Tech Travel Eat ൻ്റെ ‘Travel with Vloggers’ എന്ന സീരീസിലെ അഞ്ചാമത്തെ എപ്പിസോഡ് ‘Unboxing Dude’ എന്ന ചാനലിനൊപ്പമായിരുന്നു. സഹോദരങ്ങളായ സാലിഹും സാലിഹയും ചേർന്നാണ് ഈ ചാനൽ നടത്തിക്കൊണ്ടു പോകുന്നത്. വ്ലോഗ് സ്റ്റൈലിൽ ടെക്‌നോളജി വീഡിയോകൾ ചെയ്യുന്നതാണ് ഇവരുടെ രീതി. ചാനലിലൂടെ ഈ ചെറുപ്രായത്തിൽ തന്നെ ചെറുപ്പക്കാരുടെ ഇടയിൽ ഹരമായി മാറിയിരിക്കുകയാണ് സാലിഹും സാലിഹയും.
വാട്സ് ആപ്പിലൂടെ ലൊക്കേഷൻ ഷെയർ ചെയ്തു തന്നതനുസരിച്ച് ഞാൻ സാലിഹിന്റെ വീടിനു മുന്നിലെത്തിച്ചേർന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ സാലിഹ് ഏതോ ഒരു വീഡിയോയുടെ ഷൂട്ടിൽ ആയിരുന്നു. സഹോദരി സാലിഹ അപ്പോൾ സ്‌കൂളിൽ പോയിരിക്കുകയായിരുന്നു. സാലിഹിനെ ‘ഡ്യൂഡ്’ എന്നും സഹോദരി സാലിഹയെ ‘ഡ്യൂഡി’ എന്നുമാണ് വീഡിയോകളിൽ അഭിസംബോധന ചെയ്യുന്നത്.
അവിടെ ചെന്നു കയറിയപാടെ എന്നെ അവരുടെ സ്റ്റുഡിയോയിലേക്ക് ആയിരുന്നു നയിച്ചത്. ഒരു വില്ലയിലാണ് ഇവരുടെ താമസം. ഇരുനില വീടിന്റെ മുകളിലെ നിലയിലാണ് Unboxing Dude ന്റെ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. അവിടെ ഒരു ലക്ഷം രൂപയോളം രൂപ വിലവരുന്ന ഒരു കിടിലൻ ഡെസ്ക്ടോപ്പ് ആണ് കയറിയപാടെ എന്നെ ആകർഷിച്ചത്. അതിൽ ഗെയിം കളിക്കുവാനായി സ്റ്റീയറിങ്, ആക്സിലേറ്റർ, ബ്രേക്ക് തുടങ്ങിയ ഗെയിം സെറ്റ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ആകാംക്ഷ മൂലം കുറച്ചു സമയം ഞാൻ അതിൽ ഗെയിം കളിക്കുകയുണ്ടായി.
കുറച്ചു സമയം സാലിഹിന്റെ സ്റ്റുഡിയോയിൽ ചെലവഴിച്ച ശേഷം ഞങ്ങൾ വീടിനു പുറത്തേക്ക് ഒന്നു നടക്കാനിറങ്ങി. ആ നടത്തിനിടയിലാണ് സാലിഹ് എന്ന ഡ്യൂഡ് അവരുടെ കഥകൾ പറഞ്ഞു തുടങ്ങിയത്. 2017 ഡിസംബറിലാണ് Unboxing Dude എന്ന ചാനൽ തുടങ്ങുന്നത്. 2018 ജനുവരിയോടെ ചാനലിൽ സ്ഥിരമായി വീഡിയോകൾ പബ്ലിഷ് ചെയ്യുവാൻ തുടങ്ങി. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണിയ്ക്ക് മുടങ്ങാതെ ചാനലിൽ വീഡിയോ ഇടുന്ന Unboxing Dude നു ഇപ്പോൾ 600 ലേറെ വീഡിയോകൾ ആയി.
മറ്റു ടെക് വ്‌ളോഗർമാരിൽ നിന്നും വ്യത്യസ്തമായി ഒരു ലൈഫ് സ്റ്റൈൽ വ്‌ളോഗിലൂടെ ടെക് വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് Unboxing Dude ചെയ്യുന്നത്. സാലിഹിനൊപ്പം ഒപ്പം അനിയത്തി സാലിഹയും കൂടിയതോടെ വീഡിയോകൾ വളരെ രസകരമായിത്തുടങ്ങി. നമ്മുടെ വീടുകളിൽ കാണുന്നതു പോലെ ചേട്ടൻ – പെങ്ങൾ സ്നേഹവും, വഴക്കുകളും, തമാശകളുമൊക്കെ സാലിഹിന്റെ വീഡിയോകളിൽ പ്രേക്ഷകർ ആസ്വദിച്ചു.
വീഡിയോകൾ ചെയ്യുന്നത് പ്രത്യേകിച്ച് ചെലവുകളൊന്നും കൂടാതെയാണെന്നതിനാൽ യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം ഇവർക്ക് നല്ലൊരു സേവിംഗ്‌സ് ആയി മാറിയിരിക്കുകയാണ്. 19 വയസ്സുകാരനായ സാലിഹും 15 വയസ്സുകാരിയായ സാലിഹയും കേരളത്തിലെ പ്രായം കുറഞ്ഞ യൂട്യൂബ് വ്ലോഗർമാരിൽ ഒരാളാണ്.
വില്ലകൾക്കിടയിലൂടെയുള്ള നടത്തിനിടെ ഡ്യൂഡിൻ്റെ പെങ്ങൾ സാലിഹ എന്ന ഡ്യൂഡി സ്‌കൂളിൽ നിന്നും അവിടെയെത്തിച്ചേർന്നു. ഞങ്ങൾ വീഡിയോ എടുക്കുന്നതു കണ്ട സാലിഹ നാണത്തോടെ രക്ഷപ്പെടുവാൻ ശ്രമിച്ചു. സ്‌കൂൾ യൂണിഫോമിൽ ആയിരുന്നത് കൊണ്ടായിരുന്നു ഡ്യൂഡിയുടെ ആ നാണം. പക്ഷേ ഡ്യൂഡിൻ്റെ നിർബന്ധത്താൽ ഡ്യൂഡി യൂണിഫോമിൽത്തന്നെ ക്യാമറയ്ക്ക് മുന്നിലെത്തി.
എല്ലാ വ്ലോഗേഴ്സിനും അഭിമുഖീകരിക്കേണ്ടി വരുന്ന നെഗറ്റിവ് കമന്റ്സ് ഇവർക്കും വരാറുണ്ട്. എന്നാൽ അവയൊക്കെ ഒരു എനര്ജിയായി എടുത്തുകൊണ്ട് ഒന്നിനേയും കൂടാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് ഈ വ്ലോഗിങ് സഹോദരങ്ങൾ. ചെറുപ്രായത്തിൽ തന്നെ ഇത്രയും കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നതും, വീട്ടിലിരുന്നുകൊണ്ട് അഞ്ചക്ക മാസവരുമാനം നേടുന്നതുമൊക്കെ ചില്ലറക്കാര്യം അല്ലല്ലോ. എല്ലാ യുവതീയുവാക്കൾക്കും ഒരു മാതൃകയാണ് സാലിഹ് ഡ്യൂഡും, സാലിഹ ഡ്യൂഡിയും.