ട്രാൻസ് സൈബീരിയൻ യാത്ര – റഷ്യ കടന്ന് മംഗോളിയയും ചൈനയും

Total
0
Shares

വിവരണം – Eid Kamal T.

റഷ്യയിൽ നിന്നും മംഗോളിയ വഴി ചൈന വരെ ഏകദേശം 8000 കിലോമീറ്റർ താണ്ടി, വൻകരകളുടെ നിറഭേദങ്ങളിലൂടെ, മനുഷ്യസംസ്കൃതിയുടെ കളിത്തൊട്ടിലുകളിൽ നിഴലും നിലാവുമറിഞ്ഞു ട്രാൻസ് സൈബീരിയൻ ട്രെയിനിൽ ഒരു സ്വപ്ന യാത്ര!!

ട്യൂട്ടർ ഇവാനിച്ച് കൊടുത്ത മടുപ്പിക്കുന്ന കണക്കിനെ പുസ്തകത്തിൽ വിട്ട് ഞാൻ ജനാലയ്ക്കപ്പുറം മിഴിയയച്ചു. മഞ്ഞുപരലുകൾ ജനാലച്ചില്ലുകളിൽ ചിത്രം വരയ്ക്കുന്നു. തണുപ്പടിച്ചിട്ടാവണം കുതിരകൾ നിർത്താതെ ചിനയ്ക്കുന്നു. പെട്ടെന്ന് ഇവാനിച്ചിന്റെ നിരാശ നിറഞ്ഞ സ്വരം ഉയർന്നു. –നികിതയുടെ ബാല്യം (ലിയോ ടോൾസ്റ്റോയ് ).

ബാല്യത്തിന്റെ ദിവാ സ്വപ്നങ്ങൾ നിറയെ മോസ്കൊയും സെൻറ് പീറ്റേഴ്സ് ബർഗ്ഗുമായിരുന്നു. എന്തേ സ്വെറ്റ്ലാനയെന്നോ വാലന്റീനയെന്നോ പേരിടാൻ വീട്ടുകാർക്ക് തോന്നിയില്ലെന്നു പരിതപിച്ചു. കൗതുകങ്ങളുടെ നിറയാഭരണി കുട്ടിക്കാലത്ത് നിറച്ചു തന്നത് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിരുന്ന റഷ്യൻ കഥകളും നോവലുകളുമായിരുന്നു. എന്റെ സ്വപ്നങ്ങളുടെ ഡിസ്നി ലാൻഡായ റഷ്യയിലേക്ക്, ദസ്തയേവിസ്കിയുടെ, ഗോർക്കിയുടെ, സർവ്വോപരി വ്ലാദിമിർ ഇല്ലിച് ഉല്യനോവ് എന്ന സഖാവ് ലെനിന്റെ സ്വന്തം നാട്ടിലേക്കൊരു യാത്ര!

റഷ്യയെ കണ്ടെത്തലായിരുന്നു, അതിലേറെ ബാല്യത്തിലേക്കൊരു മടക്കമായിരുന്നു എനിക്കീ യാത്ര. Trans Siberian Trainൽ റഷ്യക്ക് കുറുകെ, മോസ്കോവിൽ നിന്നും സൈബീരിയയും കടന്നു മംഗോളിയയിലൂടെ ചൈനയിലെ ബീജിങ് വരെ ഗ്രാമങ്ങളെ തൊട്ടറിഞ്ഞു കൊണ്ടുള്ളൊരു യാത്ര! ആനന്ദലബ്ധിക്കിനിയെന്തുണ്ടുലകിൽ!! ഇന്നലെ വരെയുള്ള എല്ലാ തിരക്കുകളുടെയും കതകടച്ചു കൊളുത്തിട്ട്, അപ്പൂപ്പൻ താടി പോലെ സ്വന്തന്ത്രരായി, വർഷങ്ങൾക്ക് ശേഷം വായന മാത്രം ധ്യാനിച്ച് ജിപ്സികളെപ്പോലെയലഞ്ഞു കുറെ നല്ല ദിനങ്ങൾ…

റഷ്യൻ ഗ്രാമങ്ങളിലൂടെ ‘നികിത’യില്ലാതെ എനിക്കെങ്ങനെ യാത്ര പോകാനാവും! പൈനും പോപ്ലാറും അതിരിടുന്ന ഗ്രാമങ്ങൾക്കരികിലൂടെ train കടന്നു പോവുമ്പോൾ ഞാനെന്റെ ബാല്യത്തിലേക്ക്, ടോൾസ്റ്റോയിയുടെ, പിറോവ്സ്കയയുടെ ബാല്യത്തിലേക്ക് ട്രെയിനിൽ നിന്നിറങ്ങി യാഥാർഥ്യവും ഭാവനയും നിറഞ്ഞ നിലാനിഴലിൽ നടക്കുകയായിരുന്നു.

ആ കാണുന്ന ആർഭാടങ്ങളൊന്നുമില്ലാത്ത വീടുകൾ കൃഷിക്കാരുടേതാണ്. വൃത്തിയുള്ള കൊച്ചു നിരത്തുകൾ… സോവിയറ്റ് ഗ്രാമങ്ങൾക്ക് ഇന്നും മാറ്റമൊന്നുമില്ല. പക്ഷെ ചൂട് മാറാത്ത കുതിരച്ചാണകത്തിന്റെ മടുപ്പിക്കാത്ത ചൂര് മാത്രമെന്തേ ഇല്ലാത്തൂ..!! റഷ്യൻ സമ്മറിന്റെ ഇളം ചൂടിൽ ചതുപ്പുകൾക്ക് സമീപം ചോലകളിൽ ചൂണ്ടയിടുന്നവരെക്കടന്ന്, സൂര്യരശ്മികൾ നിഴൽ ചിത്രം വരയ്ക്കുന്ന പൈൻമരക്കാടുകളിലേക്കാണ് നികിത എന്നെയും കൂട്ടി നടക്കുന്നത്. വനങ്ങൾക്കിടയിൽ കൊച്ചു ഗ്രാമങ്ങൾ; വനം വെളുപ്പിച്ചും സഹ്ഹ്യന് ഡൈനാമിറ്റ് വച്ചും വയലും കായലും മണ്ണിട്ട് നികത്തിയും വികസനം നടപ്പിലാക്കുന്ന നാട്ടിൽ നിന്നും വരുന്ന എനിയ്ക്ക്, കാടുകൾ സംരക്ഷിക്കുന്ന ഈ വികസന നയങ്ങൾ അത്ഭുദമാണെന്റെ കൊച്ചു നികിത..

