വിവരണം – Alex Vattakkunnel Stanislavous.
യുകെയിൽ വന്നിട്ട് സ്വന്തമായി ഡ്രൈവ് ചെയ്ത് പോകുവാനുള്ള എന്റെ ലക്ഷ്യം ആയിരുന്നു ജയിന്റ്സ് കോസ്വെ. ഒന്നല്ലെങ്കിൽ മറ്റൊന്നായി പ്ലാനുകൾ പൊലിഞ്ഞപ്പോൾ ആണ് തിരിച്ച് നാട്ടിൽ പോകാനായി എന്ന കാര്യം ഓർമവന്നത്.
ബെൽഫാസ്റ്റിൽ വന്നിട്ട് ജയിന്റ്സ് കോസ്വേ കണ്ടില്ലെങ്കിൽ നഷ്ടമാണെന്ന് പറഞ്ഞവരോട് ആ നഷ്ടം ഞാൻ അങ്ങ് സഹിച്ചു എന്ന് പറഞ്ഞ നികുമ്പോളാണ് നമ്മുടെ പുല്പള്ളികാരൻ ജോഷിച്ചേട്ടൻ വരുന്നത്. എന്റെ സ്വന്തം നാടായ വയനാട്ടുകാരൻ ആണ് ജോഷിച്ചേട്ടൻ. ഈ ബെൽഫാസ്റ്റിൽ ഒരു പ്രമുഖ മലയാളി. ഒരു ആദ്യകാല കുടിയേറ്റക്കാരൻ ഇൻ ബെൽഫാസ്റ്, ഇവിടുത്തുകാരുടെ വയനാടൻ തമ്പ്രാൻ!
പുള്ളിക്കാരനോട് കാര്യം അറിയിച്ചപ്പോൾ ലാലേട്ടനോട് ഉസ്താദ് ഖാൻ പറഞ്ഞപോലെ ദക്ഷിണ വെക്കാൻ നമ്മളോട്. ദക്ഷിണയൊക്കെ പിന്നെ നോക്കാമെന്ന് പറഞ്ഞ എന്റെ ഉഡായിപ്പും വിശ്വസിച്ച് ജോഷിച്ചേട്ടൻ ഓഫർ തന്നു, സൺഡേ ജൈൻറ്സ് കോസ്വേ പോകാൻ റെഡി ആയിക്കോ എന്ന്.
അങ്ങനെ ഞാനും നമ്മടെ ഓഫിസിലെ ബഡ്ഡി തലശ്ശേരിക്കാരൻ വിനീതും പുള്ളിക്കാരന്റെ വൈഫ് ദിൻഷയും മറ്റൊരു മലയാളി ദോസ്ത് അപർണ്ണയും കൂടെ സൺഡേ ജോഷിച്ചേട്ടന്റെ ഒപ്പം ജയിന്റ്സ് കോസ്വേ കാണാൻ തിരിച്ചു.
ജോഷിച്ചേട്ടന്റെ പടക്കുതിര വോൾവോ xc90 ആണ് നമ്മുടെ സാരഥി. അല്പം ദൂരം കൂടുതൽ ആണെങ്കിലും മനോഹരമായ കോസ്റ്റൽ സൈഡ് റോഡ് ആണ് ജോഷിച്ചേട്ടൻ തിരഞ്ഞെടുത്തത്. സിറ്റി വിട്ട് പുറത്തേക് കടന്നതും ഒരു വശത്തു നീല നിറമുള്ള കടലും മറുവശത്തു പച്ചനിറഞ്ഞ ചെറിയ കുന്നുകളും ഞങ്ങളെ അതിശയിപ്പിച്ചു. ചെന്നൈ പോണ്ടിച്ചേരി ECR റോഡിനേക്കാളും മനോഹരമായ കാഴ്ചകൾ.
