റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിലെ കറക്കമെല്ലാം കഴിഞ്ഞു ഞങ്ങൾ ഒരു കിടിലൻ യാത്രയ്ക്ക് പ്ലാനിട്ടു. മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ റൂട്ടായ ട്രാൻസ് സൈബീരിയൻ റെയിൽവേയിലൂടെ ഒരു യാത്ര പോകുന്നു. കൂടെ സഹീർ ഭായിയും അതോടൊപ്പം തന്നെ മലയാളി സുഹൃത്തുക്കളായ ഫാസിലും ഷഫാഫും ആണുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ റൂട്ടാണ് ട്രാൻസ് സൈബീരിയൻ റെയിൽവേ. ഈ റെയിൽപ്പാത വരുവാനുണ്ടായ സാഹചര്യം ഇങ്ങനെയാണ്. 1860ൽ വോസ്റ്റോക്കിന്റെ നിർമ്മാണത്തോടേയാണ് റഷ്യയുടെ പസഫിക് തീരത്ത് തുറമുഖം പ്രവർത്തനമാരംഭിച്ചത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളുമായി ഗതാഗതമാർഗ്ഗങ്ങൾ അപ്പോഴും അസാദ്ധ്യമായിരുന്നു. 1891ൽ അലക്സാണ്ടർ മൂന്നാമൻ ട്രാൻസ് സൈബീരിയൻ റെയിൽപ്പാതയുടേ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു.
1905 ൽ ആണ് ട്രാൻസ് സൈബീരിയൻ റെയിൽപ്പാതയുടെ പണി പൂർത്തിയാകുന്നത്. ഏകദേശം 15 ബില്യൺ ഡോളറാണ് ഈ പാതയുടെ നിർമ്മാണത്തിനായി ചെലവഴിച്ചത്. 640 കിലോമീറ്ററോളം ദൈർഘ്യമുള്ള ബെയ്ക്കൽ തടാകവും, റഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ വോള്‍ഗാ നദിക്ക് കുറുകെയുള്ള പാലവും, സൈബീരിയയിലെ മരവിപ്പിക്കുന്ന കാലാവസ്ഥയും, മഞ്ഞുകാലത്ത് ഐസുപാളികളായി മാറുന്ന തടാകങ്ങളും, കൊടുംവനപ്രദേശങ്ങളുമെല്ലാം കടന്നുള്ള ഈ യാത്ര ഒരു അത്ഭുതം തന്നെയായിരിക്കും സമ്മാനിക്കുക.
ട്രാൻസ് സൈബീരിയൻ പ്രധാന പാതയുടെ കൈവഴികളായി ട്രാൻസ് മംഗോളിയൻ, ട്രാൻസ് മഞ്ചൂരിയൻ എന്നീ പാതകൾ കൂടി നിർമ്മിയ്ക്കപ്പെട്ടു. ഉലാനൂഡ് എന്ന സ്ഥലത്തുവെച്ച് ഈ പാത രണ്ടായി പിരിയുന്നു. തെക്കോട്ട് തിരിഞ്ഞ് മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തൂർ വഴി ചൈനീസ് തലസ്ഥാനമായ ബൈജിങ്ങിലേയ്ക്ക് നീളുന്നു. ഇതാണ് ട്രാൻസ് മംഗോളിയൻ പാത. വടക്കൻ കൊറിയയുടെ തലസ്ഥാനമായ പ്യോമ്യാങ്ങിനെ റഷ്യയുമായി ബന്ധിപ്പിയ്ക്കുന്ന പാതയാണ് ട്രാൻസ് മഞ്ചൂരി. ബൈക്കൽ തടാകത്തിന്റെ വടക്കൻ അതിരിലൂടെ കടന്നുപോകുന്ന മറ്റൊരു കൈവഴിയാണ് ബൈക്കാൽ-ആമർ പാത. 1984 ലാണ് ഇതിന്റെ പണി പൂർത്തിയാവുന്നത്.
