തുർക്കിയിൽ പോകുന്നവര്‍ക്ക് അമളി പിണയാതിരിക്കുവാന്‍…

വിവരണം – Zuhair Siddeeq.

തുർക്കിയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !!! ഇതൊരു സാധാരണ യാത്ര വിവരണത്തിനുപരി അവിടെ പോകുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്. കഴിഞ്ഞ ന്യൂ ഇയർ ദിവസം തുർക്കി വഴി പോകേണ്ട ഒരാവശ്യം ഉണ്ടായിരുന്നു . എനിക്ക് ആദ്യമേ തുർക്കി വിസ ഉള്ളതിനാൽ ഇസ്‌തമ്പുൾ ഒക്കെ ഒന്ന് കറങ്ങി യാത്ര തിരിക്കാം എന്ന് കരുതി ഞാൻ ആ ട്രാൻസിറ്റ് 24 മണിക്കൂർ ആക്കി നീട്ടി.

ഇസ്‌തമ്പുളിൽ പ്രധാനമായി രണ്ട് എയർപോർട്ട് ആണുള്ളത് .ഒന്ന് ഏഷ്യയിലും ഒന്ന് യൂറോപ്പ് അതിർത്തിയിൽ പെടുന്നതും. ഞാൻ ഇറങ്ങിയത് യൂറോപ്പ് ഭാഗത്തുള്ള അത്താതുർക് എന്ന എയർപോർട്ടിൽ ആയിരുന്നു. എയർപോർട്ട് സ്റ്റാഫ്‌സ് മിക്കവരും വളരെ മോശ സ്വഭാവം ആയിരുന്നു. പുറത്ത് ഇറങ്ങിയപ്പോൾ വിദേശി ആണെന്നറിഞ്ഞതിനാൽ സ്വകാര്യ ടാക്സിക്കാർ വന്ന് പൊതിഞ്ഞു. തുർക്കിയിൽ പോകുന്ന ആരും ആദ്യം പോകുന്ന സുൽത്താൻ അഹമദ് പള്ളിയിൽ തന്നെ ആദ്യം പോകാം എന്ന് ഉറപ്പിച്ചു.

എയർപോർട്ടിൽ നിന്ന് അതൊക്കെ കണ്ട് തിരിച്ച് വരാൻ ടാക്സിക്കാരൻ പറഞ്ഞതാക്കട്ടെ 100$. അവസാനം അത് സംസാരിച്ച് 70$ ഇൽ എത്തിച്ചു. ഞാൻ തിരികെ വരാം എന്ന് പറഞ്ഞ് ഇതിലും കുറഞ്ഞ യാത്രാ ബസ്സോ മറ്റോ ഉണ്ടോ എന്നറിയാൻ വീണ്ടും എയർപോർട്ടിൽ കയറി. അപ്പോഴാണ് മെട്രോയുടെ ബോർഡ് ശ്രദ്ധയിൽ പെട്ടത്. ഉള്ളിൽ കയറി അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ 100$ ,മെട്രോയിൽ പോയാൽ വെറും 6$ മാത്രമേ ആവുള്ളു(അതും 5 ട്രിപ്പിന്).

അങ്ങനെ മെട്രോ പാസ് എടുത്ത് 24 മണിക്കൂറിൽ കാണാവുന്ന സുൽത്താൻ അഹ്‌മദ് , അയ സൊഫീയ, ടോപ്കാപി , ബോസ്ഫറസ്, ടാക്സിം എന്നിവയൊക്കെ കണ്ടു.. ഇതിൽ വിവരിക്കാനും എല്ലാ യാത്രക്കാരുടെ ശ്രദ്ധയിൽ പെടുത്താനും ഉദ്ദേശിക്കുന്നത് ടാക്സിം സ്‌ക്വയറിൽ ഉണ്ടായ അനുഭവമാണ്…

ടാക്സിം സ്‌ക്വയർ ചരിത്ര പ്രധാനമായ ഒരു സ്ഥലമാണ്. ഞാൻ ടാക്സിം സ്‌ക്വയറിലെ ഷോപ്പിംഗ് സ്ട്രീറ്റ് എത്തുമ്പോൾ എന്റെ അടുത്ത ഫ്ലൈറ്റിന് ബാക്കിയുള്ളത് ഏതാണ്ട് 5 മണിക്കൂർ. ബോർഡിങ് പാസ്സ് കയ്യിൽ ഉള്ളതിനാൽ രണ്ടോ മൂന്നോ മണിക്കൂർ കറങ്ങി മെട്രോയിൽ എയർപോർട്ടിലേക്ക് പോകാം എന്ന് തീരുമാനിച്ചു.

