പൂരങ്ങളുടെ നാട് എന്നാണ് തൃശ്ശൂർ അറിയപ്പെടുന്നത്. വെറുതെ പറയുന്നതല്ല സത്യമാണ് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം മുതൽ ജില്ലയിലുടനീളം പൂരങ്ങളുടെ കളിയല്ലേ.. നാട് പൂരത്തിനൊപ്പം ആകുമ്പോൾ നാട്ടുകാരുടെ കാര്യം പറയാനുണ്ടോ? ചെണ്ട, ആന, പൂരം – ഒരു ശരാശരി തൃശ്ശൂർക്കാരന്റെ രക്തത്തിൽ അറിഞ്ഞിരിക്കുന്നത് ഈ മൂന്നു കാര്യങ്ങളായിരിക്കും. പൂരങ്ങൾ അരങ്ങു തകർക്കുമ്പോൾ അത് ആസ്വദിക്കുവാനെത്തുന്നവരും ഏറെയാണ്. അപ്പോൾ ഒരു ചോദ്യം – കേരളത്തിലെ ഏറ്റവും വലിയ പൂരപ്പ്രേമിയും മേളാസ്വാദകനും ആരായിരിക്കും? തലപുകഞ്ഞു ആലോചിക്കേണ്ട. പൂരപ്രേമികളല്ലാതെ അധികമാരും അറിയാത്ത ഒരാളാണ് അത്. പേര് ടൈറ്റസ് ഈനാശു. തൃശ്ശൂർ അരണാട്ടുകര സ്വദേശി. കേരളം കണ്ട ഏറ്റവും വലിയ മേളാസ്വാദകൻ. തൃശ്ശൂർക്കാരുടെ സ്വന്തം ടൈറ്റസേട്ടൻ..
ചെറുപ്പം മുതലേ മേളക്കമ്പം തലയ്ക്ക് പിടിച്ച ആളൊന്നുമല്ല ടൈറ്റസേട്ടൻ. തൻ്റെ 39 ആം വയസ്സു വരെ മേളമോ പൂരമോ ഒന്നും കാണാത്ത എന്തിനേറെ പറയുന്നു പെരുവനം കുട്ടന്മാരാരെ പോലും അറിയാത്ത ഒരാളായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരിൽ ജോലി ചെയ്യുന്നതിനിടെയാണ് ടൈറ്റസേട്ടൻ ആദ്യമായി മേളം ആസ്വദിക്കുന്നത്. പിന്നീടങ്ങോട്ട് പൂരപ്പറമ്പുകളുടെ നിറസാന്നിദ്ധ്യമായി മാറിയ ചരിത്രമാണ് ടൈറ്റസേട്ടന്റേത്.
പൂരപ്പറമ്പിൽ മേളം താളത്തിൽ കൊട്ടിക്കയറുമ്പോൾ എല്ലാവരിൽ നിന്നും അൽപ്പം മാറിനിന്നുകൊണ്ട് ആരെയും ശ്രദ്ധിക്കാതെ ചെണ്ടക്കോലുകൾക്കൊപ്പം തുള്ളുന്ന ആളെ കണ്ടാൽ പരിചയമില്ലാത്തവർ ഏതോ മദ്യപാനിയാണെന്നു വിചാരിക്കും. പക്ഷേ ആളെക്കുറിച്ച് അറിയുമ്പോൾ ആരും അന്തംവിട്ടു പോകും. എക്സൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് ടൈറ്റസ്. ജോലിക്കിടയിലും അദ്ദേഹം കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പൂരപ്പറമ്പുകളിൽ എത്താൻ സമയം കണ്ടെത്തുന്നു. മറ്റുള്ളവരുടെ പരിഹാസമോ ഒന്നും ഒരു പ്രശ്നമേയല്ലാത്ത മ്മടെ ടൈറ്റസ് ചേട്ടൻ ശെരിക്കും ഒരു മരണ മാസ് ആണ്…“ചെണ്ടമേള ചിറകേറി സ്വർഗ സഞ്ചാരമിങ്ങനെ, ലോകവിസ്മയ നൃത്തത്തിൻ ലയ സാധക ദൗത്യമായ്, അകംപൂകി വിളയുന്ന ശുദ്ധപഞ്ചാരി സഞ്ചാരം ടൈറ്റസ്, നൃത്ത മാതൃകക്കെതിരില്ലാത്ത മേളമ്പം” – ടൈറ്റസേട്ടനക്കുറിച്ച് ആരോ എഴുതിയ വരികളാണിവ.
