ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന ഒരു കെഎസ്ആർടിസി ഇലക്ട്രിക് ബസ് യാത്ര…

വിവരണം – അരുൺ ബാബു.

വെക്കേഷൻ ആയതിനാൽ വീട്ടിലേക്ക് സന്ദർശനത്തിന് എത്തിയ പെങ്ങളുടെ മക്കളെ കൊണ്ട് വിടാനും ഏറെ ആഗ്രഹിച്ച ഒരു ക്ഷേത്രോത്സവം കൂടാനും വേണ്ടി നടത്തിയ ഒരു പ്ലാന്ഡ് യാത്ര.. പക്ഷേ കാറിലെ സ്ഥലപരിമിതി മൂലം നാടുകാണി വഴി നടത്തിയ യാത്ര പെരിന്തൽമണ്ണ എത്തിയപ്പോൾ ഞാൻ ബസിലേക്ക് മാറ്റി. കഥയിലെ ട്വിസ്റ്റെന്തെന്നു വച്ചാൽ കിട്ടിയ അവസരം ശരിക്കും ആസ്വദിച്ചു എന്നതാണ് സത്യം. വഴിക്കടവ് മുതൽ നിലമ്പൂർ വരെ പ്രമുഖന്റെ വഴിക്കടവ് സൂപ്പറിനെ പിടിക്കാൻ പരാക്രമം.. പക്ഷേ ശ്രമം വിഫലമാക്കി പ്രമുഖൻ കടന്നു കളഞ്ഞു..പെരിന്തൽമണ്ണ നിന്നും തൃശൂർ വരെ RSM 863(TSY) താമരശ്ശേരിയുടെ ഫാസ്റ്റ് പാസഞ്ചർ… ഏതാണ്ട് 1 മണിക്കൂർ 30 മിനിറ്റ് കൊണ്ട് തൃശൂർ എത്തി.. ഇടയ്ക്ക് വീട്ടുകാർ വിളിച്ചു ചോദിച്ചു താമരശ്ശേരിയുടെ തന്നെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിലാണോ എന്ന്.. ഞാൻ പറഞ്ഞു അല്ല തൃശൂർ ബസാണ് എന്ന്…

തൃശൂർ ഡിപ്പോയുടെ കവാടത്തിൽ എത്തിയപ്പോൾ അതാ വരുന്നു എറണാകുളം ഡിപ്പോയുടെ JN 334 ചിൽ ബസ്.. ഓടി അതിൽ കയറി.. പക്ഷേ ചിൽ ബസ് ചതിച്ചു.. എസിയ്ക്ക് പവർ പോരാ. ഏതാണ്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം സൗത്ത് സ്റ്റാൻഡിൽ ഫുഡും കഴിച്ചു പോസ്റ്റ്. ചാർജ് ചെയ്യാൻ കിടന്ന ഇലക്ട്രിക് ബസ് ഒന്ന് വലം വച്ച് നേരെ റിസർവേഷൻ കൗണ്ടറിൽ. അവിടിരുന്ന സാർ പറഞ്ഞു ഇലക്ട്രിക് ബസിന് റിസർവേഷൻ ഇല്ല എന്ന്. പകുതി ആശ്വാസം.. അന്വേഷണ കൗണ്ടറിൽ കൊല്ലത്തേക്ക് ബസ് ചോദിച്ചു. വൈകിട്ട് മൂന്നരയോടെ ചിൽ ബസ് ഉണ്ടെന്ന് പറഞ്ഞു. കിട്ടിയ ചിൽ ബസിൽ തിരക്കിനിടയിൽ ഒരു സീറ്റ് തരപ്പെടുത്തി ഇരുന്നപ്പോൾ ദാ വരുന്നു നമ്മുടെ കഥാനായകൻ. കക്ഷി വന്നപാടെ ട്രാക്ക് പിടിച്ചു.

