വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
രാവിലെ നോൺ വെജ് കഴിക്കാറില്ല. എങ്കിലും സ്വഗ്ഗിയിൽ പെറോട്ടയും ബീഫും കണ്ടപ്പോൾ ഒന്ന് നിന്നു. പക്ഷേ കടയുടെ പേര് കണ്ടപ്പോൾ ആദ്യം ഒന്ന് വിട്ട് പിടിച്ചതാണ്. കാരണം ആരും അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. എന്നാലും ആ പെറോട്ടയും ബീഫും. ങാ.. വരുന്നിടത്ത് വച്ച് കാണാം. രണ്ടും കല്പിച്ചങ്ങ് ഓർഡർ കൊടുത്തു.
സംഭവം മുന്നിലെത്തി. ഫോട്ടോ സെഷനായി. ബീഫിൻറേയും പെറോട്ടയുടേയും കിടപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി, രണ്ടും പുലികൾ തന്നെ. വായില് വെള്ളം നിറഞ്ഞു. ചടേ പടേന്ന് ഫോട്ടേം എടുത്ത്, പിന്നെ കളം നിറഞ്ഞൊരു പോരാട്ടമായിരുന്നു. പ്രതീക്ഷകൾ തെറ്റിയില്ല. ആ സ്വയമ്പൻ ബീഫിൻ്റെ അരപ്പും കഷ്ണങ്ങളും ആ പെറോട്ടയിലോട്ടങ്ങ് കേറ്റി നിറച്ചങ്ങോട്ട് ഒരു പിടി പിടിക്കണം. നൊട്ടി നൊണഞ്ഞങ്ങ് തീരുന്നത് അറിയില്ല.
ഇത് വാഴയില നാടൻ ഫുഡ്സ്. ബ്രാഞ്ചുകൾ – മുറിഞ്ഞപാലം ജി.ജി ഹോസ്പിറ്റലിന് സമീപം (മുറിഞ്ഞപാലത്ത് നിന്ന് കുമാരപുരം പോകുന്ന വഴി ഇടത് വശത്ത്), ബിഗ് ബസാർ പട്ടത്തിന് എതിർവശം. ശ്രീ ജിക്സണിൻ്റെ ഈ സംരംഭം 2019 ഡിസംബർ 4 മുതൽ മുറിഞ്ഞപാലത്ത് പ്രവർത്തിച്ചു തുടങ്ങി. ഇടയ്ക്ക് ലോക്ക്ഡൗൺ തരംഗത്തിൽ മൗനവലംബിച്ചിരിക്കുകയായിരുന്നു. ജൂൺ 17 മുതൽ വീണ്ടും സs കുടഞ്ഞെഴുന്നേറ്റു.
ബീഫും പെറോട്ടയും മാത്രമല്ല പോത്തും, ചിക്കനും നെയ്ച്ചോറും വടകളും ചിക്കൻ സമോസയും ഇലയടയും പഴം പൊരിയും (നമ്മുടെ വാഴയ്ക്കപ്പം തന്നെ) പഴം പൊരി ബീഫും, ബീഫ് ലിവർ ഫ്രൈയും, ഇടിയപ്പം, പുട്ട്, അപ്പം, മുട്ടക്കറി, കടലക്കറി, തലക്കറി ഉൾപ്പെടെയുള്ള മീൻ വിഭവങ്ങൾ (വിഴിഞ്ഞത്ത് നിന്നാണ് മീൻ കൊണ്ട് വരുന്നത്), ഊണ്,പൊതിച്ചോറ്, മരിച്ചീനി, ചിക്കൻ – ബീഫ് – ഫിഷ് – മട്ടൺ ബിരിയാണികൾ, കപ്പ ബിരിയാണികൾ, ഇഡ്ഡലി, ഇടിയപ്പം, ചപ്പാത്തി, തട്ട് ദോശ, ഗീ റോസ്റ്റ്.
ഓണസമയത്ത് സദ്യ, പാൽ പായസം, അട പ്രഥമൻ, കടല പായസം, പഴം പായസം, മത്തങ്ങ പായസം മുതലായവ ലഭ്യമാണ്. പട്ടത്തെ ഭക്ഷണയിടത്തിൽ മുകളിൽ പറഞ്ഞത് കൂടാതെ ചിക്കൻ പൊള്ളിച്ചത്, അൽഫാം, ഷവർമമ. വൈകുന്നേരങ്ങളിൽ ചൈനീസ് വിഭവങ്ങളും ലഭ്യമാണ്. കോട്ടയം സ്റ്റൈൽ മസാലയാണ് വിഭവങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. വിശദമായ വിലവിവരപ്പട്ടിക ഇതോടൊപ്പം കാണാവുന്നതാണ്.
മുറിഞ്ഞപാലം – Seating Capacity- 30, Vazhayila Restaurant – https://goo.gl/maps/1PZFnhdzxi17fNW77, പട്ടം – Take Away & Delivery only. Vazhayila Nadan Food – https://goo.gl/maps/12fqaoN2uoCMr7398, Timings-7:00 AM to 9:30 PM (കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമയത്തിൽ മാറ്റം വരാം). Delivery – Swiggy, Zomato രണ്ട് സ്ഥലത്തും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 82669 16916. അപ്പോൾ റെസ്റ്റോറൻറ്; വാഴയില നാടൻ ഫുഡാണെങ്കിൽ ഒരങ്കത്തിന് തയ്യാറെടുത്തു കൊള്ളു കൂട്ടുകാരേ.