കോഴിക്കോടിന്റെ രുചി തേടി ഒരു ഫാമിലി യാത്ര

വിവരണം – Chandni Shaju.

കുറെ കാലമായുള്ള ആഗ്രഹമാണ്, കോഴിക്കോടിന്റെ രുചി തേടി ചെല്ലണമെന്നത്. റഹ്മത്തിലെ ബീഫ് ബിരിയാണിയും ബീച്ചിലെ ഉപ്പിലിട്ടതും ആയിരുന്നു ലിസ്റ്റിലെ മെയിൻ ഐറ്റം . പണ്ട് 3-4 തവണ കോഴിക്കോട് വന്നപ്പോളൊക്കെ തളി ക്ഷേത്രം, കാപ്പാട്, ഒക്കെ പോയിട്ടുള്ളതാണ്. അത് കൊണ്ട് ഇതു ഫുഡ്‌ അടിക്കു മാത്രമുള്ള യാത്ര ആയിരുന്നു. ഒറ്റ ദിവസത്തെ പ്ലാൻ ആയതുകൊണ്ട് തൃശ്ശൂരിൽ നിന്നും രാവിലെ 5:50ന്റെ ട്രെയിനിൽ ആയിരുന്നു യാത്ര. വെക്കേഷന് ആയതുകൊണ്ട് മക്കൾക്കു ഒരു ട്രെയിൻ യാത്രയും ആവും. സ്റ്റേ ഇല്ലാത്തതുകൊണ്ട് തന്നെ യാത്ര ക്ഷീണം ഉണ്ടാവില്ലെന്നതും ട്രെയിൻ യാത്രക്ക് കാരണമായി.

9:30യോട് കൂടി കോഴിക്കോട് വന്നിറങ്ങി. സ്റ്റേഷനിൽ നിന്നും കുറച്ചു മുന്നാക്കം നടന്നു ഒരു ഇട റോഡിൽ കണ്ട ഒരു വനിതാ ഹോട്ടൽ കണ്ടപ്പോൾ കൊള്ളാമെന്നു തോന്നി. കപ്പയും മീൻ മുളകിട്ടതും — നൈസ്പത്തിരിയും മുട്ട റോസ്സ്റ്റും കഴിച്ചു നാവിലെ രുചി മുകുളങ്ങളുടെ കെട്ടഴിച്ചു. പിന്നെ നേരെ പോയത് പ്ലാനിറ്റോറിയം കാണാനാണ്. ഒരുപാടുണ്ട്….. അവിടെ കാണാൻ. ചുമ്മാ അവിടെ ചുറ്റി കറങ്ങാനാണെങ്കിൽ 20rs. ടിക്കറ്റ് എടുത്താൽ മതി. പ്ലാനിറ്റോറിയം ഷോ കാണാൻ 55rs. ന്റെ ടിക്കറ്റും , 3ഡി ഷോ അടക്കം മൊത്തം കാണാനാണെങ്കിൽ 65rs. ന്റെ ടിക്കറ്റും.

ടിക്കറ്റ് എടുത്തു ഉള്ളിൽ കടന്നു ഒന്നും ചുറ്റിയപോഴേക്കും ഷോ time ആയി. ഉഗ്രൻ ഷോ തന്നെയായിരുന്നു. സ്പേസ് നെ കുറിച്ചും മറ്റും ആധികാരികമായി തന്നെ കാണിച്ചു തന്നു.ശാസ്ത്രത്തിന്റെ ഉള്ളറകളെ കുറിച്ചുള്ള രസകരമായ ഒരുപാട് കാര്യങ്ങൾ വളരെ ലളിതമായി കുട്ടികൾക്ക് മനസിലാക്കും വിധം ആണ് അവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് കളിക്കാൻ കളി ഉപകരണങ്ങളുമായി കുറച്ചു ഏരിയ ഉണ്ട്. സയന്റിഫിക് ആയ കാര്യങ്ങൾ ലളിതമായി മനസിലാക്കാൻ നല്ലൊരിടം. ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുന്ന മക്കളുണ്ടെങ്കിൽ തീർച്ചയായും കൊണ്ടുപോകേണ്ട സ്ഥലം ആണ് ഇവിടം.

