വിവരണം – സന്ധ്യ ജലേഷ്.
മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ രൂപത്തിലുള്ള കൃഷിപാടങ്ങളും, വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങളുമുള്ള പശ്ചിമഘട്ട മലനിരകളുടെ നിഴല്‍ ചേർന്ന് മൂന്നാറിന്റെ തണുപ്പേറ്റ് കേരളത്തിനകത്ത് നിലകൊള്ളുന്ന തമിഴ് പറയുന്ന ഗ്രാമമായ വട്ടവടയിലേക്ക്.
സുഹൃത്തുക്കളായ മിനി സുരേഷിനോടും അമൃതയോടുമൊപ്പം അതിരാവിലെ മൂന്നാറിലെ കോട്ടേജിലെത്തി. വെള്ളത്തിൽ തൊട്ടപ്പോൾ കൈ മരവിച്ചു. നല്ല തണുപ്പ്! ചൂടുവെള്ളം ഉള്ളതുകൊണ്ട് വേഗം ഫ്രഷായി. മഞ്ഞിൽ കുളിച്ചു നിന്ന വെൺമേഘങ്ങൾ പതുക്കെ ചിറകുകൾ വിടർത്തിത്തുടങ്ങി. ട്രാഫിക് ജാം എന്ന മലയാളി ഹോട്ടലിൽ കയറി
രുചിയേറിയ പൂരി മസാലയും നെയ്യ് റോസ്റ്റും, ഏലക്കാ ഗന്ധമുള്ള ചായയും കുടിച്ച് പ്രഭാത ഭക്ഷണം കുശാലാക്കി.
കോടമഞ്ഞു പൊതിഞ്ഞ റോഡിലൂടെ, ശരീരത്തിലേക്കും മനസിലേക്കും ഒരുപോലെ വീശുന്ന തണുത്ത കാറ്റിന്റെ താളത്തിൽ, തേയില തോട്ടങ്ങളുടെ സൗന്ദര്യത്തിൽ തിളങ്ങി നിൽക്കുന്ന മലകൾക്കിടയിലൂടെ ഡ്രൈവിങ്ങിൽ മാസ്സായ കണ്ണനോടൊപ്പം ജീപ്പിൽ വളവുകളും കയറ്റിറക്കങ്ങളും പിന്നിട്ട് യാത്ര ചെയ്യുമ്പോൾ ഞങ്ങളെല്ലാവരും പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ചകൾ കാണുന്നതിന്റെ ആനന്ദത്തിലായിരുന്നു.
മൂന്നാറിൽ എത്തുന്നവർ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വട്ടവട. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കേരളീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത കേരള ഗ്രാമമാണ് വട്ടവട.
മൂന്നാറിൽ നിന്ന് 60 km സഞ്ചരിച്ചാൽ പച്ചയുടുപ്പണിഞ്ഞ് മന്ദസ്മിതം പൊഴിച്ചു നിൽക്കുന്ന വട്ടവടയിലെത്താം. കണ്ണുകള്‍കൊണ്ട് കണ്ടുതീര്‍ക്കാനാകാത്ത സൗന്ദര്യമാണ് വട്ടവട യാത്രയില്‍ പ്രകൃതി സമ്മാനിക്കുക.
മൂന്നാറിലെ ചായത്തോട്ടങ്ങള്‍ പിന്നിട്ട് ആദ്യം എത്തിച്ചേർന്നത് മാട്ടുപെട്ടി ഡാമിലാണ്. അതിരാവിലെ ഡാമിലെ റിസര്‍വോയറില്‍ നിന്നും തണുത്ത നീരാവി പൊങ്ങുന്ന കാഴ്ച്ച അതിമനോഹരമായിരുന്നു. എക്കോ പോയന്റ് ഇവിടെ അടുത്തു തന്നെയാണ്. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാണ് മീശപ്പുലി മലയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുക. ഇതിനുള്ള അനുമതി വനം വകുപ്പില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം. മൂന്നാറില്‍ നിന്നും ഇന്ധനം നിറക്കാന്‍ മറക്കരുത്. പോകുന്ന വഴിയില്‍ എവിടെയും പെട്രോള്‍ പമ്പില്ല.
