വിവരണം – വികാസ് ബാബു.
2016 ൽ ഒരു ദിവസം വീട്ടിൽനിന്നും ജോലിസ്ഥലമായ സേലത്തേക്കുള്ള യാത്രയിൽ ഉണ്ടായ അനുഭവമാണ്. രാവിലെ 9.40ന് ഷൊർണ്ണൂർ ജംഗ്ഷനിൽ നിന്നും ആലപ്പി – ധൻബാദ് എക്സ്പ്രസ്സിൽ കയറി. അവധികഴിഞ്ഞുള്ള മടക്കയാത്രകൾ പലപ്പോഴും വിരസമാണ്. വീട്ടുകാരും കൂട്ടുകാരുമൊക്കെ കണ്ണിലും ചെവിയിലും കയറിവരും. അതുകൊണ്ടൊക്കെയാവും മനസ്സ് മാറ്റാൻ വെച്ച പാട്ടിന് താളപ്പിഴയുള്ളപോലെ.
വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് വാളയാറിൻറെ പച്ചപ്പിലേക്ക് കണ്ണുനട്ടങ്ങനെയിരുന്നു. പൊടിഞ്ഞിറങ്ങുന്ന ചാറ്റൽമഴയിൽ പ്രകൃതി, കുളികഴിഞ്ഞു വരുന്ന സുരസുന്ദരിയെപ്പോലെ തോന്നിച്ചു. ജനൽകമ്പികളിൽ തൂങ്ങികിടക്കുന്ന മഴത്തുള്ളികളെ നോക്കിയിരിക്കേ അറിയാതെ എപ്പഴോ ഉറങ്ങിപ്പോയി. കൈകൊട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. തൊട്ടുമുൻപിൽ കുപ്പിവളയണിഞ്ഞ കൈകൾ.
ഉറക്കത്തിൻറെ മറനീക്കി കാഴ്ച്ച വ്യക്തമായപ്പോൾ കുപ്പിവളകൈകളുടെ ഉടമയ്ക്ക് സ്ത്രീ രൂപവും പുരുഷ ശബ്ദവും. പോക്കറ്റിൽ പരതിയപ്പോൾ കിട്ടിയ 5 രൂപ നാണയം ഞാൻ നീട്ടാൻ ഒരുങ്ങവേ കാലം ചുളിവുകൾ തീർത്ത ഒരു കൈ കൂടി വന്നു. ഒരു മുത്തശ്ശിയാണ്. ഒരു നിമിഷം ആർക്ക് ഏന്ന ചോദ്യചിഹ്നം എൻറെ ഉള്ളിൽ വരയ്ക്കപ്പെട്ടു. ആ കുപ്പിവളകൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ നാണയമെടുത്ത് മുത്തശ്ശി കൈകളിലേക്ക് കൊടുത്തു. അവർ രണ്ടു ദിശകളിലേക്ക് നടന്നകന്നു. ഞാൻ അമ്പരന്നു നിന്നു.
ഭിന്നലിംഗക്കാരെ അവഗണനയോടെ, പരിഹാസത്തോടെ കാണുന്ന നമ്മുടെ സമൂഹം തിരിച്ചറിയണം മനസ്സും മനസാക്ഷിയും മനോവ്യഥയും ആണിനും പെണ്ണിനും മാത്രമല്ലെന്ന്. സ്നേഹിക്കാൻ, സ്നേഹിയ്ക്കപ്പെടാൻ, സ്വതന്ത്രമായി ജീവിയ്ക്കാൻ അവകാശമുണ്ടെന്ന്. അക്കങ്ങളിട്ട് വിളിയ്ക്കപ്പെടുമ്പോഴും അവർക്ക് നിത്യജീവിത ചെലവുകൾക്കപ്പുറം അക്കങ്ങളോട് ഭ്രമമുണ്ടായിരുന്നില്ലെന്ന്. അന്യൻറെ വിശപ്പിനെ മാനിക്കാനും സഹായിക്കാനും മനസ്സുണ്ടെന്ന്.
മനസ്സിൽ ചിന്തകളുടെ വേലിയേറ്റങ്ങൾ പലതവണ നടന്നു. ഞാൻ ആ കൈകൊട്ടുന്ന ശബ്ദത്തെ പിൻതുടർന്ന് ചെന്നു. സ്ളീപ്പർ കമ്പാർട്ടുമ്ൻറുകൾ തീർന്ന് എ.സി.കമ്പാർട്ടുമ്ൻറുകൾ തുടങ്ങുന്നിടത്ത് വാതിലിനരികെ അവർ ഇരിയ്ക്കുന്നത് കണ്ടു. കൂടെ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഉണ്ട്. ഞാൻ നീട്ടിയ കാശ് വാങ്ങികൊണ്ട് അവർ പുഞ്ചിരിച്ചു. അതിൽ എന്നെ പഠിപ്പിച്ച പാഠത്തിലെ ചോദ്യോത്തരങ്ങൾ എനിയ്ക്ക് കാണാമായിരുന്നു.
അവരെ കൂടെനിർത്തി ഒരു ഫോട്ടോ എടുക്കട്ടേ എന്ന ചോദ്യത്തിന് സമ്മതം നൽകുമ്പോൾ മുഖത്തെ അമ്പരപ്പും, ശബ്ദത്തിലെ ഇടർച്ചയും സന്തോഷത്തിൻറയാണ് എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അവർക്കൊപ്പമിരുന്ന് കുറച്ച് നേരം സംസാരിച്ചു. ഒരാൾ തമിഴിനാട്ടിലാണ്. മറ്റേയാൾ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും കുട്ടികാലത്തേ നാടുകടത്തപ്പെട്ടതാണ്. ചിലചോദ്യങ്ങൾക്ക് പുഞ്ചിരികൊണ്ട് അവർ മറുപടി നൽകി.
ഏകദേശം 40 മിനിട്ട് സംസാരത്തിനു ശേഷം സേലം ജങ്ഷനെത്തി. അവരോട് യാത്ര പറഞ്ഞ് ഞാനിറങ്ങി. പല യാത്രകളിലും ഇതുപോലുള്ള പലരെയും കാണാറുണ്ട്. പ്രകൃതി കാണിച്ച വികൃതിയ്കപ്പുറം അവരും നമ്മുടെ സഹജീവികളാണ്. പുറത്ത് മഴ ശമിച്ചിരിക്കുന്നു. തിരിച്ചറിവിൻറെ നാളെകളിൽ സ്നേഹവസന്തം വിരിയട്ടെ.
കഥ ഇവിടം കൊണ്ട് തീരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തീവണ്ടിയാത്രയില്‍ ഈറോഡ് ജംഗ്‌ഷൻ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പരിചയപ്പെട്ട പഴയ ആ സുഹൃത്തിനെ വീണുകിട്ടി. വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം എന്നതിലുപരി, ഒരാളുടെ നല്ല ഓര്‍മ്മകളില്‍ നാം മരിയ്ക്കുന്നില്ലെങ്കില്‍ നമുക്കതില്‍ അഭിമാനിയ്ക്കാം എന്ന് തോന്നുന്നു. ഈ നിമിഷങ്ങള്‍ക്ക് നന്ദി.