ചിറാപ്പുഞ്ചിയിലെ ആദ്യത്തെ പുലരി പുലർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ നിന്നും രാവിലെ തന്നെ കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. ചിറാപ്പുഞ്ചിയ്ക്ക് സമീപമുള്ള ഡബിൾ ഡക്കർ ലിവിംഗ് റൂട്ട് ബ്രിഡ്‌ജ് കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. കഴിഞ്ഞ ദിവസം മൗളിങ്‌ലോംഗ് ഗ്രാമത്തിൽ പോയപ്പോൾ അവിടെ ചെറിയൊരു ലിവിംഗ് റൂട്ട് ബ്രിഡ്ജ് സന്ദർശിച്ചിരുന്നു. എന്നാൽ അതിലും വലുതും പ്രശസ്തവുമായ ഒരു വേരു പാലമാണ് ഇനി ഞങ്ങൾക്ക് പോകേണ്ട രണ്ടു തട്ടുകളായുള്ള ലിവിംഗ് റൂട്ട് ബ്രിഡ്ജ്. ഇത്തരം പാലങ്ങൾ മേഘാലയയിലും നാഗാലാന്റിലും ഒക്കെ ചിലയിടങ്ങളിൽ കാണാം.
അങ്ങനെ ഞാനും എമിലും കൂടി ലിവിംഗ് റൂട്ട് ബ്രിഡ്ജ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഗൂഗിൾ മാപ്പിൽ നോക്കിയായിരുന്നു ഞങ്ങൾ അവിടേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാൽ ഇടയ്ക്കു വെച്ച് ഗൂഗിൾ ഞങ്ങളെ ചതിച്ചു. വഴി തെറ്റി.. ഒടുവിൽ ആരോടൊക്കെയോ വഴി ചോദിച്ചു ചോദിച്ചു ഞങ്ങൾ കൃത്യമായ റൂട്ടിൽ എത്തിച്ചേർന്നു. പോകുന്ന വഴിയിൽ ആസ്സാം രജിസ്ട്രേഷനിലുള്ള ഒരു സ്‌കൂട്ടറിൽ മൂന്നു യുവതികൾ കഷ്ടപ്പെട്ടു പോകുന്നത് കണ്ടു. അവരും ഞങ്ങൾ പോകുന്ന അതേ സ്ഥലത്തേക്ക് ആയിരുന്നു. എന്നാലും ഇത്രയും ദൂരം ട്രിപ്പിൾസ് അടിച്ചു യാത്ര ചെയ്യുന്ന അവരെ സമ്മതിക്കണം.
മേഘാലയയുടെ വിവിധ സ്ഥലങ്ങളിൽ പോയാൽ ബംഗ്ലാദേശിന്റെ വ്യൂ ലഭിക്കുമായിരുന്നു. ഇതിനു മുൻപ് പലപ്പോഴായി ഞങ്ങൾക്ക് അത് ദൃശ്യമായതാണ്. ഇപ്പോഴിതാ ഇവിടെയും കിട്ടി ബംഗ്ലാദേശ് കാഴ്ചകൾ. അങ്ങനെ ഞങ്ങൾ സ്ഥലത്തെത്തിച്ചേർന്നു. അവിടെ 50 രൂപ പാർക്കിംഗ് ഫീസ് കൊടുത്ത് കാർ പാർക്ക് ചെയ്തു. എന്നിട്ട് ലിവിംഗ് റൂട്ട് ബ്രിഡ്ജ് കാണുവാനായി നടക്കുവാൻ തുടങ്ങി.
മുകളിൽ നിന്നും താഴേക്ക് മൂന്നു കിലോമീറ്ററോളം ട്രെക്ക് ചെയ്തു നടന്നാലാണ് പാലത്തിനരികിൽ നമ്മൾ എത്തിച്ചേരുന്നത്. ഏകദേശം 7000 സ്റ്റെപ്പുകൾ ഇറങ്ങി വേണമത്രേ ലിവിംഗ് റൂട്ട് ബ്രിഡ്ജിൽ എത്തിച്ചേരണമെങ്കിൽ. മുകളിൽ നടക്കുന്നതിനായുള്ള വടികളും, കുടിവെള്ളവും, മറ്റു സ്‌നാക്‌സും ഒക്കെ ആളുകൾ വിൽക്കുവാൻ വേണ്ടി നിൽക്കുന്നുണ്ടയിരുന്നു. ഞങ്ങൾ ആവശ്യത്തിന് കുടിവെള്ളം കയ്യിൽ കരുതിയിരുന്നു. അങ്ങനെ ഞങ്ങൾ രാവിലെ 11.30 ഓടെ മുകളിൽ നിന്നും താഴേക്ക് ഇറങ്ങിത്തുടങ്ങി.
