വിവരണം – Shanil Muhammed.
“ഓരോ സുലൈമാനിയിലും ഒരിത്തിരി മോഹബത്തു വേണം. അത് കുടിക്കുമ്പോ ലോകം ഇങ്ങനെ പതുക്കെ വന്നു നിൽക്കണം……..” – കരീം ഇക്ക , ഉസ്‌താദ് ഹോട്ടൽ. ഓരോ യാത്രയോടുമുള്ള അടങ്ങാത്ത മോഹബത്തും പേറി കടല്കടന്ന് ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തു കാലുകുത്തിയ കഥ പറയാം. യൂറോപ്യൻ രാജ്യമാണ് എന്ന് പോലും അറിയാതെ, ഒരു യൂറോ പോലും പോക്കറ്റിൽ ഇല്ലാതെ (പൗണ്ട് ഉണ്ടായിരുന്നു) യൂറോപ്പിൽ ചെന്ന് രാത്രി കപ്പലിറങ്ങിയ കഥ.
ഈ ഭൂലോകത്തിൽ രണ്ടു അയർലൻഡ് ഉണ്ടെന്നോ, അത് ഒന്ന് യൂ കെ യുടെ ഭാഗം ആണെന്നും, മറ്റൊന്ന് യൂറോപ്യൻ യൂണിയനിൽ ആണെന്നൊന്നും അറിയാതെ മനോഹരമായ യൂ കെ ദിനങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. സ്കോട്ലൻഡ്ന്റെ തലസ്ഥാന നഗരിയായ എഡിൻബറ (Edinburgh) യിൽ എത്തി ഒഫീഷ്യൽ ആവശ്യങ്ങൾ എല്ലാംകഴിഞ്ഞതിനു ശേഷം പതിവ് കറക്കങ്ങളുമായി രണ്ടുമൂന്നു ദിവസങ്ങൾ കൂടി പിന്നിട്ടു. അതിനിടയിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് ന്റെ തലസ്ഥാനമായ ഡബ്ലിൻ നിന്ന് അടുത്ത കൂട്ടുകാരന്റെ സ്നേഹം നിറഞ്ഞ ക്ഷണത്തിനു മുൻപിൽ ഒരു രാജ്യം കൂടി കാണാം എന്ന ആഗ്രഹവുമായി ഡബ്ലിനിൽ എത്താനുള്ള വഴി നോക്കി.
സ്കോട്ലൻഡ് നിന്ന് നേരെ ഡബ്ലിനിലേക്ക് ഫ്ലൈറ്റ്, അല്ലെങ്കിൽ ട്രെയിൻ വഴി വെയിൽസ് എന്ന രാജ്യത്തെ ഹോളിഹെഡ് എന്ന സ്ഥലത്തു ചെന്നിട്ട് ഫെറിയിൽ കടല് കടന്ന് ഡബ്ലിനിലേക്ക്. ഈ രണ്ടു വഴികളാണ് മുന്നിൽ തെളിഞ്ഞത്. പതിവ് പോലെ ഏറ്റവും എളുപ്പമുള്ള ഫ്ലൈറ്റ് മാർഗം ആദ്യം തന്നെ വെട്ടി. മ്മക്ക് ചോയ്ച്ചു ചോയ്ച്ചു പോകാം എന്ന് തന്നെ തീരുമാനിച്ചു. പൊതുവെ വിമാനയാത്ര യൂറോപ്പിലും യൂ കെ യിലും ഒക്കെ ചെലവ് കുറവാണ് എന്ന് കേട്ടിട്ടുള്ളത് ശെരിവച്ചത് ട്രെയിൻന്റെയും ഫെറിയുടെയും റേറ്റ് നോക്കിയപ്പോ ആണ്. എന്നാലും മുന്നോട്ട് വച്ച കാല് ആരും തല്ലി ഒടിച്ചില്ലെങ്കിൽ നമ്മൾ മുന്നോട്ട് തന്നെ എന്ന് തീരുമാനിച്ചു.
