വിവരണം – Akhil Anicattumadom.
കഴിഞ്ഞ തവണ എന്റെ 75 വയസായ വല്യമ്മയെയും കൊണ്ട് സിനിമയ്ക്കു പോയതിനു ശേഷം പലരും നേരിട്ടും അല്ലാതെയും സംഭവം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. എന്നാൽ ഇപ്പോളും രാജഭരണ കാലത്തിലെ ചിന്താഗതിയിൽ കിടക്കുന്ന കുറച്ചാളുകൾ മാത്രം വല്യമ്മയെ കാണുമ്പോൾ ഒരുമാതിരി കളിയാക്കികൊണ്ട് ചോദിച്ചു, ഇ പ്രായത്തിൽ സിനിമയ്‌ക്കൊക്കെ തീയേറ്ററിൽ പോകാനോ? വേറെ പണിയില്ലേ ശാരദാമ്മയ്ക്?
അങ്ങനെ ഉള്ളവരുടെ ചോദ്യശരങ്ങളെ മാനിച്ചുകൊണ്ട് അതിനുള്ള മറുപടിയായി ഞാൻ, ഏകദേശം വീണ്ടും ഒരു വർഷത്തിന് ശേഷം ഇന്ന് അതേ വല്യമ്മയെ 76 ആം വയസിലും തിരുവനന്തപുരം കൃപ സിനിമാസിൽ ‘ലവ് ആക്ഷൻ ഡ്രാമ’ സിനിമ കാണാൻ കൊണ്ടുപോയിരിക്കുകയാണ് സൂർത്തുക്കളെ. അന്ന് ചങ്ങനാശ്ശേരി അനുവിൽ ആണ് പോയതെങ്കിൽ ഇന്ന് തിരുവനന്തപുരം കൃപ.
ഇപ്രാവശ്യം കടൽ കാണാൻ പോകാമെന്നു പറഞ്ഞാണ് ഇറക്കിയത്. അല്ലാതെ സിനിമയ്‌ക്കൊക്കെ പോകാമെന്നു പറഞ്ഞു വിളിച്ചാൽ, സാമൂഹിക ജീവിതമായതിനാൽ ചുറ്റുപാടും ഉള്ള ഈഡിസ് കൊതുകുകൾ പിന്നീട് കാര്യം അറിയുമ്പോൾ തന്നെ വല്യമ്മേടെ രക്തം ഊറ്റി കുടിക്കാൻ കരാർ അടിസ്ഥാനത്തിൽ വരുമോ എന്ന് പേടിച്ചു വല്യമ്മ കൂടെ വരില്ല.
രാത്രിയിൽ പോയാൽ ബീച്ചിൽ വെയിൽ കൊള്ളേണ്ട എന്നും പറഞ്ഞാണ് ഞാൻ വൈകുന്നേരം സാരി ഒക്കെ ഉടുപ്പിച്ചു ഇറക്കിയത്. വീട്ടുകാരും അറിഞ്ഞില്ല. എന്റെയൊരു ബുദ്ധിയെ. മുൻപ് പോയപ്പോൾ നേരെ ചൊവ്വേ ഒരു നല്ല സാരി പോലും ഉടുക്കാൻ പറ്റിയിരുന്നില്ല എന്ന വിഷമം വല്യമ്മയ്ക്കുണ്ടാരുന്നു. അതിപ്രാവശ്യം മാറ്റിക്കൊടുത്തു. ഇത്തവണ പൊട്ടൊക്കെ തൊടീപ്പിച്ചു ചുന്ദരീമണിയാക്കിയാണ് എഴുന്നള്ളിച്ചത്.
പടത്തിനു കയറി തുടക്കം മുതൽ അവസാനം വരെ സിനിമയിൽ ഇഷ്ടം പോലെ ചിരിക്കാൻ ഉള്ള വക ഉണ്ടാരുന്നതു കൊണ്ടു തന്നെ വല്യമ്മ ചിരിച്ചു ചിരിച്ചു തീയേറ്റർ ഇളക്കി. പടത്തിന്റെ ഇടയ്ക് നിവിൻ പോളിനെ കണ്ടിട്ട് വല്യമ്മ ചോദിക്കുവാ അതു മമ്മൂട്ടിയുടെ മോൻ അല്ലെടാന്നു? (ഐആം ദി സോറി നിവിൻ അളിയാ, ഐആം ദി സോറി). എന്താ ചെയ്യാ മമ്മൂട്ടി, മോഹൻലാൽ, നസീർ ഇത് വിട്ടൊരു കളിയില്ല. എന്തായാലും മുമ്പത്തേക്കാൾ ഇമ്പ്രൂവ്മെന്റ് ഉണ്ട് മമ്മൂട്ടിക്കു മോൻ ഉണ്ടെന്നും സിനിമയിലൊക്കെ ഉണ്ടെന്നും ഉള്ള അറിവൊക്കെ വെച്ചിട്ടുണ്ട്. ധന്യവാദ്.
വല്യമ്മയ്ക് ഏറ്റവും ഇഷ്ടപെട്ടത് അജു ഏട്ടന്റെ കോമഡികളാരുന്നു. ആ കുലുങ്ങിയുള്ള നടത്തവും മുടിയുമൊക്കെ. സിനിമയിലെ കോമഡി കേട്ടു ചിരിച്ചതിലും കൂടുതൽ ഞാൻ വല്യമ്മയുടെ കുടവയർ കുലുക്കിയുള്ള ചിരികണ്ടാണ് ചിരിച്ചത്.