പെട്ടെന്നുള്ള തീരുമാനമായതിനാൽ ടിക്കറ്റ് കിട്ടുമോയെന്ന് ഒരൽപ്പം ശങ്കയുണ്ടായിരുന്നു. എങ്കിലും ഓൺലൈനിൽ ചെക്ക് ചെയ്തപ്പോൾ ഭാഗ്യത്തിന് ടിക്കറ്റുകൾ ലഭ്യമായിരുന്നു. അങ്ങനെ ഞങ്ങൾ നാല് സെക്കൻഡ് ക്ലാസ്സ് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്തു. ഏകദേശം 55,000 ത്തോളം ഇന്ത്യൻ രൂപയാണ് നാലു പേർക്കും കൂടി ടിക്കറ്റുകൾക്കായി ചാർജ്ജ് വന്നത്. മോസ്‌കോയിൽ നിന്നും അങ്ങു നോർത്ത് കൊറിയൻ അതിർത്തിയ്ക്കടുത്തുള്ള വ്‌ളാഡിവസ്റ്റോക്കിലേക്കുള്ള 9259 കി.മി ദൂരം 7 ദിവസമെടുത്താണ് ട്രെയിൻ ഓടിയെത്തുന്നത്. എന്നാൽ ഞങ്ങൾ വ്‌ളാഡിവസ്റ്റോക്കിലേക്ക് ആയിരുന്നില്ല, Irkutsk എന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിനായി നാലു ദിവസത്തെ ട്രെയിൻ യാത്രയാണ് വേണ്ടിവരുന്നത്.
യാത്രയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപായിരുന്നു ഞങ്ങൾക്ക് ടിക്കറ്റ് ലഭിച്ചത്. അതുകൊണ്ട് ടിക്കറ്റ് ലഭിച്ച ശേഷം വൈകാതെ തന്നെ ഞങ്ങൾ യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. ലഗേജുകളൊക്കെ നേരത്തെ തന്നെ പാക്ക് ചെയ്തു വെച്ചിരുന്നതിനാൽ അതിനായി സമയം കളയേണ്ടി വന്നില്ല എന്നത് ഒരു ഭാഗ്യമായി. യാത്രയ്ക്കിടയിൽ കഴിക്കുവാനും മറ്റുമുള്ള ഭക്ഷണങ്ങളും സ്‌നാക്‌സും ഒക്കെ വാങ്ങി കൈയിൽ കരുതി. അങ്ങനെ ഞങ്ങൾ രണ്ടു ടാക്സികളിലായി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി.
മോസ്‌ക്കോയിലെ Yaroslavsky Rail Terminal ൽ നിന്നുമാണ് ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്ര തുടങ്ങുന്നത്. റെയിൽവേ സ്റ്റേഷൻ ആണെങ്കിൽ പറയുകയേ വേണ്ട, പുറമെ നിന്നും കാണുമ്പോൾ ഏതോ ഇരു ചരിത്ര സ്മാരകമായോ, മ്യൂസിയമായോ ഒക്കെ തോന്നിക്കും. സെക്യൂരിറ്റി ചെക്കിംഗുകളൊക്കെ കഴിഞ്ഞു ഞങ്ങൾ ടെർമിനലിനകത്തേക്ക് കയറി. സ്റ്റേഷനിൽ വെച്ച് ചില റഷ്യൻ യാത്രക്കാരെ ഞങ്ങൾ പരിചയപ്പെടുകയുണ്ടായി. നമ്മൾ ഇന്ത്യക്കാരോട് റഷ്യക്കാർക്ക് നല്ല സ്നേഹമാണുള്ളതെന്ന് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെ കുറച്ചു സമയങ്ങൾ ടെർമിനലിനകത്ത് ചെലവഴിച്ച ശേഷം ഞങ്ങൾ ട്രെയിനിലേക്ക് കയറുന്നതിനായി Platform ലക്ഷ്യമാക്കി നീങ്ങി.
ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നയാത്രയാണ് ട്രാന്‍സ് സൈബീരിയന്‍ ട്രെയിൻ യാത്ര. കിഴക്കന്‍ യൂറോപ്പു മുതല്‍ കിഴക്കന്‍ ഏഷ്യവരെ നീണ്ടുകിടക്കുന്ന ഈ യാത്ര അത്യപൂർവ്വമായ അനുഭവമായിരിക്കും സമ്മാനിക്കുക. ഈ റൂട്ടിലൂടെയുള്ള ട്രെയിൻ യാത്രയ്ക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ – https://eng.rzd.ru.