കേരളം തമിഴ്‌നാട് അതിർത്തിയിലുള്ള ആനക്കട്ടി എന്ന സ്ഥലത്തെ SR ജംഗിൾ റിസോർട്ടിലെ കാഴ്ചകളാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. റിസോർട്ട് ചുറ്റിക്കാണലും കലാപരിപാടികളും ഭക്ഷണവുമൊക്കെയായി ഞങ്ങൾ ആദ്യ ദിനം ചെലവഴിച്ചു. ഇത് രണ്ടാമത്തെ ദിവസമായി. രാവിലെതന്നെ റിസോർട്ടിലെ ടൂർ കോർഡിനേറ്ററായ സലീഷിനൊപ്പം ഒരു കിടിലൻ ട്രെക്കിംഗിനാണു ഞങ്ങൾ ആദ്യമായി പോകുന്നത്. ജീപ്പുകളും JCB യുമൊക്കെ റിസോർട്ടിനകത്ത് കിടക്കുന്നതു കണ്ടു. ഈ JCB യുടെ മുകളിലിരുന്ന് ഫോട്ടോയെടുക്കുവാൻ താമസക്കാരുടെ മത്സരമാണെന്നാണ് സലീഷ് പറഞ്ഞറിയുവാൻ സാധിച്ചത്. മൂന്നു തരത്തിലുള്ള ട്രെക്കിംഗുകളാണ് ഇവിടെയുള്ളത്. ഒന്ന് ; ഫാമിലിയായും കുട്ടികളായുമൊക്കെ പോകാൻ പറ്റിയ ലൈറ്റ് ട്രെക്കിങ്ങ്, രണ്ട് ; കുറച്ചു സാഹസികതയൊക്കെ അടങ്ങിയ ബുദ്ധിമുട്ടുള്ള ട്രെക്കിംഗ്, മൂന്ന് ; ട്രെക്കിംഗ് പ്രൊഫഷനലുകൾക്കായി മാത്രമുള്ളത്. ഇതിൽ ആദ്യത്തെ ട്രെക്കിംഗ് ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.
രാവിലെതന്നെ റെഡിയായി റൂമിൽ നിന്നും നടന്നു കോഫീ കുടിൽ എന്ന ടീഷോപ്പ് എത്തിയപ്പോൾ സലീഷ് ട്രെക്കിംഗിന് പോകുവാൻ തയ്യാറായി അവിടെ എത്തിയിരുന്നു. ഇവിടെ വന്നു താമസിക്കുന്നവർ സലീഷിന്റെ ഒപ്പം ഒരു ട്രെക്കിംഗ് നടത്തിയിരിക്കണം. അത്രയ്ക്ക് കിടിലൻ അനുഭവമായിരിക്കും അത്. ഒരു ചായയൊക്കെ കുടിച്ചശേഷം ഞങ്ങൾ ട്രെക്കിംഗിനായി ഇറങ്ങി. സലീഷ് ഫുൾ സെറ്റപ്പിലായിരുന്നു വന്നത്. കുത്തിനടക്കുവാനുള്ള സ്റ്റിക്ക് ഒക്കെ ഞങ്ങൾക്കായി എടുത്തിരുന്നു പുള്ളി.
റിസോർട്ടിനു തൊട്ടടുത്തായി റിസർവ്വ് വനങ്ങളുണ്ടെങ്കിലും വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ അവിടേക്ക് കടക്കുവാൻ അനുവദനീയമല്ല. നടക്കുന്നതിനിടെ കുറച്ചുദൂരെയായി ഒരു മഞ്ഞുമൂടിയ മല കണ്ടിരുന്നു. അവിടേക്കാണ് നമ്മുടെ ട്രെക്കിംഗ് എന്ന് സലീഷ് പറഞ്ഞു. ആദിവാസികളുടെ കോളനിയൊക്കെ അവിടെയാണത്രെ. ആദിവാസികളെ കാണാൻ പറ്റുമോയെന്ന ആകാംക്ഷ നിറഞ്ഞ എന്റെ ചോദ്യത്തിനു “ഞങ്ങളുടെ സ്റ്റാഫ് അവരല്ലേ, പിന്നെന്തിനാ അവരെ കാണാനായി അങ്ങോട്ട് പോകുന്നത്” എന്ന സലീഷിന്റെ മറുപടി ഞങ്ങൾക്കിടയിൽ ചിരിപടർത്തി. ഈ മലയിലേക്ക് റിസോർട്ടുകാർ തന്നെ ഒരു വഴിയൊരുക്കിയിരിക്കുകയാണ്.