ട്രെയിനിതാ മോസ്കോവിനും Ekaterinburg നുമിടക്ക് അഗ്രിസിൽ നിർത്തിയിരിക്കുന്നു. ഇളംവെയിൽ കായാനും സാധനങ്ങൾ വാങ്ങാനും യാത്രക്കാരൊക്കെ പുറത്തിറങ്ങുകയാണ്. ആ നിൽക്കുന്നത് ഇക്വഡോറുകാരൻ അങ്കിളല്ലേ. ഡിന്നറിന്റെ സമയത്ത് ഡാൻസ് ചെയ്തും മൗത്ഓർഗൻ മീട്ടിയും ട്രെയിനിലെ റെസ്റ്റോറന്റിൽ താരമായിരുന്ന അങ്കിൾ. ഇന്നലെ വൈകീട്ട് പരിചയപ്പെടുമ്പോൾ മൂപ്പർ തന്ന ചൂടൻ ഹഗ്ഗിന്റെ ഞെട്ടൽ എനിക്കിനിയും മാറിയിട്ടില്ല!!. വൻകരകളും ഭാഷയും മതങ്ങളും നിറങ്ങളും സംസ്ക്കാരവും കടന്നു വരുന്ന ഇത്തരം അന്തർദേശീയ ഹഗ്ഗുകൾ മാനവ സാഹോദര്യത്തിന്റെ ആലിംഗനങ്ങളാണ്.

ആകാശമേഘങ്ങൾ തണൽ വിരിയ്ക്കുന്ന കാടുകൾക്ക് സമീപത്തുകൂടെ സ്റ്റെപ്പികൾ പിന്നിട്ട് ട്രെയിൻ കുതിക്കുകയാണ്. ട്രെയിനിലെ കൂപ്പെ ഞങ്ങളോടൊപ്പം share ചെയ്യുന്ന റഷ്യൻ കുടുംബം എന്തോ കഴിക്കാനുള്ള തയാറെടുപ്പിലാണ്. ഉരുളക്കിഴങ്ങിൽ തുടങ്ങി കാബേജിലവസാനിക്കുന്ന നിങ്ങളുടെ ഭക്ഷണ രീതിഎന്നെ എന്നും കുഴക്കിയിട്ടേയുള്ളൂ നികിത. റഷ്യൻ കുടുംബത്തിന്റെ കയ്യിൽ ഉപ്പിട്ട്പുഴുങ്ങിയ മൽസ്യവുമുണ്ട്. ഇവിടെയാകെ മത്സ്യത്തിന്റെ അസുഖകരമായ ഗന്ധം പരക്കുന്നു. വെള്ളാരം കണ്ണുകളും നുണക്കുഴികളുമുള്ള കുട്ടിയുടെ പേര് അലോഷ്ക്ക എന്നാണോ? അവനോടും എന്റെ പ്രായത്തിൽ തന്നെയുള്ള അവന്റെ അമ്മയോടും എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. ആംഗ്യങ്ങൾക്കുമപ്പുറം ഭാഷ നഷ്ടപ്പെട്ട ഞങ്ങൾക്കിടയിൽ മൗനം മതിലാകുമ്പോൾ ഒരു പുഞ്ചിരിയിലൊതുക്കി അവരേതോ റഷ്യൻ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.

ഞാൻ ഇരിപ്പിടത്തിനരികെ ജനാലവിരികൾക്കപ്പുറം കാട്ടിലേക്ക്, ചതുപ്പിലേക്ക്, വയലിലേക്ക് മിഴിനീട്ടി. ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽ പാതയിലൊന്നിൽ യാത്ര ചെയ്യുമ്പോൾ നെടുങ്കൻ യാത്രയുടെ മടുപ്പൊഴിവാക്കാൻ റഷ്യയിലെ യെകാതറിൻബർഗ്ഗിലും നൊവോസിബ്രിസ്കിലും ഇർക്ക്സ്ക്കിലും, മംഗോളിയയിലെ ഉലാൻബത്താറിലും ഇറങ്ങി അവിടുത്തെ കാഴ്ചകളുമുൾപ്പെടുത്തിയാണ് ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ടൂർ പാക്കേജുകളുടെ സഹായമില്ലാതെ Map നോക്കി സ്വയം പ്ലാൻചെയ്തു ചോയ്ച്ച് ചോയ്ച്ച് പോകുന്നൊരു യാത്ര…

ഇത് റഷ്യയുടെ Mining City, Yekaterinburg. റൊമനോവ് രാജവംശത്തിലെ ശക്തനായ ചക്രവർത്തി പീറ്റർ-1 ന്റെ കാലത്താണ് യുറാൾ മലനിരകൾക്ക് കീഴെ ഈ നഗരം പടുത്തുയർത്തിയത്. മുൻ റഷ്യൻ പ്രസിഡണ്ട് ബോറിസ് യൽറ്റ്സിന്റെ Home City. ഖനിത്തൊഴിലാളികളും ഉദ്യോഗസ്ഥരുമൊക്കെയായി റഷ്യയിലെ നാലാമത്തെ വൻനഗരമാണിന്ന്. യൂറോപ്പും ഏഷ്യയും സന്ധിയ്ക്കുന്നത് യുറാലിന്റെ കീഴെ യെകാതെറിൻബർഗ്ഗിൽ തന്നെ. രണ്ടു വൻകരകൾ സന്ധിയ്ക്കുന്നതെന്ന് കരുതിന്നിടത്ത് സ്ഥാപിച്ച സ്തൂപത്തിൽ തൊട്ട് ഇരുകാലുകളും സങ്കല്പരേഖയ്ക്കിരുവശവുമായി വച്ച് സെല്ഫിയെടുക്കുന്ന സഞ്ചാരികൾ.

