നമ്മുടെ കണ്ണൂരിലും ഉണ്ട് ഒരു ഫ്ലോട്ടിംഗ് മാർക്കറ്റ്, കണ്ണൂരിന്റെ സ്വന്തം വയലപ്ര ഫ്‌ളോട്ടിങ് പാർക്ക് !!

വെള്ളത്തിനു മുകളിൽ ഒരു മാർക്കറ്റ് !! തായ്‌ലൻഡിലെ പട്ടായയിൽ പോയപ്പോഴാണ് ഇതുപോലുള്ള ഒരു തകർപ്പൻ ഫ്‌ളോട്ടിങ് മാർക്കറ്റ് സന്ദർശിച്ചത്. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള മാർക്കറ്റുകൾ സെറ്റ് ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ആലപ്പുഴയും കൊച്ചിയും ഒക്കെ. ഇത് ഞാൻ പലപ്പോഴായി നിങ്ങളുമായി പങ്കുവെച്ച ഒരു കാര്യമാണ്. എന്നാൽ അധികമാരും അറിയപ്പെടാതെ ഇത്തരത്തിൽ ഒരു മാർക്കറ്റ് നമ്മുടെ കേരളത്തിൽ ഉണ്ട്. അത് സ്ഥിതി ചെയ്യുന്നതോ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കണ്ണൂരിലും.

കഴിഞ്ഞ തവണത്തെ കണ്ണൂർ യാത്രയ്ക്കിടയിലാണ് ഇത്തരത്തിലുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ എനിക്ക് അവസരമുണ്ടായത്. കണ്ണൂർ CSI ചർച്ചിലെ പുരോഹിതനും സുഹൃത്തുമായ ഫാ.രാജു ചീരനാണ് ഞങ്ങൾക്ക് ഇത്തരമൊരു സ്ഥലത്തെക്കുറിച്ചുള്ള അറിവ് നൽകിയത്. സംഭവം കേട്ടപ്പോൾ എനിക്കൊന്ന് അവിടം സന്ദർശിക്കണമെന്നായി. ഉടനെ കാര്യം അച്ചനോട് അവതരിപ്പിച്ചു. അടുത്ത ദിവസം ഞങ്ങളെ അവിടെ കൊണ്ടുപോകാമെന്ന് അച്ചൻ ഉറപ്പു തരികയും ചെയ്തു.

Photo – V-Pra Park.

കണ്ണൂരിലെ മാടായിയ്ക്ക് സമീപത്തായി വയലപ്ര എന്ന സ്ഥലത്താണ് ഫ്‌ളോട്ടിങ് മാർക്കറ്റ് അടങ്ങിയ ഈ ടൂറിസം പാർക്ക് സ്ഥിതി ചെയ്യുന്നത്. 2015 ലാണ് ഈ പാർക്ക് പ്രവർത്തനമാരംഭിച്ചത്. വയലപ്ര കായലിനു തൊട്ടരികിലായാണ് പാർക്ക്. പാർക്കിനു ഒരു വശത്തായി ധാരാളം കണ്ടൽക്കാടുകൾ കാണാവുന്നതാണ്. എന്നിരുന്നാലും കായലിനു മീതെ നിർമ്മിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് മാർക്കറ്റ് തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണം. മാർക്കറ്റ് എന്നൊക്കെ പറയുമ്പോൾ വിദേശ രാജ്യങ്ങളിലുള്ളതിന്റെ അത്ര വരില്ലെങ്കിലും സംഭവം കൊള്ളാം.

ഫ്‌ളോട്ടിങ് മാർക്കറ്റിനുള്ളിലൂടെ വീണ്ടും മുന്നോട്ടു നടന്നാൽ ബോട്ടിംഗ് നടത്തുന്ന സ്ഥലത്തെത്തിച്ചേരും. പെഡൽ ബോട്ടിംഗ്, ഗ്രൂപ്പ് ബോട്ടിംഗ്, ഫാമിലി ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി വിവിധ തരത്തിലുള്ള ബോട്ടിംഗ് പാക്കേജുകൾ അവിടെ ലഭ്യമാണ്. ബോട്ടിംഗ് നടത്തുന്ന സമയത്തിനനുസരിച്ചാണ് നിരക്കുകൾ. കൂടുതൽ സമയം ബോട്ടിംഗ് നടത്തുവാൻ കൂടുതൽ റേറ്റുള്ള പാക്കേജ് എടുക്കണം.

