ലേഖകൻ – Abdulla Bin Hussain Pattambi.
ജന്മനാടിനെ ശത്രുവിന് ഒറ്റു കൊടുക്കുന്നത് , സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്. അത്രയും നീചമായപ്രവൃത്തിയും രാജ്യദ്രോഹവുമാണത്. അത്തരം രണ്ട് കുപ്രസിദ്ദരായ ഒറ്റുകാരുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. ജന്മനാടിനെ ആക്രമിച്ച് കീഴ്പ്പെടുത്താൻ വന്ന ബ്രിട്ടീഷുകാർക്ക് വേണ്ടി ചാരപ്പണി നടത്തിയവർ. ചരിത്രത്തിന് മറക്കാൻ കഴിയാത്ത ആ മഹാപാപികളിൽ ഒരാൾ ഒരു മുഗൾ രാജകുടുംബാംഗം തന്നെയായിരുന്നു. എന്നാല്‍ രണ്ടാമൻ ബ്രിട്ടീഷ് പക്ഷം പറ്റിയ ഒരു ഉദ്യോഗസ്ഥനാണ്. മുഗൾ രാജകുടുംബാംഗമായിരുന്ന മിർസ ഇലാഹി ബക്ഷും ദില്ലിയിലെ ബ്രിട്ടീഷ് റെസിഡൻസിയിലെ മിർ മുൻഷി ( ചീഫ് അസിസ്റ്റന്റ് ) ആയിരുന്ന മുൻഷി റായ് ബഹദൂർ ജീവൻ ലാലുമായിരുന്നു ആ രാജ്യദ്രോഹികൾ.
1857ൽ ഒന്നാം സ്വാതന്ത്ര്യസമരം കൊടുംബിരി കൊളളുംബോഴായിരുന്നു ഇവർ രണ്ട് പേരും ബ്രിട്ടീഷുകാർക്കു വേണ്ടി ചാരപ്പണി ചെയ്തത്. ആദ്യമേ ബ്രിട്ടീഷ് പക്ഷപാതികളായിരുന്ന ഇവർ രണ്ട് പേരും ബ്രിട്ടീഷ് വിരുദ്ദ കലാപം നടത്തിയിരുന്ന മുഗൾ രാജ കുടുംബാംഗങ്ങളുടേയും ശിപായിമാരുടേയും സാധാരണ ജനങ്ങളുടേയും നീക്കങ്ങൾ മണത്തറിഞ്ഞ് അവ ബ്രിട്ടീഷ് ഓഫീസറായിരുന്ന വില്യം ഹൊഡ്സണ് അതീവ രഹസ്യമായി എത്തിച്ച് കൊടുക്കുകയായിരുന്നു.
ഒന്നാം സ്വാതന്ത്ര്യസമരം പരാജയപ്പെടുത്തുന്നതിൽ ഇവർ രണ്ട്പേരും മുഖ്യപങ്ക് വഹിച്ചതായി അന്നത്തെ ബ്രിട്ടീഷ് രേഖകൾ പറയുന്നുണ്ട്. അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിന്റെ പുത്രൻ മിർസ ഫഖ്രുവിന്റെ ഭാര്യാപിതാവായിരുന്നു മിർസ ഇലാഹി ബക്ഷ്. കൊട്ടാരത്തിൽ രാജകുടുംബാങ്ങൾക്കിടയിൽ താമസിക്കുംബോൾ തന്നെ , അവർക്കിടയിലെ ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷ് വിരുദ്ദരായ രാജകുടുംബാംഗങ്ങളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് അവ വില്യം ഹൊഡ്സണ് കൈമാറുകയായിരുന്നു ഇലാഹി ബക്ഷിന്റെ പ്രധാന തൊഴിൽ. അവസാനം ദില്ലി ബ്രിട്ടീഷ് പടക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ സ്വന്തം പേരമകനടക്കമുളള മുഗൾ രാജകുടുംബാംഗങ്ങളെ ബ്രിട്ടീഷ് പടക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തു എന്ന് മാത്രമല്ല അവർക്ക് വധശിക്ഷ ലഭിക്കുന്നതിന് സാക്ഷിയായി നിൽക്കുകയും ചെയ്ത ക്രൂരനാണയാൾ. സ്വന്തം ജീവൻ രക്ഷിക്കാനായിരുന്നു അയാളുടെ ഈ നടപടി എന്ന് പറയപ്പെടുന്നു.
ദില്ലി ശിപായി ഭരണത്തിലായിരുന്നപ്പോൾ ഒളിവിൽ പോയ മുൻഷി ജീവൻ ലാൽ ( സ്വന്തം വീട്ടിലെ നിലവറയിലായിരുന്നു അയാൾ ഒളിച്ചിരുന്നത് ) തന്റെ ഒളിസങ്കേതത്തിലിരുന്ന് തന്റെ പരിചയക്കാരായ രണ്ട് ബ്രഹ്മണരേയും രണ്ട് ജാട്ടുകളേയും ഉപയോഗിച്ചായിരുന്നു ചാരപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ദില്ലിയിലെ വിമതസൈനികരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും അവ വില്യം ഹൊഡ്സണ് കൈമാറുകയുമായിരുന്നു മുൻഷി ചെയ്തിരുന്നത്.
തന്മൂലം ശിപായിമായിർ അതീവരഹസ്യമായി നടത്തിയിരുന്ന പലനീക്കങ്ങളും ബ്രിട്ടീഷ് പടക്ക് ഏറ്റവും സുഗമമായി തകർക്കാൻ സാധിച്ചു.
ചെങ്കോട്ട കൈപ്പിടിയിലൊതുങ്ങിയ ശേഷം ഹൊഡ്സൺ ഇവർക്ക് രണ്ട്പേർക്കും അർഹമായ പ്രതിഫലങ്ങൾ നൽകുകയും വിശ്വസ്ഥരായി ഗണിച്ച് സ്ഥാനമാനങ്ങൾ നൽകുകയുമുണ്ടായി. ഇലാഹി ബക്ഷ് അധികം താമസിയാതെ തന്നെ രോഗബാധിതനായി മരണപ്പെട്ടതായി പറയപ്പെടുന്നു.