അവിടുന്നു ഇറങ്ങിയപ്പോളേക്കും വിശപ്പിന്റെ വിളി കേട്ടു. 10-15 മിനിറ്റ് ക്യു നിന്നിട്ടു വേണം ഹോട്ടൽ റഹ്മത്തിലെ ബിരിയാണി കിട്ടാൻ എന്ന് കേട്ടിട്ടുള്ളതു കാരണം മോനോട് പറഞ്ഞു വച്ചു, ചെല്ലുമ്പോളേക്കും ബഹളം വക്കല്ലേന്ന്. ഭാഗ്യമെന്ന് പറയട്ടെ, പെട്ടന്ന് തന്നെ ഞങ്ങൾക്കുള്ള സീറ്റ്‌ കിട്ടി. ബീഫ് ബിരിയാണി ആണ് അവിടത്തെ സ്പെഷ്യൽ. ബിരിയാണി കൊതിച്ചിയായ എനിക്കും മക്കൾക്കും ബിരിയാണി കണ്ടതെ വയറു നിറഞ്ഞു. ഒരു ബിരിയാണി കഴിച്ചാലും മതിയാവാത്ത എനിക്ക് പക്ഷെ അതു മുഴുവൻ കഴിക്കാനുള്ള കപ്പാസിറ്റി ഇല്ലായിരുന്നു. ഒരു സുലൈമാനി കൂടി ആയപ്പോൾ പിന്നെ പറയണ്ട. എന്ത് കൊണ്ടാണ് ഇത്രമാത്രം ആളുകൾ ഇവിടത്തെ ബിരിയാണി ഇഷ്ടപ്പെടുന്നത് എന്ന് ബിരിയാണി കഴിച്ചപ്പോൾ മനസിലായി. തിരിച്ചു പോരുമ്പോൾ നല്ല ക്യു ആയിട്ടുണ്ടായിരുന്നു.

അവിടന്ന് നേരെ SM സ്ട്രീറ്റ്. പല വഴികളിലൂടെ അങ്ങോട്ടെത്താം. മിഠായി തെരുവ് എന്ന് കേട്ടപ്പോൾ മോന് സന്തോഷം. മിഠായി കുറെ ഉണ്ടാവോന്നു ചോദ്യം !!!! തുണി കടകളും, ചെരുപ്പ് കടകളുമാണാധികവും. എല്ലായിടത്തും കറങ്ങി നടന്നു കുഞ്ഞു ഷോപ്പിംഗ്. 100 വർഷത്തിലധികം പാരമ്പര്യം ഉള്ള ശങ്കരൻ ബേക്കറിയിൽ നിന്നും ഹലുവയും വാങ്ങി. കോഴിക്കോടൻ ഹലുവ എന്നു കേൾക്കാത്ത ആരും തന്നെ ഉണ്ടായിരിക്കില്ല, എന്നിരിക്കെ രുചിയുടെ കാര്യം പറയണ്ടല്ലോ. എന്തൊക്കെ രുചി വൈവിധ്യമാണെന്നോ ഹലുവകളിൽ!!!!!

അവിടെയൊക്കെ നടന്നു ക്ഷീണിച്ചപ്പോളേക്കും ഒരു ഷേക്ക്‌ കുടിക്കാമെന്നായി. നേരെ കലന്തൻസ് ജ്യൂസ്‌ ൽ കയറി മിൽക്ക് ഷേക്കും , സ്ട്രോബെറി ഷേക്കും കുടിച്ചപ്പോളേക്കും വീണ്ടും ഉഷാറായി. അവിടുന്നു നേരെ മാനാഞ്ചിറ മൈതാനത്തേക്ക്. ഇപ്പോൾ പച്ചപ്പൊന്നും ഇല്ല. പുല്ലൊക്കെ ഉണങ്ങി. കുറെ ഫാമിലീസ് അവിടെ ഇവിടെ ആയി ഇരിക്കുന്നുണ്ട്. പലരും അവിടെ കിടന്നു ഉറങ്ങുന്നുണ്ട്. കുട്ടികൾ കളിക്കുന്നുണ്ട്. ചില ഇണ കുരിവികൾ കൊക്കുരുമ്മിയിരിക്കുന്നുണ്ട്. ഒഴിഞ്ഞ സ്ഥലം നോക്കി ഞങ്ങളും കുറച്ചു നേരം അവിടെ ഇരുന്നു.

