ലോകത്തിലെ ഏറ്റവും പവർഫുൾ ആയ പാസ്പോർട്ട് സിംഗപ്പൂരിലെയാണ്. ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 66 ആയിരിക്കുന്നു. എങ്ങനെയാണ് ഈ പവർഫുൾ പാസ്സ്‌പോർട്ട് റാങ്കിംഗ് കൊടുക്കുന്നത് എന്നറിയാമോ? ഒരു പാസ്പോർട്ട് ഉപയോഗിച്ച് ലോകത്ത് എത്ര രാജ്യങ്ങളിൽ പണം മുടക്കി വിസ എടുക്കാതെ സഞ്ചരിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആ പാസ്സ്പോർട്ടിന്റെ പവർ തീരുമാനിക്കുന്നത്. ലോകത്താകമാനമുള്ള സഞ്ചാരികൾക്ക് എന്നും ഒരു വിലങ്ങുതടി ആയിരിക്കും വിസ. ഈ വിസ എന്ന സമ്പ്രദായം ഇല്ലായിരുന്നെങ്കിൽ എന്നു ചിന്തിക്കാത്ത ഒരു സഞ്ചാരി പോലും ഉണ്ടാകില്ല നമ്മുടെയിടയിൽ. ഇന്ത്യക്കാർക്ക് ലോകത്ത് ചില രാജ്യങ്ങളിൽ സൗജന്യ വിസയിൽ സന്ദർശനം ഇപ്പോൾ സാധ്യമാണ്. ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപയോഗിച്ച് ഫ്രീ വിസയിൽ സന്ദർശിക്കുവാൻ സാധിക്കുന്ന ചില രാജ്യങ്ങളെ ഒന്നു പരിചയപ്പെടാം.
1. ഇൻഡോനേഷ്യ : പസഫിക് മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ് ഇൻഡോനേഷ്യ. മലേഷ്യ, പാപ്പുവാ ന്യു ഗിനിയ, ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇൻഡോനേഷ്യ ഒരു ടൂറിസ്റ്റു കേന്ദ്രം കൂടിയാണ്. ബാലി എന്ന ദ്വീപാണ് ഇൻഡോനേഷ്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം. കേരളത്തോട് വളരെ സാമ്യമുള്ള ഒരു പ്രദേശമാണിത്. ക്വാലലംപൂർ വിമാനത്താവളം വഴിയാണ് ബാലിയിലേക്ക് മിക്ക വിമാനങ്ങളും സർവീസ് നടത്തുന്നത്. ഇന്ത്യക്കാർക്ക് ഇന്തോനേഷ്യയിൽ 30 ദിവസത്തേക്ക് സൗജന്യമായി വിസ ലഭിക്കും. ഹണിമൂണിനായും മറ്റും ഇവിടേക്ക് ഇന്ത്യക്കാർ ധാരാളമായി എത്തിച്ചേരാറുണ്ട്.
2. ഭൂട്ടാൻ : ലോകത്തിലെ സന്തോഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. ഇന്ത്യയുടെ ഒരു നല്ല അയൽക്കാരൻ കൂടിയാണ് ഭൂട്ടാൻ. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺമെന്റിന്റെ കർശന നിയന്ത്രണത്തിലാണ് എങ്കിലും ഇന്ത്യക്കാർക്ക് ഈ രാജ്യത്ത് പ്രത്യേക പരിഗണനയാണ് ലഭിക്കുക. ഇന്ത്യയിൽ നിന്നും റോഡ് മാർഗ്ഗവും വിമാനമാർഗ്ഗവും ഭൂട്ടാനിലേക്ക് എത്തിച്ചേരാം. ഇന്ത്യക്കാർക്ക് ഭൂട്ടാനിലേക്ക് പോകുവാനായി വിസയുടെ ആവശ്യമില്ല. പകരം ഒരു പെർമിറ്റ് മാത്രം എടുത്താൽ മതി. ഇന്ത്യ – ഭൂട്ടാൻ അതിർത്തിയിൽനിന്നും 10 കിലോമീറ്റർ വരെയുള്ള ഭൂട്ടാൻ പ്രദേശങ്ങളിലേക്ക് യാതൊരു വിധ പെര്മിറ്റുകളും ആവശ്യമില്ല.