ഒരു ദിവസത്തെ യെകാതെറിൻബർഗ് കാഴ്ചയ്ക്കൊടുവിൽ വീണ്ടും മറ്റൊരു ട്രെയിനിലേക്ക്. ഇനിയും രാപ്പകലുകൾക്കപ്പുറത്ത് നോവോസിബ്രിസ്കിലേയ്ക്ക്. ട്രെയിനിന്റെ ജനാലയ്ക്കപ്പുറം ഓടിമറയുന്ന കാടുകളും ഗ്രാമങ്ങളും സ്റ്റെപ്പികളെന്ന പുൽമേടുകളും. നഗരത്തിനുപുറത്ത് റഷ്യൻ ഭവനങ്ങളധികവും
മരം കൊണ്ടുണ്ടാക്കിയവയാണ്. കൊച്ചുമരവേലികളതിരിടുന്ന മുറ്റം
വെട്ടിയൊതുക്കി വർണോദ്യാനമാക്കാത്ത വീടുകൾ വിരളം.എല്ലാ വീടുകൾക്കും ചെറുതും വലുതുമായി അടുക്കളത്തോട്ടങ്ങൾ. അവിടെ റഷ്യക്കാർക്കു പ്രിയപ്പെട്ട ഉരുളക്കിഴങ്ങും കാബേജ്ഉം. അതിശൈത്യത്തെ അതിജീവിയ്ക്കാനാകാത്ത
തക്കാളിയും കുക്കുംബറും പോളി ഹൌസിനകത്ത്.

ഇടയ്ക്കിടെ മിന്നിമറയുന്ന കൊച്ചുഗ്രാമങ്ങളൊഴികെ യാത്രയധികവും വനത്തിലൂടെ തന്നെ. നികിതയുടെ ഭാവനയിൽനിന്നും ഇറങ്ങിവന്ന പെൺകുട്ടി
ഗ്രാമത്തിൻറെ അതിർത്തിയിൽ ബെറിപ്പഴങ്ങൾ പറിച്ചുകൊണ്ട് ഇതാ കണ്മുന്നിൽ. നീർച്ചോലകൽക്കരികെ സൈബീരിയൻ കൊക്കുകളും ക്രിസ്റ്റൽ പോലെ തെളിഞ്ഞ വെള്ളത്തിലേക്ക് മുങ്ങാങ്കുഴിയിടുന്ന നീർക്കാക്കളും. ഇവിടെ ശൈത്യം
കനക്കുമ്പോൾ . ഇന്ത്യയിലേക്ക് വിരുന്നു വരുന്നവരാണിവരൊക്കെ. ട്രെയിൻ
നോവോസിബ്രിസ്കിനോട് അടുക്കുകയാണ്.

ഗോർക്കിയും ദസ്തയേവിസ്ക്കിയും കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകത്തിന് പരിചയപ്പെടുത്തിയ കുറ്റവാളികളെയും രാഷ്ട്രീയത്തടവുകാരെയും
നാടുകടത്തിയിരുന്ന സൈബീരിയ! തണുത്തുറഞ്ഞ മണ്ണിൽ ശൈത്യം കിതയ്ക്കുന്ന അതെ സൈബീരിയ!! മോസ്കോവിൽ നിന്നും 4000 കി.മി. അകലെ ഈ പ്രഭാതം ഞങ്ങൾക്ക് മിഴിതുറന്നത് സൈബീരിയൻ നഗരമായ നോവോസിബ്രിസ്കിലാണ്.
മോസ്കോയും സെന്റ് പീറ്റേഴ്സ് ബർഗും കഴിഞ്ഞാൽ റഷ്യയിലെ മൂന്നാമത്തെ വൻനഗരം. ട്രാൻസ് സൈബീരിയൻ റയിൽവേയോടൊപ്പം വളർന്ന നോവോസിബ്രിസ്ക് സൈബീരിയയുടെ ആധുനിക മുഖം. ക്രൂരതകളുടെ സാർ ഭരണകാലം മുതൽ അത്യുന്നതങ്ങളിൽ നിന്നുള്ള സോവിയറ്റ് വീഴ്ച വരെ കഥകൊളുരുപാട് പറയാനുണ്ട് സൈബീരിയയ്ക്ക്.

നോവോസിബ്റിസ്കും ഇർക്കൂസ്കുമൊക്കെ തടവുകാരുടെ വിയർപ്പിന്റെ, കണ്ണീരിന്റെ ഉപ്പു കുഴച്ച് പടുത്ത നഗരങ്ങളാണ്. കഥകൊളൊക്കെയും കാത്തുവച്ച് നിൽപ്പാണ് റയിൽവേയുടെ മ്യൂസിയം മുത്തശ്ശി. റഷ്യൻ എഴുത്തുകാർ തങ്ങളുടെ ജീവരക്തം
കൊണ്ട് ചരിത്രത്തിൽ കോറിയിട്ട തടവുകാരൊക്കയും തുടലും കിലുക്കി നടന്നു
വരുന്നത് പുസ്തകങ്ങളിൽ നിന്നും പ്രജ്ഞയിലേക്കാണ്.