3 മണിയോടെ ബീച്ചിലേക്ക്. നല്ല തിരക്കുണ്ടായിരുന്നു ബീച്ചിൽ. തിരിച്ചു അന്ന് തന്നെ തൃശൂർക്കു വരുന്നതിനാൽ ബീച്ചിൽ ഇറങ്ങാൻ പ്ലാൻ ഉണ്ടായിരുന്നില്ല. എന്നാൽ മോന്റെ ഒരു ജോഡി ഡ്രസ്സ്‌ പിടിച്ചിരുന്നു. ബീച്ച് കണ്ടതും ചാടി ഇറങ്ങി അവൻ. ബീച്ചിൽ പോയിട്ടുംവെള്ളത്തിൽ ഇറങ്ങാതെ ഇരിക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്. “ഐസ് ഉരത്തി” ലിസ്റ്റിൽ ഉള്ള നെക്സ്റ്റ് ഐറ്റം ആണ്. സംഭവം കണ്ടു.മധുരമുള്ളതും എരിവുള്ളതും ഒക്കെ ഉണ്ട്. എരിവുള്ള ഒന്നാണ് ഞങ്ങൾ വാങ്ങിച്ചത്. എന്റെയും മോളുടെയും മുഖത്തിന്റെ expression കണ്ടു തൊട്ടു ബാക്കിൽ ഇരിക്കുന്ന ഫാമിലിയും സെയിം ഐറ്റം തന്നെ വാങ്ങി കഴിക്കുന്നുണ്ട്. സംഭവം കൊള്ളാം.

മോൾ അപ്പോളേക്കും ഉപ്പിലിട്ടത് വാങ്ങിക്കാൻ തിരക്ക് കൂട്ടി. എന്നാൽ എരിവും ഉപ്പും മുളകും,മധുരവും ഒരുമിച്ചായാൽ പണി കിട്ടുമെന്നുള്ള പേടി കാരണം കുറച്ചു നേരം ക്ഷമിച്ചിരിക്കാൻ പറഞ്ഞു അവളോട്. അതിനിടയിൽ മോൻ കളിച്ചു തിമിർക്കുന്നുണ്ടായിരുന്നു. ഉപ്പിലിട്ട ഐറ്റംസ് ന്റെ ഒരു കലവറ തന്നെ ഉണ്ടായിരുന്നു. പൈനാപ്പിളും, നെല്ലിക്കയും മാങ്ങയും ഒക്കെ മുളക് വെള്ളവും ചേർത്ത് കഴിച്ചു. എത്ര പേരാണെന്നോ ഇതു കഴിക്കാൻ മാത്രമായി അവിടെ വരുന്നത് . രണ്ടു മൂന്നു പേരുടെ കയ്യിൽ നിന്നായി മാറി മാറി ഉപ്പിലിട്ടതിന്റെയെല്ലാം രുചി അറിഞ്ഞു.

കടലിലെ തിര എണ്ണി ഇരിക്കാൻ ഇഷ്ടമുള്ളവരും, ഉപ്പിലിട്ടത് കഴിക്കാൻ വരുന്നവരും അസ്തമയം കാണാൻ വരുന്നവരും തട്ടുകടകളിൽ രുചി തേടി വരുന്നവരും ഒക്കെ ഈ കൂട്ടത്തിലുണ്ട്. വയർ നിറഞ്ഞതോടു കൂടി തിരിച്ചു വീട്ടിൽ പോരാമെന്നായി. സൈനുത്താന്റെ കടയിലെ മലബാറി പലഹാരത്തിന്റെ രുചികൾ കൂടി കഴിക്കണമെന്നു വിചാരിച്ചിരുന്നെങ്കിലും ഇനി ഒരിക്കൽ ആവാം എന്ന് വച്ചു.

ഇനിയും ഒരുപാട് രുചി കാഴ്ചകൾ ഉണ്ട്. ഒരിക്കൽ കൂടി, സമയമെടുത്ത് ഒരു ദിവസം അവിടെ തങ്ങി ബാക്കി രുചികൾ അനുഭവിച്ചറിയണം എന്ന പ്രതീക്ഷയിൽ………. കടലോളം രുചി പെരുമയിൽ നിന്നും , ഒരു കുഞ്ഞു കൈകുമ്പിളോളം രസമുകുളങ്ങളെ നെഞ്ചിൽ ചേർത്ത് വച്ചൊരു മടക്കം. വളരെ കരുതലോടെയുള്ള കോഴിക്കോടിന്റെ സ്നേഹം അനുഭവിച്ചറിയാൻ ഇനിയും വരും. മ്മടെ മുത്താണ് കോഴിക്കോട്.