നമ്മുടെ നാട്ടിൽ makemytrip, cleartrip ഒക്കെ പോലെ വളരെ ഉപകാരപ്രദമായ ഒരു ആപ്പാണ് ഗോ യൂറോ (go euro). ബസും ഫ്ലൈറ്റും, ഫെറിയും, ട്രെയിനും എല്ലാം ഈ ആപ്പിൽ കൃത്യമായി കാണിക്കും. നമുക്ക് സൗകര്യമായി ബുക്ക് ചെയ്യാം. യൂ കെ, യൂറോപ് യാത്ര പ്ലാൻ ചെയ്തപ്പോ ഇത്രമാത്രം സഹായം ഇത് കൊണ്ടുണ്ടാകും എന്നൊരിക്കലും കരുതിയില്ല. ബുക്കിങ് എല്ലാം ഭംഗിയായി കഴിഞ്ഞു. നാല് ട്രെയിൻ മാറി മാറി കയറി വേണം എഡിൻബറ യിൽ നിന്ന് ഹോളി ഹെഡ് എത്താൻ. ചില ട്രെയിനുകൾക്കിടയിൽ 7 മിനിറ്റൊക്കെ ആണ് മാറിക്കേറാൻ സമയം. മൊത്തം യാത്ര രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 4:45 ന് ഹോളി ഹെഡിൽ എത്തണം. അവിടുന്ന് വൈകിട്ട് 5:30ന് ഫെറി (കപ്പൽ). മൂന്നു മണിക്കൂർ കടൽ യാത്ര കഴിഞ്ഞു 8:30 ന് രാത്രി ഡബ്ലിനിൽ എത്തണം. കൃത്യമായി പറഞ്ഞാൽ പത്തര മണിക്കൂർ നീണ്ട യാത്ര. 4 ട്രെയിൻ, ഒരു ഫെറി.
നേരത്തെ എഴുന്നേറ്റ് റെഡിയായി താമസിക്കുന്ന ഹോട്ടലിന് അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. ഇന്ന് സ്കോട്ലൻഡ് ലെ അവസാന ദിനമാണ്. രാവിലത്തെ 8 ഡിഗ്രി തണുപ്പ് വിടാതെ മെല്ലെ പൊതിഞ്ഞു പിടിച്ചുകൊണ്ടിരിക്കുകയാണ്. തലേന്ന് വൈകിട്ട് ബസിന്റെ സമയം നോക്കി വച്ചിരുന്നത് കൊണ്ട് ആ ടെൻഷൻ ഒഴിവായി. കൃത്യം സമയത്തു തന്നെ ബസ് എത്തി. എഡിൻബറ വെവർലി ട്രെയിൻ സ്റ്റേഷൻ നിന്നാണ് ദീർഘ ദൂര ട്രെയിനുകൾ പുറപ്പെടുന്നത്. ടിക്കറ്റ് വെൻഡിങ് മെഷീനിൽ ഓൺലൈൻ ബുക്ക് ചെയ്തപ്പോ ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് ഉരച്ചപ്പോൾ ചറ പറ ഞങ്ങളുടെ ടിക്കറ്റ് പുറത്തേക്ക് തള്ളി. ട്രെയിനും ഫെറിയും കാശ് റെസിപ്റ്റും എല്ലാം കൂടെ കുറെ ഉണ്ടാരുന്നു വാരിക്കൂട്ടി എടുക്കാൻ. പ്ലാറ്റഫോം നമ്പർ, ട്രെയിൻ വരുന്ന സമയം എല്ലാം നോക്കി സമാധാനമായി ആദ്യ ട്രെയിൻ നോക്കി നിന്നു.