അങ്ങനെ ഞങ്ങൾ നടന്ന് ട്രെക്കിംഗ് ഗേറ്റിലെത്തി. പച്ച നിറത്തിലുള്ള ഒരു ഗേറ്റ്. അതുകടന്നാണ് ട്രെക്കിംഗിനായി പോകേണ്ടത്. ഗെയ്റ്റിന് മുന്നിലായി വൈദ്യുതവേലിയൊക്കെയുണ്ട്. ആനകളുടെ സ്വൈര്യവിഹാര കേന്ദ്രമല്ലേ… ചിലപ്പോൾ അവന്മാർക്ക് റിസോർട്ടും പരിസരവുമൊക്കെ ഒന്ന് കാണണമെന്ന് തോന്നിയാലോ? ആ തോന്നലിനു തടയണ ഇടുവാനാണ് ഈ വേലിയൊക്കെ. ഞങ്ങൾ ട്രെക്കിംഗിനായി പോയ സമയം മഴതോർന്ന സമയമായതിനാൽ ആനകളുടെ ശല്യമുണ്ടാകില്ല എന്ന് സലീഷ് ഉറപ്പുനൽകി. ഗേറ്റും കടന്നു ഞങ്ങൾ നടക്കുന്നത് ഒരു കാട്ടിലേക്ക് ആയിരുന്നു. ഇത് വനംവകുപ്പിന്റെ കാടല്ല കേട്ടോ. റിസോർട്ടുകാരുടെ സ്വന്തം സ്ഥലമാണ് ഇതും. ഒപ്പംതന്നെ താഴെ മിയാവാക്കി എന്ന ജാപ്പനീസ് സ്റ്റൈലിൽ മരങ്ങളും മറ്റും നട്ടുപിടിപ്പിച്ച് ഒരു കൃത്രിമ വനം തന്നെ അവിടെ നിർമ്മിച്ചിട്ടുമുണ്ട്. എന്താണ് മിയാവാക്കി എന്നും മിയാവാക്കിയുടെ പ്രത്യേകതകളും ഒക്കെ വിശദീകരിച്ചു തരുന്ന ഒരു പ്രത്യേക ലേഖനം വേറെ വരുന്നുണ്ട് കേട്ടോ.
അങ്ങനെ ഞങ്ങൾ നടത്തം തുടർന്നു. കുറച്ചുചെന്നപ്പോൾ ഒരു ചെടിയും പറിച്ചുകൊണ്ട് സലീഷ് ഞങ്ങൾക്കരികിലേക്ക് വന്നു. കറിവേപ്പിലയായിരുന്നു അത്. നല്ല ഒന്നാന്തരം കാടൻ കറിവേപ്പില. ഒരു പ്രത്യേക ഗന്ധമായിരുന നു അതിന്. ഈ കുന്നു മുഴുവനും അത്തരം കറിവേപ്പിലകളാണെന്നും ആദിവാസികൾ ഭക്ഷണം പാകം ചെയ്യുവാൻ ഇവ ഉപയോഗിക്കുമെന്നും സലീഷ് വിശദീകരിച്ചു തന്നു. വനഭൂമിയിലൂടെയല്ലെങ്കിലും സത്യത്തിൽ ഒരു വലിയ കാട്ടിലൂടെ ട്രെക്കിങ്ങ് നടത്തുന്ന ഒരനുഭവമായിരുന്നു അത്. നാഷണൽ ജ്യോഗ്രഫിക് ചാനലിലും മറ്റും ട്രെക്കിംഗ് യാത്രകളൊക്കെ കണ്ട് ത്രില്ലടിച്ചിരിക്കുന്ന കുട്ടികൾക്കൊക്കെ ഇത് ഒരു കിടിലൻ എക്സ്പീരിയൻസ് ആയിരിക്കുമെന്നുറപ്പാണ്.
കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ ചെറിയ കയറ്റം ആരംഭിച്ചു. കയറ്റം കയറിയും നടന്നുമൊക്കെ ഞങ്ങൾ ചെറുതായി ക്ഷീണിച്ചു. ഒരു അഞ്ച് മിനിറ്റു നേരം ഞങ്ങൾ ഒരിടത്ത് വിശ്രമിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ ഒരാശ്വാസം ലഭിച്ചു. കുടിവെള്ളത്തിന്റെ വില മനസ്സിലാകുന്ന നിമിഷങ്ങളായിരുന്നു അവ. ഗസ്റ്റിനൊപ്പം കുട്ടികളൊക്കെ കൂടെയുള്ള സമയങ്ങളിൽ ട്രെക്കിഗിന് പോകുമ്പോൾ അവർക്കു കഴിക്കാനായി ബിസ്ക്കറ്റ് പോലുള്ള സ്നാക്സുകൾ കയ്യിൽ കരുതാറുണ്ടെന്നു സലീഷ് പറഞ്ഞു. വിശ്രമത്തിനു ശേഷം ഞങ്ങൾ വീണ്ടും ട്രെക്കിംഗ് ആരംഭിച്ചു.