ഇരുണ്ട ചരിത്രങ്ങൾ താണ്ടി സൈബീരിയയിലെ അവസാന സ്റ്റോപ്പായ
ഇർക്കുസ്കിലേയ്ക്ക് രണ്ടു രാത്രികളും ഒരു പകലും.

നാടോടിക്കഥ പോലെ സുന്ദരമാണ് ബൈക്കൽ തടാകതീരത്തെ ഇർക്കുസ്ക് നഗരം.
പ്രകൃതിയുടെ നെയ്ത്തുകാരൻ ഭാവനയുടെ വർണനൂലുകളിഴപിരിച്ച് നെയ്തെടുത്ത ചിത്രകംബളം!! ഇല പൊഴിയും കാടുകളൂം ചെറുതും വലുതുമായ കുന്നുകളും സ്റ്റെപ്പികളെന്ന പുൽ മേടുകളും…!! ഒരു സൈബീരിയൻ ഭവനത്തിൽ അതിഥികളാണ് ഞങ്ങളിന്ന്. അകവും പുറവും തടികൊണ്ട് പണിത ഇവിടം എത്ര ഊഷ്മളമാണെന്നോ. പ്രാതലിനായൊരുക്കിയത് തനത് റഷ്യൻ വിഭവങ്ങളായ ബ്ളിനിയെന്ന പാൻകേക്കും പെൽമീനിയെന്ന ഡമ്പ്ലിങ്ങും. വാസ്യയെന്ന തടിയൻ പൂച്ച കാലുകളിലുരുമ്മി അകത്തേയ്ക്കോടിപ്പോയി.

ഇർക്കുസ്കിന്റെ കവിളത്തെ മറുക് പോലെയാണ് ബൈക്കൽ. 600 കി.മി.നീളവും1600 മീറ്റർ ആഴവുമുള്ള ഈ തടാകം ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ്ജല റിസെർവോയറാണ്. ( ലോകത്തിലെ ശുദ്ധ്ജലത്തിന്റെ 20 %.). ബെൽജിയത്തോളം വലിപ്പമുണ്ട് ബൈക്കലിന്. തടാകക്കരയിൽ റഷ്യക്കാരും സഞ്ചാരികളുമൊക്കെയായി ധാരാളം പേർ വെയിൽ കായുന്നു ,തൊട്ടടുത്ത മാർക്കറ്റിൽ നിന്നുയരുന്ന സ്മോക് ചെയ്ത സ്റ്റർജിയൻ മത്സ്യത്തിന്റെ ഗന്ധം എന്റെ ഇന്ത്യൻ മൂക്കിനുള്ള പരീക്ഷണമാണ്. ഇർകുസ്കിനെ കാണാൻ ഒരു കേബിൾ യാത്ര.പിന്നെ ബൈക്കലിനെയറിയാൻ
മറൈൻ മ്യൂസിയത്തിലെ സബ്മറൈൻ അനുഭവവും. കണ്ടു കൊതി തീർന്നില്ലെങ്കിലും ഇന്ന് ഞങ്ങളിവിടം വിടുകയാണ്.

രാത്രിക്കും പകലിനുമപ്പുറം ഞങ്ങളെ കാത്തിരിക്കുന്നത് മഞ്ഞ നിറവും പതിഞ്ഞ മൂക്കുമുള്ള സുമുഖൻ മംഗോളിയ! പകലേറെയും ബൈക്കലിന്റെ തീരത്ത് കൂടിയാണ് ട്രെയിൻ കടന്നു പോകുന്നത്. നീലത്തടാകത്തിലേക്ക് പെയ്തിറങ്ങുന്ന സൂര്യകിരണങ്ങൾ സ്ഫടികം പോലെ കണ്ണഞ്ചിപ്പിക്കുന്നു. അതിർത്തിയടുക്കുംതോറും പ്രകൃതിയുടെ ഭാവവും മാറിത്തുടങ്ങി. റഷ്യയ്ക്ക് കുടചൂടിയ ഇലപൊഴിയും കാടുകൾ നന്നേ കുറഞ്ഞു വരുന്നു. ട്രെയ്നിൽ നിന്ന് തന്നെ റഷ്യ-മംഗോളിയ ബോർഡർ ഇമിഗ്രേഷൻ കഴിഞ്ഞ് ട്രെയിൻ കുതിക്കുകയാണ്…

കണ്ടത് മനോഹരം….കാണാനുള്ളത് അതിമനോഹരം… എന്നല്ലേ!! മംഗോളിയ ആശയും ചെങ്കിസ് ഖാൻ ആവേശവുമായിട്ട് ആഴ്ചകളായി. പുലരികളോരോന്നും പുതുമകളാവുന്നത് കാഴ്ചകളുടെ നിറക്കൂട്ടുകൾ കൊണ്ടു മാത്രമല്ല അനുഭവങ്ങളുടെ നിറവുകൾ കൊണ്ട് കൂടിയാണ്. യാത്രകൾ പാർസൽ പോലെയാകരുതെന്നു ചൊല്ലിത്തന്നത് ദേശത്തിന്റെ കഥാകാരൻ എസ്.കെ. പൊറ്റെക്കാട്! ട്രാൻസ് സൈബീരിയൻ ട്രെയിനിലധികവും യാത്രക്കാരായി ടൂറിസ്റ്റുകൾ തന്നെ.. വംശമറ്റ സ്പീഷിസിനെ പോലെ യാത്രയിലുടനീളം ഇരുനിറമുള്ള ഇന്ത്യക്കാരായി ഞങ്ങൾ രണ്ടുപേർ മാത്രം!

