എഴുത്ത് – പ്രകാശ് നായർ മേലില.
21 വർഷം മുൻപ് ലോക വിഡ്ഢിദിനത്തിൽ ബാൾട്ടിക് രാജ്യമായ ലിത്തുവാനിയയുടെ തലസ്ഥാനമായ വിലിനിയസിലെ ഒരു കവലയിൽ കുറച്ചു ചെറുപ്പക്കാർ കൂടി തങ്ങളുടെ പ്രദേശം ഒരു പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചു. ആളുകളെ വിഡ്ഢികളാക്കാൻ തമാശരൂപേണ അവർ നടത്തിയ ഈ പ്രഖ്യാപനം കാര്യമായി. ഇന്ന് ഒരു കിലോമീറ്ററിൽ താഴെ വിസ്തൃതിയുള്ള ആ പ്രദേശം ഒരു പ്രത്യേക രാഷ്ട്രമാണ്. അന്ന് പ്രഖ്യാപനം നടത്തിയ യുവാക്കളാണ് ആ രാജ്യത്തിന്റെ പ്രസിഡന്റും മന്ത്രിമാരുമൊക്കെ. ആ രാജ്യത്തിന്റെ പേരാണ് Uzupis Republic.
ലിത്തുവാനിയയുടെ തലസ്ഥാനമായ വിലിനിയസിലെ ഒരു ചെറുപ്രദേശമായ Uzupis Republic നു സ്വന്തമായ ഭരണഘടനയും സർക്കാരും കറൻസിയും പതാകയുമുണ്ട്. ഈ രാജ്യത്തിന്റെ പ്രവേശനകവാടത്തിലെ പിച്ചള ലോഹത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു ജലകന്യകയുടെ പ്രതിമ ഇവിടുത്തെ ആകർഷണവും അഭിമാന സ്തംഭവുമാണ് . ലോകമെമ്പാടുനിന്നും വരുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ് ഈ ജലകന്യക. ഇതിനടുത്തുകൂടെ ഒരരുവിപോലെ ബീയർ ഒഴുകുന്നുണ്ട്. പണമടച്ചാൽ നമുക്കവിടെ നിന്ന് അടച്ച തുകയ്ക്ക് അനുസരിച്ച് ബിയർ കോരിയെടുക്കാവുന്നതാണ്.
രാജ്യം വളരെ ചെറുതാണെങ്കിലും ഇവർക്ക് സ്വന്തമായി കറൻസിയുണ്ട്, രാഷ്ട്രപതിയും മന്ത്രിസഭയുമുണ്ട്, സ്വന്തം നേവിയുമുണ്ട്. നേവിക്കാകട്ടെ 4 ബോട്ടുകളുമുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പുവരെ Uzupis Republic നു 10 പേരടങ്ങുന്ന ഒരു സൈന്യമുണ്ടായിരുന്നു. നൂറു ശതമാനവും സമാധാനപ്രിയരായ ജനങ്ങൾ താമസിക്കുന്ന രാജ്യമായതിനാൽ സൈന്യത്തിന്റെ ആവശ്യമില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് അവരെ പിരിച്ചു വിടുകയായിരുന്നു.
1997 ൽ തന്നെ ഉസൂപ്പിസ് രാജ്യത്തെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയായിരുന്നു. 148 ഏക്കർ വിസ്തൃതിവരുന്ന 7000 ജനസംഖ്യയുള്ള ഒരു ചെറു ടൌൺ പോലെയുള്ള സ്ഥലമാണീ രാജ്യം. ഇവരിൽ 1000 ത്തോളം പേർ പലതരം കലാകാരന്മാരാണ്. പ്രതിമനിർമ്മാണത്തിലും, ചിത്രകലയിലും, വാദ്യസംഗീത ങ്ങളിലും നിപുണരായവർ. ഇവരുടെ കരവിരുതുകളും പ്രതിഭയും അവിടുത്തെ തെരുവുകളിളിലും കെട്ടി ടങ്ങളുടെ ചുവരുകളിലുമൊക്കെ നമുക്ക് ദൃശ്യമാണ്…
എന്നാൽ ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ Uzupis Republic നെ ലോകത്തൊരു രാജ്യവും അംഗീകരിച്ചിട്ടില്ലെങ്കിലും അതൊരു വിഷയമോ,സമസ്യയോ ആയി ഇവിടുത്തുകാർ കണക്കാക്കുന്നതേയില്ല. എന്നാൽ ലിത്തുവാനിയൻ ജനത Uzupis Republic നെ ഒരു സ്വതന്ത്ര രാജ്യമായാണ് കണക്കാക്കുന്നത്. അവർ എല്ലാ അർത്ഥത്തിലും ഉസൂപ്പിസ് ജനതയെ അന്തസ്സും അഭിമാനവുമുള്ള ജനസമൂഹമായാണ് വിലയിരുത്തുന്നത്.