അവിടെ സന്ദർശകർക്കായി ധാരാളം തദ്ദേശീയരായ ഗൈഡുകൾ ലഭ്യമാണ്. പലരും ഞങ്ങളെ അതും പറഞ്ഞുകൊണ്ട് സമീപിച്ചിരുന്നു. എന്നാൽ ഞങ്ങൾ ഗൈഡിന്റെ സേവനം നിരസിക്കുകയാണ് ഉണ്ടായത്. അത്യാവശ്യം നല്ല കുത്തനെയായിരുന്നു ആ ഇറക്കം. ഇറങ്ങുമ്പോൾ പടികളിൽ ചിലരൊക്കെ ക്ഷീണിച്ചു വിശ്രമിക്കുന്നത് കണ്ടു. അതുപോലെതന്നെ തദ്ദേശീയരായ ആളുകൾ ചുമടുകളുമായി കൂളായി കയറ്റം കയറിപ്പോകുന്ന കാഴ്ചയും ഞങ്ങൾ അന്തംവിട്ടു നോക്കി നിന്നു.
ഞങ്ങൾ വിചാരിച്ചതിലും വളരെ കഷ്ടപ്പാടായിരുന്നു അതിലൂടെ ഇറങ്ങുവാൻ. കാലൊക്കെ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. കൂടാതെ നല്ല വിയർപ്പും കിതപ്പും കൂടിയായപ്പോൾ പൂർത്തിയായി. ഇനി ഈ സ്റ്റെപ്പുകൾ ഒക്കെ തിരിച്ചു കയറണമല്ലോ എന്നോർത്തപ്പോൾ ഞങ്ങൾ പെട്ടുപോയ അവസ്ഥയിലായി. എങ്കിലും തളർന്നു പോകാതെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ട്രെക്കിംഗിന് സലീഷേട്ടൻ ഇല്ലാതിരുന്നതിനാൽ പുള്ളിയെ ഞങ്ങൾ നന്നായി മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.
സ്റ്റെപ്പുകൾ ഇറങ്ങുന്നതിനിടെ വശങ്ങളിൽ ചിലയിടങ്ങളിലായി വീടുകളൊക്കെ കാണാമായിരുന്നു. അവിടെ താമസിക്കുന്നവരൊക്കെ ടൂറിസം ഒരു ജീവിതമാർഗ്ഗം ആക്കി മാറ്റുകയാണ്. കുറച്ചു കൂടി ചെന്നപ്പോൾ വഴിയരികിൽ ഒരു ചെറിയ കടകളൊക്കെ ഞങ്ങൾ കണ്ടു. അവിടെ നിന്നും ഞങ്ങൾ നാരങ്ങാ വെള്ളം വാങ്ങി കുടിക്കുകയുണ്ടായി. ഒരു ചെറിയ പെൺകുട്ടിയായിരുന്നു കടയിൽ ഉണ്ടായിരുന്നത്. ഒരു നാരങ്ങാ വെള്ളത്തിന് 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഞങ്ങളെ അത്ഭുതം കൊള്ളിച്ചു.
അവസാനം ഞങ്ങൾ കഷ്ടപ്പെട്ട് ഒരു നദിക്കരയിലെത്തി. നദിയ്ക്ക് കുറുകെ ആളുകൾക്ക് പോകുവാൻ മാത്രം വീതിയുള്ള ഒരു തൂക്കുപാലം ഉണ്ടായിരുന്നു. നല്ലൊരു അഡ്വഞ്ചർ ഫീൽ ആയിരുന്നു ആ പാലം കടന്നപ്പോൾ ഞങ്ങൾക്ക്. പാലം കടന്നു കഴിഞ്ഞു പിന്നെ മല കയറാനും ഇറങ്ങാനും ഒക്കെ തുടങ്ങി. അതുകഴിഞ്ഞു വീണ്ടും ഒരു തൂക്കുപാലം കൂടി ഞങ്ങൾ കടക്കുകയുണ്ടായി. പാലത്തിനു താഴെയുള്ള ഇളം നീലക്കളറുള്ള നദിയുടെ കാഴ്ച വളരെ മനോഹരം തന്നെയായിരുന്നു.
അങ്ങനെ നടന്നു നടന്നു ഞങ്ങൾ ആദ്യത്തെ റൂട്ട് ബ്രിഡ്ജിൽ എത്തിച്ചേർന്നു. ആദ്യം ഒരു ചെറിയ റൂട്ട് ബ്രിഡ്ജ് ആയിരുന്നു. അവിടുന്നും കുറച്ചു കൂടി പോയാൽ ആണ് ഞങ്ങൾക്ക് പോകേണ്ട ഡബിൾ ഡക്കർ പാലം. പിന്നീട് ജനവാസമേഖലയിലൂടെയായിരുന്നു ഞങ്ങളുടെ നടത്തം. അവിടങ്ങളിലെല്ലാം നല്ല ഹോംസ്റ്റേകൾ ഉണ്ടായിരുന്നു. സഞ്ചാരികൾക്ക് വേണമെങ്കിൽ അവിടെ താമസിക്കുവാനായി തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണവും മറ്റു സൗകര്യങ്ങളുമെല്ലാം അവിടെ ലഭ്യമാണ്.
