കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്സിൽ ഒരു വേളാങ്കണ്ണി – ചങ്ങനാശ്ശേരി യാത്ര..

വിവരണം – സിറിൾ ടി. കുര്യൻ, കവർചിത്രം – നെവിൽ ഷാജി.

അതിരാവിലെ തന്നെ വേളാങ്കണ്ണി എത്തിയിരുന്നു. സ്റ്റാൻഡിന് അകത്തു തന്നെയുള്ള ഒരു ലോഡ്‌ജിൽ ഞാനും കസിനും മുറിയെടുത്തു ഫ്രഷായി. അപ്പോഴേക്കും ക്യാമറയും പവർബാങ്കും ചാർജ് ചെയ്യാൻ വെച്ചിരുന്നു. കുറച്ചു നേരത്തെ വിശ്രമത്തിനും ശേഷം നേരെ സ്റ്റാൻഡിന് പിറകിലുള്ള പാർക്കിംഗ് ഗ്രൗണ്ടിലേക്ക്. നമ്മുടെ വണ്ടികൾ അവിടെയാണ് പാർക്കിംഗ്, തൊട്ട് അപ്പുറത്തായി പ്രൈവറ്റ് വണ്ടികളുടെ പാർക്കിങ്ങ്.

ഇറങ്ങി നടന്നപ്പോൾ തന്നെ സുഹൃത്തു ആദിത്തിനെ വിളിച്ചു, വഴി ഉറപ്പിക്കുവാൻ. നടന്നു ചെന്നപ്പോൾ നമ്മുടെ അച്ചായൻ (ബസ്) അവിടെ നല്ല ഉറക്കം. ATC 93 യാണ് വണ്ടി. ദിവസവും ഇത്രേം ദൂരം ഓടുന്ന വണ്ടിയല്ലേ, ആ ക്ഷീണം മുഖത്തും പ്രകടം.. കുറച്ചു കറങ്ങി നടന്നു ഫോട്ടോയും വിഡിയോയും എടുത്തിട്ട് നേരെ അപ്പുറത്തുള്ള പ്രൈവറ്റ് വണ്ടികളെയും ഒന്ന് വളം വെച്ച്. ചെന്നൈയിൽ നിന്നും വേളാങ്കണ്ണി വരെ വന്ന SRM ന്റെ വണ്ടിയും അവിടെയാണ് കിടക്കുന്നത്. കസിൻ ആ വണ്ടി മര്യാദക്ക് കാണുന്നത് ഇപ്പോഴാണ്. കേറിയപ്പോ ഉറക്കം തുടങ്ങിയതാ കക്ഷി…

കുറച്ചു നേരം കാത്തിരുന്നു. മറ്റാർക്കും വേണ്ടിയല്ല, നമ്മടെ ചേർത്തലക്കാരനു വേണ്ടി (അർത്തുങ്കൽ – വേളാങ്കണ്ണി). മണി 09 കഴിഞ്ഞിട്ടും ആശാന്റെ പൊടിപോലുമില്ല. വെയിലിന്റെ കാഠിന്യം കൂടി വന്നപ്പോൾ തിരികെ നടന്നു തുടങ്ങി. അപ്പോൾ ദൂരെ നിന്നു ചെക്കനെ കണ്ട് ഞാൻ തിരിച്ചോടി. എൻട്രിയുടെ രണ്ടു ഫോട്ടോയും എടുത്ത് തിരിച്ചു റൂമിലേക്ക്. അത് കഴിഞ്ഞു വേളാങ്കണ്ണി പള്ളി എല്ലാം ഒന്ന് ഓടി നടന്നു കണ്ടു. കുറച്ചു ഫോട്ടോസും വിഡിയോസും ഒക്കെയായി നടപ്പ്. ചൂട് കൂടി കൂടി വരുന്നു. എല്ലാം കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഒരു പരുവം. അച്ചായൻ 02.30 മണി ഉച്ച കഴിഞ്ഞാണല്ലോ പുറപ്പെടുന്നത്. അത് കണ്ടു റൂം vacate ചെയ്തു, താഴെ നിന്ന് ഊണും കഴിച്ചു സ്റ്റാൻഡിൽ കാത്തു നിൽപ്പ്.

