നിങ്ങൾ ഒരു സഞ്ചാരിയാണോ? ഒറ്റയ്‌ക്കോ ഗ്രൂപ്പായോ യാത്രകൾ സ്ഥിരമായി പോകുന്നയാളാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ മൊബൈൽഫോണിൽ ചില ആപ്പ്ളിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. അത് നിങ്ങൾക്ക് യാത്രയിൽ വളരെയേറെ ഉപകാരപ്രദമാകും.
1. ബാറ്ററി സേവർ ആപ്പുകൾ : ഒരു സഞ്ചാരി ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് മൊബൈൽഫോണിൽ ബാറ്ററി ചാർജ്ജ് തീരുമ്പോളാണ്. ചാർജറുകൾ കയ്യിലുണ്ടെങ്കിലും യാത്രയ്ക്കിടെ തുടർച്ചയായി ചാർജ്ജ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എമർജൻസി കോളുകൾ ചെയ്യുനണത്തിനും, മാപ്പ് നോക്കി വഴി കണ്ടുപിടിക്കുന്നതിനും, ഓൺലൈൻ ബുക്കിംഗ് ഒക്കെ നടത്തുന്നതിനും മൊബൈൽഫോൺ ഓൺ ആയിരിക്കുക തന്നെവേണം. ഫോണിലെ ബാറ്ററി പെട്ടെന്ന് ചാർജ് തീരാതെ സൂക്ഷിക്കുവാനായി നിരവധി ബാറ്ററി സേവർ ആപ്പ്ലിക്കേഷനുകൾ ലഭ്യമാണ്. മികച്ച ആൻഡ്രോയ്‌ഡ് ബാറ്ററി സേവർ ആപ്പ്ളിക്കേഷനുകൾ – Du Battery Saver & Fast Charge, Battery Doctor, Systweak Android Cleaner.
2. സേഫ്റ്റി ആപ്പുകൾ : യാത്രയ്ക്കിടയിൽ കാഴ്ചകൾ ആസ്വദിക്കുന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ സുരക്ഷയും. ചിലപ്പോൾ അപകടകരമായതും അടിയന്തിരവുമായ സാഹചര്യങ്ങൾ നിങ്ങൾക് യാത്രയിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ അവസരങ്ങളിൽ നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന നിരവധി സേഫ്റ്റി ആപ്പുകൾ മൊബൈൽഫോണിൽ ഡൌൺലോഡ് ചെയ്യുവാൻ ലഭ്യമാണ്. നിങ്ങൾ എവിടെയാണെന്നും മറ്റുമുള്ള വിവരങ്ങൾ നിങ്ങളുടെ വേണ്ടപ്പെട്ടവരെ അറിയിക്കുവാനും ഇത്തരം ആപ്പുകൾ സഹായകമാകുന്നു. മികച്ച ആൻഡ്രോയ്‌ഡ് സേഫ്റ്റി ആപ്പ്ളിക്കേഷനുകൾ – VithU App, Circle of 6 App, Life360 Family Locator App.
3. ട്രാൻസലേറ്റർ ആപ്പുകൾ : നിങ്ങൾ യാത്ര ചെയ്യുന്നത് കേരളത്തിനു പുറത്തോ ഇന്ത്യയ്ക്ക് പുറത്തോ ആണെങ്കിൽ അവിടത്തെ ഭാഷ മനസ്സിലാക്കുവാനും മറ്റുള്ളവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുവാനും നിങ്ങളെ സഹായിക്കുന്നവയാണ് ട്രാൻസലേറ്റർ ആപ്പുകൾ. ഉദാഹരണത്തിന് നിങ്ങൾ പോകുന്നത് തായ്‌ലൻഡിൽ ആണെന്നു വിചാരിക്കുക. അവിടത്തെ ഭൂരിഭാഗം ആളുകൾക്കും ഇംഗ്ലീഷ് വശമില്ല. ഇത്തരമൊരു അവസ്ഥയിൽ നിങ്ങൾക്ക് ഈ ആപ്പുകൾ ഉപയോഗിച്ച് തായ് വാക്കുകൾ മനസ്സിലാക്കി അവരുമായി ആശയവിനിമയം നടത്തുവാൻ സാധിക്കുന്നു. പ്രധാനപ്പെട്ട ട്രാൻസലേറ്റർ ആപ്പുകൾ – Google Translate, Waygo, Microsoft Translator.
