കടപ്പാട് – മലയാള മനോരമ, ചരിത്ര ഗ്രൂപ്പുകൾ.
വില്ലേജ് ഓഫീസുകൾ നാം കണ്ടിട്ടുണ്ടാകും. ചിലപ്പോൾ സന്ദർശിച്ചിട്ടുമുണ്ടാകും. ഒരു വില്ലേജ് ഓഫീസിൽ പോയാൽ എന്തൊക്കെയാണ് കാണുവാൻ സാധിക്കുക? അവിടത്തെ ജീവനക്കാരും പിന്നെ കുറെ ഫയലുകളും. അതെ അത് തന്നെയാണ് എല്ലാ വില്ലേജ് ഓഫീസുകളിലും കാണുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ. എന്നാൽ സ്വന്തമായി തോക്ക് ഉള്ള ഒരു വില്ലേജ് ഓഫീസ് നമ്മുടെ കേരളത്തിലുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടൻമേട് വില്ലേജ് ഓഫീസിലാണ് കൗതുകകരമായ ഈ സംഭവമുള്ളത്. അപേക്ഷയുമായി വരുന്നവരെ ‘വെടിവെച്ചിടാനല്ല’ ഈ തോക്ക്. തോക്കെടുക്കാനും ചൂണ്ടാനും ഉപയോഗിക്കാനും അനുവാദം വില്ലേജ് ഓഫിസർക്കു മാത്രം.
രാജഭരണകാലത്തു നൽകിയതാണ് വേട്ടക്കാർ ഉപയോഗിച്ചിരുന്ന പോലത്തെ അമേരിക്കൻ നിർമ്മിതമായ ഈ നീളൻ തോക്ക്. വില്ലേജ് ഓഫിസർ ഇരിക്കുന്ന മുറിക്കരികിലാണു തോക്കിന്റെ സ്ഥാനം. ഈ തോക്ക് ഇവിടെ വന്നതിനു പിന്നിൽ ഒരു കാരണവുമുണ്ട്. പണ്ട് ഏലം വ്യാപാരത്തിലൂടെ ഏറ്റവുമധികം നികുതി വരുമാനമുണ്ടാക്കിയത് വണ്ടന്മേട്, ഉടുമ്പൻചോല, ശാന്തൻപാറ വില്ലേജുകളായിരുന്നു. ഓഫിസിൽ കരമായി ലഭിച്ചിരുന്ന പണവും മറ്റും തലയിൽ ചുമന്നാണ് അന്ന് ദേവികുളത്തെ ട്രഷറിയിൽ എത്തിച്ചിരുന്നത്. കൊടുംകാട്ടിലൂടെ പണവുമായി കിലോമീറ്ററുകൾ സഞ്ചരിച്ചായിരുന്നു ജീവനക്കാർ ട്രഷറിയിലെത്തിയിരുന്നത്.
ഇതിനിടെ പിരിച്ചെടുത്ത നികുതിപ്പണം തട്ടിയെടുക്കാൻ കള്ളന്മാരോ കൊള്ളക്കാരോ വന്നാൽ വെടിവച്ച് ഓടിക്കാൻ വണ്ടന്മേട്, ഉടുമ്പൻചോല, പൂപ്പാറ വില്ലേജുകൾക്ക് 1932 ൽ തിരുവിതാംകൂർ രാജഭരണകാലത്ത് തോക്ക് അനുവദിച്ചു. നികുതിപ്പണം ചുമക്കുന്ന ചുമട്ടുകാരുടെ കൂടെ ദേവികുളം വരെയുള്ള സവാരിക്കായി രണ്ടു കുതിരകളെയും നൽകി.
രാജഭരണം മാറി ബ്രിട്ടീഷ് ഭരണം വന്നപ്പോഴും ഈ തോക്കുകൾ അവിടെയുണ്ടായിരുന്നു. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിൽ സർക്കാർ വന്നപ്പോൾ പൂപ്പാറ പകുതിയിലെയും ഉടുമ്പൻചോലയിലെയും തോക്കുകൾ അവർ സ്വമേധയാ തിരിച്ചു (സറണ്ടർ) കൊടുത്തു. എന്നാൽ, വണ്ടൻമേട്ടിലെ വില്ലേജ് ഓഫിസർ അന്ന് തോക്ക് തിരികെ കൊടുത്തില്ല. അങ്ങനെ മാറി വരുന്ന വില്ലേജ് ഓഫീസർമാർ കാലാകാലങ്ങളിൽ ലൈസൻസ് പുതുക്കി തോക്ക് ഇന്നും ഓഫീസിൽ തന്നെ സൂക്ഷിക്കുന്നു.
115 വര്‍ഷം പഴക്കമുള്ള ഈ വില്ലേജ് ഓഫീസില്‍ ആരംഭം മുതലുള്ള രേഖകളും സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ചരിത്രരേഖകള്‍ക്കൊപ്പം ഇടംപിടിച്ചിരിക്കുകയാണ് ഈ തോക്കും. വില്ലേജ് ഓഫീസർ ഉൾപ്പെടെ ആറോളം ജീവനക്കാരാണ് വണ്ടൻമേട് വില്ലേജ് ഓഫീസിൽ ജോലിചെയ്യുന്നത്. ഇവർ ഓഫീസിലെ ചരിത്രപരമായ രേഖകൾക്കൊപ്പം തോക്കിനെയും നന്നായി പരിപാലിക്കുന്നു. അപ്പോൾ ഇനി വണ്ടന്മേട് വില്ലേജ് ഓഫീസിൽ ചെന്നിട്ട് പ്രശ്നമുണ്ടാക്കാമെന്നു വിചാരിക്കേണ്ട, ചിലപ്പോൾ വെടി കിട്ടും (തമാശയ്ക്ക് പറഞ്ഞതാണ് കേട്ടോ).