ന്യൂ ഇയർ ആയതിനാൽ എല്ലാ സ്ഥലത്തും നല്ല തിരക്കുണ്ടായിരുന്നു. അവിടെ പ്രധാനമായുള്ള ഡോണർ കബാബ് ഒക്കെ കഴിച്ചു ടാക്സിം സ്ട്രീറ്റിൽ നടക്കുമ്പോൾ ഒരാൾ എന്നെ വന്ന് പരിചയപ്പെട്ടു. ഇന്ത്യക്കാരൻ ആണല്ലേ എന്ന് ചോദിച്ചു .എന്റെ അതെ എന്ന ഉത്തരം തീരും മുമ്പേ അയാൾക്ക് ഇന്ത്യയിൽ അറിയാവുന്ന സ്ഥലങ്ങളൊക്കെ ഇങ്ങോട്ട് പറഞ്ഞു. അയാൾക്ക് മുംബൈയിലും അവിടെയും ഇവിടെയുമൊക്കെ കുറെ സുഹൃത്തുക്കൾ ഉണ്ടെന്നും അയാൾ കൂട്ടി ചേർത്തു. എനിക്ക് ഫ്ലൈറ്റ് ഉണ്ട് എന്നൊക്കെ പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും അയാൾ വിട്ട് പോയില്ല. നല്ല മനസ്സറിഞ്ഞുള്ള സ്നേഹത്തോടെ അയാൾ സംഭാഷണം തുടർന്നു.

അയാൾ എനിക്ക് തുർക്കിയിലേക്ക് വരുന്ന എന്റെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ അയാളുടെ വിസിറ്റിങ് കാർഡ് തരാം എന്ന് പറഞ്ഞു, ഞാൻ തന്നോളൂ എന്ന് പറഞ്ഞപ്പോൾ അത് അയാളുടെ കടയിലാണ് എന്ന് ഉത്തരം തന്നു. നമ്മൾ നടന്നു കൊണ്ടിരിക്കുന്ന അതെ വഴിയിൽ ആണ് അയാളുടെ കട എന്നും അവിടെ നിന്ന് കാർഡ് എടുത്തിട്ട് എയർപോർട്ടിലേക്ക് പോയിക്കൊള്ളു എന്നും അയാൾ കൂട്ടിച്ചേർത്തു.

അങ്ങനെ അയാളുടെ കൂടെ നടന്ന് കൊണ്ടിരിക്കുമ്പോൾ അയാൾ ഇടത്തോട്ട് തിരിഞ്ഞു എന്നിട്ട് എന്നോടും അങ്ങോട്ട് പോകാൻ പറഞ്ഞു. എന്റെ മെട്രോ സ്റ്റേഷൻ ആ വഴിയല്ല എന്ന് പറഞ്ഞപ്പോൾ ” ദേ കാണുന്നതാണ് എന്റെ ഷോപ്പ് ” എന്ന് മുന്നിൽ കാണുന്ന ഷോപ്പ് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു. ആ കാർഡ് എടുത്തിട്ട് തുർക്കിയിലേക്ക് വരുന്ന സുഹൃത്തുക്കൾക്കൊക്കെ കൊടുത്തോ എന്ന് വളരെ മാന്യമായി സ്നേഹത്തോടെ പറഞ്ഞു.