3. നേപ്പാൾ : ഭൂട്ടാനെപ്പോലെ തന്നെ ഇന്ത്യയുടെ ഒരു അയൽക്കാരനാണ് നേപ്പാളും. നേപ്പാളിലേക്ക് പോകുവാനായി ഇന്ത്യക്കാർക്ക് വിസ വേണ്ട, പകരം നമ്മുടെ ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് മാത്രം മതി. നേപ്പാളിൽ ചെന്നിട്ട് അവിടത്തെ മൊബൈൽ കണക്ഷൻ എടുക്കണമെന്നുണ്ടെങ്കിൽ പാസ്സ്‌പോർട്ട് നിർബന്ധമായും കാണിച്ചിരിക്കണം. റോഡ് മാർഗ്ഗവും വിമാനമാർഗ്ഗവും നമുക്ക് നേപ്പാളിലേക്ക് പോകാവുന്നതാണ്. മൊത്തം 21 അതിർത്തി ഗേറ്റുകൾ ഇന്ത്യയും നേപ്പാളും പങ്കിടുന്നുണ്ട്. അവധിക്കാലം ചെലവഴിക്കാൻ ചെലവുകുറഞ്ഞ ഒരു സ്ഥലം കൂടിയാണ് നേപ്പാൾ.
4. മാലിദ്വീപ് : ഇന്ത്യൻ മഹാസമുദ്രത്തോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ ഇന്ത്യയ്ക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന സൗത്ത് ഏഷ്യന്‍ ശക്തിയാണ് മാലിദ്വീപ്. വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപുകൾ. കേരള തീരത്ത് നിന്ന് അടുത്താണ് മാലിദ്വീപ്. അതുകൊണ്ട് തന്നെയാണ് ഇടത്തരക്കാരായ മാലിദ്വീപുകാർ ചികിത്സയ്ക്കും ഷോപ്പിംഗിനും ഒക്കെ തിരുവനന്തപുരത്ത് എത്തുന്നത്. പാസ്സ്പോർട്ടും തിരിച്ചു വരാനുള്ള ടിക്കറ്റും കയ്യിലുണ്ടെങ്കിൽ മാലിദ്വീപിലേക്ക് മുൻകൂർ വിസയില്ലാതെ 30 ദിവസത്തേക്ക് പോകാവുന്നതാണ്. വളരെ മനോഹരങ്ങളായ ബീച്ചുകൾ ഉള്ളതിനാൽ കൂടുതലായും ഹണിമൂൺ ആഘോഷിക്കുവാനാണ് ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്ക് ആളുകൾ എത്തുന്നത്.
5. മൗറീഷ്യസ് : ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് സഞ്ചാരികളുടെ പറുദീസയായ മൗറീഷ്യസ്. ആഫ്രിക്കൻ വൻകരയിൽപ്പെടുന്ന ഈ രാജ്യമാണ് ഇത്. ഇന്ത്യൻ പൗരന്മാർക്ക് ഇവിടേക്ക് വിസയില്ലാതെ കടക്കാവുന്നതാണ്. പാസ്സ്പോർട്ടും തിരിച്ചു വരാനുള്ള ടിക്കറ്റും ഉണ്ടെങ്കിൽ മുൻകൂർ വിസയൊന്നും കൂടാതെ 60 ദിവസം മൗറീഷ്യസിൽ ഒരു ഇന്ത്യക്കാരന് തങ്ങാവുന്നതാണ്. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. ബീച്ചുകളും സീഫുഡും ഒക്കെയാണ് മൗറീഷ്യസിലെ പ്രധാനപ്പെട്ട ആകർഷണങ്ങൾ. ഹണിമൂൺ ആഘോഷിക്കുവാനായി ഇന്ത്യയിൽ നിന്നും ധാരാളം ദമ്പതിമാരാണ് മൗറീഷ്യസിൽ എത്തുന്നത്.
6. സീഷെൽസ് : റിപ്പബ്ലിക്ക് ഓഫ് സേഷെത്സ് എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഒരു ദ്വീപസമൂഹമായ സെയ്‌ഷെൽസ്, ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ്. ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തേക്ക് ഈ രാജ്യത്ത് ഫ്രീയായി വിസ ലഭിക്കും. കയ്യിൽ തിരികെ പോകുവാനുള്ള ടിക്കറ്റും താമസിക്കുന്ന ഹോട്ടലിലെ ബുക്കിംഗ് കൺഫർമേഷൻ പേപ്പറും കൂടെ കരുതണം. വിനോദസഞ്ചാരം തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇന്ത്യയിൽ നിന്നും Air Seychelles വിമാനം വഴി നമുക്ക് ഇവിടെ എത്താം. അല്ലെങ്കിൽ ശ്രീലങ്ക വഴിയും എത്തിച്ചേരാം. ഗൾഫ് നാടുകളിൽ ഉള്ളവർക്ക് Emirates , Ethihad , Qatar Airways എന്നിവ തിരഞ്ഞെടുക്കാം.