ലേഖകൻ – ഋഷിദാസ്.
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു.
ഒരു പക്ഷെ ലോകത്തെ ഏറ്റവും വലിയ വൈരുധ്യങ്ങളിൽ ഒന്നാണ് അമേരിക്കൻ ഡോളറിന്റെ കരുത്ത്. ലോകത്തെ ഏറ്റവും കടബാദ്ധ്യതയേറിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് അമേരിക്കൻ സമ്പദ് വ്യവസ്ഥ , അവരുടെ വ്യാപാര കമ്മിയാകട്ടെ ലോകത്തെ ഏറ്റവും വലിയ ഒന്നും . ഒരു സാധാരണ രാജ്യത്തിൽ ഈ അവസ്ഥ സംജാതമായാൽ ആ രാജ്യത്തെ കറൻസി ക്ക് വൻതോതിൽ മൂല്യ ശോഷണം സംഭവിക്കുമെന്നും . ആ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽ ആകുമെന്നതിനും സംശയമില്ല . എന്നാൽ യു എസ് ഇന്റെ കാര്യത്തിൽ കടബാധ്യതയും ,വ്യാപാരകമ്മിയുമൊന്നും ബാധകമാകുന്നില്ല . അവരുടെ കറൻസി ഈ സാഹചര്യങ്ങളിലും ലോകത്തെ റിസേർവ് കറൻസിയായി നിലകൊളുന്നു . ഇതിന്റെ കാരണം ഇന്നും പൂർണമായും മനസ്സിലാക്കപ്പെട്ടിട്ടില്ല എങ്കിലും പൊതുവെ അംഗീകരിക്കപ്പെട്ട ചില വസ്തുതകൾ ഇവയാണ് .
1, യു എസ് ആണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി . അത് പ്രയോഗിക്കാൻ അവർക്ക് മടിയും ഇല്ല . ശക്തനെ എല്ലാ സംവിധാനങ്ങളും ബഹുമാനിക്കും . എതിരാളികളെയും വഴങ്ങാത്തവരെയും സൈനിക ശക്തി ഉപയോഗിച്ച് പോലും വരുതിയിൽ നിർത്താൻ യു എസ് ന് ആകും എന്ന ഒരു വിശ്വാസം യു എസ് ഡോളറിൽ കച്ചവടം നടത്താൻ വ്യാപാരികളെയും ധനികരെയും പ്രോത്സാഹിപ്പിക്കുന്നു . എല്ലാ നാണയ വ്യവസ്ഥകളും വിശ്വാസം എന്ന ഘടകത്തിലാണ് കുടികൊള്ളുന്നത് . ലോകത്തെ ഏറ്റവും വിശ്വാസമുള്ള ഭരണവ്യവസ്ഥ യു എസ് എന്റേതാണ് . അതിനാൽ അവരുടെ കറൻസിക്കും ആ വിശ്വാസം ഉണ്ട് .
2. യു എസ് ലോകത്തെ ഏറ്റവും വലിയ കടക്കാരനാണ് എന്നത് തന്നെയാണ് അവരുടെ രണ്ടാമത്തെ ശക്തി .മിക്ക രാജ്യങ്ങളുടെയും വിദേശനാണയ ശേഖരം യു എസ് ഡോളറിലും യു എസ് കടപ്പത്രങ്ങളിലുമാണ് . യു എസ് ഡോളറിനു വിലയിടിഞ്ഞാൽ യു എസ് നേക്കാൾ ഒരുപക്ഷെ അത് ബാധിക്കാൻ പോകുന്നത് ഡോളർ വിദേശ നാണ്യശേഖരത്തിൽ കുന്നുകൂട്ടിയവർക്കും , ഡോളറിന്റെ വിലയിൽ വിശ്വാസമർപ്പിച്ച് ഊഹക്കച്ചവടം നടത്തുന്നവർക്കുമാണ് . കടക്കാരന് (debtor) അത് തിരിച്ചടക്കാൻ ശേഷി ഉണ്ടായിരിക്കേണ്ടത് കടം കൊടുത്തവന്റെ കൂടി താല്പര്യമാണ് . അതിനാൽ തന്നെ മറ്റു രാജ്യങ്ങളും പരോക്ഷമായി യു എസ് ഡോളറിനെ പല രീതിയിലും പിന്താങ്ങുന്നു .
3 രാജ്യാന്തര വ്യാപാരം യു എസ് ഡോളർ അതിഷ്ടിതമാകയാൽ ഡോളറിനെതിരെ സ്വന്തം കറൻസിയുടെ വില ഇടിഞ്ഞാൽ രാജ്യങ്ങൾക്ക് അവർ കയറ്റുമതി ചെയുന്ന വസ്തുക്കൾക്ക് ആഭ്യന്തര കറൻസിയിൽ കൂടുതൽ പണം ലഭിക്കും . ഡോളറിനെതിരെ സ്വന്തം കറൻസിയുടെ വില കുറക്കാൻ മറ്റു രാജ്യങ്ങൾക്ക് ഇത് ഒരു പ്രേരണയാണ് . ഡോളറിനെതിരെ സ്വന്തം കറൻസിയുടെ വില ഇടിക്കുക വഴിയാണ് മിക്ക രാജ്യങ്ങളും കറന്റ് അകൗണ്ട് കമ്മി നിയന്ത്രിക്കുന്നത് . ഡോളറിനെതിരെ സ്വന്തം കറൻസിയുടെ വിലകുറക്കുന്നത് പല പ്രശ്നങ്ങളും പരിഹരിക്കനുളള ഒരു കുറുക്കു വഴിയായി മിക്ക ലോകരാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട് .
ചുരുക്കത്തിൽ എല്ലാ കറൻസി വ്യവസ്ഥയുടെയും അടിസ്ഥാനമായ ”വിശ്വാസം ” (സ്വന്തം കറൻസിയെ സംരക്ഷിക്കാൻ യു എസ് സർക്കാർ ഏതറ്റം വരെയും പോകുമെന്ന വിശ്വാസം ) അതാണ് യു എസ് ഡോളറിന്റെ ശക്തി. ആ വിശ്വാസത്തിന് കാര്യമായ ഇടിവുതട്ടിയാലേ ഡോളറിന്റെ അപ്രമാദിത്വത്തിനു ഇടിവ് സംഭവിക്കൂ. യു എസ് ഡോളറിന്റെ നിലനിന്നുപോകുന്ന മേധാവിത്വത്തെകുറിച്ച ആയിരകകണക്കിനു പഠനങ്ങളും അവലോകങ്ങളും നടന്നിട്ടുണ്ട് . ചില പഠനങ്ങളിൽ മേൽപ്പറഞ്ഞ കാരണങ്ങൾക്ക് കടക വിരുദ്ധമായ കാരണങ്ങളും നിരത്തപ്പെട്ടിട്ടുണ്ട് . സാമാന്യ ബുദ്ധിക്കു നിരക്കുന്നതാകയാലാണ് മേല്പറഞ്ഞ കാരണങ്ങൾ മാത്രം നിരത്തിയത് മേല്പറഞ്ഞവ കൂടാതെ മറ്റു പലകാരണങ്ങളും യു എസ് ഡോളറിന്റെ മേധാവിത്വത്തിനു ശക്തി പകരുന്നുണ്ടാവാം.
പല റെഫറൻസുകളിലൂടെ കണ്ണോടിച്ചു, തീർത്തും സ്വതന്ത്രമായി എഴുതപ്പെട്ടതാണ് ഈ ലേഖനം -ഋഷിദാസ് എസ്