വിവരണം – സുമിത്ത് സുരേന്ദ്രൻ.
കുറേ നാളുകൾക്കു ശേഷമാണ് എഴുതുന്നത്. കാര്യമാത്രപ്രസക്തമായ എന്തെങ്കിലുമുള്ളപ്പോൾ എഴുതാമെന്ന് വിചാരിച്ചു. ഭക്ഷണപ്രിയരായ നമ്മളേപോലുള്ളവർക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനും, അവയെ പരിചയപ്പെടുത്താനും, എഴുതാനുമുള്ള അവസരം ഈ കാലഘട്ടത്തിൽ ഇല്ലല്ലോ, അതാണ് പ്രധാന കാരണവും. എല്ലാവരും സേഫായിരിക്കുന്നു എന്ന് കരുതുന്നു.
ഇപ്പോഴത്തെ ഒരു പ്രശ്നമെന്ന് പറയുന്നത്, പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് തന്നെയാണല്ലോ. സമ്പൂർണ്ണ ലോക്ക്ഡൗൺ കഴിഞ്ഞ് ജോലിക്കു പോകാൻ തുടങ്ങിയ ശേഷം ഉച്ചയ്ക്കത്തേക്കുള്ളത് വീട്ടിൽ നിന്ന് കൊണ്ടുപോയില്ലെങ്കിൽ പിന്നെ അത് തത്രപ്പടുത്തുന്നത് ഒരു ശ്രമകരമായ പണി തന്നെയാണ്. കാരണം ഈ സമയത്ത് വിശ്വാസത്തോടെ, എന്നാൽ ആഗ്രഹിക്കുന്ന രുചിയോടെ എവിടെ നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും എന്നത് തന്നെ കാരണം.
പിന്നെ, കാണുമ്പോൾ നമുക്ക് തോന്നുന്ന വിശ്വാസത്തിന്റെ പുറത്ത് (അതാണല്ലോ പ്രധാനം) കഴിക്കാനല്ലേ സാധിക്കൂ. അങ്ങനെയാണ് ഇന്ന് വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവരാതിരുന്നപ്പോൾ ഉച്ചയ്ക്കത്തേക്കുള്ള ഓപ്ഷൻസ് തപ്പിയത്. ഉച്ചയ്ക്കൊന്ന് ഉണ്ടാൽ ആണല്ലോ നമ്മുടെ വയറും, ഒപ്പം മനസ്സും നിറയുന്നത്. അങ്ങനെ ഒരു “നൊക്ളാഞ്ചിയ”ക്ക് വേണ്ടി പൊതിച്ചോറുണ്ണാം എന്ന് വിചാരിച്ചത്.
തപ്പി തപ്പി “ഉച്ചവണ്ടി” UchaVandi (9645060123) എന്ന കൊച്ചിയിലെ പൊതിച്ചോറ് സെറ്റപ്പിൽ വിളിച്ച് ഒരു “ബീഫ് പൊതിച്ചോർ” (Rs.130) ഓർഡർ ചെയ്തു. “സംഭവം ശരിയാകുമോ, വേണ്ട പ്രിക്കോഷൻസൊക്കെ എടുത്തിട്ടുണ്ടാകുമോ?” എന്നുള്ള ടെൻഷനൊക്കെ ഉണ്ടായിരുന്നു. ഒരു മണിയായപ്പോൾ തന്നെ സംഭവം എത്തിച്ചപ്പോൾ, വിശന്നിരിക്കേണ്ടി വന്നില്ലല്ലോ എന്ന സമാധാനമുണ്ടായിരുന്നു.
സത്യം പറയട്ടെ, എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതിന്റെ പാക്കിംഗ് തന്നെയായിരുന്നു. പ്ളാസ്റ്റിക്ക് പൂര്‍ണമായി ഒഴിവാക്കി, വളരെ ഇക്കോ-ഫ്രണ്ട്ലി ആയ പാക്കിംഗ് ആയിരുന്നു. പേപ്പർ ബാഗിലായിരുന്നു ഊണ് കൊണ്ടു തന്നതു പോലും. അത് കണ്ടപ്പോൾ തന്നെ “കാഴ്ചയിലെ വിശ്വാസം” ഉണ്ടായി.
