എഴുത്ത് – ജെയ്‌സൺ അടൂർ.
ഞാനും ഒരു വർണ്ണ പട്ടമായിരുന്നു… 1995 കാലഘട്ടങ്ങളിൽ ഇറങ്ങിയ ഈ TN series സൂപ്പർഫാസ്റ്റ് ബസ്സുകൾ നമ്മുടെ പലരുടെയും ചെറുപ്പകാല യാത്രകൾക്ക് ചിറക് വിടർത്തി പറന്നവ ആണ്.
St Mary’s ലെ മൂന്നാം ക്ലാസ് കാരന്റെ ഇന്റർവെൽ സമയങ്ങൾ സ്കൂളിന്റെ പിൻഭാഗത്ത് നിന്നുകൊണ്ട് താഴെ കാണാവുന്ന ksrtc ബസ് സ്റ്റാൻഡിൽ കൂടെ പോകുന്ന വണ്ടികൾ എന്നും ഒരു കൗതുകം ആയിരുന്നു. അവയിൽ ഒരു ബസ്സുകളും നിലവിൽ ഇല്ല. എല്ലാം മണ്മറഞ്ഞു പോയവ. ഓർമ്മകളുടെ ഏടുകൾ പൊടി തട്ടിയെടുക്കുമ്പോൾ ചിതലരിക്കാത്ത ഓർമ്മകളിൽ ഒരു സൂപ്പർഫാസ്റ്റ് എന്നെ നോക്കി ചിരിച്ചു.
പലപ്പോഴും അന്ന് അമ്മവീട്ടിൽ പോകുന്ന കുട്ടിക്കാലം. അടൂരിൽ നിന്ന് കയറിയ അനവധി നിരവധി സൂപ്പർഫാസ്റ്റ് ആനവണ്ടികൾ. കൊട്ടാരക്കര ചെല്ലുമ്പോൾ കൊല്ലം ഭാഗത്തേക്ക് കയറുന്ന ബസുകൾ പലതും പടുത മറയ്ക്കുന്ന ജനാലകളും, പോം പോം എന്നുറക്കെ വിളിച്ച് കൂവുന്ന ഡ്രൈവർന്റെ ജനാല യുടെ ഭാഗത്ത് സ്ഥാനം പിടിച്ച, അമർത്തലുകൾ അനവധി ഏറ്റുവാങ്ങി കറുത്ത് പോയ പച്ച ഹോൺ.
ഇന്നത്തെ പോലെ അല്ല അന്ന് കൊട്ടാരക്കര ബസ് സ്റ്റാൻഡ്. ബസ്സ് സ്റ്റാൻഡിൽ കയറുന്നതും ഇറങ്ങുന്നതും ഒരേ ഭാഗത്തെ കൂടെ ആയിരുന്നു. ഇന്നത്തെ പോലെ ഗാരജ് ഭാഗത്ത് complex ഇല്ല. വർക്ക്ഷോപ്പ് ബന്ധപ്പെട്ട കെട്ടിടം മാത്രം. അവിടെയെല്ലാം പരസ്യങ്ങൾ ചായം കൊണ്ട് എഴുതിയിരിക്കുന്നത് കാണാം.
കിഴക്കോട്ട് നോക്കിയാൽ സ്റ്റോപ്പ് ബോർഡും ആയി പോലീസ് മാമൻ റോഡിന്റെ നടുവിലെ ഒരു traffic ഷെഡിൽ നിന്ന് വണ്ടികൾ നിയന്ത്രിക്കുന്നത് എല്ലാം ഇനി ഒരിക്കലും തിരിച്ച് വരാത്ത നഷ്‌ട്ട പ്രൗഢികളിൽ ഒന്ന് ആണ്.
ഇന്നും അടൂരിലേക്ക് പോകും വഴി ട്രാഫിക് സിഗ്നൽ കിടക്കുമ്പോൾ അ പഴയ പുലമൺ ജംഗ്ഷൻ എന്റെ മനസ്സിനെ ഒന്ന് പിറകോട്ട് വലിക്കും. എല്ലാം ഓർമ്മ എന്ന കാൻവാസിൽ വരച്ച രവിവർമ്മ ചിത്രം പോലെ മായാതെ കിടക്കുന്നു.
ഈ നട്ടിലും ബോൾട്ടിലും ഉള്ള സാധനത്തിനു ഞാൻ എന്റെ ജീവിതത്തിൽ വലിയ സ്ഥാനം കൊടുത്തിട്ടുണ്ട്. ഒരു വണ്ടിപ്രാന്തൻ ആകാൻ കാരണക്കാരൻ ആക്കിയത്തും ഒരു പക്ഷെ ജീവിതത്തിൽ എനിക്ക് തരാതെ തിരിച്ചെടുത്ത് എന്നെ ഒറ്റപ്പെടുത്തിയ അ വിധിയോടുള്ള വെല്ലുവിളി ആണ് എന്റെ വണ്ടി പ്രാന്ത്. അതിപ്പോ മായുകയില്ല. മായിക്കാൻ ഒക്കുകയുമില്ല.
പറയാൻ തുടങ്ങിയാൽ കാട് കയറും വിധം ഓർമ്മകൾ മനസ്സിൽ അലയടിച്ചു വരുവാൻ ഈ ഒരു കൊറോണ കാലം കാരണം ആയി. സമയം ഒരുപാട് ഉള്ളത് കൊണ്ട് എന്നെ കൊണ്ട് ആവുന്ന വിധം ഞാൻ അ പഴയ ടാറ്റ ബസ്സിനെ വരചെടുക്കാൻ ശ്രമിച്ചു.