കേരളത്തിനകത്ത് സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും ജനപ്രിയമായ ഒരു ട്രെയിനാണ് വേണാട് എക്സ്പ്രസ്സ്. തിരുവനന്തപുരം – ഷൊർണ്ണൂർ റൂട്ടിലാണ് വേണാട് എക്സ്പ്രസ്സ് സർവ്വീസ് നടത്തുന്നത്. ഈയിടെ വേണാട് എക്സ്പ്രസിന് പുതിയ LHB കോച്ചുകൾ ഘടിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.
പൊതുവെ ഇന്ത്യൻ റെയിൽവേയിൽ കാണപ്പെടുന്ന പാട്ട, തകര കോച്ചുകളിൽ നിന്നും വ്യത്യസ്തമായി പുതുപുത്തൻ LHB കോച്ചുകൾ ഒരു വിമാനത്തിനകത്തിരിക്കുന്ന ഫീൽ തരുന്നവയാണ്. ശുചിമുറിയിൽ ആളുണ്ടോയെന്നറിയാൻ വാതിലിൽ ഇൻഡിക്കേഷൻ സംവിധാനം, മൊബൈൽ ചാർജ് ചെയ്യാൻ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കൻഡ് സിറ്റിംഗ് കോച്ചിൽ ലഘുഭക്ഷണ കൗണ്ടർ എന്നിവയാണ് ഈ പുതിയ കോച്ചുകളിലെ മറ്റു സൗകര്യങ്ങൾ.
ഒരു എസി ചെയർ കാർ, 15 സെക്കൻഡ് ക്ലാസ് സിറ്റിംഗ്, 3 ജനറൽ തേഡ് ക്ലാസ്, പാൻട്രികാർ,2 ലഗേജ് കംബ്രേക്ക് വാൻ എന്നിങ്ങനെയാണ് കോച്ചുകൾ. ജനറൽ കോച്ചിൽ പുഷ്ബാക്ക് സീറ്റുകളാണ്. ഹെഡ് ഓൺ ജനറേഷൻ വഴി എൻജിനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നത്. ശതാബ്ദി മാതൃകയിൽ നീലനിറമാണ് വേണാടിനും.
LHB കോച്ചുകളുമായി ഏറ്റവും കുറഞ്ഞദൂരം സർവ്വീസ് നടത്തുന്ന ട്രെയിനും വേണാട് എക്സ്പ്രസ്സ് തന്നെയാണ് എന്നത് മറ്റൊരു കാര്യം. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം പുതിയ കോച്ചുകളുമായി യാത്ര തുടങ്ങി, അവയുടെ പുതുമണം മാറുന്നതിനു മുൻപേ തന്നെ നമ്മുടെയാളുകൾ അവയിൽ തനിഗുണം കാട്ടിത്തുടങ്ങി. യാത്രക്കാരായി ട്രെയിനിൽ കയറിയ ചില സാമൂഹ്യവിരുദ്ധർ ആധുനിക കോച്ചുകളിലെ പുത്തൻ സീറ്റുകൾ കുത്തിക്കീറിയും, സീറ്റ് ലിവറുകൾ കേടുവരുത്തിയുമാണ് തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്.
സംഭവം മുഖ്യധാരാ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായപ്പോൾ നാണക്കേടായത് നമ്മൾ ഉൾപ്പെട്ട നമ്മുടെ നാടിനും സമൂഹത്തിനും കൂടിയാണ്. വാതോരാതെ ഇന്ത്യൻ റെയിൽവേയും മറ്റും കുറ്റം പറയുന്നവരാണ് നമ്മൾ. എന്നാൽ ശരിക്കും ട്രെയിനുകൾ വൃത്തികേടാക്കുന്നത് ആരാണ്? അതിലെ യാത്രക്കാർ തന്നെയാണ്. എന്നിട്ട് കുറ്റം റെയിൽവേയുടെ തലയിലും വെക്കും.