ജോഷിച്ചേട്ടന് സ്ഥലം നല്ല പരിചയമാണ്. പോകുന്ന വഴിക് ഇടക്കുള്ള Carrickfergus Castle ഉം Rope Bridge ഉം കണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ഇനി നമ്മുടെ ലക്ഷ്യത്തെപ്പറ്റി അല്പം. ഐറിഷ് ആൻഡ് സ്കോട്ടിഷ് സങ്കൽപ്പങ്ങൾ അടങ്ങുന്നതാണ് ഈ സ്ഥലത്തിനു പിന്നിലെ കഥകൾ. സ്കോട്ടിഷ് രാക്ഷസനായ ബെനിൻഡോംനെർ ഐറിഷ് രാക്ഷസനായ ഫിയോൺഇനെ ഒരു പോരാട്ടത്തിന് വിളിക്കുകയും, അതുപ്രകാരം രണ്ടു കരകളിലായിരുന്ന രണ്ടുപേർക്കും പരസ്പരം അടുത്തുവന്ന് പോരാടുവാൻ വേണ്ടി ഫിയോൺ കടലിലൂടെ ഒരു ചിറ തയാറാക്കി. നമ്മുടെ രാമസേതുവിന്റെ മറ്റൊരു മോഡൽ!
എല്ലാ ഐതിഹ്യങ്ങളെയും പോലെ ഈ കഥക്കും പല വേർഷൻസും ഉണ്ട്. എന്നിരുന്നാലും എല്ലാ കഥയിലും ഫിയോൺ ജയിക്കുന്നു. അന്ന് ഉണ്ടാക്കിയ ആ ചിറയുടെ ഇന്നുള്ള ഭാഗമാണ് ജൈൻറ്സ് കോസ്വേ എന്ന അറിയപ്പെടുന്നത്.
ഈ ചിറയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ, നമ്മൾ വീടിന്റെ മുറ്റത്തെ ഇന്റർലോക്ക് ടൈൽസ് ഇടുന്നപോലെ കൂടുതലും ഷഡ്ഭുജാകൃതിയിലുള്ള കല്ലുകൾ കൊണ്ട് ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഒരു സൈഡിൽ മാറി നിന്ന് നോക്കിയാൽ താരനിരപ്പിൽ നിന്ന് ഒന്നിനുമുകളിൽ ഒന്നായി ഇത്തരം ടൈലുകൾ പോലുള്ള കല്ലുകൾ അടുക്കിവെച്ചിരിക്കുന്നതായി കാണാം. ബസാൾട് എന്ന തരാം ശിലകൾ കൊണ്ടാണ് ഈ നിർമ്മിതി ഉണ്ടായിരിക്കുന്നത് എന്നാണു അറിയാൻ കഴിഞ്ഞത്.
മേലെ പറഞ്ഞ ഐതിഹ്യത്തിനും അപ്പുറം ഒരു അഗ്നിപർവത സ്ഫോടനം ആണ് ഈ നിർമ്മിതിക് പുറകിൽ എന്നതാണ് ഇതിനെക്കുറിച്ചുള്ള ശാശ്ത്രീയമായ പഠനങ്ങൾ പറയുന്നത്. എന്നാൽ കല്ലുകളുടെ ആകൃതിയും അവ അടുക്കിവച്ചിരിക്കുന്ന രീതിയും കണ്ടാൽ, ഇത് മനുഷ്യ നിർമ്മിതം അല്ലെന്ന് വിശ്വസിക്കുവാൻ ഏറെക്കുറെ പ്രയാസമാണ്.
തറനിരപ്പിൽ നിന്നും ഉയർന്ന നിന്ന് കടലിലേക്കു നീളുന്ന തരത്തിലാണ് ഈ ചിറ കാണുവാൻ സാധിക്കുക. മനോഹരമായ ഫോട്ടോഗ്രാഫി സാധ്യമാകുന്ന ഇവിടെ മിക്കവാറും ദിവസങ്ങളിൽ മഴയും, നല്ല കാറ്റും ഉണ്ടാകും. തണുപ്പും കാറ്റും കാരണം അതികം വൈകാതെ ഞങ്ങൾ ഇവിടെ നിന്നും തിരിച്ചു.