മാട്ടുപെട്ടിഡാമും, ഫോട്ടോ പോയിന്റും എക്കോ പോയിന്റും താണ്ടി ടോപ് സ്റ്റേഷനിലെത്തി. അവിടെ നിന്ന് നോക്കിയാൽ മൂന്നാറിന്റെ മലനിരകളുടെ ഭംഗി ആരുടേയും മനം മയക്കും. തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം നമ്മളെ എത്ര നേരം വേണമെങ്കിലും അവിടെ പിടിച്ചിരുത്തും. അങ്ങകലെ കൊളുക്കുമലയിൽ സൂര്യന്റെ പൊൻകിരീടം തെളിയുന്നതും നോക്കി കോടമഞ്ഞിൽ അങ്ങനെ നിന്നു.
പാമ്പാടുംചോല ദേശീയ വന്യജീവി സങ്കേതത്തിലെത്തിയപ്പോൾ ചെക്ക് പോസ്റ്റ് കണ്ടു. ചെക്ക് പോസ്റ്റ് കഴിഞ്ഞപ്പോൾ പടുകൂറ്റൻ മരങ്ങളാൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന മനോഹരമായ കാട്ടിലൂടെ കാഴ്ചകൾ ആസ്വദിച്ച് മുന്നോട്ട് നീങ്ങി. കാട്ടാനകളും കാട്ടുപോത്തുകളും ദൂരെ നിൽക്കുന്നതു കണ്ടു. മുന്നോട്ടു പോകുമ്പോൾ മരങ്ങൾക്കിടയിലൂടെ കിളികളുടെ ശബ്ദവും പ്രത്യേക സുഗന്ധവും തണുത്ത കാറ്റും. കാടിനകത്തു കൂടെ സഞ്ചരിച്ച് പച്ച വിരിച്ച മനോഹരമായ സ്ഥലത്തെത്തി. അകലെ വലിയ മലകൾ.
സമൂദ്രനിരപ്പില്‍നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. ആധുനിക കാര്‍ഷിക രീതികള്‍ വട്ടവടയിലെ കര്‍ഷകര്‍ക്ക് അറിയില്ല. പാരമ്പര്യ കൃഷിരീതികളാണ് അവര്‍ പിന്തുടരുന്നത്. കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ്.
വട്ടവട ഗ്രാമപഞ്ചായത്തിലെ കോവിലൂർ ഗ്രാമത്തിലായിരുന്നു ഞങ്ങൾ ചെന്നെത്തിയത്. പതിനായിരക്കണക്കിന് ജനസംഖ്യ ഉള്ള തമിഴ് ഭൂരിപക്ഷ ഭാഷയായ ഗ്രാമം. വട്ടവടയില്‍ വില്ലേജ് ഓഫീസും, ഭരണസമിതിയും എല്ലാം ഉണ്ടെങ്കിലും നിയമവും, ശിക്ഷയും നിശ്ചയിക്കാന്‍ ഊര് മൂപ്പനുണ്ട്. ഔദ്യോഗികമായി വട്ടവട കേരളത്തിലാണെങ്കിലും ഇന്നാട്ടുകാര്‍ മനസുകൊണ്ട് തമിഴ്‌നാട്ടുകാരാണ്. ജാതിവ്യവസ്ഥ ഇവിടെ ശക്തമാണ്. താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക കോളനികളുണ്ട്.
ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍നിന്ന് രക്ഷതേടി, തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികള്‍. ആകാശത്തിൽ നിന്നും നോക്കിയാൽ വട്ടത്തിൽ കാണുന്ന ഭൂപ്രകൃതിയായതുകൊണ്ടാണ് വട്ടവടയെന്ന് പേരു വന്നത്. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന വീടുകയും തട്ടുകളായി തിരിച്ചിരിക്കുന്ന കൃഷിയിടങ്ങളുമാണ് ആദ്യ കാഴ്ച്ചയിൽ തന്നെ കാണാൻ കഴിഞ്ഞത്. എങ്ങും കൃഷിയിടങ്ങൾ…! മലയും കുത്തനെയുള്ള കയറ്റവും ഇറക്കവും കൃഷിയിടങ്ങൾക്കിടയിലൂടെയുള്ള യാത്രയും വെള്ളച്ചാട്ടവും എല്ലാം വട്ടവടയെ സുന്ദരിയാക്കുന്നു.
വഴിവക്കിലെ തമിഴക്കന്റെ കടയിൽ നിന്നും അപ്പോൾ കൊണ്ടു വച്ച ചെറിയ അല്ലികളുള്ള വെളുത്തുള്ളിയും, ആദിവാസികളിൽ നിന്ന് ശേഖരിച്ച ശുദ്ധമായ കാട്ടുതേനും വാങ്ങി ബാഗിലാക്കി. അക്കന്റെ കൂടെയുണ്ടായിരുന്ന മരുതണ്ണൻ കോവിലൂർകാരുടെ വിവാഹ വിശേഷങ്ങളെക്കുറിച്ച് വാചാലനായി. ഒരേ സമുദായത്തിൽ നിന്നു മാത്രമേ ഇവർ വിവാഹം കഴിക്കൂ. ഒരു പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടാൽ നേരെ അവളുടെ വീട്ടിൽ കയറി ചെന്ന് പെണ്ണു ചോദിക്കുന്ന പരിപാടി ഇവിടെ നടക്കില്ല. ആദ്യം ഒരു കമ്പിളിത്തുണി കമ്പിൽ കെട്ടി അവളുടെ വീടിനു മുന്നിൽ വയ്ക്കുന്നു. ആ വീട്ടുകാർക്ക് കല്യാണം നടത്താൻ സമ്മതമാണെങ്കിൽ കമ്പിളി സ്വീകരിക്കും.
താലത്തിൽ ഫലങ്ങളും പൂക്കളുമേന്തി വീട്ടുകാരോടൊപ്പമാണ് വരന്റെ വരവ്. പണ്ടുകാലത്ത് കാട്ടിൽ പോയി മാനിനെ വേട്ടയാടി കൊണ്ടുവന്ന് വരൻ തന്റെ കരുത്തു തെളിയിക്കുന്ന ആചാരം കൂടി വിവാഹത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്രേ. വേട്ടയാടി പിടിച്ച മാനിനെ കറി വച്ച് ഗ്രാമീണർക്ക് വിവാഹ വിരുന്നൊരുക്കുന്നു. ഇവിടുത്തെ ആചാരങ്ങളും സംസ്കാരവും തീർത്തും വ്യത്യസ്തം. കേരളത്തിന്റെ ‘പച്ചക്കറിച്ചന്ത’യുടെ മണ്ണുമണക്കുന്ന കഥകൾ തമിഴിൽ ഉത്സാഹത്തോടെ മരുതണ്ണൻ പറഞ്ഞു തന്നു.
നല്ല ദോശയും ചമ്മന്തിയും കിട്ടും ഇവിടെ. ചെറിയ ചായക്കടയിലെ വിറകടുപ്പിൽ ചുട്ടെടുത്ത ചൂടു ദോശയും മല്ലിയില കൂടിയരച്ച ചമ്മന്തിയും കോടമഞ്ഞിന്റെ ഭംഗി ആസ്വദിച്ച് കഴിച്ചു.
വീണ്ടും വരണമെന്ന് പറഞ്ഞ് വെറ്റിലക്കറയുള്ള പല്ലുകൾ പുറത്തു കാട്ടി ചിരിച്ച് കൈ വീശി മരുതണ്ണൻ യാത്രയാക്കി.
