ടൂറിസം ഉഷാറാക്കണം; ടൂറിസ്റ്റുകൾക്ക് വിസ ഫ്രീയാക്കി ഈജിപ്റ്റ്

കൊറോണ വൈറസ് വ്യാപനം മൂലം ലോകത്തെമ്പാടുമുള്ള ടൂറിസം മേഖല തകർന്നടിഞ്ഞു പോയ കാഴ്ചകളായിരുന്നു നമ്മൾ കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ചിലയിടങ്ങളിൽ നിന്നുള്ള വാർത്തകൾ അൽപ്പം ആശ്വാസം പകരുന്നവയാണ്. കൊറോണയെ തുരത്തിയ രാജ്യങ്ങളൊക്കെ പതിയെ വിനോദസഞ്ചാരികൾക്ക് ടൂറിസം മേഖല തുറന്നുകൊടുത്ത് വരുമാനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. അതിൽ എടുത്തു പറയേണ്ട ഒരു രാജ്യമാണ് ഈജിപ്റ്റ്.

ക്രൈസ്തവ, ജൂത ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈജിപ്ത്. വര്‍ഷം തോറും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാറുണ്ട്. ലോകാത്ഭുതങ്ങളിൽ സ്ഥാനം പിടിച്ച പിരമിഡുകൾ സ്ഥിതി ചെയ്യുന്ന ഈജിപ്റ്റ് വിനോദ സഞ്ചാരം മുഖ്യ വരുമാനമാര്‍ഗ്ഗമായി‌ട്ടുള്ള രാജ്യങ്ങളിലൊന്നാണ്.

കൊറോണാ വൈറസ് പ്രതിസന്ധിയിലാക്കിയ രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ തിരികെ കൊണ്ടുവരുന്നതിന്റ ഭാഗമായി സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ ഫ്രീയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 31 മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പൂർവ്വസ്ഥിതിയിലാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈജിപ്റ്റ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വിദേശ സഞ്ചാരികളെ അനുവദിക്കുമെങ്കിലും അതെല്ലാം കര്‍ശനമായ സുരക്ഷാ പരിശോധനകളോടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും മാത്രമായിരിക്കും എല്ലാം. ജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷിതത്വം ഒരുപോലെ ഉറപ്പുവരുത്തുന്ന വിധത്തിലായിരിക്കും ക്രമീകരണങ്ങള്‍.

ഹോട്ടലുകളിൽ 50% ആളുകളെ മാത്രമായിരിക്കും താമസിപ്പിക്കുക. ഹോട്ടലുകളിലെ ജീവനക്കാരും സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാവണം. പഴയതുപോലെ കൂട്ടംകൂട്ടമായി സഞ്ചരിക്കുന്ന രീതിയ്ക്ക് മാറ്റം വരുത്തിക്കൊണ്ട് കൃത്യമായ അകലം പാലിച്ചായിരിക്കും ഇനിയുള്ള യാത്രകളും മറ്റും. ഇനി അഥവാ ആർക്കെങ്കിലും രോഗലക്ഷണങ്ങളോ മറ്റോ കണ്ടാൽ അവർക്കായി ക്വാറന്‍റൈന്‍ സംവിധാനങ്ങളും ഒരുക്കുമെന്ന് ഈജിപ്ഷ്യൻ സർക്കാർ അറിയിച്ചിട്ടുണ്ട്.

ഈജിപ്ഷ്യൻ സംസ്ക്കാരത്തിന് ഏതാണ്ട് 5000വർഷത്തോളം പഴക്കമുണ്ട്. നൈൽ നദീതീരത്താണിത് ഉടലെടുത്തത്. ആയതിനാൽ തന്നെ ഈജിപ്ത് നൈലിന്റെ ദാനം എന്നാണറിയപ്പെടുന്നത്. ആദ്യത്തെ ദേശീയ സർക്കാർ, 365ദിവസങ്ങളുള്ള ആദ്യകലണ്ടർ, കടലാസിന്റെ ആദ്യ രൂപമായ പാപിറസ്, വാസ്തുവിദ്യ, വൈദ്യശാസ്ത്രം തുടങ്ങിയവ ഈജിപ്തുകാരുടെ സംഭാവനകളിൽ പെടുന്നു.

ലോക്ക്ഡൗൺ കാലത്ത് വിർച്വൽ ടൂറുകൾ ഈജിപ്ഷ്യൻ ടൂറിസം വകുപ്പ് ഒരുക്കിയിരുന്നു. ഈജിപ്തിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ശവകുടീരങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ഗൈഡ് ചെയ്തുള്ള വീഡിയോ വിര്‍ച്വല്‍ ടൂറാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

എന്തായാലും ഇനി കൊറോണയെപ്പേടിച്ച് സഞ്ചാരികൾ യാത്രകൾക്ക് തയ്യാറാകുമോ എന്നാണു കാത്തിരുന്നു കാണേണ്ടത്. എല്ലാ പ്രതിസന്ധികളും മാറി ലോകത്തെ ടൂറിസം മേഖല ഉയർത്തെഴുന്നേൽക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.