02.00 മണി കഴിഞ്ഞപ്പോൾ തന്നെ മെസ്സേജ് വന്നിരുന്നു. നടുവിൽ വലതു ഭാഗത്തായാണ് സീറ്റുകൾ. 2.30 മണി കഴിഞ്ഞപ്പോൾ തന്നെ വണ്ടി വന്നു. ഗ്രൗണ്ടിൽ നിന്ന് തന്നെ കുറച്ചു ആളുകൾ കയറിയിട്ടുണ്ട്. കയറിയപ്പോൾ സുരേഷ് സാറും മുസ്ഥഫ ഇക്കയും ക്രൂ. വൈകാതെ തന്നെ വേളങ്കണ്ണിയോട് വിട പറഞ്ഞു. എന്റെ 5 ദിവസത്തെ യാത്രയുടെ അവസാനഭാഗത്തോട്ട് അടുക്കുന്നു. നാഗപട്ടിണവും പരിസരങ്ങളും ചെറിയ പ്രദേശങ്ങളാണ്. റോഡ് നന്നേ ചെറുത്. പക്ഷെ വണ്ടി എല്ലാവര്ക്കും സുപരിചിതം പോലെ, അല്ല, അതങ്ങനെയാവണമല്ലോ… വർഷങ്ങളായി മുടങ്ങാതെയുള്ള സർവിസാണല്ലോ.

വേളാങ്കണ്ണി വിടുമ്പോൾ പകുതിയോളം ആളുകളെ വണ്ടിയിൽ ഉള്ളു, വഴിയിൽ എവിടുന്നോ ഒക്കെ ആളുകൾ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സുരേഷ് സാർ അവരെയൊക്കെ വിളിക്കുന്നു. ടിക്കറ്റ് റാക്ക് ആണ് പരിതാപകരം. മാനുവൽറാക്ക്. ചേർത്തല സൂപ്പറിന്റെ കണ്ടക്ടർ ന്റെ അവസ്ഥ എന്തായിരിക്കുമോ എന്തോ? വഴിയിൽ നിന്നൊക്കെ ആളുകൾ കയറുന്നുണ്ട്. തിരുവാവൂർ സ്റ്റാൻഡിൽ കയറുമ്പോൾ തമിഴ്നാട് ഫാൻസ്‌ മെമ്പർ പ്രസന്ന അണ്ണൻ ക്യാമറ ഒക്കെയായി നിൽക്കുന്നു. അവരെയും കണ്ടു ഞങ്ങൾ യാത്ര തുടർന്നു.

ഏകദേശം 05മണിയോടെ ഞങ്ങൾ തഞ്ചാവൂർ എത്തി. 10 മിനിറ്റ് ചായ കുടിക്കാൻ സമയം ഉണ്ട്. പുതിയ ബസ് സ്റ്റാൻഡിൽ കയറുന്നിടത്തായാണ് നിർത്തിയിരിക്കുന്നത്. അവിടെയും ആളുകൾ അന്വേഷിച്ചു കയറുന്നുണ്ട്. മലയാളികളും തമിഴ്നാട്ടുകാരും. സമയത്തിന്റെ കാര്യത്തിൽ ഇവൻ മിടുക്കൻ ആണത്രേ! ആളെ വിളിച്ചു കയറ്റുവാൻ ക്രൂ ശ്രദ്ധിക്കുന്നുണ്ട്. പതിയെ ഞങ്ങൾ തിരുച്ചിറപ്പള്ളി ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.

അകലെ ആകാശത്തു അന്തിവെയിലിന്റെ വിസ്മയം കണ്ടു തുടങ്ങി. അന്തിവെയിലിന്റെ സൗന്ദര്യം എടുത്തു പറയേണ്ടത് തന്നെ. ഇളംകാറ്റിന്റെ അകമ്പടികളുമുണ്ട്. ആകാശത്തു തെളിഞ്ഞ വർണ്ണവിസ്മയങ്ങളുടെ ഭംഗിയും ആസ്വദിച്ചുകൊണ്ടു കൊമ്പൻ തമിഴ്നാട് റോഡിൽ കൂടി കുതിച്ചു പായുവാൻ തുടങ്ങി. സ്വപ്‌നങ്ങൾ കാണുവാനും ജീവിതത്തെ കുറിച്ചു വിചിന്തനം നടത്തുവാനും, യാത്രകളിലെ വിൻഡോ സീറ്റുകൾക്കുള്ള പങ്ക് വലുതാണല്ലോ ! യാത്രകളെ പ്രണയിച്ചു തുടങ്ങിയതും ഈ ജനാലകൾ കാരണം തന്നെ. അത്രെയേറെ സ്വാധീനം ചെലുത്തും ഇങ്ങനെയുള്ള യാത്രകളും അനുഭവങ്ങളും.