അയാളുടെ കൂടെ ഇടത്തോട്ട് തിരിഞ്ഞ് ആ കടയുടെ മുന്നിൽ എത്തിയപ്പോൾ അയാൾ ഉള്ളിൽ കയറി. ആ കട കണ്ടിട്ട് എനിക്ക് എന്തോ പന്തികേട് തോന്നിയിരിന്നു. പുറത്തെ കവാടത്തിൽ കറുത്ത തുണി വിരിച്ചിരുന്നു. അകത്തു മിന്നാമിനുങ്ങ് പോലെയുള്ള ചെറിയ വെളിച്ചം മാത്രം.അത് കൊണ്ട് തന്നെ ഞാൻ പുറത്ത് നിന്നു. അയാൾ എന്നോട് നീ എന്താ കയറാത്തത് എന്ന് ചോദിച്ചു. നിങ്ങൾ പോയി കാർഡ് എടുത്തിട്ട് വാ, ഞാൻ ഇവിടെ നിന്നോളാം എന്ന് ഞാൻ മറുപടി കൊടുത്തു.

വീണ്ടും അകത്തേക്ക് പോകാൻ നിർബന്ധിച്ചപ്പോൾ ഞാൻ വീണ്ടും അതെ ഉത്തരം കൊടുത്തു.. അതോടെ അയാളുടെ സ്നേഹവും മാന്യതയും എല്ലാം ഒരു നിമിഷം കൊണ്ട് കത്തി ചാമ്പലായി .നല്ല ചൂടിൽ അയാൾ എന്തൊക്കെയോ എന്നോട് പറഞ്ഞു. അവിടെ നിന്നാൽ ഡാർക്ക് സീൻ ആവും എന്നറിഞ്ഞതും ഞാൻ പെട്ടെന്ന് തന്നെ അവിടന്ന് ഓടി രക്ഷപ്പെട്ടു.

ഇതൊരു ഒറ്റപ്പെട്ട സംഭവം ആയിരിക്കും എന്ന് കരുതി എഴുതാൻ കരുതിയിരുന്നില്ല.. ഇതിപ്പോ ഇവിടെ കുറിക്കാൻ കാരണം, എന്റെ ഒരു സുഹൃത്തിന് ഈ അടുത്ത കാലത്ത് സമാന അനുഭവം ഇതേ സ്ഥലത്ത് വച്ചുണ്ടായി. അവൻ പാകിസ്ഥാനി ആയിരുന്നു, ആയതിനാൽ എന്നോട് മുംബൈ എന്നൊക്കെ അടിച്ച പോലെ അവനോട് പാക്കിസ്ഥാനില കുറെ സ്ഥലങ്ങൾ അവനോടും അവർ കാച്ചി. പക്ഷെ ഞാൻ അകത്തു കയറാതെ നിന്നു പക്ഷെ അവൻ അയാളെ വിശ്വസിച്ച് അകത്തേക്ക് കയറി.

അവൻ അകത്തു കയറിയതും ഒന്ന് രണ്ട് തടി മാടന്മാരായ ഗുണ്ടകൾ വളയുകയും, അവന്റെ അരികിൽ പെണ്ണും മദ്യവും കൊണ്ട് വെക്കുകയും ഒരു ബില്ലും കൊടുത്തിട്ട് അത് അടച്ചിട്ട് പോകാൻ പറഞ്ഞു. അവൻ ബില്ല് നോക്കിയപ്പോൾ 600$. അത് അടച്ചില്ലെങ്കിൽ അവന്റെ പാസ്പോർട്ട് കീറി കളയുമെന്നും ഭീഷണിപ്പെടുത്തി. അവന്റെ കയ്യിലുണ്ടായ പത്ത് നാല്പത് ഡോളർ അവർക്ക് കൊടുത്ത് അവൻ എങ്ങനെയൊക്കെയോ ഓടി രക്ഷപ്പെട്ടു. ഇത് കേട്ടപ്പോൾ എന്നോട് അകത്തേക്ക് കയറരുതെന്ന് തോന്നിപ്പിച്ച സർവശക്തനെ സ്തുതിച്ചു.

ഇത് അറിഞ്ഞതോടെ ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും ഇത് ആളുകളെ അറിയിച്ച് ബോധവത്കരിക്കണം എന്നുള്ള ഉദ്ദേശത്തിലുമാണ് ഈ കുറിപ്പ് എഴുതുന്നത്..