വിവരണം – ഷഹീർ അരീക്കോട്
പെരുമ്പാവൂരിലെത്തിയപ്പോഴേക്കും സമയം ഒത്തിരി വൈകി, ഇനി ഞാൻ തൃശൂർ ട്രാൻസ്പോർട്ട് ബസ്റ്റാന്റിലെത്തും മുൻപെ നാട്ടിലേക്ക് പ്രതീക്ഷിച്ച ബസ്സ് പോയിട്ടുണ്ടാകും പിന്നെ അവിടെ മണിക്കൂറുകളോളം പോസ്റ്റ്. ഒരു ഗുണം ഉണ്ട് എലികളും പാറ്റകളും ചില പ്രത്യേക ഇനം ‘പാമ്പു’കളുമൊക്കെ നേരമ്പോക്കിനായി ഉണ്ടാകും, ഓർത്തപ്പോൾ തന്നെ കലിപ്പ് തോന്നി.
അടുത്ത ഓപ്ഷൻ ആലുവയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കോഴിക്കോട്ടേക്ക്, ഏതായാലും അതേ ബസ്സിൽ ആലുവക്ക് പോയി, അവിടെയും മരുഭൂമി. അടുത്ത ട്രെയിൻ വരാൻ വൈകും അതിൽ കോഴിക്കോട്ടെത്തിയാലും അവിടെ കട്ട പോസ്റ്റ് തന്നെ ഫലം, നാട്ടിലേക്ക് ബസ്സ് കിട്ടില്ല. റയിൽവെ സ്റ്റേഷനിൽ നിന്ന് ഇറങ്ങി നേരെ ആലുവ ട്രാൻസ്പോർട്ട് സ്റ്റാൻഡിലേക്ക് നടന്നു, എന്ത് ചെയ്യണമെന്ന ആലോചനയോടെ അവിടെ നിക്കുമ്പോൾ ദാ വരുന്നു എറണാകുളം ബസ്സ് ഒന്നും നോക്കിയില്ല ചാടിക്കയറി എറണാകുളത്തേക്ക് ടിക്കറ്റെടുത്തു, അങ്ങനെ എറണാകുളം ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ ഇറങ്ങി.
ഗൂഗിളിൽ മറൈൻഡ്രൈവ് സെർച്ച് ചെയ്ത് നടന്നുപോകാനുള്ള ഓപ്ഷൻ എടുത്തു ഗൂഗിൾ ആൻറിയുടെ നിർദ്ദേശപ്രകാരം ഒന്നര കിലോമീറ്ററോളം നടന്ന് മറൈൻഡ്രൈവിലെത്തി. അപ്പോഴേക്കും ഇരുട്ടു വീഴാൻ തുടങ്ങിയിരിക്കുന്നു കുറച്ചു നേരം കായലുംനോക്കിയിരുന്ന് കാഴ്ചകൾ ആസ്വദിച്ചു, അന്നേരം കുറച്ച് ടൂറിസ്റ്റുകളെ കയറ്റിയിരുത്തി ഒരു പ്രൈവറ്റ് ബോട്ട് കായൽ സവാരിക്ക് റെഡിയായിരിക്കുന്നു, അതിലെ ജീവനക്കാർ കുറച്ചു പേരെ കൂടി കിട്ടുന്നതിനുവേണ്ടി നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു. ഒരു മണിക്കൂർ നേരത്തെ യാത്രക്ക് ഒരാൾക്ക് 100 രൂപയാണ് ചാർജ്, ആദ്യം ഞാൻ മടിച്ചു നിന്നു പക്ഷെ സന്ധ്യാനേരത്ത് ഇളംകാറ്റേറ്റ് കൊണ്ട് ഒരു ബോട്ടുയാത്ര.. ഓർത്തപ്പോൾ കുളിര്കോരി. 100 രൂപ കൊടുത്ത് ഞാനും ബോട്ടിൽ ചാടിക്കയറി.
