷം പോലീസ് സ്റ്റേഷനിലുള്ള ഒരു പോലീസുകാരനോട് ആവശ്യം അറിയിച്ചു. ”സംഭാവന നൽകാനാണ് വന്നത്”. ആദ്യം ഒന്നമ്പരന്ന പോലീസുകാരൻ ആകാംക്ഷയോടെ വിശദ വിവരങ്ങൾ തിരക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാനായ് വന്നതാണ് ആ അമ്മ. സാധാരണ പോലീസ് സ്റ്റേഷനിൽ ഈ ആവശ്യവുമായി ആരും വന്നതായ് ഓർക്കുന്നില്ല. എന്നിരുന്നാലും അമ്മയുടെ പ്രായാവസ്ഥ മനസ്സിലാക്കി തുമ്പ SI ഷാജി സാർ ആ പണം അമ്മയിൽ നിന്നും സ്വീകരിച്ചു. ആകെ മൊത്തം 15000 രൂപ. അതിൽ തന്നെ 1000 രൂപ തന്റെ കുഞ്ഞു ചെറുമക്കൾക്ക് വിഷുക്കൈനീട്ടമായ് ലഭിച്ചത്. കുഞ്ഞുമക്കളുടെ പ്രത്യേക നിർബന്ധ പ്രകാരമാണ് അവരിൽ നിന്നും 1000 രൂപ കൂടി വാങ്ങി ഇതിലേക്ക് ചേർത്തതെന്ന് ആ അമ്മ പറഞ്ഞു.

ഉടൻ തന്നെ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളുവാൻ വേണ്ട നിർദ്ദേശം SI സാർ നൽകി. ആ പണം ഏൽപ്പിക്കുന്ന സമയത്തും, ശേഷവും ആ മാതാവിന്റെ മുഖത്ത് കണ്ട ആവേശവും സംതൃപ്തിയും വർണ്ണനകൾക്കും മുകളിലാണ്. ശരിക്കും ഇന്നാട്ടിൽ ഇനിയും ഉറവ വറ്റാതെ കിടക്കുന്ന നൻമയുടെ പ്രതിനിധി.

അതിനുശേഷം കൊറോണയെ പ്രതിരോധിക്കുന്നതിനായ് ലോക്ഡൌൺ കാലത്ത് പോലീസുകാർ അനുഭവിക്കുന്ന ത്യാഗത്തെ കുറിച്ചും അമ്മ വാചാലയായി. അതോടൊപ്പം തന്നെ തുമ്പ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായ്‌ പലഹാരങ്ങളും നൽകിയാണ് ആ അമ്മ മടങ്ങിയത്. വേനൽമഴ കുളിരണിയിക്കുന്ന ഈ സുദിനത്തിൽ തുമ്പ പോലീസ് സ്റ്റേഷന്റെ പടികയറി വന്ന ആ നൻമയുടെ പേര്
എസ്. സരസ്വതി അമ്മാൾ. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ നെഹ്റു ജംഗ്ഷൻ സ്വദേശിനി.