വിവരണം – ശ്രീരാജ് വി.എസ്.
ജോലിയിൽ നിന്നും തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും ഉണ്ടാകുന്ന വിരസതക്ക് ഒരു പരിഹാരം ആണ് എന്നും ഓഫീസ് ട്രിപ്പുകൾ. എല്ലാ തിരക്കുകളും മറന്ന് രണ്ട് ദിവസത്തെ യാത്ര, മൂന്നാറിന്റെ മണ്ണിലേക്ക്, വട്ടവടയുടെ കൃഷി സംസ്കാരത്തിലേക്ക്. അതായിരുന്നു EMR ടീമിന്റെ ഈ വർഷത്തെ ഓഫീസ് ട്രിപ്പ്.
കേരളത്തിന്റെ കൃഷി സമ്പത്തിൽ ഒരു പ്രധാന സ്ഥാനം വട്ടവടക്കും അതിൻ്റെ കൃഷി പാരമ്പര്യത്തിനും ഉണ്ട്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു ജനത.ശീതകാല കൃഷികൾ ഏറെയുള്ള സ്ഥലം.മൂന്നാറിലോ അതിൻ്റെ പ്രാന്തപ്രദേശങ്ങളിലോ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് അറിയാം തമിഴ് ജനതയുടെ അവിടത്തെ സാന്നിധ്യം.കൃഷിസ്ഥലങ്ങളിൽ ജോലിക്കായി വന്ന് അവിടെ താമസമാക്കിയവരും അവരുടെ ചെറിയ ജീവിതവും ആഘോഷങ്ങളും. വട്ടവടയിലും തമിഴ് വംശജരെ ഒരുപാട് കാണാം. പാട്ടകരാറിൽ കൃഷി ചെയ്യുന്നവരാണ് അവരിൽ ഏറെയും. ഉരുളകിഴങ്ങ്,കൂർക്ക തുടങ്ങിയ പച്ചക്കറികളും പാഷൻ ഫ്രൂട്ട്,സ്ട്രോബറി തുടങ്ങിയ പഴ വർഗ്ഗങ്ങളും എല്ലാം അവിടെ സുലഭം.
മൂന്നാറിൽ നിന്നും ഏകദേശം 50 കിലോമീറ്റർ മാറി ചിലന്തിയാർ എന്ന സ്ഥലത്ത് നേച്ചർ കാസിൽ റിസോർട്ട് ആയിരുന്നു താമസിക്കാനായി ഞങ്ങൾ തിരഞ്ഞെടുത്തത്. കേരളത്തിലെ പഴയ തറവാടുകളെ ഓർമിപ്പിക്കുന്ന ഒരു വീട്.പൂർണമായും തടികൊണ്ട് നിർമിച്ചിരിക്കുന്നു.കോൺക്രീറ്റ് കെട്ടിടങ്ങളിൽ, ശീതീകരിച്ച മുറികൾക്കുള്ളിൽ ഇരുന്ന് ജീവിച്ച് തീർക്കുന്ന ഞങ്ങളെപോലുള്ളവരിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു അന്തരീക്ഷം,അത് അവിടെ ഉണ്ടായിരുന്നു. പഴയ തറവാടുകൾ നൽകുന്ന ഊർജവും ശുദ്ധമായ വായുവും മനം കുളിർക്കുന്ന തണുപ്പും പച്ചയായ മനുഷ്യരും കൂടി ചേർന്ന ഒരു മാസ്മരിക അന്തരീക്ഷം.
രാത്രികാലങ്ങളിൽ തണുപ്പ് അതിന്റെ പാരമ്യത്തിൽ എത്തും.കമ്പിളിപുതപ്പിൽ ചുരുണ്ട് കൂടി ശുദ്ധ വായുവും ശ്വസിച്ച് ഉള്ള ഉറക്കം, അത് മൂന്നാറിന്റെ,അല്ലെങ്കിൽ വട്ടവടയുടെ മാത്രം അനുഭവമാണ്. നേരം പുലരുമ്പോൾക്കും തണുപ്പ് മാറി തുടങ്ങും.