ബോട്ടിന് മുകൾവശത്ത് കസേരകൾ കൂട്ടി കെട്ടിയിട്ടാണ് സീറ്റ് ഒരുക്കിയിരിക്കുന്നത് കണ്ടപ്പോൾ ചിരിവന്നു. 100 രൂപയ്ക്ക് എന്തായാലും സോഫാ സെറ്റി ഒന്നും ഇട്ടു തരില്ലല്ലോ, കുറച്ചു നേരം കഴിഞ്ഞ് ബോട്ട് സ്റ്റാർട്ട് ചെയ്തു യാത്ര തുടങ്ങി അന്നത്തെ അവസാന ട്രിപ്പ് യാത്രയായിരുന്നു അത്. മറ്റ് ബോട്ടുകൾ കൂടണഞ്ഞിക്കുന്നു, ഞങ്ങളുടെ ബോട്ടും പിന്നെ ഡിജെ പാർട്ടിയുമായി മറ്റൊരു കിടിലൻ ബോട്ടും മാത്രമാണ് അന്നേരം കായലിൽ ഉള്ളത്, എന്തായാലും ഇളംകാറ്റേറ്റ് കൊണ്ടുള്ള ആ ബോട്ടുയാത്ര അടിപൊളിയായിരുന്നു. ഹാർബറിലെയും വലിയ കപ്പലുകളിലെയും ലൈറ്റുകളുമൊക്കെയായി നല്ല കാഴ്ചഭംഗി ആസ്വദിച്ചു, ബോൾഗാട്ടി പാലസും മറ്റു കാഴ്ചകളും ബോട്ടിലിരുന്ന് കണ്ട് ഒരു മണിക്കൂറോളം കായലിൽ ചിലവഴിച്ചു.
ബോട്ട് യാത്രക്ക് ശേഷം അവിടെനിന്നിറങ്ങി ജ്യൂ സ്ട്രീറ്റ്ലൂടെ മുന്നോട്ട് നടന്ന് എംജി റോഡ് മെട്രോ സ്റ്റോപ്പിലെത്തി. ചായ കുടിച്ച ശേഷം മെട്രോസ്റ്റേഷനിലേക്ക് കയറി, 50 രൂപ കൊടുത്ത് ആലുവക്കുള്ള മെട്രോ ടിക്കറ്റെടുത്തു ആലുവ ഇറങ്ങി. ആദ്യംകണ്ട ട്രാൻസ്പോർട്ട് ബസ്സിൽ ചാടിക്കയറി ചാടിക്കയറി റെയിൽവേ സ്റ്റേഷന് മുന്നിൽ ഇറങ്ങി. “ട്രെയിൻ നമ്പർ…ഷൊർണൂർ വയാ…സേ ഹോകർ…ആനേ വാലേ…” അവിടെ അനൗൺസ്മെൻറ് പൊടിപൊടിക്കുന്നു. 35 രൂപ ടിക്കറ്റെടുത്ത് ആദ്യം വന്ന ട്രെയിനിൽ കയറി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, യാത്രക്കാരെ ഒരു പ്ലാറ്റ്ഫോമിൽ നിന്നും മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാൻ 30 രൂപ ചാർജ് ഈടാക്കി കൊണ്ട് ബാറ്ററിയിലോടുന്ന ബഗ്ഗി കാർ അവിടെ കാണാനിടയായി.
ഭക്ഷണം കഴിച്ച് തൃശ്ശൂർ ട്രാൻസ്പോർട്ട് ബസ്റ്റാൻഡിൽ ഇരിപ്പായി, എലികളിയും പാമ്പ്കളിയും കണ്ടും കൊതുകുകടിയാസ്വദിച്ചും കൊണ്ട് കുറച്ചുസമയം അവിടെ ചിലവഴിച്ചു. അപ്പോഴേക്കും നാട്ടിലേക്കുള്ള ബസ് വന്നു അതിൽ കയറി ഒരുറക്കം കഴിഞ്ഞപ്പോഴേക്കും നാട്ടിലെത്തി.