അങ്ങനെ അവസാനം ഞങ്ങൾ ലക്ഷ്യസ്ഥാനമായ ഡബിൾ ഡക്കർ റൂട്ട് ബ്രിഡ്ജിനരികിൽ എത്തിച്ചേർന്നു. അവിടേക്ക് പ്രവേശന ഫീസ് ഉണ്ട്. മുതിർന്നവർക്ക് 20 രൂപ, കുട്ടികൾ – 10, സാധാരണ ക്യാമറ – 20, ഗോപ്രോ – 100, വീഡിയോ ക്യാമറ – 200, ഫിലിം ഷൂട്ടിങ് 1000 എന്നിങ്ങനെയാണ് അവിടത്തെ പ്രവേശന നിരക്കുകൾ. ഞങ്ങൾക്കും കൂടെയുണ്ടായിരുന്ന ഗോപ്രോ ക്യാമറയ്ക്കും ടിക്കറ്റെടുത്ത് ഞങ്ങൾ പാലത്തിനരികിലേക്ക് നടന്നു. മുകളിൽ നിന്നും 11.30 നു തുടങ്ങിയ ട്രെക്കിംഗ് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ ഉച്ചയ്ക്ക് 1.30 ആയിരുന്നു. അതായത് രണ്ടു മണിക്കൂർ എടുത്തായിരുന്നു ഞങ്ങൾ അവിടെയെത്തിയത്.
റൂട്ട് ബ്രിഡ്‌ജിന്റെ കാഴ്ച വളരെ മനോഹരമായിരുന്നു. മുകളിലൂടെയുള്ള പാലത്തിലൂടെ അക്കരയിലേക്കും അവിടുന്നു തിരിച്ചു താഴെത്തട്ടിലെ പാലത്തിലൂടെ ഇക്കരയിലേക്കും വരാം. ജീവനുള്ള മരത്തിന്റെ വേരുകൾ കൊണ്ട് ആയിരുന്നു ആ പാലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഏതാണ്ട് 200 ഓളം വർഷങ്ങൾ പഴക്കമുണ്ടായിരുന്നു ആ പാലങ്ങൾക്ക്. താഴെയുള്ള അരുവിയിലും അതിനടുത്തായുള്ള ചെറിയ വെള്ളച്ചാട്ടത്തിലുമെല്ലാം ആളുകൾ കുളിക്കുന്നുണ്ടായിരുന്നു.
ഇത്രയും ദൂരം ട്രെക്ക് ചെയ്തതിന്റെ ക്ഷീണം അകറ്റുവാനായി ഞങ്ങളും നദിയിൽ കുളിക്കുവാനിറങ്ങി. പ്രകൃതിദത്തമായ ആ വെള്ളത്തിൽ കുളിച്ചപ്പോൾ കിട്ടിയ ഒരുന്മേഷം പറഞ്ഞറിയിക്കുവാൻ വയ്യ. ഒട്ടും അപകട സാധ്യതയില്ലാത്തതായിരുന്നതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അവിടെ കുളിക്കുന്നുണ്ടായിരുന്നു. ഷർട്ടൊക്കെ മാറ്റി ഇറങ്ങുവാൻ തയ്യാറായെങ്കിലും എമിൽ വെള്ളത്തിലിറങ്ങുവാൻ കൂട്ടാക്കിയില്ല. എന്തായാലും ഞാൻ വെള്ളത്തിലിറങ്ങി നന്നായി ആസ്വദിച്ച് കുളിച്ചു. കുളി കഴിഞ്ഞപ്പോഴേക്കും ക്ഷീണമെല്ലാം പമ്പ കടന്നിരുന്നു.
അപ്പോഴേക്കും ഞങ്ങൾക്ക് നല്ല വിശപ്പ് തോന്നുന്നുണ്ടായിരുന്നു. അവിടത്തെ ചെറിയ ഒരു കടയിൽ നിന്നും മാഗി ന്യൂഡില്സും മുട്ടയും ഞങ്ങൾ കഴിച്ചു. ഭക്ഷണം കഴിച്ചതിനു ശേഷം ഊർജ്ജമൊക്കെ സംഭരിച്ചു ഞങ്ങൾ വന്ന വഴിയേ തിരികെ കയറുവാൻ തുടങ്ങി. സ്റ്റെപ്പുകൾ കയറുവാൻ ഞങ്ങൾ നന്നായി പാടുപെട്ടു. ആദ്യമൊക്കെ 3500 എന്നൊക്കെ ആരോ പറയുന്നത് കേട്ടെങ്കിലും 7000 ത്തോളം പടികൾ ഉണ്ടായിരുന്നു അവിടെ. അങ്ങനെ വീണ്ടും രണ്ടുമണിക്കൂറോളം എടുത്തു ഞങ്ങൾ കയറിക്കയറി മുകളിലെത്തിച്ചേർന്നു. ഇനി വേറൊരു പ്ലാനും ഇല്ല. തിരികെ ഹോട്ടലിലേക്ക് ചെന്നിട്ട് നന്നായി ഒന്ന് കിടന്നുറങ്ങണം. ബാക്കി കാഴ്ചകളെല്ലാം ഇനി നാളെ…
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.