കൃത്യം പത്തു മണിക്ക് തന്നെ ആദ്യ ട്രെയിൻ പുറപ്പെട്ടു. എത്ര കൃത്യം സമയം. നാട്ടിലോക്കെ ഫ്ലൈറ്റ് പോലും ഇത്പോലെ സമയം പാലിക്കില്ല. വേഗം സീറ്റൊക്കെ കിട്ടി. തിരക്കും ബഹളവും ഇല്ലാതെ, സമാധാനമായി ട്രെയിൻ നീങ്ങി കൊണ്ടിരുന്നു. നഗര പരിസരം കഴിഞ്ഞതും, മനോഹരവും വിശാലവുമായ സ്കോട്ലൻഡ്ന്റെ ഭൂപ്രകൃതിയും കെട്ടിടങ്ങളുടെയും ഭംഗി എന്നെ വശീകരിച്ചു കൊണ്ടിരുന്നു. എത്ര കണ്ടിട്ടും മതി വരാത്ത പോലെ. ഇനിയും ഒരിക്കൽ തീർച്ചയായും ഞാൻ മടങ്ങി എത്തും എന്ന് തന്നെ മനസ്സിൽ കരുതി കാഴ്ചകൾ കണ്ടങ്ങിനെ ഇരുന്നു….
എത്ര സമയം കടന്നു പോയി എന്നറിയില്ല അടുത്ത സ്റ്റേഷനിൽ ഇറങ്ങണം, പ്ലാറ്റുഫോം നോക്കി ഓടണം, അടുത്ത ട്രെയിനിനു കുറച്ചു സമയം ഉള്ളൂ. ധൃതിയിൽ ബാഗൊക്കെ എടുത്തു പുറത്തു ചാടി മൂന്നിൽ കണ്ട ഇൻഫർമേഷൻ ബോർഡ് നോക്കി ട്രെയിൻ സമയവും പ്ലാറ്റഫോം നമ്പറും നോക്കി. കൃത്യം ഞങ്ങൾ ഇറങ്ങിയ പ്ലാറ്റഫോമിൽ തന്നെ ആണ് അടുത്തതായി ഞങ്ങൾക്ക് പോകേണ്ട ട്രെയിനും എത്തുന്നത്. വലിയ ആശ്വാസം. ഇറങ്ങിയിടത്തു നിന്നും ഒരടി പോലും നീങ്ങേണ്ട. അങ്ങനെ ഓരോ ട്രെയിനും…
രാവിലെ തുടങ്ങിയ യാത്ര ക്രിത്യ സമയം പാലിച്ചുകൊണ്ട് വൈകിട്ട് വെയിൽസ് എന്ന പുതിയ രാജ്യത്ത് എത്തുമ്പോഴേക്കും, നീണ്ട ട്രെയിൻ യാത്ര പകർന്ന അനുഭവം ഒരുപാടുണ്ടായിരുന്നു. “വിർജിൻ” ട്രെയിൻ എന്ന സ്പീഡ് ട്രെയിനും, വെയിൽസ് ലെ സാദാരണ ട്രെയിനുമെല്ലാം ഞങ്ങളെ വഹിച്ചു ഹോളിഹെഡിൽ എത്താൻ സഹായിച്ചു.
റെയിൽവേ സ്റ്റേഷനിലെ വൃത്തിയും വെടിപ്പും മുതൽ യാത്രക്കാരുടെയും, സ്റ്റാഫിന്റയും എല്ലാ കാര്യത്തിലുമുള്ള പ്രൊഫഷണലിസം നമ്മെ ഒരുപാട് അത്ഭുതപ്പെടുത്തും. തീർച്ച. വെയിൽസ് എത്തുമ്പോഴേക്കും കടലിന് സമാന്തരമായി കുറെ ദൂരം ട്രെയിൻ നീങ്ങി. എത്ര മനോഹരമാണ് ഈ ഭൂപ്രകൃതി… ദൈവം കയ്യൊപ്പിട്ട പോലെ ഉള്ള സ്ഥലങ്ങൾ. കടലിന്റെ ഭംഗി എത്ര വര്ണിച്ചാലാണ് മതിവരിക ? ഇതെല്ലാം എന്റെ കണ്ണുകൊണ്ട് നേരിൽ കാണാൻ കഴിഞ്ഞതിൽ ദൈവത്തോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു.