ട്രെക്കിംഗിന് വരുമ്പോൾ സ്ഥലകാല ബോധമില്ലാതെ സെൽഫി ചിത്രങ്ങൾ എടുക്കുന്നവരാണ് കൂടുതലും അപകടങ്ങളിൽ ചെന്ന് ചാടുന്നതെന്നു സലീഷ് പറഞ്ഞു. വരിവരിയായി നടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ ഏറ്റവും പിന്നിലുള്ളയാൾ സെൽഫി എടുക്കുന്ന തിരക്കിലാണെങ്കിൽ എങ്ങനെയിരിക്കും? വന്യമൃഗങ്ങളോ മറ്റോ വന്നാൽ ഇയാൾക്ക് പെട്ടെന്നുള്ള ഭയത്തിൽ വഴിതെറ്റുമെന്നും ഉറപ്പാണ്. അതുകൊണ്ട് സെൽഫിയെടുക്കുമ്പോൾ നോക്കിയും കണ്ടും എടുക്കുക. നടന്നു നടന്നു ഞങ്ങൾ ഏകദേശം ഒരു മുകൾ ഭാഗത്ത് എത്തിച്ചേർന്നു. അവിടുന്ന് നോക്കിയാൽ താഴെയായി റിസോർട്ട് കാണാമായിരുന്നു. അങ്ങകലെ കാണുന്ന മലനിരകൾ കേരളത്തിലായിരുന്നു. അങ്ങുദൂരെ ഒരു മല തലയുയർത്തി നിൽക്കുന്നതായി കണ്ടു. അവിടെ പോകണമെങ്കിൽ മുൻകൂട്ടി പെർമിഷൻ വാങ്ങി വേണം പോകുവാൻ. ആദിവാസികളുടെ ഊരുകൾ ആ മലയിലുണ്ട്. ഇനി താഴേക്കുള്ള ഇറക്കം ആരംഭിക്കുകയാണ്. ആ പ്രദേശങ്ങളിൽ രാവിലെയൊക്കെ 8.30 മണിയാകുമ്പോൾ മാനുകൾ കൂട്ടത്തോടെ വരുമെന്ന് സലീഷിന്റെ വാക്കുകൾ. അവർ എങ്ങനെ ഇത്ര കൃത്യമായി സമയം മനസ്സിലാക്കി അവിടെയെത്തുന്ന എന്നതാണ് അത്ഭുതം. അനഗ്നെ ഞങ്ങൾ താഴേക്ക് നടത്തം തുടർന്നു.
റിസോർട്ടുകാർ ഈ വനമേഖലയിൽ കൃത്രിമമായി ചില കുളങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മഴയില്ലാത്ത സമയങ്ങളിൽ വെള്ളത്തിനു ക്ഷാമമുണ്ടാകുന്ന അവസ്ഥ വരുമ്പോൾ ആദിവാസികൾക്കും, വന്യമൃഗങ്ങൾക്കും ഈ കുളങ്ങൾ വളരെ അനുഗ്രഹമാണ്. ഇത്തരത്തിൽ പ്രകൃതിയെ നോവിക്കാതെ പ്രകൃതിയുടെ കാവൽക്കാർക്ക് ദാഹജലം നൽകിക്കൊണ്ടുള്ള ഈ റിസോർട്ടിന്റെ പ്രവർത്തനം അഭിനന്ദനീയവും മറ്റുള്ളവർക്ക് ഒരു മാതൃകയുമാണ്. ഞങ്ങൾ അങ്ങനെ ഒരു കിടിലൻ ട്രെക്കിംഗ് ആസ്വദിച്ചശേഷം വീണ്ടും റിസോർട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും ഞങ്ങൾക്ക് നന്നായി വിശപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബ്രെക്ക് ഫാസ്റ്റ് കഴിക്കുവാനായി ഞങ്ങൾ റെസ്റ്റോറന്റിലേക്ക് നീങ്ങി. SR ജംഗിൾ റിസോർട്ടിലെ കാഴ്ചകൾ ഇതുകൊണ്ടൊന്നും തീരുന്നില്ല. ബാക്കി കാഴ്ചകളും വിശേഷങ്ങളും ഇനി അടുത്ത എപ്പിസോഡിൽ ആസ്വദിക്കാം.
എസ് ആർ ജങ്കിൾ റിസോർട്ടിൽ താമസിക്കണമെന്ന് ആഗ്രഹമുള്ളവർ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 8973950555.