ദൂരെ ആകാശം ഇരുണ്ടു തുടങ്ങിയിരിക്കുന്നു… ഞങ്ങൾ തിരുചിറപ്പള്ളിയോട് അടുത്ത് തുടങ്ങി. 06.35 pm ഓടെ ഞങ്ങൾ Trichy സ്റ്റാൻഡിൽ എത്തി. സ്റ്റാൻഡിൽ സൂചി കുത്താൻ ഇടയില്ല. ട്രാക്ക് പിടിക്കാൻ പറ്റില്ലല്ലോ. ദിണ്ഡിഗൽ ട്രാക്കിന് പിറകിലൂടെ മന്ദം മന്ദം വണ്ടി നീങ്ങി, മറ്റൊന്നും കൊണ്ടല്ല, അത്രയ്ക്ക് തിരക്കുണ്ടെ! കുറച്ചു പേര് ഇവിടെ ഇറങ്ങി. അതിന്റെ ഇരട്ടി തിരിച്ചു കയറാനും ഉണ്ടായിരുന്നു. ആദ്യം കയറിയ കുറച്ചു പേർക്ക് മാത്രം സീറ്റുകൾ കിട്ടി, ബാക്കിയുള്ളവർ സീറ്റ് ഇല്ലാത്തതിനാൽ ഇറങ്ങി.

വണ്ടി ഫുള്ളായി തിരിച്ചു പുറത്തേയ്ക്ക്. അടുത്ത ലക്‌ഷ്യം ഇനി ദിണ്ഡിഗൽ. വണ്ടി ഹൈവേ കയറിയതും പുലികുട്ടിയായി. വണ്ടിയിൽ പാട്ടൊക്കെ വെച്ചത് ഇപ്പോൾ എനിക്ക് കുറച്ചു ആലോസരമായി തോന്നി തുടങ്ങി. 08.30 മണി രാത്രിയോടെ ഞങ്ങൾ ദിണ്ഡിഗൽ കടന്നു. കുറച്ചു കൂടെ മുൻപോട്ട് പോയി 08.40നു അത്താഴം കഴിക്കുവാൻ നിർത്തി. അപ്പോഴാണ് സുരേഷ് സാറുമായി കുറച്ചു സംസാരിച്ചത്. കുതിരാന്റെ കാര്യവും വഴി മാറി പോയാൽ നന്നായിരിക്കും എന്നും ഓർമിപ്പിച്ചു. ഫുഡ് എല്ലാം കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു.

ഇക്കയുടെ ഡ്രൈവിങ്ങിൽ മോശം ഒന്നും തന്നെ പറയാനില്ല. വര്ഷങ്ങളായി വരുന്നതുകൊണ്ട് ആശാന് വഴികൾ എല്ലാം മനഃപാഠം. പാട്ടു വെച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ ശബ്ദം കുറച്ചിരിക്കുന്നു. അത് എന്തായാലും നന്നായി, ഉറങ്ങാമല്ലോ… 5 ദിവസത്തെ ഓട്ടത്തിന്റെ ക്ഷീണം ശരീരത്തിന് നല്ലപോലെയുണ്ട്. എപ്പോഴോ ഉറങ്ങിപ്പോയി. കണ്ണ് തുറക്കുമ്പോൾ പാലക്കാട് അടുക്കുന്നതായി കണ്ടു. ഏകദേശം 1 മണിയോടെ ഞങ്ങൾ പാലക്കാട് എത്തി. 30 മിനിറ്റ് അവിടെ കിടക്കേണ്ടി വന്നു. അവിടെ നിന്ന് വിജയൻ ചേട്ടനാണ് സാരഥി. നല്ല ഉറക്കപ്പിച്ച ഉണ്ടായിട്ടും ഇറങ്ങി നടന്നു. അകത്തിരുന്നാൽ ചൂട് കൂടുമല്ലോ.

01.30 യോടെ വണ്ടി എടുത്തു, ഞാൻ ഉറക്കത്തിലേക്കും. 03 മണിയോടെ തൃശൂരും 04.15 ഓടെ പെരുമ്പാവൂരും കടന്നു ഞങ്ങടെ കൊമ്പൻ കുതിക്കുകയാണ്. കണ്ണ് തുറന്നു പിടിച്ചു യാത്ര ആസ്വദിക്കണം എന്നൊക്കെയാണ്ട്. പക്ഷെ ശരീരം സമ്മതിക്കേണ്ടേ. കൃത്യം 06 മണിക്ക് കോട്ടയത്തെക്ക് രാജകീയ (വണ്ടർലാ റൈഡ്) പ്രവേശനം. എത്ര ഉറക്കത്തിൽ ഉള്ളവനും എണ്ണീക്കുന്ന നമ്മുടെ സ്വന്തം കോട്ടയം.