അവിടത്തെ ജീവിതം എന്താണെന്നും എന്തായിരുന്നു മുൻപെന്നും ഞങ്ങൾ മനസ്സിലാക്കിയത് രാജേഷ് എന്ന ചെറുപ്പക്കാരനിൽ നിന്നും ആണ്.രണ്ട് ദിവസങ്ങളിലായി വട്ടവടയുടെ ഉൾപ്രദേശങ്ങളിലേക്ക്,ജീവിതങ്ങളിലേക്ക് ഞങ്ങൾ നടത്തിയ യാത്രയുടെ സാരഥി,ചെറുപ്പക്കാരനായ ജീപ്പ് ഡ്രൈവർ. അവിടം സന്ദർശിക്കാൻ ചെല്ലുന്നവരെ ജീപ്പിൽ യാത്രകൾ കൊണ്ടുപോകുന്ന തൊഴിൽ ചെയ്ത് ജീവിക്കുന്നവൻ. അവരോട് നന്നായി ഇടപെട്ട്, അയാൾക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് സന്തോഷത്തോടെ അയാൾ മടക്കി അയക്കുന്നു. അത് അയാളുടെ ജീവനോപാധിയായിരിക്കാം,ചെയ്യുന്ന തൊഴിലിനോട് ഉള്ള ആത്മാർത്ഥത ആയിരിക്കാം.പക്ഷെ ഇതുപോലെ ഉള്ള ആളുകളിൽ നിന്നുമാണ് സന്ദർശകർ ഒരു പ്രദേശത്തിനെക്കുറിച്ച് അറിയുന്നത്. അത് അയാൾ ഒരു കടമയായി കണ്ട് ഭംഗിയായി നിർവഹിക്കുന്നു.
രാജേഷ് പറഞ്ഞ വട്ടവടയും അവിടത്തെ ജീവിതവും ഒരുപാടുണ്ട്.നമ്മുടെ വീടുകളിൽ നാലുപേർ ആണ് ഉള്ളതെങ്കിൽ വട്ടവടക്കാർക് അത് അഞ്ച് പേരാണ്.നാലുപേരും ഒരു മഹിന്ദ്ര ജീപ്പും.കാരണം ജീപ്പാണ് അവരുടെ പ്രധാന ഗതാഗത മാർഗം.കുന്നുകളും ചരിവുകളും നിറഞ്ഞ ഉൾ പ്രദേശങ്ങളാണ് വട്ടവടക്ക്. വനത്താൽ നിബിഡമായ ആ പ്രദേശത്തിന് എന്തുകൊണ്ടും അനുയോജ്യമായ വാഹനം ജീപ്പ് തന്നെ ആണ്.അവരുടെ കൃഷിയിടങ്ങളിലേക്ക് യാത്ര ചെയ്യാനും കൃഷി ഉത്പന്നങ്ങൾ കോവിലൂർ ചന്തയിൽ എത്തിക്കുവാനുമുള്ള ഏക മാർഗം ജീപ്പ് തന്നെയാണ്.സഞ്ചാരികൾ എത്തുമ്പോൾ അവരെ അവിടം എല്ലാം ചുറ്റികാണിക്കാനും അത് ഒരു ജീവനോപാധിയാക്കാനും അവർ ജീപ്പിനെ ആശ്രയിക്കുന്നു.
