Unidentified Flying Object അഥവാ UFO; പറക്കും തളിക എന്നാണു ഇതിനു മലയാളത്തിൽ അർത്ഥം. എന്നാൽ മലയാളികൾ കൂടുതലും ഈ പേര് കേൾക്കുമ്പോൾ ഓർക്കുന്നത് ഒരു ബസ് സർവ്വീസിനെയായിരിക്കും. അതെ, UFO എന്നത് ഒരു ബസ് പ്രേമിക്കും മറക്കാനാവാത്ത പേരാണ്. അതുപോലെതന്നെ ജന്മമനസ്സുകളിൽ ആഴ്ന്നിറങ്ങിയ സർവീസ് കൂടിയാണിത്.
1997 കാലത്താണ് UFO ബസ് സർവീസുകൾ ആരംഭിക്കുന്നത്. ടാറ്റാ ടർബോ ചാർജ്ഡ് കമ്മിൻസ് എൻജിൻ വിരളമായിരുന്ന കാലത്താണ് തികഞ്ഞ വാഹനപ്രേമിയും അതിലുപരി ഒരു ഓട്ടോമൊബൈൽ എഞ്ചിനീയറുമായ ബിജുലാൽ 1312c ചേസിസ് ഈ ബസിനായി വാങ്ങുന്നത്. ബോഡി കെട്ടാൻ നേരം അദ്ദേഹം ഊന്നൽ കൊടുത്തത് 3 കാര്യങ്ങൾക്കായിരുന്നു.
1. പുറം കാഴ്ചകൾ കാണാൻ സാധിക്കണം, എന്നാൽ സീറ്റിലിരുന്നു യാത്രചെയ്യുന്ന യാത്രക്കാരുടെ മുഖത്തേയ്ക്കു കാറ്റടിക്കരുത്. 2. നിന്ന് യാത്രചെയ്യുന്നവർക്കും ആവശ്യത്തിന് കാറ്റും, വെളിച്ചവും ലഭിക്കുകയും വേണം. 3. ബസിനുള്ളിൽ നല്ലപോലെ വായൂസഞ്ചാരം ഉണ്ടാവണം.
ഈ കാര്യങ്ങൾ അടിസ്ഥാനമാക്കി സ്വന്തമായി ചെയ്ത ഡിസൈനിൽ കൊണ്ടോടിയിൽ പണികഴിപ്പിച്ചതായിരുന്നു ഈ ബസ്. ബസ് ഇറങ്ങി 3 മാസങ്ങൾക്ക് ശേഷം കുമളി-എറണാകുളം പെർമിറ്റ് എടുക്കുകയും ഈ ബസ് ഹൈറെയ്ഞ്ച് യാത്ര ആരംഭിക്കുകയും ചെയ്തു. ലെയ്ലാന്റ് ഹിനോ എൻജിൻ അടക്കി വാഴുന്ന ഹൈറേഞ്ചിലേയ്ക്ക് ആയിരുന്നു ഈ പരീക്ഷണവുമായി ബിജു സർ ഇറങ്ങിയത്. എന്നാൽ അദ്ദേഹത്തിന്റെ പരീക്ഷണം 100% വിജയമായി. അന്നത്തെ എണ്ണം പറഞ്ഞ വണ്ടികളിൽ ഒന്നായി UFO മാറി.
എറണാകുളം കുമളി റൂട്ടിൽ ഈരാറ്റുപേട്ട വഴിയും പൊൻകുന്നം വഴിയും UFO പെർമിറ്റുകൾ ഓടുന്നുണ്ടായിരുന്നു. അതിൽ ഈരാറ്റുപേട്ട വഴിയുള്ള പെർമിറ്റിൽ ഓടിയിരുന്ന ബസ്സായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നത്. 12 മീറ്റർ നീളമുള്ള ടാറ്റാ ചേസിസിൽ നിർമ്മിച്ച ആ ബസ് അക്കാലത്തെ പ്രൈവറ്റ് ബസ്സുകൾക്കിടയിൽ ഒറ്റയാൻ ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.
ടാറ്റാ 1610c എന്ന അത്യപൂർവ ചേസിസ്സിൽ വിരിഞ്ഞ 12 മീറ്റർ UFO യുടെ മുൻ വാതിൽ കാണുമ്പോൾ ആരും ഒന്നമ്പരക്കും (താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക). എന്തിനാണ് ഇത്രയും വിസ്തൃതിയുള്ള വാതിൽ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഇത് ഒരു വാതിൽ അല്ല രണ്ടെണ്ണം ആണ്. മുന്പിലെ വാതിൽ സ്ത്രീകൾക്ക് വേണ്ടി ഒരുക്കിയ മുൻഭാഗത്തേക്ക് മാത്രം. മറ്റേതു പിന്ഭാഗത്തേക്ക്. രണ്ടിനും മദ്ധ്യേ തുറന്ന വേർതിരിവ്. ആവശ്യം എങ്കിൽ മാത്രം പിന്നിലേക്കും മുന്പിലേക്കും കടക്കാം.
സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ എന്നതിനാലാണ് ഇങ്ങനെ. കൂടാതെ പിറകിൽ മറ്റൊരു വാതിലും കൂടിയുണ്ട്. 12 മീറ്റർ നീളൻ ചെസ്സിസ് ആയതിനാൽ ഇതിനെല്ലാം ആവശ്യത്തിന് സ്ഥലം ഉണ്ടായിരുന്നു താനും. ഒരേസമയം ഷട്ടർ വഴി കാറ്റു കിട്ടാനും ഗ്ലാസ് വഴി കാഴ്ച കാണാനും ആയി രണ്ടും ബസിൽ സന്നിവേശിപ്പിച്ചു. മികച്ച സീറ്റുകളും സസ്പെൻഷനും വേറെ. ഇന്ന് കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും ഇങ്ങനെ ഒരു ബസും നമ്മുടെ കേരളത്തിൽ ഓടിയിരുന്നു. പണിതത് കോട്ടയത്തെ കൊണ്ടോടിയിൽ. UFO വാഹനങ്ങളുടെ ഉടമകളിൽ ഒരാൾ ആയ ബിജുലാലിന്റെ രൂപകൽപനാ വൈഭവമാണ് യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ഇങ്ങനെ ഒരു വിചിത്ര നിർമിതി ബസ് രംഗത്ത് വരാൻ കാരണമായത്.
എറണാകുളം – കുമളി റൂട്ടിൽ ആകെ 13 സ്റ്റോപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. UFO എന്ന പേരു കേട്ട് റോഡിലൂടെ പറക്കുന്ന ബസ്സായിരുന്നു എന്നാരും കരുതല്ലേ. അമിതവേഗതയില്ലാതെ പോയിരുന്ന ചുരുക്കം ചില ബസ്സുകളിൽ ഒന്നായിരുന്നു UFO. ഇതോടൊപ്പം സമയത്തിന്റെ കാര്യത്തിൽ കൃത്യനിഷ്ഠയും ഉണ്ടായിരുന്നു. ഇതേപോലെ എറണാകുളം – കുമളി റൂട്ടിൽ പൊൻകുന്നം വഴി ഓടിയിരുന്ന UFO ബസ് ടാറ്റായുടെ മാർക്കോപോളോ മോഡൽ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
കുമളി-എറണാകുളം ഹൈറേഞ്ച് പെർമിറ്റ് ഓടി തെളിഞ്ഞ ഇടയിലാണ് കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ഒരു ബുക്കിംഗ് സർവീസ് എന്ന പരീക്ഷണവുമായി UFO ഇറങ്ങിയത്. ആ പരീക്ഷണവും 100% വിജയമായി. നാളുകൾക്കു ശേഷം UFO സ്വകാര്യ ബസ് രംഗത്തു നിന്നും പതിയെ പിൻവലിയുകയാണുണ്ടായത്.
കുറച്ചുകാലത്തിന് ശേഷം ചങ്ങനാശ്ശേരി – എറണാകുളം പെര്മിറ്റിൽ സർവീസ് നടത്തിയെങ്കിലും പിന്നീട് ബസും പെർമിറ്റും വിൽക്കുകയും ചെയ്തു. മണ്മറഞ്ഞു പോയി എങ്കിലും ഇന്നും ഒരോ ബസ് പ്രേമികളുടെയും മനസ്സിലെ മായാത്ത ചിത്രമാണ് UFO. ഒപ്പം ഹൈറേഞ്ചിൽ ഏറ്റവും കൂടുതൽ ടാറ്റാ ബസുകൾ റീപ്ലേസ് ചെയ്തു എന്ന റെക്കോർഡും. ഇന്ന് UFO യുടെ പെർമിറ്റിൽ ഓടുന്നത് റോബിൻ എന്ന ബസ്സാണ്. A/C ബസ് സർവ്വീസ് ആയാണ് എറണാകുളം – കുമളി റൂട്ടിൽ റോബിൻ ഓടുന്നത്.
എങ്കിലും ഇന്ന് കോൺട്രാക്ട് കാര്യേജ് സർവ്വീസായി UFO സർവ്വീസ് നടത്തുന്നുണ്ട്. എറണാകുളം – ഇരിട്ടി (കണ്ണൂർ ജില്ല) റൂട്ടിലാണ് ഇന്ന് UFO രാത്രി സർവീസ് നടത്തുന്നത്. ഈ റൂട്ടിൽ മൾട്ടി ആക്സിൽ വോൾവോയും, സാധാരണ സെമി സ്ലീപ്പർ ബസ്സും UFO യുടേതായി ഓടുന്നുണ്ട്. കാര്യം എന്തൊക്കെയാണെങ്കിലും ബസ് പ്രേമികളുടെയുള്ളിൽ UFO നിറഞ്ഞു നിൽക്കുന്നത് മൂന്നു ഡോറുകളുള്ള, 12 മീറ്റർ നീളമുള്ള ആ പഴയ ടാറ്റാ UFO തന്നെയായിരിക്കും.
വിവരങ്ങൾക്ക് കടപ്പാട് – അരുൺ വി നായർ, ആൽവിൻ & Private Bus Kerala Group. ചിത്രങ്ങൾ – ജിമ്മി ജോസ്, Private Bus Kerala.