ആദ്യമായിട്ടാണ് പൊതിച്ചോറിന്റെ കൂടെ കഴിക്കുന്നവരുടെ രുചിയേയും, സംതൃപ്തിയേയും കരുതി ഉപ്പിന്റെ ഒരു ചെറിയ പാക്കറ്റും, രണ്ട് നാടൻ ചെറുപഴവും വയ്ക്കുന്നത് കാണുന്നത്. കൂടാതെ പൊതിക്ക് പുറത്തു തന്നെ നല്ല “ഉണക്കചെമ്മീൻ” ഇടിച്ച ചമ്മന്തി പ്രത്യേകം വാഴയിലയിൽ പൊതിഞ്ഞ് (അഥവാ ഇനി ഉണക്കമീനോ, ചെമ്മീനോ ഇഷ്ടമല്ലാത്തവർക്ക് ബുദ്ധിമുട്ടാകാതിരിക്കാനായിരിക്കും പ്രത്യേകം വച്ചത്, അത് നല്ല ഐഡിയ ആയിരുന്നു) വച്ചിരുന്നത് എന്നെ ഹടാദാകർഷിച്ചു. ഫുഡ് പേപ്പറും, പേപ്പർ വാഴയിലയും, അതിനുള്ളിൽ നല്ല തൂശനിലയും ഉള്ള കിടിലൻ പൊതി ആയിരുന്നു, നല്ല പണി എടുത്തിട്ടുണ്ടെന്നു സാരം.
പൊതി തുറന്നപ്പോ “എന്റെ സാറേ, ചുറ്റും നടക്കുന്നതൊന്നും അറിയാൻ പറ്റൂല്ല…” ആ ചൂടു ചോറിന്റേയും, വാഴയിലയുടേയും, മുട്ട പൊരിച്ചതിന്റേയും, ബീഫിന്റേയും, എല്ലാം കൂടെ ചേര്‍ന്നൊരു മണം ആ “നൊക്ളാഞ്ചിയ” നിങ്ങളിൽ ഇങ്ങനെ അങ്ങ് നിറയ്ക്കും. ഒപ്പം പഴയ സ്കൂൾ കാലഘട്ടവും, അമ്മയുടെ പൊതിച്ചോറും.
മൊര് മൊരാന്നുള്ള ബീഫ് ഫ്രൈ വാഴയിലയിൽ പ്രത്യേകം പൊതിഞ്ഞ് വച്ചത് നന്നായി. ആ എണ്ണയും മസാലയും ഫ്ലേവറുമൊന്നു ചോറിൽ കലർന്നില്ല. മേമ്പൊടിക്ക് നല്ല ചീരയില തോരനും, നാരങ്ങ അച്ചാറും, മുളക് കൊണ്ടാട്ടവും. പിന്നെ പ്രത്യേക കവറിലായി സാമ്പാറും, മീൻ ചാറും. ഇല വടിച്ചു തുടച്ച് മുഴുവനും ഉണ്ടു കഴിഞ്ഞ്, രണ്ടു പഴവും കൂടെ “കുത്തികയറ്റി” എമ്പക്കവും വിട്ട് കഴിഞ്ഞപ്പോൾ വയറ് നിറഞ്ഞു, ഒപ്പം മനസ്സും. “വീണ്ടും കാണാം” എന്ന് പറഞ്ഞ് ഇലയും, പേപ്പറും, കവറുമെല്ലാം മടക്കി എഴുന്നേറ്റപ്പോൾ നല്ല സംതൃപ്തി ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കഴിയുമ്പോൾ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നതും അതാണല്ലോ.