യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ ഡ്രൈവിംഗ് ആസ്വദിക്കുന്നവർക്ക് വേണ്ടി കുറച്ച് മനോഹരമായ റൂട്ടുകൾ ഇവിടെ പറഞ്ഞു തരാം. മിക്കവർക്കും അറിയാവുന്ന റൂട്ടുകൾ ആണെങ്കിലും ഒന്നു പറഞ്ഞേക്കാം.
1. എറണാകുളം – മൂന്നാർ : റോഡ് ട്രിപ്പ് ആസ്വദിക്കുന്നവർക്ക് പറ്റിയ ബെസ്റ്റ് റൂട്ടാണ് എറണാകുളം – മൂന്നാർ റൂട്ട്. ഇടുക്കി – എറണാകുളം ജില്ലകളുടെ അതിർത്തിയായ നേര്യമംഗലം മുതൽ നിങ്ങൾക്ക് യാത്രയുടെ ആ രസം ലഭിച്ചു തുടങ്ങും. ഒപ്പം നിങ്ങളുടെ ഡ്രൈവിംഗ് പാടവം പുറത്തെടുക്കുകയും ചെയ്യാം. വെളുപ്പിന് സമയത്ത് ഇതുവഴി പോകുന്നതായിരിക്കും കുറച്ചു കൂടി ഉത്തമം. തിരക്കൊഴിഞ്ഞ പാതയും മഞ്ഞും കോടയും തണുപ്പും എല്ലാം കൂടിച്ചേർന്ന ആ ഒരു സമയം – ഹോ.. പോയിട്ടുള്ളവർക്ക് അറിയാം അതിൻ്റെ രസം.
ടൂവീലറിൽ യാത്ര പോകുന്നവർക്കായിരിക്കും ഈ റൂട്ട് കൂടുതൽ ഇഷ്ടപ്പെടുക. കാരണം ഇടയ്ക്ക് കാഴ്ചകൾ കാണുവാനും മറ്റും നിർത്തുവാൻ എളുപ്പം ടൂവീലർ തന്നെയാണ്. പിന്നെയൊരു കാര്യം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ സ്പീഡ് കുറച്ചു വേണം ഇത് വഴി പോകുവാൻ. കാരണം വല്ലപ്പോഴും വരുന്ന നിങ്ങൾക്ക് ഇവിടത്തെ റോഡിന്റെ അപ്പോഴത്തെ സ്വഭാവവും മാറ്റങ്ങളും ഒന്നും അറിയില്ലല്ലോ. അതുകൊണ്ട് വേഗത കുറച്ച് ആസ്വദിച്ചു പോകുക.
2. ചാലക്കുടി – വാൽപ്പാറ : മിക്ക സഞ്ചാരികളും പോയിട്ടുള്ള ഒരു റൂട്ട് ആയിരിക്കും ഇത്. കൂടുതൽ ആളുകളും അതിരപ്പിള്ളി വരെയെങ്കിലും പോയിട്ടുണ്ടാകും. നേര്യമംഗലം – മൂന്നാർ റൂട്ടിനെ അപേക്ഷിച്ച് ഈ റൂട്ട് അൽപ്പം റിസ്ക്ക് ഉള്ളതാണെന്ന് പറയാം. കാരണം ആന, പുലി മുതലായ വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംകാടാണ് വാഴച്ചാലിനും മലക്കപ്പാറയ്ക്കും ഇടയിലുള്ളത്. ചില സമയത്ത് പേരിനും പോലും മനുഷ്യരെ കാണുവാൻ സാധിക്കാത്ത ഈ റൂട്ടിലൂടെയുള്ള യാത്രയ്ക്ക് മുന്നോടിയായി വാഴച്ചാലിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ചെക്ക് ഇൻ ചെയ്യേണ്ടതായുണ്ട്. നിങ്ങളുടെ കൈവശം മദ്യമോ സിഗരറ്റോ ലൈറ്ററോ കണ്ടാൽ അത് അവർ പിടിച്ചെടുക്കും.
അതുപോലെ തന്നെ നിങ്ങളുടെ കയ്യിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ ഉണ്ടെങ്കിൽ അവയുടെ എണ്ണം അവിടെ രേഖപ്പെടുത്തി സ്ലിപ്പ് വാങ്ങണം. ഈ സ്ലിപ്പ് കാടിന് അപ്പുറമുള്ള മലക്കപ്പാറ ചെക്ക് പോസ്റ്റിൽ കാണിച്ചാൽ മാത്രമേ നിങ്ങളെ അവർ കടത്തി വിടുകയുള്ളൂ. അതിൽപ്പറഞ്ഞിരിക്കുന്ന എണ്ണം ബോട്ടിലുകൾ അവിടെ കാണിക്കുകയും വേണം. കാടിനുള്ളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കുവാതിരിക്കുവാനാണ് ഈ വ്യത്യസ്തമായ ചെക്കിംഗ്.
ഈ റൂട്ടിലൂടെ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർ രാവിലെ തന്നെ വാഴച്ചാൽ ചെക്ക് പോസ്റ്റ് കടക്കുവാൻ ശ്രമിക്കുക. എങ്കിൽ നിങ്ങൾക്ക് സ്വസ്ഥമായി കാഴ്ചകൾ കണ്ടുകൊണ്ട് പോകുവാൻ സാധിക്കും. ടൂവീലർ യാത്രികർക്ക് ഇപ്പോൾ ഇവിടേക്ക് വിലക്ക് ഉണ്ടെന്നാണ് അറിയുവാൻ സാധിച്ചത്. പോകുന്നതിനു മുൻപ് കൃത്യമായി അറിഞ്ഞതിനു ശേഷം ബൈക്ക് ട്രിപ്പ് പ്ലാൻ ചെയ്യുക. കാറിൽ ആണെങ്കിൽ പോകാം.