ആരോടും വഴി തിരക്കേണ്ട ആവശ്യം ഉണ്ടായില്ല ഫെറി കണ്ടു പിടിക്കാൻ. ട്രെയിനിൽ നിന്നിറങ്ങിയ ഏതാണ്ട് മുഴുവൻ ആളുകളും ജാഥ പോലെ ഫെറിയിലേക്ക് നീങ്ങി. പുറകെ ബാഗും തൂക്കി ഞങ്ങളും.
എല്ലാരും ഇമിഗ്രേഷൻ ക്യൂ വിൽ നിന്ന് പാസ്‌പോർട്ടിൽ സീൽ ഒക്കെ അടിച്ചു വെയ്റ്റിംഗ് ഏരിയയിലെക്ക് നീങ്ങി. ഇന്ത്യയിൽ നിന്നാണ് എന്ന് പറഞ്ഞപ്പോ ഞങ്ങളുടെ പാസ്പോര്ട് അകത്തുള്ള മുറിയിൽ കൊണ്ട് പോയി വേറെ കമ്പ്യൂട്ടറിൽ സ്കാൻ ചെയ്തത് എന്തിനാണെന്ന് ഒരു പിടിയും കിട്ടിയില്ല . എന്തായാലും നല്ല സ്നേഹത്തോടെ ശുഭയാത്ര ആശംസിച്ചു എമിഗ്രേഷൻ സീൽ അടിച്ചു ഞങ്ങളെയും കയറ്റി വിട്ടു.
നാട്ടിൽ നിന്ന് വിസ കിട്ടിയപ്പോൾ വിസയിൽ BIVS ( British Irish Visa Service) എന്ന് ഉള്ളത് കൊണ്ടാണ് റിപ്പബ്ലിക് ഓഫ് അയർലണ്ടിലേക്ക് ഞങ്ങൾക്ക് പ്രവേശനം ലഭിച്ചത്. ബ്രെറ്റിക്സ് വരെമാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്നാണ് കേട്ടത്. 2019 വരെ. ( ഇതെല്ലം ഡബ്ലിനിൽ എത്തിയപ്പോ കൂട്ടുകാരൻ പറഞ്ഞതാണ് )
നാട്ടിൽ വഞ്ചിയിലും കുഞ്ഞു കുഞ്ഞു ബോട്ടിലും ചെറിയ നാടൻ ഫെറിയിലും ഒക്കെ കയറിയ പരിജയം വച്ച് ഞങ്ങൾ ഫെറി ലക്ഷ്യമാക്കി നടന്നു. ഒരു വലിയ ഷിപ് പോലത്തെ, അല്ല ഷിപ്പിലേക്ക് ആണ് ഞങ്ങൾ നടന്നടുത്തത്. അതാണ് ഇന്നാട്ടിലെ ഫെറി. താഴെ കൂറ്റൻ ലോറികളും, കാറുകളും അടുക്കി നിർത്തി ഇട്ടിരുന്നു. മുകളിലെ ഡെക്കിൽ സ്റ്റാർ ഹോട്ടലിന്റെ ലോബി അനുസ്മരിപ്പിക്കുന്ന വിശാലമായ അകത്തളം. ഭംഗിയായി കസേരകൾ ക്രമീകരിച്ച, മൂന്നു നാല് നല്ല ഭക്ഷണ കൗണ്ടർകൾ ഒക്കെയുള്ള ഓടിക്കളിക്കാൻ ധാരാളം സ്ഥലമുള്ള ഡക്ക്. സിനിമയിൽ കണ്ടിട്ടുള്ള വിധം സുന്ദരവും ആഡംബര പൂർണവുമായ അകത്തളം. വി ഐ പി ഏരിയ വേറെ.
ഡെക്കിലെ കാഴ്ച കണ്ടു നടന്ന സമയം കൊണ്ട് ഷിപ് നീങ്ങി തുടങ്ങി.