ആദിവാസി കുടികൾ വട്ടവടയുടെ അധികം ആരും അറിയാത്ത,അല്ലെങ്കിൽ അറിയിക്കാൻ അവർ ഇഷ്ടപെടാത്ത ഒരു ജീവിത വിഭാഗം ആണ്.അവരുടേതായ ജീവിത രീതികളും ആചാരങ്ങളും പിന്തുടരുന്ന,പുറമെ നിന്നും ആർക്കും പ്രവേശനം അനുവദിക്കാത്ത ഒരു വിഭാഗം ജനങ്ങൾ.അവരുടെ ഒരു ആരാധന സ്ഥലത്ത് രാജേഷ് ഞങ്ങളെ കൊണ്ടുപോയി.അവിടം വരെ പുറംലോകത്തിന് അനുവാദം ഉണ്ട്.അവരുടെ ആരാധന മൂർത്തി ഗണപതിയാണ്. നമ്മുടെ നാട്ടിലെ പോലെ മേൽക്കൂരയോ ചുറ്റുമതിലുകളോ ഒന്നും ഇല്ലാത്ത, ഒരു തറയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് അതിൽ പൂജ നടത്തുന്നതാണ് അവരുടെ രീതി.കൃഷി ഉത്പന്നങ്ങൾ ആണ് തേവർക്ക്(അവരുടെ ഭാഷ) നിവേദ്യമായി സമർപ്പിക്കുന്നത്.ദേവൻ്റെ മുന്നിൽ സമർപ്പിച്ചിരിക്കുന്ന ഉരുള കിഴങ്ങുകൾ അതിന് ഒരു ഉദാഹരണം.
കൃഷിയാണ് അവരുടെ പ്രധാന ഉപജീവന മാർഗം എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ.അതിനാൽ തന്നെ മഴ അവർക്ക് ഒഴിച്ച് കൂടാനാകാത്ത കാര്യം ആണ്.മഴയില്ലാതെ വന്നാൽ അവർ തേവരുടെ ഒരു ചെറിയ വിഗ്രഹം വെള്ളത്തിൽ ഇട്ട് വെച്ച് പൊങ്കാല ഇടുമെന്നും മൂന്നാം ദിനം ഉറപ്പായും മഴ പെയ്യുമെന്നതും അവിശ്വനീയമായി തോന്നാം നമുക്ക്.പക്ഷെ,അതാണ് അവരുടെ വിശ്വാസം.ഉൾപ്രദേശങ്ങളിലേക്ക് ഉള്ള വഴികൾ ഒന്നും തന്നെ ടാർ ചെയ്തവയോ കോൺക്രീറ്റ് ചെയ്തവയോ അല്ല.
ആദിവാസി ക്ഷേത്രത്തിലേക്ക് ഉള്ള വഴി ടാർ ചെയ്യാത്തതിന്റെ കാരണം രണ്ടാണ്. ഒന്ന്, പോകുന്ന വഴിക്ക് വശങ്ങളായി നിൽക്കുന്ന രണ്ട് വലിയ രുദ്രാക്ഷ മരങ്ങളാണ്.അവക്ക് ഇടയിലൂടെയാണ് വഴിയെന്നതും അവ വെട്ടി നശിപ്പിക്കാതെ സംരക്ഷിക്കാനായി വഴി അങ്ങനെ തന്നെ നിലനിർത്തുന്നുവെന്നതും ആണ്. ചോലക്കാടുകളാൽ സമ്പുഷ്ടമാണ് ഉൾപ്രദേശങ്ങൾ.അവയിൽ താമസിക്കുന്ന ഒരു പ്രത്യേകതരം ചിലന്തികളുടെ ജീവന് ഭീക്ഷണിയാണ് ടാറിന്റെ മണമെന്നതാണ് രണ്ടാമതായി പറഞ്ഞ കാര്യം.
