മൂകാംബിക ദർശനത്തിനു ശേഷം ഞാൻ പിന്നീട് പോയത് ഉഡുപ്പിയിലേക്ക് ആയിരുന്നു. കർണാടകയിലെ പ്രസിദ്ധമായ ഒരു സ്ഥലമാണ് ഉഡുപ്പി. പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഉഡുപ്പിയിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. മൂകാംബികയിലേക്ക് യാത്ര വരുന്നവർക്ക് വേണമെങ്കിൽ ഒരു ദിവസം ഉഡുപ്പിയിലും തങ്ങുവാൻ സാധിക്കും. ഉഡുപ്പിയിൽ വന്നാൽ വ്യത്യസ്തങ്ങളായ ഉഡുപ്പി സ്പെഷ്യൽ ഭക്ഷണങ്ങൾ രുചിക്കുകയും ഒപ്പം ചെറിയ രീതിയിലുള്ള ഷോപ്പിംഗുകൾ നടത്തുകയും ഒക്കെ ചെയ്യാവുന്നതാണ്.
മൂകാംബിക ബസ് സ്റ്റാൻഡിൽ നിന്നും ഉഡുപ്പി വഴി മംഗലാപുരത്തേക്ക് പോകുന്ന ഒരു പ്രൈവറ്റ് സൂപ്പർ എക്‌സ്പ്രസ്സ് ബസ്സിലായിരുന്നു എൻ്റെ യാത്ര. ഏകദേശം രണ്ടു മണിക്കൂറോളം യാത്രയ്ക്ക് എടുക്കുമെന്ന് ഡ്രൈവർ അണ്ണൻ എന്നോട് പറഞ്ഞു. 80 കിലോമീറ്റർ ദൂരമുള്ള ഈ യാത്രയ്ക്ക് 86 രൂപയായി. എക്സ്പ്രസ്സ് ചാർജ്ജ് ആയതിനാലാണ് ഇത്ര റേറ്റ്. എന്നാലും ഇതിത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം.
രണ്ടു മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം ഞാൻ ഉഡുപ്പി ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. ബസ് സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ച് ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തേക്ക് ഞാൻ പോയി. എങ്ങനെ ചെലവു കുറച്ച് റൂം എടുക്കാം എന്നതായിരുന്നു എൻ്റെ അന്വേഷണം. ക്ഷേത്രത്തിനു സമീപത്തായി ധാരാളം ലോഡ്‌ജുകൾ ഉണ്ട്. പക്ഷെ ഞാൻ ഒറ്റയ്ക്ക് ആയിരുന്നതിനാലാണോ എന്തോ റൂം തരാൻ അവർക്കെന്തോ മടി പോലെ.
അങ്ങനെ രണ്ടു മൂന്നു ലോഡ്ജുകൾ കയറിയിറങ്ങിയ ശേഷം ഞാൻ വിദ്യാസമുദ്ര ട്രസ്റ്റ് എന്നു ബോർഡ് വെച്ചിട്ടുള്ള ഒരു ഗസ്റ്റ് ഹൗസിൽ എത്തി. എന്തോ ഭാഗ്യത്തിന് അവിടെ എനിക്ക് റൂം ലഭിച്ചു. 400 രൂപയുടെ ഡബിൾ ബെഡ്റൂം ആയിരുന്നു ഞാൻ തിരഞ്ഞെടുത്തത്. റൂമൊക്കെ അടിപൊളി. എന്തായാലും 400 രൂപയ്ക്ക് അത് ലാഭം തന്നെയാണ്. ഉഡുപ്പി ക്ഷേത്രത്തിനു തൊട്ടടുത്തായായിരുന്നു ഞാൻ റൂമെടുത്ത ഗസ്റ്റ് ഹൗസ്. അവിടത്തെ ഒന്നാം നിലയിൽ നിന്നാൽ ക്ഷേത്രവും ക്ഷേത്രക്കുളവുമെല്ലാം നന്നായി കാണുവാൻ സാധിക്കുമായിരുന്നു.
കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം കുളിച്ചു ഫ്രഷായി ഞാൻ പുറത്തേക്ക് ഇറങ്ങിയിട്ട് ഉഡുപ്പിയിലുള്ള എൻ്റെ കുറച്ചു സുഹൃത്തുക്കളുമായി ഉഡുപ്പി സ്പെഷ്യൽ ഫുഡ് ഒക്കെ കഴിക്കുവാനായി പോയി. ഫുഡ് ഒക്കെ കഴിച്ചതിനു ശേഷം കൂട്ടുകാരെല്ലാം തിരികെ പോകുകയും ഞാൻ ക്ഷേത്രത്തിലേക്ക് പോകുകയും ചെയ്തു. തിരക്കുള്ള സമയമാണെങ്കിൽ 100 രൂപ കൊടുത്താൽ ക്യൂ നിൽക്കാതെ തൊഴാനുള്ള സൗകര്യം അവിടെയുണ്ടായിരുന്നു. രാത്രിയിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഞാൻ പിറ്റേദിവസം രാവിലെ ദർശനം നടത്താമെന്നു തീരുമാനിച്ചു.