കൃപ തിയേറ്ററിലെ ഫേമസ് ഡോണട്ട് കോൾഡ്‌കോഫി കോംബോ വാങ്ങി വെട്ടിയടിച്ചു ഞങ്ങൾ സംതൃപ്തരായി പടം കഴിഞ്ഞു രാത്രി ഒരു 10 മണിയായപ്പോൾ വല്യമ്മയുടെ ജീവിതത്തിലെ മൂന്നാമത്തെ സിനിമ കണ്ട സംതൃപ്തിയിൽ വീട്ടിൽ എത്തി. ഇടയ്ക് വല്യമ്മയുടെ ചോദ്യം ഡാ അപ്പൂസേ ഇതൊന്നും ഫേസൂക്കിൽ വരൂല്ലല്ലോ ലെ? വീട്ടിൽ എത്തിയപ്പോൾ അമ്മ ഞങ്ങളോട് പഞ്ച് ഡയലോഗ് – “എനിക്കപ്പോഴെ തോന്നി ഇവൻ വല്യമ്മയെയും കൊണ്ട് സിനിമയ്ക്കു പോയതായിരിക്കും എന്ന്.”
ഏകദേശം ഒരു വർഷം മുൻപ് വല്യമ്മേയും കൊണ്ട് വല്യമ്മ പോലും predict ചെയ്യാതെ സിനിമയ്ക്കു കൊണ്ടുപോയ സംഭവം ഇങ്ങനെ – സിനിമയ്കു പോകാൻ വേണ്ടി വിളിച്ചപ്പോൾ എന്റെ 75 വയസായ വല്യമ്മ (ശാരദാമ്മ) മകളുടെ വീട്ടിൽ പോകേണ്ടിയിരുന്നതിനാൽ വരാൻ തയ്യാറായില്ല. മാത്രവുമല്ല ഇത്രേം പ്രായം ഉള്ള ഞാൻ സിനിമക്കു പോയാൽ ആളുകൾ എന്ത് പറയും എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു ശാരദാമ്മയ്ക്ക് പ്രായം ആയി എന്ന് ആര് പറഞ്ഞു. യൂ ജസ്റ്റ് ലൈക് 17. വല്യമ്മ വരാൻ സമ്മതിച്ചില്ല.എന്റെ പ്ലാനുകൾ അന്ന് പിഴച്ചു.
3 മാസത്തിനു ശേഷം കൃത്യമായി പറഞ്ഞാൽ 2018 ജൂലൈ മാസം 7 ആം തീയതി രാവിലെ ഞാൻ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ വല്യമ്മ വന്നു എന്നോട് ചോദിച്ചു. അപ്പച്ചിയുടെ (വല്യമ്മയുടെ മകൾ) വീട്ടിൽ വരെ ഒന്ന് കൊണ്ടുപോകാമോ എന്ന്. ഞാൻ പറഞ്ഞു നോക്കട്ടെ എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു പോകാം എന്ന്. പെട്ടെന്ന് റെഡി ആകണം എന്ന് പറഞ്ഞു. ഏകദേശം 1 മണി ആയപ്പോൾ വല്യമ്മ തയ്യാറായി. ഞാൻ എന്റെ ഹീറോ ഹോണ്ട CD deluxe ബൈക്കിൽ വല്യമ്മയെ കയറ്റി നെടുംകുന്നതിനു പോയി. നെടുംകുന്നം ആണ് അപ്പച്ചിയുടെ വീട്. പോയ വഴിക്ക് വല്യമ്മ ചോദിച്ചു “ഇതെന്താടാ ഈ വഴിക്ക് പോകുന്നത്” എന്ന്. ഞാൻ പറഞ്ഞു മറ്റേ വഴിയിൽ റോഡ് പണി നടക്കുകയാണ്.
പക്ഷെ ബൈക്ക് ചെന്നിറങ്ങിയപ്പോൾ ആണ് വല്യമ്മ ചോദിക്കുന്നത് ഇതെവിടാടാ അപ്പുസേ എന്ന്. ഞാൻ പറഞ്ഞു ഇതാണ് സിനിമ തീയറ്റർ. നമ്മൾ എത്തിയിരിക്കുന്നത് ചങ്ങനാശേരിയിൽ ആണെന്ന്. ഇതല്ലേ ട്വിസ്റ്റ്… എന്നാൽ ഇതൊന്നുമല്ലായിരുന്നു യഥാർത്ഥ ട്വിസ്റ്റ്. ഞാൻ തന്നെ ഞെട്ടിയ ട്വിസ്റ്റ് മറ്റൊന്ന് ആയിരുന്നു. തീയറ്റർ ആണെന്ന് ഞാൻ പറഞ്ഞില്ലെ. അപ്പോൾ വല്യമ്മ പറയുകയാ. “ശോ.. നീ നേരത്തെ പറയുമായിരുന്നെങ്കിൽ ഞാൻ എന്റെ നല്ല ചുവന്ന സാരി ഒക്കെ ഉടുത്തു പൊട്ടൊക്കെ കുത്തി വന്നേനേം” എന്ന്.
എന്തായാലും എന്റെ വലിയ ഒരു ആഗ്രഹം സാധിച്ചു. വല്യച്ഛന്റെ കൂടെ വിവാഹം കഴിഞ്ഞ വർഷം, അതായതു 45 വർഷം മുൻപ് 1973 ൽ ‘പണിതീരാത്ത വീട് ‘എന്ന സിനിമ കാണാൻ മല്ലപ്പള്ളിയിൽ ഉണ്ടായിരുന്ന തീയറ്ററിൽ പോയതാണ്. അന്നായിരുന്നു ആദ്യവും അവസാനവും ആയിട്ടു വല്യമ്മ തീയറ്റർ കണ്ടത്. എന്നാൽ കൊച്ചുമകനായ എനിക്ക് അതൊന്നു തിരുത്തുവാൻ സാധിച്ചു.