4. മ്യൂസിക് ആപ്പുകൾ : നിങ്ങൾ ബസ്സിലോ ട്രെയിനിലോ ഫ്ളൈറ്റിലോ ഒക്കെ ദീർഘദൂരം യാത്ര ചെയ്യുമ്പോൾ ചുമ്മാ ഇരുന്നു മുഷിയേണ്ട അവസ്ഥ വരാതിരിക്കുവാൻ മൊബൈലിൽ പാട്ടുകൾ കേട്ടിരിക്കാം. ഹെഡ്സെറ്റ് ഉപയോഗിച്ചു വേണം പാട്ടുകൾ കേൾക്കുവാൻ എന്ന കാര്യം മറക്കരുത്. ഇത്തരത്തിൽ പാട്ടുകൾ കേൾക്കുന്നതിനായി നിരവധി മ്യൂസിക് ആപ്പുകൾ ഇന്ന് ലഭ്യമാണ്. മികച്ച മ്യൂസിക് ആപ്പുകൾ – Amazon Prime Music, SoundCloud, Google Play Music.
5. ട്രാൻസ്പോർട്ടെഷൻ ആപ്പുകൾ : നിങ്ങളുടെ യാത്രയ്ക്കിടയിൽ പലതരത്തിലുള്ള യാത്രാ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായി വരും. ഇത്തരം അവസരങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് ആവശ്യമുള്ള ട്രാൻസ്‌പോർട്ടേഷൻ ആപ്പുകൾ നേരത്തെ തന്നെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. യൂബർ പോലുള്ള ഓൺലൈൻ ടാക്സി ആപ്പുകൾ, ട്രെയിൻ ടൈം അറിയുന്നതിനുള്ള ആപ്പുകൾ, ബസ് സമയം അറിയുന്നതിനുള്ള ആപ്പുകൾ തുടങ്ങിയവ ഈ കൂട്ടത്തിൽപ്പെടും. കെഎസ്ആർടിസി ബസ് സമയങ്ങൾ അറിയുന്നതിനായി ആനവണ്ടി എന്നു പേരുള്ള ആപ്പ് ഉപയോഗിക്കാം.
6. ബുക്കിംഗ് ആപ്പുകൾ : യാത്രകൾ പോകുന്നതിനായി ഫ്‌ളൈറ്റ്, ബസ്, ട്രെയിൻ തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനും താമസത്തിനായി ഹോട്ടൽ റൂമുകൾബുക്ക് ചെയ്യുന്നതിനുമായി നിരവധി ബുക്കിംഗ് ആപ്പുകൾ നിലവിലുണ്ട്. ഇത്തരം ആപ്പുകൾ വഴി ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് എല്ലാം കുറഞ്ഞ റേറ്റിൽ ലഭ്യമാകുന്നു. Goibibo, Make My Trip, Red Bus, Wego തുടങ്ങിയവ ഇത്തരത്തിൽ ഉപയോഗിക്കുന്നതിനായി ഫോണിൽ സൂക്ഷിക്കാവുന്ന ആപ്പുകളാണ്.
7. മാപ്പുകൾ : നിലവിൽ എല്ലാ സ്മാർട്ട് ഫോണുകളിലും ഗൂഗിൾ മാപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഇത് കൃത്യമായി അപ്ഡേറ്റ് ചെയ്തു വെക്കുക. വഴിയറിയാതെ കുഴയുന്ന സമയങ്ങളിൽ ഗൂഗിൾ മാപ്പ് നിങ്ങൾക്ക് വളരെയേറെ സഹായകമാകും. ഇതുകൂടാതെ ഇന്റർനെറ്റ് ഇല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കുവാൻ ഓഫ്‌ലൈൻ മാപ്പുകളും ഫോണിൽ ഡൌൺലോഡ് ചെയ്ത വെക്കേണ്ടതാണ്.
8. ജേർണലിങ് ആപ്പുകൾ : യാത്രകൾ പോകുമ്പോൾ കാണുന്ന കാഴ്ചകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പരിചയപ്പെടുന്ന ആളുകളെക്കുറിച്ചുമെല്ലാം വിവരങ്ങൾ രേഖപ്പെടുത്തുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇതിനായി പോക്കറ്റ് ഡയറികൾ ഉപയോഗിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇത്തരത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി നിരവധി ആപ്പുകൾ ലഭ്യമാണ്. ജേർണലിങ് ആപ്പുകൾ എന്നാണു ഇവയ്ക്ക് പറയുന്ന പേര്. മികച്ച ജേർണലിങ് ആപ്പുകൾ – Journey, Narrate, Memoires.
ഇവയൊക്കെ കൂടാതെ നിങ്ങൾക്ക് ഉപകാരപ്രദമെന്നു തോന്നുന്ന ട്രാവൽ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അതുപോലെതന്നെ യാത്രകൾ പോകുമ്പോൾ മൊബൈൽ ഫോണിനൊപ്പം ഒരു പവർ ബാങ്ക് കൂടി കയ്യിൽ കരുതുക. യാത്രയ്ക്കിടെ ഫോൺ ചാർജ്ജ് ചെയ്യുവാൻ ഇത് ഉപകരിക്കും.