3. തിരുവനന്തപുരം – പൊന്മുടി : തിരുവനന്തപുരം ജില്ലയിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി പൊന്മുടി മലയിലേക്ക് ഒരു യാത്ര പോകാം. വിതുരയ്ക്ക് ശേഷമായിരിക്കും നിങ്ങൾ റോഡിലെ തിരക്കുകളിൽ നിന്നും പൂർണ്ണമായി മോചിതരാകുക. പിന്നീട് അങ്ങോട്ട് പതിയെപ്പതിയെ പൊന്മുടിയുടെ കാഴ്ചകൾ പതിയെ തുടങ്ങുകയായി. നല്ല കിടിലൻ ഹെയർപിൻ വളവുകൾ ചുറ്റിവളഞ്ഞു വേണം മലമുകളിലെത്തിച്ചേരുവാൻ. ഈ ചുരം റൂട്ടാണ് ടൂവീലർ റൈഡേഴ്സ് ആഗ്രഹിക്കുന്നത്. കേരളത്തിലെ മറ്റു പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകളെ അപേക്ഷിച്ച് പൊതുവെ തിരക്ക് കുറവായിരിക്കും പൊന്മുടി റൂട്ടിൽ. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഉള്ളവർക്ക് ഒരു വൺ ഡേ ട്രിപ്പ് പോകുവാൻ പറ്റിയ റൂട്ടും കൂടിയാണിത്. കൂടുതലൊന്നും പറയുന്നില്ല, നിങ്ങൾ നേരിട്ടു ചെന്നാസ്വദിക്കുക.
4. താമരശ്ശേരി – വയനാട് : പേരു കേട്ടപ്പോൾത്തന്നെ സംഭവം മനസ്സിലായിക്കാണും അല്ലെ? അതെ, നമ്മുടെ താമരശ്ശേരി ചുരം തന്നെ. പുലർച്ചെ സമയത്ത് പതിയെ ഈ ചുരം ഒന്നു കയറി നോക്കണം. വാഹനങ്ങൾ ഉണ്ടാകുമെങ്കിലും കാഴ്ചകളും അനുഭവങ്ങളും മനോഹരമായിരിക്കും. നല്ലൊരു അടിപൊളി ട്രിപ്പ് ആയിരിക്കും ഈ ചുരം കയറിയാൽ നിങ്ങൾക്ക് ലഭിക്കുക.
വയനാട് ജില്ലയിൽ വണ്ടിയോടിച്ച് എവിടെപ്പോയാലും നിങ്ങൾക്ക് അത് കിടിലൻ റോഡ് ട്രിപ്പ് തന്നെയായിട്ടായിരിക്കും ഫീൽ ചെയ്യുക. ഇത്തരമൊരു അനുഭവം തരുന്ന മറ്റൊരു ജില്ല കേരളത്തിൽ വേറെ കാണില്ല. വെളുപ്പിന് വയനാടൻ ചുരം കയറി തണുപ്പും കോടയും കണ്ടുകൊണ്ട് ഒരു കട്ടൻ കാപ്പിയൊക്കെ ഊതിക്കുടിച്ച്.. വൗ… പറഞ്ഞു കൊതിപ്പിക്കുന്നില്ല. അനുഭവിക്കാത്തവർ നേരിട്ട് പോയി അനുഭവിച്ചോളൂ. അനുഭവിച്ചവർ ഓർമ്മകൾ പുതുക്കാൻ ഒരു ട്രിപ്പ് കൂടി പ്ലാൻ ചെയ്യുക.
5. മൂലമറ്റം – വാഗമൺ : ട്രിപ്പ് പോകുന്ന യുവതലമുറയും ലക്ഷണമൊത്ത സഞ്ചാരികളും ഒഴിച്ചുനിർത്തിയാൽ അധികം വിനോദസഞ്ചാരികളും പോയിട്ടില്ലാത്ത ഒരു റൂട്ടാണിത്. മിക്കവാറും ആളുകൾ പാലാ – ഈരാറ്റുപേട്ട വഴിയായിരിക്കും വാഗമണിലേക്ക് പോകുന്നത്. എന്നാൽ തൊടുപുഴയിൽ മിന്നും മൂലമറ്റം വഴിയുള്ള ആദ്യം പറഞ്ഞ വാഗമൺ റൂട്ട് അടിപൊളി തന്നെയാണ്. താരതമ്യേന വീതി കുറവാണെങ്കിലും ഇരുവശങ്ങളിലും കാണുന്ന കാഴ്ചകൾ നല്ല പൊളപ്പൻ ആയിരിക്കും. ടൂവീലറിൽ വരുന്നവർക്ക് ആയിരിക്കും കൂടുതൽ ആസ്വാദ്യകരമായി തോന്നുക. വെയിൽ കനക്കുന്നതിനു മുൻപായി ഈ റൂട്ട് കവർ ചെയ്യുവാൻ ശ്രമിക്കുക.
സമയപരിധിമൂലം ചെറിയൊരു ലിസ്റ്റ് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. ഇതുപോലെ റോഡ് ട്രിപ്പുകൾക്ക് അനുയോജ്യമായ ധാരാളം മനോഹരമായ റൂട്ടുകൾ കേരളത്തിൽ അങ്ങിങ്ങോളമുണ്ട്. നിങ്ങൾക്ക് അറിയാവുന്നവ കമന്റായി രേഖപ്പെടുത്തുക. അടുത്ത ലേഖനങ്ങളിൽ അവ കൂടി ഉൾപ്പെടുത്താം. കവർ ചിത്രം – സജി മോഹൻ.