അടുത്ത കൂപ്പെയിലെ പോർച്ചുഗീസുകാരി അമ്മാമ്മ എഴുപതാം വയസ്സിലും ഒറ്റയ്ക്ക് യാത്ര ചെയ്തു ഞങ്ങളെ ഞെട്ടിക്കുന്നു! അഗ്രിസിൽ നിന്നും ട്രെയിനിലൊപ്പം ചേർന്ന ഫ്രഞ്ചുകാരി “ലൂ”വും അമ്മയും. ഇരുപത് ദിവസം ട്രാൻസ് സൈബീരിയൻ ട്രെയിനിലൊറ്റയ്ക്കു യാത്ര ചെയ്യുന്ന കൂട്ടുകാരികൾ സ്വിസ്സുകാരായ എമ്മയും എദീത്തയും. യാത്ര ആവേശമായ സ്ത്രീകൾ ട്രെയിനിലനവധി, അതിൽ പാതി ഒറ്റയ്ക്ക്. എന്റെ ആശ്ചര്യം ആരാധനയ്ക്കു വഴി മാറുന്നു. അവർക്കറിയില്ലല്ലോ ഒറ്റയ്ക്കുള്ള ഒരു മണിക്കൂർ യാത്ര പോലും സ്ത്രീ ജീവനപകടത്തിലാക്കുന്ന നാട്ടിൽനിന്നാണ് ഞാൻ വരുന്നതെന്ന്. പകുതിയാകാശവും പകുതി മണ്ണും നിലാവും നക്ഷത്രങ്ങളും പെണ്ണിന്റേതു കൂടിയാകുന്ന ഇന്ത്യയാണെന്റെ സ്വപ്നത്തിലെ കിണാശ്ശേരി! യാത്രകൾ പലപ്പോഴും നാടിനുവേണ്ടി സ്വപ്നങ്ങൾ നെയ്യാനുള്ളത് കൂടിയാണ്, സ്വപ്നങ്ങളാകട്ടെ സാക്ഷാത്കരിയ്ക്കപ്പെടാനും!!

ട്രെയിനിന്റെ ശക്തിയായ കുലുക്കമാണെന്നെ ഉണർത്തിയത്. സമയം വെളുപ്പിന് മൂന്ന്. മംഗോളിയൻ അതിർത്തി കടക്കുമ്പോൾ ചെമ്പട്ടുടുത്ത സൂര്യൻ ദൂരെ സ്റ്റെപ്പികൾക്കപ്പുറം സവാരിയ്ക്കൊരുങ്ങുന്നു. ഇത് ചെങ്കിസ്ഖാന്റെ സ്വന്തം മംഗോളിയ! ടൂറിസം പ്രാരംഭ ദശയിലുള്ള ഈ നാട് ചരിത്രപാഠങ്ങൾക്കപ്പുറം നാം ഇന്ത്യക്കാർക്കിന്നും അത്ര പരിചിതമല്ല.

ഇല പൊഴിയും കാടുകൾ നന്നേ കുറഞ്ഞ് സ്റ്റെപ്പികളും പച്ച വിരിച്ച കുന്നുകളുമായി മംഗോളിയ തനതുഭാവം പകരുകയാണ്. പ്രകൃതി മാത്രമല്ല മനുഷ്യരും മാറിയിരിയ്ക്കുന്നു. കിളിരം കൂടിയ ഇളം ചുവപ്പ് യൂറോപ്യരിൽ നിന്ന് പൊക്കം കുറഞ്ഞ് പതിഞ്ഞ മൂക്കും പാവക്കണ്ണുകളുമുള്ള മംഗോൾ വംശജരിലേക്ക്. തടിവീടുകൾ മാറി മംഗോളിയയുടെ സ്വന്തം യർട്ടുകൾ (yurt) പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നു. ട്രെയിൻ നിരങ്ങി നിർത്തിയത് തലസ്ഥാനമായ ഊലാൻബത്തറിൽ (Ulaanbaatar).

ഇതിഹാസ സമാനനായ ഭരണാധികാരി ചെങ്കിസ്ഖാൻ സിംഹാസനസ്ഥനാണ് നഗരചത്വരത്തിൽ. റഷ്യയിലെ ഇർകുസ്ക് മുതൽ ഏതാണ്ട് ബെയ്ജിങ് വരെയുള്ള ഭൂവിഭാഗം കൈവശം വച്ചിരുന്ന ചെങ്കിസ്ഖാനിൽ തുടങ്ങുന്നതാണ് ആധുനിക മംഗോളിയൻ ചരിതം.

ഇടുങ്ങിയ തെരുവുകളിലെ നീളുന്ന ഗതാഗതക്കുരുക്കുകളും കടന്നു ഞങ്ങളുടെ വാൻ ഊലാമ്പത്തറിന്റെ ഉൾപ്രദേശങ്ങളിലേക്കൂളിയിട്ടു. ഉതറിവീഴാൻ മടിച്ച് മഞ്ഞുതുള്ളികൾ കുണുങ്ങി നിൽക്കുന്ന പുൽമേടുകളിൽ, വിരിഞ്ഞു വരുന്ന കൂണുകൾ പോലെ ദൂരെ വെളുത്ത ചെമ്മരിയാട്ടിൻ പറ്റങ്ങൾ! രോമപ്പാവാടയുടുത്ത പശുക്കൾ… മംഗോളിയൻ യാക്കാണത്രേ!! കുളമ്പടിച്ച് കുതിയ്ക്കുന്ന കുതിരപ്പറ്റങ്ങൾ!!!