ഞങ്ങൾ പത്തേമാരി എന്നു പേരുള്ള ഒരു ബോട്ട് ആയിരുന്നു ബോട്ടിംഗിനായി തിരഞ്ഞെടുത്തത്. അങ്ങനെ ഞങ്ങൾ ബോട്ട് കിടക്കുന്നയിടത്തേക്ക് നടന്നു. ബോട്ടിംഗിനു വേറെ സഞ്ചാരികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. വിവിധ തരത്തിലുള്ള ബോട്ടുകൾ അവിടെ അടുപ്പിച്ചിട്ടുണ്ടായിരുന്നു. വീക്കെൻഡ് ദിവസങ്ങളിലായിരിക്കും ഇവിടെ കൂടുതൽ ആളുകൾ വരുന്നതെന്ന് തോന്നുന്നു. ബോട്ടിംഗിനു മുൻപായി ഞങ്ങളെല്ലാവരും ലൈഫ് ജാക്കറ്റുകൾ ധരിച്ചു. അത് നിർബന്ധമാണ്.

അങ്ങനെ ഞങ്ങൾ പത്തേമാരി എന്ന ബോട്ടിൽക്കയറി യാത്രയാരംഭിച്ചു. പേരുപോലെതന്നെ പഴയ മോഡലിൽ രൂപം കൊടുത്തിട്ടുള്ള ഒരു ബോട്ട് ആയിരുന്നു അത്. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നത് പത്തേമാരി എന്നറിയപ്പെടുന്ന ബോട്ടുകളിലായിരുന്നു. മമ്മൂട്ടിയുടെ പത്തേമാരി എന്ന സിനിമയിൽ ഇത് വിശദമായി കാണിക്കുന്നുണ്ട്. പത്തേമാരിയെക്കുറിച്ചുള്ള കഥകൾ ബോട്ട് യാത്രയ്ക്കിടെ രാജു അച്ചൻ ഞങ്ങൾക്ക് പറഞ്ഞുതന്നു. ഏകദേശം 20 മിനിറ്റോളം ഞങ്ങൾ പത്തേമാരിയിൽ ആ കായലിലൂടെ ചുറ്റിക്കണ്ടു. വൈകുന്നേര സമയത്ത് ബോട്ടിംഗ് നടത്തുന്നതായിരിക്കും കൂടുതൽ നല്ലത്.

ബോട്ടിംഗിന്‌ ശേഷം ഞങ്ങൾ വീണ്ടും ഫ്‌ളോട്ടിങ് മാർക്കറ്റിനുള്ളിലൂടെ കടന്ന് കരയിലെത്തി. ആ സമയത്ത് അവിടെ ഏതോ സ്‌കൂളിൽ നിന്നുള്ള യാത്രാ സംഘം എത്തിയിട്ടുണ്ടായിരുന്നു. കുട്ടികൾക്ക് ആസ്വദിക്കുവാനായി വലിയ മാളുകളിലൊക്കെ കണ്ടിട്ടുള്ള ഗെയിം സ്റ്റേഷനുകൾ, സുരക്ഷിതമായ ചിൽഡ്രൻസ് സ്പെഷ്യൽ ബോട്ടിംഗ്, കിഡ്‌സ് പാർക്ക് തുടങ്ങിയ കുറെ ആക്ടിവിറ്റികൾ ഒക്കെ അവിടെയുണ്ട്. ഇവിടെ വന്നു കണ്ടു നടന്നു ക്ഷീണിച്ചാൽ ആ ക്ഷീണം മാറ്റുവാനായി കൂൾ ഡ്രിങ്ക്സ് ഷോപ്പുകളും ലഘുഭക്ഷണ ശാലകളും അതിനകത്തുണ്ട്.

പാർക്കിൽ കയറുവാനായി ഒരാൾക്ക് 20 രൂപയും അഞ്ചു വയസ്സിനു മേലുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ചാർജ്ജ്. കൂടാതെ ക്യാമറ കയ്യിലുണ്ടെങ്കിൽ അതിനു സ്പെഷ്യൽ ചാർജ്ജും കൊടുക്കണം. സ്റ്റിൽ ക്യാമറയ്ക്ക് 60 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയുമാണ് നിരക്കുകൾ. രാവിലെ 10 മണി മുതൽ രാത്രി 8 മണിവരെ ഈ പാർക്ക് തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് വീക്കെൻഡുകളിൽ കുടുംബവുമായി ചെലവഴിക്കുവാൻ പറ്റിയ ഒരു ബെസ്റ്റ് സ്ഥലമാണ് വയലപ്ര ഫ്‌ളോട്ടിങ് പാർക്ക്.