ആദിവാസികുടികളിലെ ജീവിതത്തിനെ പറ്റി രാജേഷിന്റെ അറിവിൽ ഉള്ളവ ഞങ്ങൾക്ക് പറഞ്ഞ് തന്നു.അവിടത്തെ സ്ത്രീകൾ യാത്രചെയ്യുമ്പോൾ പോലും പുരുഷന്മാരെ കണ്ടാൽ പുറം തിരിഞ്ഞ് നില്കുമെന്നതാണ് ഒരു അറിവ്.കുടിയിലെ ആണുങ്ങൾക്ക് താമസിക്കാൻ ആയി ഒരു പ്രത്യേകം കുടിൽ അവർ തയാറാക്കിയിട്ടുണ്ട്. ഛത്രം എന്നാണ് അവർ അതിനെ വിളിക്കുന്നത്. കല്യാണം കഴിക്കാത്ത പുരുഷന്മാരെല്ലാം അവിടെയാണ് രാത്രി ഉറങ്ങുക. കൊച്ചു കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ഉണ്ടാവും ആ കൂട്ടത്തിൽ. കല്യാണം കഴിഞ്ഞവർക്ക് മാത്രമെ വീടുകളിൽ തങ്ങാൻ അനുവാദമുള്ളൂ. അതുപോലെ തന്നെ, പുറമെ നിന്നും ആരെങ്കിലും അതിഥിയായി വന്നാൽ അവർക്ക് ഇരിക്കാനും അവരെ സൽകരിക്കാനും ഒരു പ്രത്യേകം സ്ഥലം ഉണ്ടെന്നും അതിനപ്പുറത്തേക്ക് ആർക്കും കടന്ന് ചെല്ലാൻ അനുവാദമില്ലെന്നതുമാണ് അവരുടെ നിയമം.
പഴയ കാലത്ത് അവരുടെ കല്യാണങ്ങൾ രസകരമായിരുന്നു.കാടിനുള്ളിലേക്ക് ഒളിക്കാനായി പോകുന്ന പെണ്ണും അവളെ ആദ്യം കണ്ടുപിടിക്കുന്നവൻ അവളെ സ്വന്തമാകുന്നതും ആയിരുന്നത്രേ അവരുടെ കല്യാണരീതി.ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്.ഛത്രം ഒഴികെ വീടുകൾ എല്ലാം ഇപ്പോൾ കോൺക്രീറ്റ് വീടുകളും ആയിത്തുടങ്ങിയിരിക്കുന്നു.
പഴയകാല ചരിത്രം ഒരുപാട് പറയാനുണ്ട് വട്ടവടക്ക്.എല്ലാർക്കും അറിയാവുന്നത് പോലെ മറയൂർ മേഖലയിലെ ചന്ദനം കടത്ത് വട്ടവടയെയും ഒരു കാലത്ത് ബാധിച്ചിരുന്നു.മറയൂർ നിന്നും കടത്തുന്ന ചന്ദനം കൊണ്ട് പോയിരുന്നത് വട്ടവടയുടെ ഉൾക്കാടുകളിൽ കൂടി ആയിരുന്നെന്നും ഭീകരൻ തോമയെന്ന ഗുണ്ടയുടെ അകമ്പടിയോടെ ഉള്ള ചന്ദനം കടത്തിൽ ഒരുപാട് പേർക്ക് ജീവൻ നഷ്ടപെട്ടിട്ടുണ്ടെന്നതും ഒക്കെ അവരുടെ മനസ്സിൽ മായാതെ കിടക്കുന്ന ഓർമകളാണ് ഇന്ന്.
ഒട്ടും മലിനമാകാത്ത ഒരു അന്തരീക്ഷവും പച്ചയായ ജീവിതങ്ങളും പ്രകൃതിയുടെ അത്ഭുദങ്ങളും ഒക്കെ നിറഞ്ഞ ഒരു പ്രദേശവും അത് തരുന്ന ഒരു ഊർജ്ജവും നന്നായി ആസ്വദിച്ച രണ്ട് ദിനങ്ങൾ അവിടെ ചിലവഴിച്ചു.ഒരിക്കൽ കൂടി അവിടേക്ക് മടങ്ങി ചെല്ലാൻ വെമ്പുന്ന മനസ്സുമായി തിരികെ മടങ്ങി നാട്ടിലേക്ക്,വീണ്ടും തിരക്കുകളിലേക്ക്.
Jeep Driver Rajesh : +91 94965 66766, Nature Castle Resort : +91 94477 38990, വഴി: മൂന്നാർ-കുണ്ടള ഡാം-കോവിലൂർ-ചിലന്തിയാർ.