പ്രിയ സുഹൃത്തും സംസ്ഥാന കർഷക അവാർഡ് ജേതാവും കൂടിയായ ബിൻസി ജെയിംസാണ് വട്ടവടയിലെ ബാബു ചേട്ടന്റെ ഫാമിനെക്കുറിച്ച് പറഞ്ഞു തന്നത്. ബാബു ചേട്ടൻ പറഞ്ഞയച്ച ഗൈഡായ പയ്യൻ റോഡിൽ കാത്തു നിന്നിരുന്നു. റോഡിൽ നിന്നും 5 മിനിറ്റ് നടന്നാൽ ഫാമിലെത്താം. കുതിരകളും കോവർ കഴുതകളും പാടങ്ങളിൽ മേയുന്നു. കാബേജും, കാരറ്റും, ബീൻസും, ഗോതമ്പും, വാഴയും, ഉരുളക്കിഴങ്ങും സമൃദ്ധമായി വിളയുന്ന ഫാം കണ്ടപ്പോൾ അത്ഭുതമായി.
പ്രകൃതിയുടെ മടിത്തട്ടില്‍ അധ്വാനത്തിന്റെ കരവിരുതുകൊണ്ട് ബാബു ചേട്ടനും കുടുംബവും തീര്‍ത്ത ഫാമിൽ ഓറഞ്ച്, പീച്ച്, ഫാഷൻ ഫ്രൂട്ട് തുടങ്ങിയ പഴവർഗ്ഗങ്ങളൊക്കെ വിളയുന്നു.
ഇപ്പോൾ സ്ട്രോബെറി സീസൺ ആണ്. അതിനാൽ നിറയെ സ്ട്രോബെറി പഴങ്ങൾ വിളഞ്ഞു നിൽപ്പുണ്ട്. ഫാമിന് നടുവിലെ മനോഹരമായ ചെറിയ വീട്ടിലാണ് ബാബു ചേട്ടൻ താമസിക്കുന്നത്. കുറച്ചകലെയായി ഒരു ഹോംസ്റ്റേയും ഇവർക്കുണ്ട്.
പുഞ്ചിരി തൂകുന്ന പല നിറത്തിലുള്ള പൂക്കളും, മരക്കൊമ്പിൽ ചാടി കളിക്കുന്ന മലയണ്ണാനും, താഴെ ഉതിർന്നു വീണു കിടക്കുന്ന മഞ്ഞപ്പൂക്കളും, മരക്കൊമ്പിൽ കൂട്ടമായി കുറുകുന്ന പ്രാവുകളുമെല്ലാം ചേർന്ന ഫാം കണ്ടപ്പോൾ ബിൻസിയോട് നന്ദി പറയാൻ വാക്കുകളുണ്ടായിരുന്നില്ല.
വളരെ ഹാർദ്ദവമായാണ് വട്ടവട ബാബു എന്ന് നാട്ടുകാർ വിളിക്കുന്ന ബാബു ചേട്ടനും കുടുംബാഗങ്ങളും ഞങ്ങളെ സ്ഥീകരിച്ചത്. വട്ടവട കാണാനെത്തുന്നവരെല്ലാം കേട്ടറിഞ്ഞ് ഈ ഫാമിൽ എത്തി സ്ട്രോബറിയും ഫലങ്ങളുമെല്ലാം വാങ്ങിക്കൊണ്ടു പോകുന്നു. ഞങ്ങൾ ചെല്ലുമ്പോൾ മൂന്നാല് സംഘങ്ങളായി വന്നവർ ഫാം ചുറ്റിക്കാണുന്നുണ്ടായിരുന്നു.
