ക്രൂയിസ് ഷിപ്പിലെ കൊതിയൂറും ഭക്ഷണങ്ങളും രാത്രിക്കാഴ്ചകളും

റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പലിൽ സിംഗപ്പൂരിൽ നിന്നും മലേഷ്യ വഴി തായ്‌ലന്റിലെ ഫുക്കറ്റിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. വൈകീട്ട് സിംഗപ്പൂരിൽ നിന്നും കപ്പൽ യാത്രയാരംഭിച്ചതാണ്. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞങ്ങളുടെ റൂമിന്റെ ബാൽക്കണിയിലേക്ക് ഞാൻ ചെന്നു. ആ സമയത്ത് അൽപ്പം മൂടിക്കെട്ടിയ രീതിയിലായിരുന്നു അന്തരീക്ഷം. കപ്പൽ അപ്പോൾ മലേഷ്യയിലെ പോർട്ട് ക്ലാംഗ് എന്ന സ്ഥലത്തേക്കുള്ള യാത്രയിൽ ആയിരുന്നു.

കടൽ പൊതുവെ ശാന്തമായിട്ടായിരുന്നു കാണപ്പെട്ടത്. കടലിൽ അങ്ങിങ്ങായി ചെറുതും വലുതുമായ ധാരാളം കപ്പലുകൾ ഉണ്ടായിരുന്നു. ചരക്കുകപ്പലുകൾ ഉൾപ്പെടെയുള്ളവയെ ഞങ്ങളുടെ കപ്പൽ അനായാസേന ഓവർടേക്ക് ചെയ്തുകൊണ്ടായിരുന്നു മുന്നോട്ടു കുതിച്ചിരുന്നത്. ഞങ്ങളുടെ കപ്പലിന്റെ വശങ്ങളിലായി മഞ്ഞ നിറത്തിലുള്ള ലൈഫ് ബോട്ടുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതു കണ്ടപ്പോൾ ടൈറ്റാനിക് സിനിമയൊക്കെ മനസ്സിൽ വന്നെങ്കിലും നെഗറ്റീവ് ചിന്തകളെ പാടെ തള്ളി ഞങ്ങളുടെ യാത്ര ആസ്വദിക്കുവാനായിരുന്നു ഞാൻ ശ്രമിച്ചത്.

നേരം ഇരുട്ടിയതോടെ എല്ലാവരും ഡിന്നർ കഴിക്കുവാനുള്ള തിരക്കിലായി. കപ്പലിൽ യാത്ര ചെയ്യുന്നവർക്ക് അൺലിമിറ്റഡ് ഭക്ഷണമാണ് ലഭിക്കുന്നത്. ഇഷ്ടമുള്ള റെസ്റ്റോറന്റിൽ പോയി ആവശ്യമുള്ളതൊക്കെ വേണ്ടുവോളം എടുത്ത് കഴിക്കാം. കപ്പലിൽ ധാരാളം റസ്റ്റോറന്റുകൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ തിരഞ്ഞെടുത്തത് പതിനാലാമത്തെ നിലയിൽ സ്വിമ്മിംഗ് പൂളിനു സമീപത്തായുള്ള Wind Jammer എന്ന റെസ്റ്റോറന്റ് ആയിരുന്നു.

റെസ്റ്റോറന്റിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെയായിരുന്നു ഡിന്നർ സമയം. വമ്പനൊരു ബുഫെ തന്നെയായിരിക്കുന്നു അവിടത്തെ ഡിന്നർ. പലരാജ്യങ്ങളിലും നിന്നുള്ള യാത്രക്കാർ അവരവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ ബുഫേയിൽ നിന്നും തിരഞ്ഞെടുത്തു കഴിക്കുന്ന ആ കാഴ്ച കൗതുകകരം തന്നെയായിരുന്നു. റെസ്റ്റോറന്റ് ജീവനക്കാരെല്ലാം യാത്രക്കാരുമായി നല്ല സൗഹാർദ്ദപരമായ ഇടപെടലുകളായിരുന്നു.

റെസ്റ്റോറന്റിലെ വിഭവങ്ങൾ നടന്നു കണ്ടു തന്നെ പാതി വിശപ്പടങ്ങി എന്നു വേണമെങ്കിൽ പറയാം. ചില വിഭവങ്ങളൊക്കെ ലൈവ് ആയിട്ടായിരുന്നു പാകം ചെയ്തിരുന്നത്. അങ്ങനെ ഞങ്ങൾ ഡിന്നറിനു ശേഷം ഷിപ്പിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് നടന്നു. പോകുന്ന വഴി ആളുകൾക്ക് കളിക്കുവാനുള്ള ഏരിയായൊക്കെ കാണുവാൻ സാധിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഒരേപോലെ കളിക്കാൻ പറ്റിയ ഐറ്റങ്ങൾ അവിടെയുണ്ടായിരുന്നു. അതോടൊപ്പം ചൂതാട്ടത്തിൽ താല്പര്യമുള്ളവർക്ക് അതിനായി ഒരു കാസിനോയും (ചൂതാട്ടകേന്ദ്രം) കപ്പലിൽ ഉണ്ട്. യാത്രക്കാരിൽ നിന്നും കപ്പലിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ചൂതാട്ടം വഴിയാണത്രേ. എന്താല്ലേ?

അങ്ങനെ നടന്നു നടന്നു ഞങ്ങൾ കപ്പലിന്റെ ഏറ്റവും മുകളിലെ നിലയിലെത്തി. കടൽ കാണുന്നേയില്ല, ചുറ്റിനും കൂരാക്കൂരിരുട്ട്. ഇത്രയും വേഗത്തിൽ കപ്പൽ പോകുന്നത് നമുക്ക് അതിൽ നിന്നാൽ മനസ്സിലാകുകയേയില്ല. ആ സമയത്തും മുകൾത്തട്ടിലെ പൂളിൽ ചിലരൊക്കെ കുളിക്കുന്നുണ്ടായിരുന്നു. മഴ പെയ്തിരുന്നതിനാൽ കപ്പലിന്റെ മുകൾത്തട്ടെല്ലാം നനഞ്ഞു കിടക്കുകയായിരുന്നു. കടൽക്കാഴ്ചകൾ കാണുവാൻ സാധ്യമല്ലാതിരുന്നതിനാൽ ഞങ്ങൾ അതെല്ലാം അടുത്ത ദിവസം പകൽവെളിച്ചത്തിൽ കാണാമെന്നുറപ്പിച്ച് നേരെ റൂമിലേക്ക് പോയി. കപ്പൽ അപ്പോഴും കടലോളങ്ങളെ കീറിമുറിച്ചുകൊണ്ട് മലേഷ്യ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. To contact Bonvo: +91 85940 22166, +91 75940 22166.