സ്റ്റാൻഡിൽ കയറിയതും വണ്ടിയിൽ ഉള്ള സകലവനും തല പൊക്കി. അധികം അവിടെ കിടന്നില്ല, ഇനി ഏതാനും കിലോമീറ്ററുകൾ മാത്രം. വണ്ടിയുടെയും എന്റെയും അവസാന സ്റ്റോപ്പിലേക്ക്. പറയാതെ വയ്യ. പിടലി വേദന നല്ലപോലെയുണ്ട്. അങ്ങനെ 06.30 മണി വെളുപ്പിനെ അച്ചായൻ ചങ്ങനാശ്ശേരി സ്റ്റാണ്ടിലേക്ക് പ്രവേശിച്ചു. നടുവ് നിവർത്തി പുറത്തേക്കിറങ്ങി നേരെ വീട്ടിലേക്ക്.

വാൽകഷണം : സീറ്റുകളുടെ പ്രവർത്തനം പലതിലും കാര്യക്ഷമം അല്ല. ചരിച്ച സീറ്റ് തിരിച്ചു വരണേൽ നമ്മൾ കൈ കൊണ്ട് വലിക്കണം. ചാർജിങ്ങ് പോയിന്റുകൾ നോക്കിയില്ല, പവർ ബാങ്ക് ഉള്ളതുകൊണ്ട് തന്നെ. ഇത്രെയും ഓടുന്ന വണ്ടികൾ 3 കൊല്ലം ആവുമ്പോഴേ അവിയും, അപ്പോഴാണ് 7 ഉം 9 ഉം ആക്കുന്നതിൽ പഠനങ്ങൾ. നന്നായി വരത്തെയോള്ളൂ (എക്സ്റ്റൻഷൻ തള്ളിയ MVDയോട് ബഹുമാനം മാത്രം).

കർട്ടൻ ഒകെ എവിടെ പോയോ എന്തോ (ഇവൻ ഇറങ്ങിയ സമയത്തു സ്റ്റിക്കർ വർക്ക് ചെയ്യാനൊക്കെ പോകുമ്പോൾ തൊട്ട് കുറെ നാൾ ഇവനിൽ കർട്ടൻ ഉണ്ടായിരുന്നു.) പ്രായത്തിന്റെ പോരായ്മ ഒഴിച്ചാൽ വണ്ടി കിടു, നല്ല കിടുക്കാച്ചി സാരഥികളും. പുഷ്ബാക്ക് സീറ്റുകൾ ഉള്ള വണ്ടികളുടെ സീറ്റ് കാര്യക്ഷമത 2 കൊല്ലം കൂടുമ്പോൾ എങ്കിലും പരിശോധിക്കണം എന്ന് അഭ്യർത്ഥന.

മറ്റൊരു കാര്യം യാത്രക്കാരോടാണ്… വണ്ടി പൊതു സ്വത്ത് ആണെന്ന് അറിയാമല്ലോ? അല്ലെ? അതിലെ ഓരോ സാധനവും നമ്മുടെ കൂടെ taxആണെന്നും പറഞ്ഞു അതൊക്കെ മുടുപ്പിക്കണം എന്നുണ്ടോ? സീറ്റുകളില് പിറകിലെ കപ്പ് ഹോൾഡർ ഒകെ വലിച്ചു പൊട്ടിച്ചു കീറി വെച്ചേക്കുന്നത് കണ്ടു പറഞ്ഞതാ. എന്നിട്ട് നല്ല വണ്ടി ഇടുന്നില്ലേ എന്ന് മോങ്ങി നടപ്പും. വീട്ടിലെ സാധനം നിങ്ങളൊക്കെ ഇങ്ങനെ വലിച്ചു കീറുമോ? നശിപ്പിക്കുമോ?

പൊതുഗതാഗത സംവിധാനങ്ങളെ സംരക്ഷിക്കാൻ തന്നാൽ ആവുന്നതാണ് ചെയേണ്ടത്. അല്ലാതെ തന്നാൽ ആവുന്നാ രീതിക്ക് മുടുപ്പിക്കാൻ അല്ല നോക്കേണ്ടത്. ഈ മനോഭാവം മാറ്റാത്തടത്തോളം കാലം എത്ര നല്ല വണ്ടി നിരത്തിൽ ഇട്ടാലും ചുരുങ്ങിയ കാലം കൊണ്ട് അത് നശിപ്പിച്ചു കോലം കെടുത്തും എന്നതിൽ ഒരു സംശയവുമില്ല.