കെഎസ്ആർടിസിയുടെ അഭിമാനം കാത്തുസൂക്ഷിച്ച് നമ്മുടെ ഗതാഗതമന്ത്രി; തലതാഴ്ത്തി കർണാടക…

“KSRTC സ്‌കാനിയ ബസ് കർണാടക പിടിച്ചെടുത്തു; കേരളം തിരിച്ചടിച്ചതോടെ വിട്ടയച്ചു…” പൊതുവെ കേരള വാഹനങ്ങൾ കണ്ടാൽ അൽപ്പം കലിപ്പാകുന്ന ചരിത്രമാണ് കർണാടക മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പണ്ടുമുതലേയുള്ളത്. ഇത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ കഴിഞ്ഞ ദിവസം കേരള ആർടിസിയുടെ സ്‌കാനിയ ആഡംബര ബസ്സാണ് ബെംഗളൂരുവിനു സമീപത്തു വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

കോട്ടയം ബെംഗളൂരു റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന വാടക സ്‌കാനിയ ബസ് യാത്രക്കാരുമായി ഓടുന്നതിനിടെ, യാത്രക്കാരെ വഴിയിലിറക്കി കർണാടക MVD ധാർഷ്ട്യം കാണിച്ചത്. ബസ് ഡ്രൈവറുടെ ലൈസൻസും ബസ്സിന്റെ രേഖകളും അവർ പിടിച്ചു വാങ്ങുകയും ചെയ്തു. ഒരു സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സർവ്വീസ് നടത്തുന്ന ബസ് പിടിച്ചെടുക്കുന്നതിനു മുൻപ് സർക്കാരിനെ (ഡിപ്പാർട്ട്മെന്റിന്റെ) അറിയിക്കുക എന്നസാമാന്യ മര്യാദ പോലും കർണാടക MVD ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും ഉണ്ടായില്ല. ജീവനക്കാർ വിളിച്ചു പറഞ്ഞതനുസരിച്ചാണ് കേരള ആർടിസി അധികൃതർ സംഭവം അറിയുന്നത്.

പ്രധാനമായും രണ്ടു ആരോപണങ്ങൾ ഉന്നയിച്ചാണ് ബസ് പിടിച്ചെടുത്തത്. വാടക ബസ് എടുത്ത് ടിക്കറ്റ് വെച്ച് ആളുകളെ കയറ്റിക്കൊണ്ടു സർവീസ് നടത്തുകയും തന്മൂലം പെർമിറ്റ് ചട്ടം ലംഘിച്ചു എന്നതായിരുന്നു കർണാടക കണ്ടെത്തിയ കുറ്റങ്ങളിൽ ഒന്ന്. എന്നാൽ കെഎസ്ആർടിസി ബസ്സുകൾക്ക് ഇത്തരത്തിൽ വാടകയ്ക്ക് എടുത്ത ബസ്സിൽ യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്നതിനുള്ള പെർമിറ്റ് നിലവിലുണ്ട്. ഇക്കാരണം ജീവനക്കാർ ചൂണ്ടിക്കാണിച്ചെങ്കിലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അതൊന്നും ചെവിക്കൊണ്ടില്ല.

ബസ്സിൽ പരസ്യം പതിച്ചു എന്നതായിരുന്നു രണ്ടാമത് കണ്ടെത്തിയ കുറ്റം. എന്നാൽ ഈ പറയുന്ന ഉദ്യോഗസ്ഥരുടെ മൂക്കിന് തുമ്പിലൂടെ ഇത്തരത്തിൽ പരസ്യങ്ങളും പതിച്ചുകൊണ്ട് BMTC ബസ്സുകൾ സർവ്വീസ് നടത്തുന്നതിൽ അവർക്ക് യാതൊരു വിധ കുറ്റവും കണ്ടെത്താനായില്ല. പിടിച്ചെടുത്തതിനു ശേഷം ബസ് കർണാടക ആർടിസി ഗാരേജിലേക്ക് മാറ്റുകയുമായി. ഇതേ ബസിൽ തിരികെ കേരളത്തിലേക്ക് യാത്രക്കാർ സീറ്റുകൾ ബുക്ക് ചെയ്ത് യാത്രയ്ക്കായി നിൽക്കുമ്പോഴാണ് ഈ സംഭവങ്ങൾ.

വിവരമറിഞ്ഞ കെഎസ്ആർടിസി അധികൃതർ കർണാടക ഉദ്യോഗസ്ഥരുമായി വളരെയേറെ ചർച്ചകൾ നടത്തിയങ്കിലും തങ്ങളുടെ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കർണാടക. തുർന്ന് രാത്രിയോടെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ സംഭവത്തിൽ ഇടപെട്ടു. സമാന രീതിയിൽ കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന കർണാടക ആർടിസി ബസ്സുകളിൽ പരിശോധന നടത്തുവാൻ കേരള മോട്ടോർവാഹന വകുപ്പിനോട് മന്ത്രി ഉത്തരവിട്ടു. ഇതിനെത്തുടർന്ന് കേരളത്തിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന കർണാടക ആര്ടിസിയുടെ ഏഴോളം ബസ്സുകൾ കേരള മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയുണ്ടായി.

അതേ നാണയത്തിൽത്തന്നെ കേരളവും തിരിച്ചടിക്കുകയാണെന്നു ബോധ്യം വന്നതോടെ അത്രയും നേരം കർക്കശ മനോഭാവം പുലർത്തിയിരുന്ന കർണാടക ഉദ്യോഗസ്ഥർ തങ്ങളുടെ തരുമാനത്തിൽ അയവു വരുത്തുകയും പിടിച്ചു വെച്ചിരുന്ന കേരള ആർടിസിയുടെ സ്‌കാനിയ ബസ് രാത്രിയോടെ തന്നെ വിട്ടയയ്ക്കുകയും ചെയ്‌തു. ഇത്തരത്തിൽ അനാവശ്യ ചെക്കിംഗുകൾ നടത്തി സർവ്വീസുകൾ മുടക്കുന്നത് പ്രൈവറ്റ് ലോബിയെ സഹായിക്കുവാനാണെന്ന ആരോപണം ഇപ്പോൾ ശക്തമാകുകയാണ്.