ക്ഷേത്രത്തിൽ കയറാതെ ഞാൻ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് ചുമ്മാ നടന്നു. അപ്പോൾ അവിടെ കുറച്ചു ചേച്ചിമാർ സംഗീതാലാപനം നടത്തുന്നുണ്ടായിരുന്നു. എട്ടോളം മഠങ്ങൾക്ക് കീഴിലാണ് ഉഡുപ്പി ക്ഷേത്രം. അതുകൊണ്ട് ക്ഷേത്ര പരിസരത്ത് മഠങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. വൈകുന്നേരം ഉഡുപ്പിയിൽ വന്നു താമസിക്കുകയാണെങ്കിൽ ഇവിടത്തെ ക്ഷേത്രങ്ങളും ഫുഡും ഒക്കെ നമുക്ക് എക്സ്പ്ലോർ ചെയ്യുവാൻ സാധിക്കും.
വിശന്നു തുടങ്ങിയപ്പോൾ ഞാൻ ഭക്ഷണം കഴിക്കുവാനായി ഒരു ചെറിയ ഹോട്ടലിലേക്ക് കയറി. ലോക്കൽ കർണാടക സ്റ്റൈൽ ന്യൂഡിൽസും ഒരു പ്ലേറ്റ് ഗോബി മഞ്ചൂരിയനും ആയിരുന്നു ഞാൻ കഴിച്ചത്. രണ്ടിനും കൂടി മൊത്തം 70 രൂപ. ലാഭം തന്നെ. ഭക്ഷണം കഴിച്ചതിനു ശേഷം ഞാൻ ഹോട്ടലിലേക്ക് പോകുകയും ക്ഷീണം കാരണം നേരത്തെ തന്നെ കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി ഞാൻ നേരെ ക്ഷേത്ര ദർശനത്തിനായി പോയി. ക്ഷേത്രത്തിനുള്ളിൽ മുണ്ടുടുത്തും പാന്റ്സ് ധരിച്ചും കയറാവുന്നതാണ്. എന്നിരുന്നാലും ഞാൻ മുണ്ടായിരുന്നു ഉടുത്തത്. രാവിലെയായതിനാലാണോ എന്തോ അമ്പലത്തിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ഏകദേശം 5 മിനിട്ടു കൊണ്ട് ഞാൻ തൊഴുതു വന്നു. ക്ഷേത്ര ദർശനത്തിനു ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി.
ഉഡുപ്പി സ്പെഷ്യൽ മസാല ദോശ കഴിക്കുവാനായിരുന്നു പിന്നീട് ഞാൻ പോയത്. മൂകാംബികയെ അപേക്ഷിച്ച് ഉഡുപ്പിയിൽ കേരള ഹോട്ടലുകൾ വളരെ കുറവാണ്. ക്ഷേത്രത്തിനു തൊട്ടടുത്തായി മിത്രാ സമാജ് എന്ന ഒരു ഹോട്ടൽ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹോട്ടലിലെ മസാലദോശ വളരെ പ്രശസ്തമാണ്. ഉഡുപ്പിയിലെ മസാലദോശ നമ്മുടെ നാട്ടിലെ മസാല ദോശയേക്കാൾ വളരെ വ്യത്യസ്തമാണ്. കന്നഡ സ്റ്റൈൽ ഫുഡ് ഇഷ്ടപ്പെടുന്നവർക്ക് ഈ മസാലദോശ നന്നായി ഇഷ്ടപ്പെടും. അങ്ങനെ മസാലദോശയും കഴിച്ച് കാപ്പിയും കുടിച്ച ശേഷം ഞാൻ റൂമിലേക്ക് പോയി.
രാവിലെ 11 മണിയോടെയാണ് എനിക്ക് തിരിച്ചു നാട്ടിലേക്ക് പോകേണ്ട ട്രെയിൻ. ഞാൻ റൂം വെക്കേറ്റ് ചെയ്തശേഷം റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടോറിക്ഷ വിളിച്ച് പോയി. ഓട്ടോക്കാരൻ മീറ്ററൊന്നും ഇടാതെയാണ് ഓടിച്ചിരുന്നത്. അവസാനം 70 രൂപ ചാർജ്ജും വാങ്ങി. കന്നഡ നാടല്ലേ അധികം തർക്കിക്കാനൊന്നും നിൽക്കുന്നത് ബുദ്ധിയല്ല. അങ്ങനെ ഞാൻ റെയിൽവേ സ്റ്റേഷനിൽ കയറി ട്രെയിനിനായുള്ള കാത്തിരിപ്പ് തുടങ്ങി. ഉഡുപ്പി വളരെ പ്രസിദ്ധമായ സ്ഥലമാണെങ്കിലും റെയിൽവേ സ്റ്റേഷൻ ചെറുതാണ്. ശ്രീഗംഗാനഗർ – കൊച്ചുവേളി എക്സ്പ്രസ്സിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ഒരു മണിക്കൂറോളം വൈകിയായിരുന്നു എൻ്റെ ട്രെയിൻ ഉഡുപ്പി സ്റ്റേഷനിൽ എത്തിച്ചേർന്നത്. പുതിയ LHB കോച്ചുകളായിരുന്നു ആ ട്രെയിനിൽ. അത് എന്തായാലും എനിക്കിഷ്ടപ്പെട്ടു. A2 എന്ന എസി 2 ടിയർ കോച്ചിലായിരുന്നു എൻ്റെ സീറ്റ്. ട്രെയിൻ സ്റ്റേഷൻ വിട്ടുകഴിഞ്ഞ ശേഷം എനിക്ക് തലയിണയും ബ്ലാങ്കറ്റുമെല്ലാം ട്രെയിനിലെ ജീവനക്കാരൻ കൊണ്ടു തന്നു. അങ്ങനെ രണ്ടു ദിവസത്തെ മൂകാംബിക – ഉഡുപ്പി യാത്രകൾക്കു ശേഷം തിരികെ വീട്ടിലേക്ക് യാത്രയായി.