ഡൽഹി ട്രിപ്പിനു ശേഷം ഞങ്ങൾ തിരികെ നാട്ടിലെത്തി രണ്ടുമൂന്നു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ പോയത് ഗോവയിലേക്ക് ആയിരുന്നു. ഗോവയെക്കുറിച്ച് അധികമാർക്കും പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും ബൈജു ചേട്ടനും പിന്നെ നമ്മുടെ ചൈനയിലെ സഹീർ ഭായിയും. സഹീർ ഭായിയുടെ പുതിയ പോർഷെ മകാൻ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. കാർ എന്നു പറഞ്ഞാൽ ഒന്നും പറയാനില്ല, പുതിയ ട്രെൻഡ് അനുസരിച്ചു പറയുകയാണെങ്കിൽ നല്ല പൊളി സാധനം.
എറണാകുളത്തു നിന്നും ബൈജു ചേട്ടനുമായി നമ്മുടെ എംജി ഹെക്ടറിൽ തുടങ്ങിയ യാത്ര അവസാനിച്ചത് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ആയിരുന്നു. വണ്ടി അവിടെ പാർക്ക് ചെയ്തതിനു ശേഷം സഹീർഭായിയുടെ കൂടെ ഞങ്ങൾ കണ്ണൂർ, മംഗലാപുരം വഴി ഗോവയിലേക്ക് യാത്രയാരംഭിച്ചു. പുതിയ കാർ എടുത്താൽ ഗോവയിലേക്ക് ഒരു ട്രിപ്പ് പോകുന്നത് ഐശ്വര്യമാണെന്നാണ് സഹീർ ഭായി പറയുന്നത്. എന്തായാലും അത് കലക്കി.
ബൈജു ചേട്ടനായിരുന്നു ഭൂരിഭാഗവും വണ്ടി ഓടിച്ചിരുന്നത്. യാത്രയ്ക്കിടയിൽ താൻ ആദ്യമായി ഗോവയിൽ പോയ വിശേഷങ്ങളൊക്കെ തനതു ഹാസ്യ ശൈലിയിൽ ബൈജു ചേട്ടൻ ഞങ്ങളോട് പറയുകയുണ്ടായി. ശരിക്കും ഒരു റിലാക്സിംഗ് ട്രിപ്പ് ആയിരുന്നു ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. കേരളം വിട്ടു മംഗലാപുരം എത്തിയതോടെ റോഡ് അടിപൊളിയായി. മുൻപ് ആ ഏരിയയിലൊക്കെ റോഡ് മോശം ആയിരുന്നുവെന്നു ഞാനോർത്തു.
അങ്ങനെ പോകുന്നതിനിടയിൽ എല്ലാവർക്കും നല്ലരീതിയിൽ വിശപ്പ് അനുഭവപ്പെടുകയും, ഹൈവേയ്ക്ക് അരികിൽ നല്ലതെന്നു തോന്നിയ ഒരു ഹോട്ടൽ കണ്ടിട്ട് ഞങ്ങൾ വണ്ടി ഒതുക്കി അവിടെ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തു. വിചാരിച്ചതിനേക്കാൾ മികച്ച ഫുഡ് ആയിരുന്നു ആ ഹോട്ടലിലേത്. ഭക്ഷണത്തിനു ശേഷം പിന്നീട് പോർഷെയുടെ നിയന്ത്രണം ഏറ്റെടുത്തത് ഞാനായിരുന്നു. അങ്ങനെ തമാശകൾ പറഞ്ഞുകൊണ്ട് ഞങ്ങൾ ഗോവ ലക്ഷ്യമാക്കി യാത്ര തുടർന്നു.
മംഗലാപുരം – ഗോകർണ റൂട്ടിലെ മനോഹരമായ ഏരിയയായ മറവന്തെ ബീച്ച് പരിസരത്തു കൂടി പോയപ്പോൾ കിടിലൻ ദൃശ്യങ്ങളായിരുന്നു ഞങ്ങളെ അതിശയിപ്പിച്ചത്. പലതവണ അതുവഴി പോയിട്ടുള്ളതാണെങ്കിലും പിന്നീടങ്ങോട്ടുള്ള യാത്രയിൽ റോഡും കാഴ്ചകളുമൊക്കെ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ഞാനും ബൈജു ചേട്ടനും ഡ്രൈവിംഗ് സീറ്റിൽ മാറിമാറി വന്നുകൊണ്ടിരുന്നു.
അങ്ങനെ ഞങ്ങൾ വൈകുന്നേരത്തോടെ കർണാടകയിലെ ഗോകർണത്ത് എത്തിച്ചേർന്നു. അവിടെ വെച്ച് കടലിൽ സൂര്യൻ അസ്തമിക്കുന്ന മനോഹരമായ കാഴ്ച ആസ്വദിക്കുവാനും പറ്റി. ഗോകർണത്ത് ഞങ്ങൾ താമസിക്കുവാൻ തീരുമാനിക്കുകയും അവിടെയൊരു റിസോർട്ടിൽ റൂമെടുക്കുകയും ചെയ്തു. റൂമിൽ ചെന്നപാടെ സാധനങ്ങൾ ഒതുക്കി വെച്ചതിനു ശേഷം ഞങ്ങൾ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങി. അത്രയും നേരത്തെ യാത്രാക്ഷീണം ഞങ്ങൾ പൂളിൽ കളിച്ചുരസിച്ചു തീർത്തു. ഗോവൻ യാത്രാവിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല, തുടരും…