ഞങ്ങളുടെ അടുത്ത ലക്ഷ്യം ഗെയിം ഓഫ് തോൺസ് എന്ന വെബ് സീരീസ് ഷൂട്ട് ചെയ്ത പ്രശസ്തമായ ഡാർക്ക് ഹെഡ്ജസ് എന്ന സ്ഥലം കാണുക എന്നതാണ്. GOT ഇതുവരെ ഒരു ട്രൈലെർ പോലും കാണാത്ത ഞാനും ഇവരുടെയൊപ്പം യാത്ര തുടങ്ങി.
വഴിയുടെ ഇരുവശങ്ങളിലും ഇലകൾ ഒന്ന് പോലും ഇല്ലാതെ വശ്യമായി പടർന്ന് നിൽക്കുന്ന മരങ്ങൾ. GOT ഇലെ രാജാവ് കുതിരപ്പുറത് വരുന്ന സീൻ ഇവിടെയാണത്രെ ചിത്രീകരിച്ചിരിക്കുന്നത്. ഞങ്ങൾക്കു ഫോട്ടോ എടുക്കാൻ കുതിരവണ്ടിയൊന്നും ഇല്ലെങ്കിലും നമ്മടെ ജോഷിച്ചേട്ടന്റെ പടകുതിരയെ നിർത്തി നല്ലൊരു ഫോട്ടം പിടിച്ചു. പിന്നെ അടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി പടകുതിരയെ തെളിച്ചു.
ശരിക്കും പറഞ്ഞാൽ നമ്മുടെ മലയാളികളുടെ സ്വഭാവമനുസരിച് ആദ്യം ഇവിടെ ആയിരുന്നു നമ്മൾ വരേണ്ടിയിരുന്നത്, ഞങ്ങൾ പിന്നെ അല്പം ഡീസന്റ് ടീമ്സ് ആയത്കൊണ്ട് അവസാനത്തേക് വച്ചതാണ്. സ്ഥലം മറ്റൊന്നുമല്ല, ഏതൊരു ഐറിഷുകാരന്റെയും അഭിമാനമായ ബുഷ്മിൽസ് വിസ്ക്കി ഡിസ്റ്റിലറി.
1600 കളുടെ ആദ്യത്തിൽ സ്ഥാപിതമായതാണ് ഈ ഡിസ്റ്റിലറി. അയർലണ്ടിൽ വന്നാൽ ഈ വിസ്ക്കി കഴിച്ചിരിക്കണം പോലും. അത്രക് പ്രശസ്തമാണ്.
സമയത്തിന്റെ പരിമിതികൾ മൂലം, ഡിസ്റ്റില്ലറി മുഴുവനായി കാണുവാനും, വിസ്ക്കി ടേസ്റ്റ് ചെയ്യുവാനും ഞങ്ങള്ക് കഴിഞ്ഞില്ല. എന്നിരുന്നാലും പല വർഷങ്ങൾ പഴക്കമുള്ള വിസ്കികളും, വിസ്ക്കി ചേർത്തുണ്ടാക്കിയ കാൻഡികളും ജാമുകളും, വിസ്ക്കി ഗ്ലാസുകളും, ബോട്ടിലെ ഓപ്പണറും, കുടിക്കാത്തവർക് ഫ്രിഡ്ജ് മാഗ്നെറ്റും അങ്ങനെ മറ്റുപലതുമായി വിശാലമായ അവരുടെ സൗവെനീർ ഗിഫ്റ് ഷോപ്പിൽ കയറി അവിടെ നിന്നും നമ്മളെ ഒന്നും വാങ്ങുന്നില്ലെടെ എന്ന ഭാവത്തിൽ നോക്കിയ സായിപ്പിനെ ബോധിപ്പിക്കാൻ സൗവേനിയറും വാങ്ങി ഞങ്ങൾ ബെല്ഫാസ്റ്റിലേക് തിരിച്ചു.