ഇറങ്ങി ഓടി അതിലെ പിൻ വാതിലിന് അടുത്ത സീറ്റിൽ ഇരുന്നു. ചെറുപ്പക്കാരൻ ചുള്ളൻ ഡ്രൈവർ ചേട്ടൻ സ്മൂത്തായി വണ്ടി വിടുന്നു. തൃശൂർ സ്വദേശിയാണ് ഡ്രൈവർ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ കണ്ടക്ടർ.. അവർ പറഞ്ഞു. രാവിലെ നാലു മണിക്ക് തിരുവനന്തപുരത്ത് നിന്ന് എടുത്ത ബസ് 10 മണിയ്ക്ക് എറണാകുളം എത്തി. ചാർജ് ചെയ്യാൻ വേണ്ടി ആലുവ( എറണാകുളം-ആലുവ കാലി) വരെ പോയി. എറണാകുളം ഡിപ്പോയിലെ ചാർജർ ഇടയ്ക്ക് ഡ്രിപ്പ് ആകുന്നു എന്നതാണ് പ്രശ്നം. അഞ്ചര മണിക്കൂർ വിശ്രമം കഴിഞ്ഞ് ബസ് തിരിച്ചു 3.30 ന് തിരുവനന്തപുരത്തേക്ക്..

വൈറ്റില മൊബിലിറ്റി ഹബിൽ എത്തിയപ്പോൾ ഏകദേശം എല്ലാ സീറ്റുകളും ഫുൾ.. എല്ലാ ടിക്കറ്റുകളും ആലപ്പുഴയ്ക്ക് ശേഷം വന്നതിനാൽ വലിയ തടസ്സം ഇല്ലാതെ ഹരിപ്പാട് എത്തി. അതിനിടെ 30% ത്തിൽ എത്തിയ മൊബൈൽ ബാറ്ററി വൈറ്റില നിന്ന് ഹരിപ്പാട് എത്തുന്നതിനു മുൻപേ ഫുൾ യു എസ് ബി ചാർജ്ജ് ചെയ്തു. ഓരോ സീറ്റിലും 2 യു എസ് ബി പോർട്ട് വീതം നൽകിയിട്ടുണ്ട്. ഹരിപ്പാട് എത്തുന്നതിനു മുൻപ് ബസ്സിന്റെ ബാറ്ററി ചാർജ്ജ് 48.9%. അവിടെ ഏതാണ്ട് മുക്കാൽ മണിക്കൂർ ചാർജ്ജ് ചെയ്തു. രാത്രിയുടെ തിരക്കും ഇടയ്ക്ക് ഒരു ഉത്സവത്തിന്റെ തടസ്സവും കഴിച്ചു രാത്രി 8:30 ന് കൊല്ലത്ത് എത്തിച്ചു.

നല്ല വണ്ടി, വൈബ്രേഷൻ ഇല്ല.. സ്വകാര്യ ബസുകൾ എസിയ്ക്ക് ആശ്രയിക്കുന്ന ജ്യിംഗിയാണ് എ സി നൽകിയിരിക്കുന്നത്. സാധാരണ എസി വെന്റുകൾക്ക് പകരം കാറിന്റെ ഡാഷ് ബോർഡ് ടൈപ് വെന്റാണ്. അപകടം ഒഴികെ പലപ്പോഴും റീജിയണൽ വർക് ഷോപ്പിലേക്ക് ബസ് കൊണ്ട് പോകുന്നത് റീജിയണൽ വർക് ഷോപ്പിന് ഏറ്റവും അടുത്ത ഡിപ്പോയിലേക്ക് സർവീസായാണ്. ആലുവ റീജിയണൽ വർക് ഷോപ്പിൽ ചാർജ് ചെയ്യാൻ പോകുന്ന അവസരത്തിൽ കഴിയുമെങ്കിൽ 36 കിലോമീറ്റർ (18+18) സർവീസായി തന്നെ ഓടിക്കാൻ അനുവദിച്ചാൽ നന്നായിരിക്കും. നിലവിൽ ഹരിപ്പാട്ടുള്ള ചാർജ്ജിംഗ് പോയിന്റ് യാത്രക്കാരുടെ കൂടി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ആവശ്യമെങ്കിൽ ലഘുഭക്ഷണം കഴിക്കാനുമുള്ള സൗകര്യമൊരുക്കി കായംകുളത്ത് സജ്ജീകരിച്ചാൽ നല്ലതാണ്.