വീട്ടിലുണ്ടാക്കിയ സ്ട്രോബെറി ജാമും സബർജിൽ ജാമും കുപ്പികളിലാക്കി വിൽക്കാൻ വച്ചിരിക്കുന്നു. ജാം ടേസ്റ്റ് നോക്കാൻ തരുന്നതിനോടൊപ്പം കൃത്രിമച്ചേരുവകളില്ലാതെ ജാമുണ്ടാക്കുന്നതെങ്ങനെയെന്ന് ബാബു ചേട്ടന്റെ ഭാര്യ വിവരിച്ചു തന്നു. ബാബു ചേട്ടന്റെ അമ്മ സ്ട്രോബറി തോട്ടത്തിൽ നിന്നും പറിച്ചെടുത്ത് വലിയ അലുമിനിയക്കലത്തിലാക്കി മധുരവും പുളിപ്പും കൂടിയ സ്ട്രോബറികൾ ഞങ്ങൾക്കെല്ലാവർക്കും കഴിക്കാൻ തന്നു. നന്മയുള്ള മനസ്സുകളുടെ ലാഭേച്ഛ കൂടാതെയുള്ള പെരുമാറ്റം കണ്ടപ്പോൾ മനസ് നിറഞ്ഞു.
‘ചൗ ചൗ’ എന്നു പേരുള്ള വെള്ളരിക്കയുടെ സ്വാദുള്ള പച്ചക്കറി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. വള്ളികളിൽ തൂങ്ങി നിൽക്കുന്ന ‘ചൗ ചൗ’ കവറിലാക്കി അതിന്റെ പച്ച നിറത്തിലുള്ള വിത്തുകളും വേഗം പറിച്ചെടുത്തു കൊണ്ടുവന്ന് കവറിലാക്കി തന്നു. മരത്തിൽ ഇല കാണാനാകാത്ത വിധം തിങ്ങി നിന്ന പേരക്കകൾ ബാബു ചേട്ടൻ കവറിലാക്കി തന്നു. കൂടെ അച്ചാറിടാനുള്ള വടുകപ്പുളി നാരങ്ങയും.
കാബേജ് തോട്ടത്തിൽ നിന്നും പിഴുതെടുത്ത കീടനാശിനി തളിക്കാത്ത കാബേജുകളും, ജാമുകളും വലിയ ബിഗ് ഷോപ്പറുകളിലാക്കി ബാബു ചേട്ടനും കുടുംബവും സ്നേഹത്തോടെ തന്നയക്കുമ്പോൾ കണ്ണു നനഞ്ഞു. വീണ്ടും വരാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ പ്രിയപ്പെട്ടവരെ വിട്ടു പോകുന്നതു പോലെയാണ് തോന്നിയത്.
വട്ടവടയിൽ നിന്നു പഴത്തോട്ടം വഴിയായിരുന്നു മടക്കം. പണ്ടുകാലത്ത് സമൃദ്ധമായി പലതരത്തിലുള്ള ഫലങ്ങൾ വിളഞ്ഞിരുന്ന ഭൂമിയാണ് പഴത്തോട്ടം. വെള്ളത്തിന്റെ അഭാവവും കാലാവസ്ഥയിലെ വ്യതിയാനവും കൃഷിയിലെ നഷ്ടവും കാരണം ഇപ്പോൾ കർഷകർ പഴക്കൃഷി അവസാനിപ്പിച്ച് പച്ചക്കറി കൃഷിയിലേക്കു കൂടുതൽ വ്യാപൃതരായിരിക്കുന്നു.
വട്ടവടയിലേക്ക് യാത്ര ചെയ്യുന്നവർ ഒരു BSNL സിം കൂടെ കയ്യിൽ കരുതുന്നത് നന്നായിരിക്കും. നേരം സന്ധ്യയാകുന്നു. താഴെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂടണയുന്നു. കാടിന്റെ നടുവിലൂടെ ചെക്ക് പോസ്റ്റിലെത്തി, തിരിച്ച് മൂന്നാറിലേക്ക്.. മൂന്നാറില്‍ നിന്നും വട്ടവടപോയി തിരികെവരാന്‍ ഒരു ദിവസം നീക്കിവെക്കണം. മൊബൈലിൽ BSNL ന് മാത്രമേ ഇവിടെ റേഞ്ചുള്ളു.