കൈയ്യിൽ വടിയുമേന്തി തറ്റുടുത്ത ആട്ടിടയ സങ്കൽപ്പങ്ങൾ പഴങ്കഥകളാക്കിക്കൊണ്ടു ബൈക്കിലും തുറന്ന ജീപ്പിലുമായി മംഗോൾ ആട്ടിടയന്മാർ. ചക്രവാളത്തോളം പരന്നുകിടക്കുന്ന കുന്നുകൾക്കും പുൽമേടുകൾക്കുമിടയിൽ ഉരുളൻ കല്ലുകൾക്കുമ്മ വച്ച് ഒഴുകുന്ന അരുവികളും കാലിക്കൂട്ടങ്ങളും.

ചോലകളും ചതുപ്പുകളും കടന്ന് മലകളുടെ മടിത്തട്ടിൽ നൊമാഡുകളോടൊപ്പമാണ് ഞങ്ങളുടെ ഇരവുപകലുകൾ. ഋതുഭേദങ്ങൾക്കൊപ്പം കാലികളുമായ് സഞ്ചരിച്ച് യർട് എന്ന വൃത്താകൃതിയിലുള്ള കുടിലുകളിൽ താമസിയ്ക്കുന്ന ഗോത്ര സമൂഹമാണ് നൊമാഡുകൾ. താപനില -45°C ലേക്ക് താഴുന്ന മംഗോൾ ശൈത്യത്തിൽ, ഫെൽറ്റുകൊണ്ടുണ്ടാക്കിയ യർട്ടിനകത്ത് അടുപ്പിൽ തീയിട്ട് സുഖകരമായ ചൂട് നിലനിർത്തിയിരിയ്ക്കുന്നു. വിളമ്പിയ പ്രാതൽ മംഗോളിയൻ രുചികളാൽ സമൃദ്ധം. ആട്ടിൻ സൂപ്പും മഷ്റൂം സൂപ്പും ബീഫ് ഗൗലാഷ്, പിന്നെ ഹാൻഡ്മെയ്ഡ് ബ്രഡ്ഡും പുരട്ടാൻ കുതിരപ്പാലിൽ നിന്നുണ്ടാക്കിയ രുചിയേറിയ ക്രീമും ചീസും. ഈ വേനൽക്കാലത്തും മെർക്കുറി 23°C ൽ നിന്ന് 24°C ലേയ്ക്ക് പോകാൻ മടിച്ച് തത്തിക്കളിയ്ക്കുന്നതേയുള്ളൂ. ചെന്നായയുടെ പാരമ്പര്യം പേറുന്ന നായക്കുട്ടി ഗോലാൻ ചോലയ്ക്കരികെ പുല്ലിൽക്കിടന്നുരുളുകയാണ്. വിരുന്നു വന്ന ഞങ്ങൾക്കായി കൂട്ടത്തിൽ ഒരാടിനെ ചുട്ടെടുക്കുന്ന തിരക്കിലാണ് നൊമാഡ് കുടുംബം.

ഉയർന്നു താഴുന്ന കുന്നുകളിൽ നിന്ന് കുന്നുകളിലേയ്ക്ക് കുതിരയോടിച്ച് പോകുന്ന രാജകുമാരനെ സ്വപ്നം കണ്ടിട്ടില്ലാത്തവരാരാണ്! കടിഞ്ഞാണൊന്നയച്ചപ്പോൾ എന്നെയും കൊണ്ടവൻ കുതിച്ചത് സ്വപ്നങ്ങളുടെ മഞ്ഞുതുള്ളികൾ തണുപ്പിച്ച പുല്മേടുകളിലൂടെ ആയിരുന്നു!! കുളമ്പുകൾക്കു കീഴെവീണ് പ്രകാശം ചിതറിയത് എന്റെ മോഹനക്ഷത്രങ്ങളും. തിരിച്ചെത്തിയപ്പോഴേക്ക്, അറ്റമില്ലാതെ പരന്നു കിടക്കുന്ന പച്ച മൂടിയ സ്റ്റെപ്പികളിൽ വെയിൽ ചാഞ്ഞിരുന്നു. കുന്നുകൾക്ക് ചെമ്പരഞ്ഞാണം പോലെ കാട്ടു പാത നീളുന്നത് അങ്ങകലെ സ്വർഗ്ഗ വാതിൽക്കലേക്കോ!! രാത്രിയുടെ വരവറിയിച്ചു കൊണ്ട് താഴ്വര മഞ്ഞു പുതയ്ക്കുന്നു.

യർട്ടിനകത്തു ചൂട് നില നിർത്താൻ അടുപ്പിൽ തീയിട്ടിട്ടുണ്ട് നൊമാഡു സുഹൃത്ത്. മേൽക്കൂരയിലെ ജനാലയിലൂടെ നക്ഷത്രങ്ങൾ പൂത്ത ആകാശം കൈ കാട്ടി വിളിച്ചപ്പോൾ രാവിന്റെ തണുപ്പിലേക്കിറങ്ങി . നിലാവ് പെയ്യുന്ന താഴ്വരകളെ പൂത്തിരി ചിതറുന്ന വാനം പ്രണയിക്കുന്നതും നോക്കി രാവെളുപ്പിക്കാൻ. കാറ്റിന്റെ കൈകൾ സകല രോമകൂപങ്ങളെയും തലോടി, തണുപ്പ് കൊണ്ട് മരവിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും യർട്ടിന്റെ ഊഷ്മളതയിൽ ചുരുണ്ടു പ്യൂപ്പയായി .
വീണ്ടുമൊരു പകൽ ഉലാൻബത്തറിന്റെ നഗരക്കാഴ്ചകളിലേക്ക്, മംഗോളിയയുടെ പ്രാചീന ചരിത്രം പരിചയപ്പെടുത്തുന്ന നാഷണൽ മ്യൂസിയം, പിന്നെ കുന്നിൻ പുറത്തെ ഭീമാകാരനായ ചെങ്കീസ്ഖാൻ പ്രതിമാ ദർശനം. പ്രതിമക്കുൾഭാഗത്തെ വിശാലമായ ഹാളിൽ ഖാന്റെ ചരിത്രം പറയുന്ന ചിത്രങ്ങളും കഥകളും. വൈകുന്നേരം നാഷണൽ തിയേറ്ററിൽ മംഗോളിയൻ പാരമ്പര്യ കലകളുടെ പ്രദർശനം. പ്രകൃതിയോട് മല്ലിട്ടുള്ള മംഗോളിയൻ ജീവിതത്തിനിടയിൽ കല primitive സ്റ്റേജിൽ തന്നെ നിന്ന് പോയെന്ന സന്ദേഹം എന്റേത് മാത്രമായിരുന്നില്ല.