മറ്റു രാജ്യങ്ങളിൽ പോയിട്ടുള്ളവർ ശ്രദ്ധിച്ചിട്ടുണ്ടാകും അവിടെയെല്ലാം ആളുകൾ എത്ര ശ്രദ്ധയോടെയും വൃത്തിയോടെയുമാണ് പൊതുമുതൽ കാത്തുസൂക്ഷിക്കുന്നതെന്ന്. എപ്പോഴും നമ്മൾ ആത്മഗതം പറയാറുണ്ട് ഇന്ത്യ എപ്പോൾ വിദേശ രാജ്യങ്ങൾ പോലെയാകുമെന്ന്. നമ്മൾ എല്ലാവരും ഒരേപോലെ ചിന്തിച്ചു പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലും വൃത്തിയേറിയ ട്രെയിനുകളും, റോഡുകളുമൊക്കെ വരും.
നമ്മുടെയാളുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല പുതിയ ട്രെയിനുകളോടുള്ള ക്രൂരത. ആധുനിക സൗകര്യങ്ങളോടു കൂടി തേജസ് എക്സ്പ്രസ്സ് ആദ്യമായി സർവ്വീസ് തുടങ്ങിയപ്പോൾ വിൻഡോ ഗ്ലാസ്സുകൾ പൊട്ടിച്ചും മറ്റുള്ളവ സമാനഗതിയിൽ നശിപ്പിച്ചും ആനന്ദം കണ്ടവരാണ് നമ്മുടെയാളുകൾ. ഇതുകൂടാതെ കേരളത്തിനു ലഭിച്ച ആധുനിക ത്രീഫേസ് മെമുവിൽ ആദ്യ ദിനം തന്നെ മോഷണം നടത്തിയിരുന്നു. ഇപ്പോഴിതാ ഏറെ വാഴ്ത്തപ്പെട്ട് ഓട്ടം തുടങ്ങിയ വേണാട് എക്പ്രസ്സിലും എത്തി നിൽക്കുന്നു.
വേണാട് എക്സ്പ്രസ്സിന്റെ ഉള്ളിലുള്ള hidden ക്യാമറയിൽ ഈ നശീകരണപ്രവൃത്തികളെല്ലാം പതിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. ആളെ തിരിച്ചറിഞ്ഞാൽ ജാമ്യം പോലും കിട്ടാത്ത വകുപ്പുകളാണ്. കൂടാതെ നശിപ്പിക്കുന്നവരുടെ പക്കൽ നിന്നും ആ ട്രെയിനിലുള്ള നഷ്ടങ്ങളുടെ മുഴുവൻ തുകയും ഈടാക്കും. ഇത്തരത്തിലുള്ള വൃത്തികെട്ട സ്വഭാവമുള്ളവർക്ക് അർഹിക്കപ്പെടാതെ കിട്ടിയ നമ്മുടെ വേണാടിനെ നശിപ്പിക്കാതിരിക്കാൻ ഓരോ യാത്രക്കാരും ശ്രദ്ധിക്കുക. നശീകരണ തൊഴിലാളികൾ ശിക്ഷയും ഏറ്റുവാങ്ങുക.
നാം ഓർക്കേണ്ടത്, ഇതിൽ യാത്ര ചെയ്യുന്ന നാം ഓരോരുത്തർക്കും ഈ സൗകര്യങ്ങൾ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അസാധാരണ മനസികാവസ്ഥയുള്ള കേവലം ചിലരുടെ ദുഷ്പ്രവർത്തി മൂലം ഒരു സമൂഹം ഒന്നടങ്കം പഴി കേൾക്കേണ്ടി വരുന്നു. പൊതുനന്മയ്ക്കായി ഉപയോഗിക്കുന്ന, സാധാരണ നികുതിദായകന്റെ കൂടെ അധ്വാനത്തിന്റെ ഫലമായ വസ്തുവകകളാണ് ഇത്തരം നശീകരണ ചിന്താഗതി മൂലം നശിപ്പിക്കപ്പെടുന്നത്. സാധാരണ നികുതിദായകന്റെ പണം കൊണ്ട് ഉണ്ടാക്കിയെടുത്തതും പൊതുനന്മക്കായി ഉപയോഗിക്കാവുന്നതും ആയ ആസ്തികളാണ് ഇല്ലാതാവുന്നത്. നശിപ്പിക്കപ്പെട്ട ആസ്തികള് പുനഃസൃഷ്ടിക്കാനോ പുനരുദ്ധരിക്കാനോ ചെലവിടേണ്ടിവരുമ്പോള് വീണ്ടും നഷ്ടം പൊതുജനത്തിനുതന്നെയാണ്.