എഴുത്ത് – വസുധ വാസുദേവൻ.
പെണ്മക്കളെ ഏറ്റവും കൂടുതൽ കാശിന് “കെട്ടിച്ചുവിടാൻ” മാതാപിതാക്കൾ മത്സരിക്കുന്ന നമ്മുടെ നാട്ടിൽ നിന്ന് അഭിമാനത്തോടെ തന്നെ പറയട്ടെ, ‘സ്ത്രീധനം’ എന്ന ഓമനപ്പേരിൽ ഉള്ള ഒരു കച്ചവടം നടത്തിക്കൊണ്ട് ആയിരുന്നില്ല ഞങ്ങടെ വിവാഹം. ഒന്നാമത് ഞങ്ങളുടെ സമുദായത്തിൽ സ്‌ത്രീധനം എന്നൊരു സംഭവം ഇല്ല എന്ന് തന്നെ പറയാം. കൂടാതെ കേരളത്തിൽ വടക്കോട്ട് പോകും തോറും താരതമ്യേന സ്ത്രീധനം എന്ന ഏർപ്പാട് കുറവാണെന്നും കേട്ടിട്ടുണ്ട്.
പക്ഷെ ഇപ്പൊ സ്ത്രീധനം എന്ന ഓമനപ്പേര് ഇല്ലെങ്കിലും ഇല്ലാത്ത കാശ് കഷ്ടപ്പെട്ട് ഉണ്ടാക്കിയും എടുത്താൽ പൊങ്ങാത്ത ലോൺ എടുത്തും പെണ്കുട്ടികളെ സ്വർണത്തിൽ പൊതിയുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. അതൊക്കെ കാണുമ്പോഴാണ് എന്റെ കല്യാണത്തെ കുറിച്ചു ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നത്. 2 പവന്റെ താലിയും ഒരു കുഞ്ഞു നെക്ലേസ് ഉം അല്ലാതെ കല്യാണം പ്രമാണിച്ചു വേറെ പുതിയ സ്വർണം ഒന്നും വാങ്ങിയില്ല. അമ്മേടെ പഴയ ഒന്ന് രണ്ട് ആഭരണങ്ങൾ എന്തൊക്കെയോ ഇട്ടു. അതും എല്ലാരുടേം നിർബന്ധം കൊണ്ട്.
അണിഞൊരുങ്ങാനും ആഭരണങ്ങൾ ഇടാനും ഒക്കെ ഭയങ്കര ഇഷ്ടം ആണ് എനിക്കും. പക്ഷെ കല്യാണം ആയാൽ സ്വർണം നിർബന്ധം ആണെന്ന പൊതുവായുള്ള ഒരു കൊണ്സപറ്റിനോട് ആണ് എനിക്ക് എതിർപ്പ്. വരുമാനത്തിന് അനുസരിച്ചുള്ള ആർഭാട ജീവിതത്തെ എന്നും സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ. പക്ഷെ കല്യാണത്തിന്റെ പേരിൽ നടക്കുന്ന ഈ കച്ചവടത്തിനോട് പുച്ഛം മാത്രമേ ഉള്ളു. അത് ഒരുപാട് പെണ്കുട്ടികളുടെ ജീവിതം ഇത് പോലെ ഒരു കയറിൽ തീർക്കും.
കുറച്ചു കഷ്ടപ്പെട്ടാൽ ഒരു 10 പവൻ ഒക്കെ എനിക്കും ഒപ്പിക്കായിരുന്നു. പക്ഷെ എന്തിന്? അത്രേം പൈസ ഉണ്ടെങ്കിൽ എത്ര യാത്ര ചെയ്യാം. എത്ര മസാലദോശ കഴിക്കാം എന്നൊക്കെയാണ് ഞാൻ അന്ന് ചിന്തിച്ചത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ ഒക്കെ അങ്ങനെയാ എന്ന് ആവും നമ്മൾ ഒക്കെ വിചാരിക്കുന്നത്. പക്ഷെ ഇന്നും ഉണ്ട്..
ഒരു 50 പവൻ എങ്കിലും ഇല്ലാതെ എങ്ങിനെ കല്യാണം കഴിക്ക്യ എന്നോർത്ത് വിഷമിച്ചിരുന്ന ചില ക്‌ളാസ് മേട്‌സ് നെ ഓർമ്മ വരുന്നു. ഇന്നും ഉണ്ട് അച്ഛൻ തന്ന 50 ഉം നൂറും പവൻ ന്റെ കണക്ക് അഭിമാനത്തോടെ പറയുന്ന പെണ്ണുങ്ങൾ. അതും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവർ. വീടും പറമ്പും വിറ്റ് പെണ്മക്കളുടെ കല്യാണം നടത്തൽ നമ്മടെ നാട്ടിൽ മാത്രം കണ്ടു വരുന്ന ഒരു കലാപരിപാടി ആണെന്ന് തോന്നുന്നു. അവരൊക്കെ തന്നെ ആണ് ഇങ്ങനെ ഉള്ള ആത്‍മഹത്യകൾക്ക് കാരണം.
എത്രയൊക്കെ സാക്ഷരത നേടി എന്നു പറഞ്ഞു അഹങ്കാരിക്കുമ്പോഴും ഇത്തരത്തിൽ ഉള്ള വാർത്തകൾ നമ്മളെ മാറ്റി ചിന്തിപ്പിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഒരുപാട് വിഷമം തോന്നാറുണ്ട്. സ്ത്രീധനം ചോദിക്കരുത് എന്നു പുരുഷന്മാരെ ഉപദേശിക്കാം. എന്നാൽ അതിലും പ്രധാനം പെണ്കുട്ടികളെ ഇത് പോലെ വിവാഹ കമ്പോളത്തിൽ പോയി വിൽക്കരുത് എന്ന് മാതാപിതാക്കളെ ആണ് പറഞ്ഞു മനസ്സിലാക്കേണ്ടത്. മറിച്ച് അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ ഉള്ള പ്രാപ്തി നേടി കൊടുക്കുന്നതിനാണ് മാതാപിതാക്കൾ മത്സരിക്കേണ്ടത്.