നാളെ ചൈനയിലേക്ക്…. ഞങ്ങളുടെ ട്രാൻസ് സൈബീരിയൻ യാത്രയിലെ അഞ്ചാമത്തയും അവസാനത്തെയും ട്രെയിനാണിത്. ഇത്തവണ ഞങ്ങളോടൊപ്പം ഫ്രഞ്ച് ദമ്പതികളാണ്. അൻപതിന്റെ നിറവിലും പ്രണയത്തിനു യുവത്വമുണ്ടെന്നു പറഞ്ഞു കൊണ്ടേയിരിക്കുന്ന അവരുടെ കണ്ണുകൾ. മധുരപ്പതിനേഴിന്റെ മാധുര്യത്തിലും പൊതു സ്ഥലത്തെ പ്രണയം, പുരികം ചുളിപ്പിക്കുന്ന സ്വന്തം നാട് ഒരു നിമിഷം മനസ്സിൽ മിന്നി മാഞ്ഞു. ഏതു പ്രായത്തിലും കുറ്റബോധമോ ലജ്ജയോ കൂടാതെ പ്രണയം ആസ്വദിക്കാമെന്നത് എനിക്ക് പുതിയ കാഴ്ചയായിരുന്നു.

കണ്ടതിലേറെ കാണാൻ ബാക്കി വെച്ച് ഞങ്ങളെയും കൊണ്ട് ട്രെയിൻ ഗോബി മരുഭൂമി കടക്കുന്നു. സഹാറൻ മരുഭൂമിയുടെ ഭാവപ്പകർച്ചകൾ കണ്ട ഞങ്ങളെ ഗോബി വിസ്മയിപ്പിക്കുകയാണ്, അതിന്റെ പച്ചപ്പും നിറഭേദങ്ങളും കാട്ടി. സാൻഡ്യൂണുകൾ പോലും പച്ച മൂടിയിരിക്കുന്നു. അവിടവിടെ പുല്ലു കിളിർക്കാത്തിടത്തു മണൽ മരുഭൂമിയുടെ നഗ്നത വെളിവാക്കി. ഇടയ്ക്കിടെ ഇരുകൂനുള്ള ഒട്ടകങ്ങൾ.
ചരിത്രം മുതൽ രാഷ്ട്രീയം വരെ വിഷയങ്ങൾക്ക് പഞ്ഞമില്ലാതെ, ഫ്രഞ്ച് കുടുംബത്തോട് വാതോരാതെ വിശേഷം പറഞ്ഞു ഞങ്ങൾ ചൈനീസ് അതിർത്തിയിലെത്തിയിരിക്കുന്നു. ഇത്തവണ ട്രെയിനിൽ നിന്നിറങ്ങി ചൈനയുടെ എമിഗ്രേഷൻ ഓഫീസിൽ ക്യൂ നിന്നാണ് എമിഗ്രേഷൻ കടമ്പകൾ കഴിഞ്ഞത്.

ട്രാൻസ് സൈബീരിയൻ യാത്രയിൽ ഓരോ പുലരിയും പുതിയ അനുഭവങ്ങളുടെ വരവേൽപ്പുകളാണ്. റഷ്യയിലെ ഏകാദറിൻബർഗ് മുതൽ മംഗോളിയൻ അതിർത്തിയിലെ അവസാന സ്റ്റേഷൻ Zamyn-ud വരെ പ്രകൃതിയുടെ മാറ്റങ്ങൾ ഓരോ ചുവടിലും താളാത്മകമായിരുന്നു. ചൈനീസ് അതിർത്തി കടന്നതിൽ പിന്നെയത് റോക്കറ്റ് വേഗതയിലാണ്. മനുഷ്യനും പ്രകൃതിയും തമ്മിലൊരു മത്സരം പോലെ. വലിയ ചുണ്ണാമ്പു പാറകൾ മുതൽ പച്ചപ്പ് തീരെ വറ്റിയ മൊട്ടകുന്നുകൾ വരെ. ജന ബാഹുല്യം കൊണ്ട് ശ്വാസം മുട്ടുകയാണ് ചൈന എന്ന് പറയാതെ പറഞ്ഞു ഗ്രാമങ്ങളിൽ പോലും വിണ്ണിലേക്കു വളരുന്ന അംബരചുംബികൾ.