ഉസൂപ്പിസ് എന്നാൽ ലിത്തുവാനിയൻ ഭാഷയിൽ നദിയുടെ അപ്പുറം എന്നാണർത്ഥം. ‘വിൽനിലെ’ നദിയുടെ കരയിലാണ് ഉസൂപ്പിസ് രാജ്യം നിലകൊള്ളുന്നത്. എല്ലാ വർഷവും ലോകവിഡ്ഢിദിനമായ ഏപ്രിൽ 1 ന് ഉസൂപ്പിസ് തങ്ങളുടെ റിപ്പബ്ലിക് ദിനമാഘോഷിക്കുന്നു. ഇതിന് Uzupis Day എന്നാണ് പേര്.ഇവിടെയെത്തുന്ന അന്യരാജ്യക്കാർക്കു അതിർത്തിയിലെ പാലത്തിലാണ് Uzupis പാസ്പ്പോർട്ട് നൽകുന്നത്. ഈ രാജ്യത്തെ ഭരണഘടന പല ഭാഷകളിലായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
20 മത് നൂറ്റാണ്ടിന്റെ പകുതിവരെ യഹൂദരായിരുന്നു ഇവിടുത്തെ ഭൂരിഭാഗം താമസക്കാരും. നാസികൾ അവരെയൊക്കെ കൊന്നൊടുക്കിയശേഷം പിന്നീട് റഷ്യാക്കാരായിരുന്നു ഇവിടെ ആധിപത്യം പുലർത്തിയിരുന്നത്.
Uzupis Republic ലെ പാർലമെന്റ് ഇവിടെയുള്ള ഒരു കഫേയിലാണ് കൂടുന്നത്.ഒരു ഡസനോളമാണ് മന്ത്രിമാർ. രാഷ്ട്രീയത്തിൽ വരാനാഗ്രഹിക്കുന്നവർ ഇവിടെ നിർബന്ധമായും സാമൂഹ്യസേവനം നടത്തിയിരിക്കണം എന്ന് നിയമമുണ്ട്.എല്ലാ തിങ്കളാഴ്ചയും മന്ത്രിസഭായോഗം നടത്തപ്പെടാറുണ്ട്. Uzupis Republic ന്റെ രാഷ്ട്രപതിയാണ് റോമാസ് ലിലേയ്ക്കിസ്. അന്ന് ഏപ്രിൽ ഫൂൾ ദിനത്തിൽ ഒത്തുകൂടിയ യുവാക്കളിൽ പ്രധാനി ഇദ്ദേഹമായിരുന്നു.
റോമൻ ഭാഷയാണ് ഔദ്യോഗികഭാഷയായി അംഗീകരിച്ചിരിക്കുന്നത് . രാജ്യത്തിന്റെ പതാകയിൽ വിരല കത്തിപ്പിടിച്ചിരിക്കുന്ന കൈപ്പത്തിചിഹ്നം കാണാം. ഇതിനർത്ഥം തങ്ങൾക്ക് യാതൊന്നും ഒളിക്കാനില്ല എന്നാണ്. ഉള്ളംകൈയിലെ ദ്വാരത്തിനർഥം അഴിമതിയും കൈക്കൂലിയും ഇല്ല എന്നാണത്രെ. 2002 ൽ രാജ്യത്തിന്റെ സിംബലായി Uzupis Ripublic നഗരകവാടത്തിൽ ഗബ്രിയേൽ മാലാഖയുടെ പ്രതിമ ( THE ANGEL OF UZOUPIS) സ്ഥാപിക്കുകയുണ്ടായി.
ഉസൂപ്പീസിലെ വിദേശകാര്യമന്ത്രി ടോമാസിന്റെ അഭിപ്രായത്തിൽ Uzupis Ripublic അതിസമ്പന്നമായ രാജ്യമാണ്. ഒപ്പം ശാന്തിയും സമാധാനവുമുള്ള പ്രകൃതിസുന്ദരമായ നാട്. ഒച്ചപ്പാടും, ബഹളവും, തിരക്കുകളും, ട്രാഫിക്കും ഒന്നുമില്ലാത്ത സ്വഛന്ദസുന്ദരമായ ഈ നാട് എല്ലാവർക്കും ഇഷ്ടപ്പെടും. ഒരിക്കൽ മാർപ്പാപ്പ ഈ രാജ്യം സന്ദർശിക്കുകയും ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. ദലൈലാമയെ Uzupis ആദരിക്കുകയും അദ്ദേഹത്തിന് രാജ്യത്തെ പൗരത്വം നൽകുകയും ചെയ്തത് ചൈനയുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു. നഗരസൗന്ദര്യവൽക്കരണമാണ് സർക്കാരിന്റെ മുഖ്യ ലക്‌ഷ്യം. അതുമൂലം ഇവിടെ വസ്തുവകകൾക്കും കെട്ടിടങ്ങളും ദിനംപ്രതി വില വർദ്ധിക്കുകയാണ്.
ഒരു ഏപ്രിൽ ഫൂൾ ദിനത്തിൽ ഒരുകൂട്ടം യുവാക്കളുടെ മനസ്സിലുടലെടുത്ത ഒരു നൂതനമായ ഫലിതം അവർപോലുമറിയാതെ യാഥാർഥ്യമായി. 21 വർഷമായി ഒരു തടസ്സവുമില്ലാതെ Uzupis Ripublic എന്ന രാജ്യം സ്വതന്ത്രമായി പ്രവർത്തിക്കുന്നു.