എഴുത്ത് – അഭിറാം കൃഷ്ണ, ചിത്രങ്ങൾ – TNSTC FB Group.
അങ്ങനെ അതും സംഭവിച്ചു. പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ പുതുതായി എസി ബസ് അവതരിപ്പിച്ച് ശ്രദ്ധ നേടി തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (TNSTC). സാധാരണ ചാർജിലും 10 രൂപയെ ഈ ബസ്സിൽ കൂടുതലുള്ളു. അതായത് 62 രൂപ. നമ്മളിൽ പലരും തകരപ്പാട്ട, അണ്ണാച്ചി വണ്ടി, പാണ്ടി വണ്ടി എന്ന് കളിയാക്കി പറഞ്ഞ് അവസാനം അവർ വേറെ ലെവൽ ആയി. കർണാടകയെയും ഇപ്പോഴത്തെ തമിഴ്‌നാടും ഒക്കെ വച്ച് നോക്കുമ്പോൾ ശരിക്കും തകരപാട്ട ഏതാണെന്നു തലയ്ക്കകത്ത് ആൾതാമസമുള്ള ഏതൊരാൾക്കും പറയാൻ കഴിയും.
ഇവിടെ കുറെ പേർ 7 വർഷം പഴക്കമുള്ള സൂപ്പർക്ലാസ്സ് ബസ്സുകളുടെ കാലാവധി 9 വർഷം ആക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്നു. ആദ്യം 1000 പുതിയ ബസ് ഇറക്കുമെന്ന് പറഞ്ഞു. പിന്നീട് അത് 900 ആയി. പിന്നെ 400, അതുകഴിഞ്ഞ് 410. അതിന്റെ കൂടെ 250 നോൺ AC ഇലക്ട്രിക് ബസ്സും. കേൾക്കുമ്പോൾ വിചാരിക്കും ഇപ്പൊ KSRTC യെ തട്ടാതെ റോഡിലൂടെ നടക്കാൻ വയ്യ എന്ന്.
നല്ല കളക്ഷൻ ഉള്ള വണ്ടികൾ ഒക്കെ നിർത്തിക്കൊണ്ടിരിക്കുന്നു. സൂപ്പർ എന്നുപോലും പറയാൻ കൊള്ളില്ലാത്ത ഓടി ക്ഷീണിച്ച ബസ്സുകൾ ആണ് കെഎസ്ആർടിസി ഇപ്പോൾ Inter-State സർവീസുകൾക്കു പോലും അയച്ചുകൊണ്ടിരിക്കുന്നത്.
ഒരു ഓട്ടോറിക്ഷയെ പോലും ഓവർടേക്ക് ചെയ്യാനുള്ള വലിവ് (RPM) പോലും കെഎസ്ആർടിസിയിലെ മിക്ക ഫാസ്റ്റ്പാസഞ്ചർ ബസുകൾക്കും സൂപ്പർഫാസ്റ്റുകൾക്കും ഇല്ല. അത്തരത്തിലുള്ള വണ്ടികൾ അയക്കുന്നതോ പ്രൈവറ്റ് ബസ്സുകളുമായി മത്സരമുള്ള റൂട്ടിൽ. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും.
പുതുതായി തുടങ്ങിയ എത്ര ചെയിൻ സർവീസ് ഇപ്പോഴും ഓടുന്നുണ്ട്? അതിൽ എത്ര എണ്ണം ലാഭത്തിലോടുന്നുണ്ട്? എത്രയോ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ പരീക്ഷിച്ചു വിജയിച്ച ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റം കേരള ആർടിസിയിൽ നിർത്തലാക്കാൻ പോകുന്നു. കുറച്ചെങ്കിലും ബുദ്ധിയുള്ള അധികാരികൾ ആരുമില്ലേ KSRTC യിൽ? ബുദ്ധിയുള്ള TNSTC യും കർണാടക ആർടിസിയും കേരളത്തിലെ റൂട്ടുകളിൽ നല്ല രീതിയിൽ സർവീസ് നടത്തി ലാഭം കൊയ്യുന്നു.
ഇത്രയൊക്കെ നടന്നിട്ടും KSRTC മാസ്സ്, പൊളി എന്ന് പറഞ്ഞ് നടക്കുന്ന കൊറേ അന്തം ഫാൻസും. യാത്രക്കാർ തലയെടുപ്പ് നോക്കിയിട്ടല്ല ബസ്സിൽ കേറുന്നത്. സൗകര്യവും സുരക്ഷിതത്വവും നോക്കിയിട്ടാണ്. എന്ന്, കെഎസ്ആർടിസി പുതിയ ബസ്സുകൾ ഇറക്കാൻ കാത്തിരിക്കുന്ന ഒരു സ്ഥിരം യാത്രക്കാരൻ.