ട്രാൻസ് സൈബീരിയൻ യാത്രാ ദിനങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. ചൈനക്കായി ഞങ്ങളുടെ പോക്കറ്റിൽ രണ്ടേ രണ്ടു ദിനങ്ങൾ. അത്കൊണ്ട് ചൈനീസ് കാഴ്ചകൾ ബെയ്ജിങ് മാത്രമായൊതുങ്ങുന്നു. സമയമൊട്ടും കളയാനില്ലാത്തതു കൊണ്ട് ബെയ്ജിങ് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ വെച്ച് പിടിച്ചു ചൈനീസ് രാജ വംശങ്ങളുടെ കൊട്ടാരമായിരുന്ന ഫോർബിഡ്ഡൻ സിറ്റിയിലേക്ക്. ബെയ്ജിങിന്റെ ഹൃദയ ഭാഗത്താണിത്. 500ഓളം വർഷങ്ങൾ ചൈനീസ് രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങളറിഞ്ഞിരുന്ന ഈ കൊട്ടാര സമുച്ചയം ഇന്ന് ചരിത്ര കുതുകികൾക്കു മ്യൂസിയമാണ്. കാണാനേറെയുണ്ടവിടെ, അറിയാനും.. ചൈനീസ് നിർമാണ മികവ് വിളിച്ചോതുന്ന ഫോർബിഡ്ഡൻ സിറ്റി UNESCO വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശീയരായ സഞ്ചാരികളുടെ കുത്തൊഴുക്കാണ്ബെ യ്ജിങ്ങിലെവിടേയും. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും ബെയ്ജിങ്ങിലേക്കൊഴുകുന്നവർ. സ്വന്തം രാജ്യത്തിന്റെ ചരിത്രത്തിൽ, സംസ്ക്കാരത്തിൽ, നേട്ടങ്ങളിൽ വളരെയഭിമാനിക്കുന്ന ഒരു ജനത. വന്മതിൽ കാണുകയെന്നത് ഏതു ചൈനീസ് സഞ്ചാരിയുടെയും മോഹങ്ങളുടെ നിറവാണ്. ബെയ്ജിങിന്റെ പ്രാന്തങ്ങളിലേക്കു വരെ നീണ്ടു നീണ്ടു ഈരേഴുപതിനാല് ലോകത്തിനും മീതെ ചൈനയുടെ കൈയൊപ്പായി വൻ മതിൽ, ഗോബി മരുഭൂമി കടന്നുവരുന്ന മംഗോൾ പടകളെ ചെറുക്കാനായി മിംഗ് രാജവംശം പണി കഴിപ്പിച്ചതാണിത്.

പല കൈവഴികളിലായി 21000KM പരന്നു കിടക്കുകയാണ് മതിലുകളുടെ മന്നൻ. മുകളിൽ നിന്നുള്ള കാഴ്ചകൾ കണ്ണിനും കാമറക്കും വിരുന്നൊരുക്കുന്നു. പിന്നെ വീണ്ടും കേബിൾ കാറിൽ താഴേക്ക്. വില്ലേജുകളിലൂടെയുള്ള ചൈനീസ് റിക്ഷാസവാരി രസകരമാണ്. ഉച്ച ഭക്ഷണത്തിന് വഴിയരികിലെ ഒരു കടയിൽ കഴിക്കാൻ എന്തുണ്ടെന്നു അറിയാവുന്ന ആംഗ്യ ഭാഷയിൽ ചോദിച്ചപ്പോൾ മെനു കൊണ്ട് വന്നു. ചിത്രം കണ്ടപ്പോൾ കാര്യം മനസ്സിലായി. Bamboo Worm, പിന്നെ പേരറിയാത്ത മറ്റേതോ ഒരു പുഴുവും-Dry Fry!! ഭക്ഷണ കാര്യത്തിൽ മനസ്സത്ര വിശാലമാകാത്തതിനാൽ ഡിന്നർ തല്ക്കാലം ചിക്കൻ സൂപ്പിൽ ഒതുക്കി.

പിന്നെ ഏതാനും മണിക്കൂറുകൾ ചൈനീസ് പാർലമെന്റ് മന്ദിരത്തിനരികെയും ടിയാന്മെൻ സ്ക്വയറിലും. ഭരണ കൂടത്തിനെതിരായ കലാപം പരാജയപ്പെട്ട അതേ ടിയാന്മെൻ സ്ക്വയർ. ചൈനീസ് ജനതയും ടിയാന്മെൻ സ്ക്വയറും വർത്തമാന കാലത്തിന്റെ ഒഴുക്കിലാണ്. കമ്മ്യൂണിസ്റ്റു ഗവണ്മെന്റിന്റെ ലിബറൽ ഇക്കണോമിക് പോളിസി കനം നിറച്ച മടിശ്ശീലകളുമായി യുവത ജീവിതാഘോഷങ്ങൾക്കു നടുവിലാണ്. തെരുവുകളിലെങ്ങും ആഘോഷങ്ങളുടെ നിറപ്പകിട്ട്. സൂപ്പ് പാത്രങ്ങൾ നിറച്ചു കൊണ്ട് അവരുടെ പാട്ടുകൾ ഉച്ചത്തിലാകുമ്പോൾ കഴിഞ്ഞ മൂന്നു ദിവസവും ഞങ്ങളുടെ നാവും ചെവിയുമായിരുന്ന ചെങ്ങായി ‘ചെങ്ങി’നോട് യാത്ര പറഞ്ഞു ഇത്തിഹാദ് എയർവേസ് ഞങ്ങളെയുമായി മേഘങ്ങൾക്ക് മീതെ പറന്നു തുടങ്ങിയിരുന്നു.

യാത്രാവസാനങ്ങളെപ്പോഴും ഒരു ശൂന്യതയാണ്സൃഷ്ടിയ്ക്കാറ്. ഇത്തവണ ട്രെയിനിന്റെ കുലുക്കവുമായി അത്രയേറെ താദാത്മ്യപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇങ്ങനൊരു വഴിവെട്ടിയ എല്ലാ ധിഷണകൾക്കും ഹൃദയം കൊണ്ടൊരു സല്യൂട്ട്. അത്രമേൽ മോഹിപ്പിയ്ക്കുന്ന വഴികളിൽ മഞ്ഞു പെയ്യുന്ന കാലത്ത്, ആവി പറക്കുന്ന കാപ്പിയുമായി ഒരിയ്ക്കൽ കൂടി…വരും..വരാതിരിയ്ക്കില്ല…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post