കൊതിപ്പിക്കുന്ന സീഫുഡ് ഐറ്റംസുമായി വെള്ളക്കാന്താരി

വിവരണം – പ്രശാന്ത് പറവൂർ.

എറണാകുളം നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിവായി സഞ്ചരിക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു റൂട്ടാണ് കണ്ടെയ്‌നർ റോഡ്. കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലം ടോൾ ബൂത്തിനു സമീപത്തായി മിക്കവാറും ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതായി കാണാം. അത് വെള്ളക്കാന്താരി എന്ന സമീപത്തെ സീഫുഡ് റെസ്റ്റോറന്റിൽ വരുന്നവരുടെ വാഹനങ്ങളാണ്.

കുറെ നാളുകളായി അതുവഴി പോകുമ്പോൾ ഈ കാഴ്ച കാണുന്നു. ഒരിക്കൽ വെള്ളക്കാന്താരിയിലെ രുചികൾ അറിയണമെന്ന് മനസ്സിൽ വിചാരിച്ചു. അങ്ങനെ ഈയിടെയാണ് അതിനു ഒരവസരം വന്നത്. അങ്ങനെ രണ്ടു സുഹൃത്തുക്കളോടൊപ്പം നേരെ വെച്ചു പിടിച്ചു കണ്ടെയ്‌നർ റോഡിൽ മുളവുകാട് ഭാഗത്തെ വെള്ളക്കാന്താരിയിലേക്ക്.

വെള്ള കാന്താരി എന്ന പേര് തന്നെയാണ് ഈ റെസ്റ്റോറന്റിന്റെ മുഖമുദ്ര. ഒരു നാട്ടിൻപുറം ഫീൽ അല്ലേ? അകത്തേക്ക് കയറിയപ്പോൾ ഇത് കുറച്ചു ചേച്ചിമാർ നടത്തുന്ന ഹോട്ടലാണെന്നു മനസ്സിലായി. നല്ല തിരക്കുണ്ടായിരുന്നുവെങ്കിലും ഒരുകണക്കിന് ഞങ്ങൾ സീറ്റ് ഒപ്പിച്ചു.

ഇരുന്നപാടേ ഒരു ചേച്ചി വന്നു വാഴയിലയിട്ട് അതിൽ തൊടുകറികൾ വിളമ്പി. അതിനിടയിൽ മറ്റൊരു ചേച്ചി വന്ന് ചോറും വിളമ്പി. ഒഴിക്കാൻ സാമ്പാർ, മീൻ ചാർ തുടങ്ങിയവയും. സ്പെഷ്യൽ ഐറ്റംസ് കുറേയുണ്ടെങ്കിലും ചെമ്മീൻ കിഴിയും കൊഴുവ ഫ്രൈയുമാണ് ഞങ്ങൾ ഓർഡർ ചെയ്തത്. നിമിഷനേരത്തിനകം സ്പെഷ്യൽ എത്തി. നല്ല കുരുകുരാ മൊരിഞ്ഞ കൊഴുവയും, വാട്ടിയ വാഴയിലയിൽ കിഴികെട്ടി പൊതിഞ്ഞ ചെമ്മീൻ റോസ്റ്റും.

വെള്ളക്കാന്താരിയുടെ വിശേഷങ്ങൾ കണ്ടറിയുവാൻ താഴെ കൊടുത്തിട്ടുള്ള ഈ വീഡിയോ ഒന്നു കാണുക. വീഡിയോയുടെ Description ൽ റെസ്റ്റോറന്റിന്റെ ലൊക്കേഷൻ മാപ്പും ഫോൺ നമ്പറുമെല്ലാം കൊടുത്തിട്ടുണ്ട്.

സ്പെഷ്യൽ ഐറ്റംസും ബാക്കി തൊടുകറികളും കൂട്ടി നല്ല അസ്സലായി ചോറുണ്ടു. ആഹാ നല്ല നാടൻ രുചികൾ. ചേച്ചിമാരുടെ കൈപ്പുണ്യം കൊള്ളാം. അവസാനം ഇലയും വടിച്ചു കൈകഴുകി വന്നപ്പോൾ ബില്ലുമായി ഒരു ചേച്ചി. ഒരു ഊണിന് 60 രൂപ, കൊഴുവ ഫ്രൈ – 80 രൂപ, ചെമ്മീൻ കിഴി – 110 രൂപ. പ്രതീക്ഷിച്ചതിനേക്കാൾ വില കുറവാണ്. ഞങ്ങൾ കഴിച്ചിറങ്ങാൻ നേരം ഫാമിലിയായും മറ്റുമൊക്കെ ധാരാളമാളുകൾ അവിടേക്ക് വന്നുകൊണ്ടിരുന്നു.

2013 മുതൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റാണ് വെള്ളക്കാന്താരി. ചുരുങ്ങിയ സമയംകൊണ്ട് ഭക്ഷണപ്രിയരുടെയുള്ളിൽ കടന്നുകയറുവാൻ വെള്ളക്കാന്താരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഈ റെസ്റ്റോറന്റ്റ് പ്രവർത്തിക്കുന്നത്. നാടൻ ബ്രേക്ക്ഫാസ്റ്റും, പലതരം സീഫുഡ് ഐറ്റംസ് ഉൾപ്പെടെ രുചികരമായ ഉച്ചയൂണും ഇവിടെ ലഭ്യമാണ്. വൈകുന്നേരം കടയടയ്ക്കുന്നതിനാൽ ഡിന്നർ മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഇവിടേക്ക് ആരും വരേണ്ട. ഡിന്നറും കൂടിയുണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ. പക്ഷേ ചേച്ചിമാർ നടത്തുന്നതായതിനാൽ അവർക്ക് വൈകുന്നേരം കുടുംബത്തോടൊപ്പം ചെലവിടാൻ വേണ്ടിയാണ് ആറു മണിയോടെ കച്ചവടം അവസാനിപ്പിക്കുന്നത്. ഞായറാഴ്ച കട മുടക്കമാണ്.

നിങ്ങൾ സീഫുഡ് പ്രേമിയാണെങ്കിൽ ഒന്നും നോക്കേണ്ട, നേരെ വിട്ടോളൂ വെള്ളക്കാന്താരിയിലേക്ക്. ഫാമിലിയായും, കപ്പിൾസ് ആയും കൂട്ടുകാരുമായും ഒക്കെ വരാവുന്ന ഒരു കിടിലൻ രുചിയിടം തന്നെ.