കോട്ടയം ജില്ലയിലെ കോരുത്തോടുള്ള വനറാണി കള്ള് ഷാപ്പിലേക്ക് ഒരു യാത്ര !!

ഗുജറാത്ത് ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നു വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് സുഹൃത്തും പ്രമുഖ ഫുഡ് വ്‌ളോഗറുമായ എബിൻ ചേട്ടൻ വിളിക്കുന്നത്. അദ്ദേഹത്തിന് പത്തനംതിട്ട ഭാഗത്തൊക്കെ ഒന്ന് കറങ്ങണം. കുറച്ചു ഫുഡ് ഒക്കെ ഒന്ന് എക്‌സ്‌പ്ലോർ ചെയ്യണം. ഞാൻ സന്തോഷത്തോടെ അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ ഞങ്ങൾ ആറന്മുളയിലുള്ള എൻ്റെ ഒരു സുഹൃത്തിന്റെ ഒരു ഹോംസ്റ്റേയിൽ ഒരു ദിവസം ഒത്തുകൂടി. പിറ്റേന്ന് കോട്ടയം ജില്ലയിലെ കോരുത്തോട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ‘വനറാണി’ എന്നു പേരുള്ള കള്ള് ഷാപ്പിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര.

കള്ള് ഷാപ്പ് എന്നുകേട്ട് ആരും നെറ്റി ചുളിക്കേണ്ട. ഇതൊരു സാധാരണ കള്ള് ഷാപ്പ് അല്ല, ഒരു സ്റ്റാർ ഹോട്ടലിന്റെ റെസ്റ്റോറന്റിനോളം വരും ഇവിടത്തെ സൗകര്യങ്ങൾ. ഏതാണ്ട് ഒന്നരക്കോടിയോളം രൂപ മുടക്കിയാണ് ഇവിടെ ഈ കള്ള്ഷാപ്പ് കം റെസ്റ്റോറന്റ് സെറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലുടനീളമുള്ള ഭക്ഷണപ്രേമികൾക്കിടയിൽ നല്ല പ്രസിദ്ധിയേറിയതാണ് വനറാണി ഷാപ്പ്. ഇവിടേക്ക് കുടുംബവുമായി ഭക്ഷണം കഴിക്കുവാൻ വരുന്നവരുമുണ്ട്. ഇവർക്കായി സ്പെഷ്യൽ ഫാമിലി റൂമുകളും ഷാപ്പിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.

അങ്ങനെ ഞങ്ങൾ ഷാപ്പിനുള്ളിലേക്ക് കയറി വിപുലമായ വിഭവങ്ങൾക്ക് ഓർഡർ നൽകി. കപ്പ, കള്ളപ്പം, മുയൽ റോസ്റ്റ്, താറാവ് മപ്പാസ്, ബീഫ് റോസ്റ്റ്, ഇടിയിറച്ചി (പോത്തിറച്ചി ഉണക്കി ഇടിച്ചു ഇഞ്ചപ്പരുവമാക്കിയത്) എന്നിവയാണ് ഞങ്ങൾ ഓർഡർ ചെയ്തത്. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം മേൽപ്പറഞ്ഞ വിഭവങ്ങൾ ഞങ്ങളുടെ ടേബിളിൽ നിറഞ്ഞു. മുയലിറച്ചിയും ബീഫ് റോസ്റ്റും ആയിരുന്നു കൂട്ടത്തിൽ വെച്ച് ഏറ്റവും രുചികരമായി തോന്നിയത്. എല്ലാ വിഭവങ്ങൾക്കും അതിന്റെതായ രുചിയുണ്ടായിരുന്നു. എരിവേറിയ വിഭവങ്ങളായിരുന്നു വനറാണി ഷാപ്പിലെ ഹൈലൈറ്റ് രുചികൾ.

എസി റൂമുകൾക്കു പുറകെ, സാധാരണ ഹട്ടുകളും ഇവിടെയുണ്ട്. എന്തിനേറെ പറയുന്നു, ഒരു കിടിലൻ കോൺഫറൻസ് റൂം വരെ ഇവിടെയുണ്ട്. മിക്കവാറും കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു കള്ള് ഷാപ്പിൽ കോൺഫറൻസ് റൂം ഒക്കെ സെറ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഷാപ്പും പരിസരവുമൊക്കെ ഒന്നു നടന്നു ആസ്വദിച്ചു. കഴിച്ചു കഴിഞ്ഞു ഞങ്ങൾക്ക് ആകെ വന്ന ബിൽ തുക, ജിഎസ്ടി അടക്കം 1091 രൂപയായിരുന്നു.

ഞങ്ങൾ ഓർഡർ ചെയ്ത വിഭവങ്ങൾക്ക് പുറമെ പോർക്ക്, ചിക്കൻ, മീൻ, ചെമ്മീൻ, കൂന്തൽ, ഞണ്ട് തുടങ്ങിയവയെല്ലാം ഉലർത്തായും, കറിയായും, വറുത്തതായും ഒക്കെ ലഭ്യമാണ്. ഇനി വ്യത്യസ്തമായ ബിരിയാണി വേണമെന്നുള്ളവർക്ക് അതും ഓർഡർ ചെയ്യാം. ഒറ്റനോട്ടത്തിൽ കള്ള് ഷാപ്പിന്റെ ഒരു ലുക്ക് ഒന്നുമില്ലെങ്കിലും നല്ല ഉഗ്രൻ ചെത്തു കള്ളും ഇവിടെ ലഭിക്കും. മുന്തിരിക്കള്ള്, മധുരക്കള്ള് തുടങ്ങിയ വ്യത്യസ്ത രുചികളിൽ ഇവിടെ കള്ള് ലഭ്യമാണ്. ഭൂരിഭാഗവും ഷാപ്പിന്റെ പരിസരങ്ങളിലുള്ള പറമ്പിലെ തെങ്ങുകളിൽ നിന്നും ചെത്തിയെടുക്കുന്ന കള്ള് ആയതിനാൽ, യാതൊരു വിധ മായവും ഇല്ലെന്ന വിശ്വാസത്തോടെ കഴിക്കാം. ഇതൊക്കെക്കൊണ്ടാണ് വനറാണിയെത്തേടി ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് എത്തിച്ചേരുന്നത്.

എക്സൈസ് വകുപ്പിന്റെ പരിഷ്ക്കാരത്തിന്റെ ഭാഗമായി ഓരോ റേഞ്ചിലും ഒരു മാതൃകാ കള്ള്ഷാപ്പ് സ്ഥാപിക്കണം എന്ന തീരുമാനപ്രകാരമാണ് എരുമേലി റേഞ്ചിലെ ഒന്നാം നമ്പർ കള്ള് ഷാപ്പായ വനറാണി മാത്യകാ ഷാപ്പായത്.