കുട്ടികളുമായി യാത്രപോകുവാൻ പറ്റിയ ചില സ്ഥലങ്ങൾ തിരഞ്ഞെടുക്കാം

പലയാളുകൾക്കും പല രീതിയിലായിരിക്കും യാത്രകൾ ഇഷ്ടപ്പെടുന്നത്. ചിലർക്ക് സാഹസിക യാത്രകൾ ആയിരിക്കും. മറ്റു ചിലർക്ക് ഒറ്റയ്ക്കുള്ള യാത്രകളായിരിക്കും. എന്നാൽ ഫാമിലിയുമായി ട്രിപ്പുകൾ പോകുമ്പോൾ നമ്മൾ ആരുടെ ഇഷ്ടമായിരിക്കും നോക്കുക? കൂട്ടത്തിൽ കുട്ടികളുണ്ടെങ്കിൽ നമ്മൾ അവരുടെ ഇഷ്ടം കൂടി കണക്കിലെടുക്കേണ്ടതാണ്. കുട്ടികൾക്കും കൂടി ആസ്വദിക്കുവാൻ കഴിയുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടുത്തി തരാം.

1. തീം പാർക്കുകൾ – കേരളത്തിൽ വിവിധയിടങ്ങളിലായി തീംപാർക്കുകൾ ഇന്ന് നിലവിലുണ്ട്. കൊച്ചിയിലെ വണ്ടർലാ, അതിരപ്പിള്ളി റൂട്ടിലുള്ള ഡ്രീം വേൾഡ്, സിൽവർ സ്റ്റോം, പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ഫാന്റസി പാർക്ക് എന്നിവയാണ് പണ്ടുമുതലേ കുട്ടികളെ ആകർഷിക്കുന്ന തീം പാർക്കുകൾ. എന്നാൽ പിൽക്കാലത്ത് മറ്റു പാർക്കുകൾ കൂടി വിവിധ സ്ഥലങ്ങളിലായി ഉയർന്നു വന്നു. അവയിൽ ഏറ്റവും ഒടുവിൽ വന്നതാണ് വയനാട്ടിലെ ‘E3’ പാർക്ക്. ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കാം എന്നതാണ് തീം പാർക്കുകളിൽ പോകുന്നതു കൊണ്ടുള്ള ഗുണം.

2. ബന്ദിപ്പൂർ നാഷണൽ പാർക്ക് – കർണാടകയിൽ കേരള അതിർത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു വന്യജീവി സങ്കേതമാണ് ബന്ദിപ്പൂർ നാഷണൽ പാർക്ക്. ഇവിടെ താമസ സൗകര്യങ്ങളും കാട്ടിലൂടെയുള്ള സഫാരിയും ലഭ്യമാണ്. കാട്ടിലൂടെയുള്ള യാത്രയ്ക്കിടയിൽ ധാരാളം മൃഗങ്ങളെയൊക്കെ കാണുവാൻ സാധിക്കുമെന്നതിനാൽ കുട്ടികൾക്ക് വളരെയധികം ആസ്വദിക്കുവാൻ സാധിക്കും. നല്ലൊരു ഫാമിലി വെക്കേഷൻ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ബന്ദിപ്പൂർ നാഷണൽ പാർക്ക്.

3. ആലപ്പുഴ – ആലപ്പുഴയിലൂടെയുള്ള ബോട്ട് യാത്രകൾ ഏതൊരു മനുഷ്യനെയും കീഴടക്കും എന്നുറപ്പാണ്. കുട്ടികൾക്കും വളരെയേറെ ഇഷ്ടപ്പെടും ഈ കായൽ യാത്രകൾ. പക്ഷേ കുട്ടികളോടൊപ്പം കായൽ യാത്രകൾ ചെയ്യുമ്പോൾ കൂടെയുള്ള മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ബോട്ടിന്റെ സുരക്ഷിതത്വം മുതൽ യാത്രയ്ക്കിടയിൽ കുട്ടികൾ കാണിക്കുന്ന വികൃതികൾ വരെ കൂടെയുള്ളവർ ശ്രദ്ധിക്കേണ്ടതാണ്.

4. രാമോജി ഫിലിം സിറ്റി : ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി ഇന്ന് സൗത്ത് ഇന്ത്യയിലെ മികച്ച ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയെന്ന ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ ഫിലിം സിറ്റി. കുട്ടികൾക്ക് കണ്ടു രസിക്കുവാൻ ഏറെയുണ്ട് ഇവിടെ. ഇവിടേക്ക് വരുന്ന സന്ദർശകരിൽ ഭൂരിഭാഗവും കുടുംബവുമായി വരുന്നവരാണ്. സിനിമകൾ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നതെന്നു മനസ്സിലാക്കുവാനും സിനിമകളിൽ കണ്ടിട്ടുള്ള ലൊക്കേഷനുകൾ നേരിട്ടു കാണുവാനും ഒക്കെ ഇവിടേക്കുള്ള യാത്രകൊണ്ട് സാധിക്കാം.

5. തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് കാഴ്ചകളുടെ പറുദീസയാണുള്ളത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കുവാൻ പറ്റിയ സ്ഥലങ്ങൾ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ഉണ്ട്. കോവളം ബീച്ച്, പ്ലാനറ്റോറിയം, മ്യൂസിയം, മൃഗശാല തുടങ്ങിയവയെല്ലാം അധികം ദൂരെയല്ലാതെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നതു കൊണ്ട് എല്ലാം കണ്ടുതീർക്കുവാനും എളുപ്പമായിരിക്കും. ഏകദേശം രണ്ടു ദിവസം എങ്കിലും വേണം ഇവിടത്തെ കാഴ്ചകൾ എല്ലാം വിശദമായി കാണുവാൻ. കുട്ടികളുമായി പോകുവാൻ പറ്റിയ ബെസ്റ്റ് ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് തിരുവനന്തപുരം.

6. ആന വളർത്തുകേന്ദ്രങ്ങൾ : ആനകൾ ഏതു പ്രായക്കാരായ കുട്ടികൾക്കും വളരെ ഇഷ്ടമുള്ളവയായിരിക്കും. ആനകളെ പേടിയാണെങ്കിലും അവയെ അകലെ നിന്നു കാണുവാൻ ആയിരിക്കും കുട്ടികൾ ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ആനകളെ സ്വസ്ഥമായി തിരക്കുകളിൽ നിന്നും മാറി കാണുന്നതിന് കേരളത്തിൽ പ്രധാനമായും മൂന്നു സ്ഥലങ്ങളാണ് ഉള്ളത്. തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട, പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ സ്ഥിതി ചെയ്യുന്ന ആണവളർത്തൽ കേന്ദ്രം, എറണാകുളം ജില്ലയിലെ കോടനാടുള്ള ആനക്കളരി എന്നിവയാണ് അവ.

മുകളിൽ പറഞ്ഞിട്ടുള്ള ഈ സ്ഥലങ്ങൾ ഒന്നു ലിസ്റ്റ് ചെയ്തുവെന്നേയുള്ളൂ. നിങ്ങളുടെ കുട്ടികൾക്ക് എവിടെ പോകുവാനാണോ ഇഷ്ടം അവിടേക്ക് വേണം അവരെ നിങ്ങൾ കൊണ്ടുപോകുവാൻ. കുട്ടികളുടെ മനസ്സിലെ ഇഷ്ടങ്ങൾ മാതാപിതാക്കൾ മനസിലാക്കണം. അവർക്ക് സുരക്ഷയേകി ചെറുപ്രായത്തിൽ തന്നെ കാഴ്ചകൾ കാണിച്ചു വളർത്തണം.