ചെറുതായുള്ള ആട്ടം കൊണ്ടാണ് ഞങ്ങൾ കരയിൽ നിന്നും നീങ്ങി തുടങ്ങി എന്ന് മനസ്സിലായത് . ഐറിഷ് ഫെറി സർവീസിൽ ആണ് ഞങ്ങൾ കയറിയത്. പ്രധാനമായും രണ്ടു സർവീസുകൾ ആണ് യൂ കെ യിൽ നിന്നും അയർലണ്ട്ലേക്ക് സർവീസ് നടത്തുന്നത്. ഐറിഷ് ഫെറിയും സ്റ്റീന ലൈൻ എന്നു പേരായ മറ്റൊരു കമ്പനിയും. ഞങ്ങൾ ഐറിഷ് ഫെറിയിൽ ആണ് സഞ്ചരിച്ചു കൊണ്ടിരുന്നത്.
കരയിൽ നിന്ന് നീങ്ങി തുടങ്ങി അല്പം കഴിഞ്ഞപ്പോ ഫെറിയുടെ വേഗത കൂടി. ആദ്യമായാണ് കടലിലൂടെ. പുറത്തു നിന്ന് കാഴ്ച കാണാൻ വേണ്ടി ഷിപ്പിന്റെ ഏറ്റവും പുറകിലേക്ക് നീങ്ങി. പിറകിലെ ഓപ്പൺ ഏരിയയിൽ നിന്ന് കാഴ്ച കാണുമ്പോൾ അകലെ കര അകന്നകന്നു പോകുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോൾ എനിക്ക് ചുറ്റും കടൽ മാത്രം. ശക്തിയുള്ള തണുത്ത കാറ്റും ഉപ്പിന്റെ രുചിയും ചുണ്ടിലും ശരീരത്തിലും തത്തികളിക്കാൻ തുടങ്ങി. ഇട്ടിരിക്കുന്ന ജാക്കറ്റും തുളച്ചു തണുപ്പ് വന്നു പൊതിഞ്ഞു. ആദ്യ കടൽ യാത്രയുടെ വികാര നിർഭരമായ മുഹൂർത്തം.
ഐറിഷ് കടലിടുക്കിലൂടെ ഞങ്ങൾ അങ്ങനെ അതിവേഗം നീങ്ങി. കുറെ കഴിഞ്ഞു അകത്തു വന്നു നോക്കിയപ്പോൾ മിക്ക ആളുകളും ഭക്ഷണത്തിന് വരിയിൽ നില്കുന്നു. ആവശ്യക്കാർക്ക് ഭക്ഷണം വില കൊടുത്തു വാങ്ങാം, കഴിക്കാം. ഞങ്ങൾ തല്ക്കാലം ഭക്ഷണം ഓരോ ചെറിയ ഹോട്ട് ചോക്കലേറ്റിൽ ഒതുക്കി. അതും നുണഞ്ഞുകൊണ്ടു ജനലിനരികിലെ സീറ്റിൽ ആ കടലിനെ നോക്കി അങ്ങിനെ ഇരുന്നു. ഏതോ സ്വപ്ന ലോകത്തിൽ എന്നപോലെ…
നോർത്ത് അറ്റ്ലന്റിക് സമുദ്രത്തിന്റെ ഒരു ഭാഗമാണ് ഈ ഐറിഷ് കടലിടുക്ക്. ഏകദേശം മൂന്ന് മണിക്കൂർ ഫെറി യാത്ര കൊണ്ട് യൂറോപ്യൻ യൂണിയന്റെ ഭാഗമായ റിപ്പബ്ലിക് ഓഫ് അയർലണ്ട് എന്ന രാജ്യത്തിന്റെ തലസ്ഥാനമായ ഡബ്ലിൻ ന്റെ പോർട്ടിൽ എത്തണം. അവിടുന്ന് സിറ്റിയിലേക്കുനോക്കിള്ള ബസ് പിടിച്ചു സിറ്റി സെന്ററിൽ എത്തണം. അവിടെയാണ് കൂട്ടുകാരൻ നോബിൾ കാറുമായി കാത്തു നില്കുന്നത്.
