കെഎസ്ആർടിസിയുടെ സ്കാനിയ ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ടു. കർണാടകയിലെ ഗുണ്ടൽപേട്ടിനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും സാരമായ പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. കേട്ടപ്പോൾ ആദ്യം ആളുകളെയെല്ലാം ഞെട്ടിച്ചുകളഞ്ഞ ആ അപകടത്തിന്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
തിരുവനന്തപുരത്തു നിന്നും കർണാടകയിലെ മൈസൂരിലേക്ക് പോകുകയായിരുന്ന RP 657 നമ്പർ ബസ്സായിരുന്നു അപകടത്തിൽപ്പെട്ടത്. ഓട്ടത്തിനിടെ ബസ് ഡ്രൈവർ സുനിലിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ബസ്സിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്നാണ് കർണ്ണാടകയിലെ ഗുണ്ടൽപേട്ടിനടുത്തുള്ള ഭീമൻപേട് ടോൾ ബൂത്തിന് സമീപം ബസ് റോഡിൽ നിന്നും തെന്നി നീങ്ങിയത്. റോഡിൽ നിന്നും വഴിയരികിലെ കമ്പിവേലി ഇടിച്ചുപൊളിച്ച് കുറച്ചുദൂരം കൃഷിയിടത്തിലൂടെ ഓടിയ ബസ് പിന്നീട് കൃഷിയിടത്തിലെ ചെളിയിൽ ചക്രം പൂണ്ടതോടെ നിൽക്കുകയായിരുന്നു.
അപകടത്തിൽ ബസ്സിന്റെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. കൂടാതെ പിൻവശത്തെ ഗ്ലാസ് വിൻഡോയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തിനിടയിലും ഡ്രൈവർ സുനിലിന്റെ മനസാനിധ്യം കാരണമാണ് വൻ അപകടം ഒഴിവായത് എന്ന് ബസ്സിലെ യാത്രക്കാർ അഭിപ്രായപ്പെടുന്നു. കടുത്ത പനി കാരണം രണ്ട് ദിവസം ലീവിലായിരുന്ന സുനിൽ കഴിഞ്ഞ ദിവസമാണ് വീണ്ടും ഡ്യൂട്ടിക്ക് കയറിയത്. ഡ്രൈവർ ക്ഷാമം അനുഭവപ്പെടുന്നതിനാൽ ജീവനക്കാർക്ക് ആവശ്യത്തിന് ലീവ് അനുവദിച്ചു കിട്ടുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.
ഇന്ന് രാവിലെ 8.30 യോടെ ബസ് ഓടിക്കുന്നതിന്നിടെ ഡ്രൈവർ സുനിലിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയും, അദ്ദേഹം അർദ്ധ ബോധാവസ്ഥയിലാകുകയും തുടർന്നു റോഡിൽ നിന്നും ബസ് തെന്നി നീങ്ങുകയുമായിരുന്നു. ബസ് അപകടത്തിൽപ്പെടുന്നത് കണ്ട് പുറകെയെത്തിയ ഒരു ബത്തേരി സ്വദേശിയാണ് ഡ്രൈവറേയും കാലിന് നിസാര പരിക്കേറ്റ കൽപ്പറ്റ സ്വദേശി ഷാജിനെയും ഗുണ്ടൽപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ ആരോ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് അപകടവിവരം പുറംലോകം അറിയുന്നത്. അപകടം ഉണ്ടായി എന്നുള്ള വിവരം ആദ്യം അറിഞ്ഞപ്പോൾ എല്ലാവരും വളരെ പരിഭ്രമിച്ചെങ്കിലും, ആളപായമൊന്നും സംഭവിക്കാതിരുന്നതിനാൽ പിന്നീട് ആശ്വാസമായി. ഡ്രൈവർമാരുടെ ആരോഗ്യ സ്ഥിതിയും മാനസികാവസ്ഥയും കണക്കിലെടുത്തു ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാൻ കെഎസ്ആർടിസി അധികൃതർ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. ഇനി ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ…
വാർത്തയ്ക്ക് കടപ്പാട് – അബുതാഹിർ സി.എം.