ശരിയായ മേളവും താളവും തിയറികളായി അറിയില്ലെങ്കിലും മേളാസ്വാദനത്തിന്റെ വേറിട്ട ലെവലുകൾ ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം. മേളത്തോട് ഇത്രയും ആരാധനയും ആസ്വാദനവുമുള്ള ഒരു പച്ച മനുഷ്യൻ ഭൂമി മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൂരത്തിന് സെൽഫിയുടെയും ആനയുടെയും പുറകെ പോകുന്നത് സ്വാഭാവികമായ ഈ കാല ഘട്ടത്തിൽ സഭാകമ്പത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ച് ആസ്വാദന മികവിന്റെ പൂർണതയോടെ മേള സ്ഥലത്തു വിരാജിക്കുകയാണ് ടൈറ്റസ് ചേട്ടൻ. എല്ലാവർഷവും എക്സൈസ് ജീവനക്കാരുടെ വഴിപാട് മേളത്തിന് മേളക്കാരെ നയിച്ച് ശബരിമലയിൽ എത്തുന്നതും ടൈറ്റസ് ചേട്ടൻ തന്നെ. മേളക്കാർക്ക് പിഴച്ചാലും ടൈറ്റസ് ചേട്ടന് പിഴക്കില്ല എന്ന ഒരു ചൊല്ലുകൂടി ഉണ്ട്. അത്രയും perfect ആണത്രെ അദ്ദേഹത്തിന്റെ ചലനങ്ങൾ.
ഇന്ന് കേരളത്തിലെ മേളക്കാരുടെ പരിചയക്കാരൻ കൂടിയാണ് ടൈറ്റസേട്ടൻ. മേളത്തിനു പോകുമ്പോൾ ചിലർ ടൈറ്റസേട്ടനെയും കൂടെ ക്ഷണിക്കാറുണ്ടത്രെ. ഈയിടെ ബഹ്റിനിലെ ആസ്വാദക സംഘം നടത്തിയ വാദ്യ സംഗമം ~ 2018 എന്ന ചടങ്ങിൽ അദ്ദേഹത്തെ വിളിച്ചു ആദരിക്കുകയുണ്ടായി. സംസാരത്തിലും പെരുമാറ്റത്തിലും ഇത്രയും നിഷ്കളങ്കതയും സത്യ സന്ധതയും പുലർത്തുന്ന അദ്ദേഹത്തെ, ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ മറക്കില്ല. മേളത്തെ കുറിച്ചുള്ള നല്ല കാഴ്ചപ്പാടും അതിന്റെ ആസ്വാദന മേഖലയെ വിലയിരുത്തുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവും ഒന്ന് വേറെ തന്നെയാണ്.
വർഷങ്ങളായി തൃശ്ശൂർ പൂരത്തിൻ്റെ ഒരു അവിഭാജ്യഘടകമായി ടൈറ്റസേട്ടനും ഉണ്ട്. പൂരം ആസ്വദിക്കുന്നതിനു പുറമെ ടൈറ്റസേട്ടൻ്റെ ആസ്വാദനം കാണുക എന്ന ലക്ഷ്യത്തോടെ പൂരപ്പറമ്പിലേക്ക് വരുന്നവരും ധാരാളമാണ്. തൃശ്ശൂരിലെയെന്നല്ല, കേരളത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട പൂരപ്പറമ്പുകളിലും ടൈറ്റസേട്ടൻ നിറസാന്നിധ്യമാണ്. ആർക്കും ശല്യമുണ്ടാക്കാതെ പൂരപ്പറമ്പിലെ ഒരു കോണിൽ നിന്ന് തന്റേതായ ലോകത്തിൽ, മേളത്തിലും താളത്തിലും ലയിച്ച്, അതിൻ്റെ ഉയർച്ച താഴ്ചയ്ക്കൊപ്പം ചുവടുകൾ വെച്ചുകൊണ്ട് പൂർണ്ണമായ തലത്തിൽ മേളാസ്വാദനം നടത്തുന്ന ടൈറ്റസേട്ടൻ ഒരു പ്രതിഭാസം തന്നെയാണ്.
ടൈറ്റസേട്ടനെ പോലെ ഒരുപാടുപേരുണ്ട് നമ്മുടെ കണ്ണില്‍പ്പെടാത്തവര്‍ ഒരു ആയുഷ്ക്കാലത്തിന്റെ ഏറിയപങ്കും പൂരപ്പറമ്പുകളില്‍ വൃശ്ചിക മഞ്ഞും മേടച്ചൂടും ഏറ്റുവാങ്ങി മേളത്തിന് താളം പിടിച്ചും കരിയുടെ നിഴല്‍പ്പറ്റിയും കരിമരുന്നിന്റെ പുക ശ്വസിച്ചും ആര്‍ക്കും പിടികൊടുക്കാത്തവര്‍. ആരോടും പരാതിയോ പരിഭവമോ പറയാത്തവര്‍. അവരുടെ കൂടിയാണ് ഓരോ പൂരങ്ങളും.
വിവരങ്ങൾക്ക് കടപ്പാട് – തൃശ്ശിവപേരൂർ പേജ്, tourismnewslive, ചിത്രങ്ങൾ – കടപ്പാട്.