രാത്രി ആയികൊണ്ടിരിക്കുന്നു. പക്ഷെ സൂര്യൻ എങ്ങും പോയിട്ടില്ല. സമയം രാത്രി എട്ടുമണിയോടടുക്കുമ്പോഴും നല്ല പ്രകാശം. കാരണം വേനൽക്കാലം തുടങ്ങാൻ പോകുന്നു. പകലിനു ദൈർഘ്യം കൂടുതലാണ്. രാത്രി പത്തു പത്തര മണിവരെ നല്ല പ്രകശം ഉണ്ടാകും ഏപ്രിൽ മധ്യത്തിൽ. രാവിലെ നാലുമണിയാകുമ്പോഴേക്കും സൂര്യൻ റെഡിയായിരിക്കും അടുത്ത ദിവസത്തെ വരവേൽക്കാൻ.
സുന്ദരവും എന്നെന്നും ഓര്മിക്കപ്പെടുന്നതുമായ ആദ്യ കടൽ യാത്രയുടെ അവസാനം മനോഹരമായ ഡബ്ലിൻ പോർട്ടിൽ ഞങ്ങൾ കാലുകുത്തി. അപ്പോഴും അത് യൂറോപ്യൻ രാജ്യമാണെന്നൊന്നും ഞങ്ങൾക്കറിയില്ല. എമിഗ്രേഷൻ എല്ലാം വേഗം കഴിഞ്ഞു സിറ്റി സെന്റ്റിലേക്ക് പോകാൻ ബസ് തപ്പി അവിടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. അവസാനം ഡബ്ലിൻ സിറ്റി പോകുന്ന അവസാന ബസിൽ കയറാൻ ചെന്നു. ഡ്രൈവർ തന്നെ ആണ് ടിക്കറ്റും കൊടുത്തിട്ട് ഓരോരുത്തരെ അകത്തോട്ടു കടത്തി വിടുന്നത്.
ഞങ്ങളുടെ ഊഴം ആയപ്പോ ആണ് ബസിന്റെ ഡ്രൈവർ കാബിൻ സൈഡിൽ പൗണ്ട് എടുക്കില്ല, ഒൺലി യൂറോ എന്ന ബോർഡ് ശ്രദ്ധിച്ചത്. എങ്കിലും ഡ്രൈവറോട് ചോദിച്ചു നോക്കി. വേറെ കാശ് ഇല്ല എന്നൊക്കെ പറഞ്ഞും നോക്കി. രക്ഷ ഇല്ല. കാർഡും എടുക്കില്ല എന്നും പറഞ്ഞു. അവസാനം പുറത്തിറങ്ങി അടുത്ത് ഉള്ള കൗണ്ടറിലും എ ടി എംഇലുമെല്ലാം കയറി ഇറങ്ങി അവസാനം ഞങ്ങളുടെ ദയനീയമായ ഓട്ടം കണ്ടിട്ട് ഒരു ലേഡി സെക്യൂരിറ്റി ഓഫീസർ 10 പൗണ്ട് വാങ്ങി പത്തു യൂറോ തന്നു. അത് കൊണ്ടാണ് ബസ്സിൽ വലിഞ്ഞു കയറിയത്.
അങ്ങിനെ യൂറോപ്പിലേക്ക്…… പുതിയ ഒരു രാജ്യത്തേക്ക്….. സിറ്റി സെന്ററിലെ കൂട്ടുകാരൻ നോബിളിനടുത്തേക്ക് …. പുതിയ പുതിയ അനുഭവങ്ങളിലേക്ക് …. യാത്രകളോടുള്ള അടങ്ങാത്ത മുഹബത്തുമായി….. അടുത്ത സുലൈമാനി തേടി ….
ജീവിതത്തിൽ എന്നെങ്കിലും ഈ വഴി സഞ്ചരിക്കേണ്ടി വന്നാൽ , സാധിക്കുന്നവർ ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യേണ്ട വിലമതിക്കാൻ ആകാത്ത കടൽ യാത്ര അനുഭവം.