കെഎസ്ആർടിസിയിലെ ഈ തീവണ്ടി ബസ്സിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

നിങ്ങളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്തിട്ടുണ്ടാകും. പലതരത്തിലുള്ള കെഎസ്ആർടിസി ബസ്സുകൾ കണ്ടിട്ടുണ്ടാകും. സൂപ്പർഫാസ്റ്റ്, ലോഫ്‌ളോർ, സ്‌കാനിയ, ഡബിൾ ഡക്കർ എന്നിങ്ങനെ. എന്നാൽ കെഎസ്ആർടിസിയിലെ ഏറ്റവും നീളം കൂടിയ ബസ് ആരെങ്കിലും കണ്ടിട്ടുണ്ടോ? അതിൽ യാത്ര ചെയ്തിട്ടുണ്ടോ? ഏതായിരിക്കും ഏറ്റവും നീളമേറിയ ആ ബസ്?

RN 777 എന്ന ബോണറ്റ് നമ്പരിലുള്ള കെ.എസ്.ആർ.ടി.സിയുടെ കേരളത്തിലെ ഒരേയൊരു വെസ്റ്റിബ്യൂൾ ബസ്സിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 17 മീറ്ററാണ് ഈ ബസ്സിന്റെ നീളം. കെഎസ്ആർടിസിയിലെ തീവണ്ടി, അനാക്കോണ്ട എന്നൊക്കെയുള്ള വിളിപ്പേരുകളിൽ അറിയപ്പെടുന്ന ഈ വെസ്റ്റിബ്യൂൾ ബസ് തിരുവനന്തപുരത്താണ് ഉള്ളത്. കിഴക്കേക്കോട്ടയിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്കാണ് ഈ നീളൻ ബസ് സർവ്വീസ് നടത്തുന്നത്. നിലവിൽ പേരൂർക്കട യൂണിറ്റ് ആണ് ഈ സർവീസ് വിജയകരമായി ഏറ്റെടുത്ത് നടത്തുന്നത്.

യാത്രക്കാരെ കൃത്യസമയത്ത് ജോലി സ്ഥലങ്ങളിൽ എത്തിക്കുവാനും തിരികെ പോകാനും സാധിക്കും വിധം സമയം ക്രമീകരിച്ചിരിക്കുന്നതിനാൽ ഉദ്യോഗസ്ഥരുടെ വളരെയധികം പ്രിയപ്പെട്ട സർവീസ് ആണ് വെസ്റ്റിബ്യൂൾ. മറ്റു ബസ്സുകളെ അപേക്ഷിച്ച് നീളം കൂടുതൽ ആയതിനാൽ ഈ സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാർ വളരെയധികം ശ്രദ്ധയോട് കൂടിയാണ് നിരത്തിലൂടെ പ്രതിദിനം സർവീസ് നടത്തുന്നത്.

ഇനി അല്പം സാങ്കേതിക വശം കൂടി, അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ ആറ് സിലിണ്ടർ ടർബോ ചാർജിംഗ് ഇന്റർ കൂളിങ് എൻജിൻ ആണ് ഈ ബസ്സിൽ ഘടിപ്പിച്ചിരിക്കുന്നത്. ഡീസൽ ആണ് ഇന്ധനം. ഒരു ലിറ്റർ ഡീസലിന് ഏകദേശം 3 കിലോമീറ്ററോളം മൈലേജ് നിലവിൽ ലഭിക്കുന്നുണ്ട്. 2011 ൽ ആരംഭിച്ച ഈ സർവീസ് കിഴക്കേകോട്ട – ആറ്റിങ്ങൽ നിരത്തിലൂടെ മുടക്കമില്ലാതെ ജൈത്രയാത്ര തുടരുന്നു.

ബസ്സിന്റെ സമയവിവരങ്ങൾ ചുവടെ ചേർക്കുന്നു : 05.30 – പേരൂർക്കട – തിരുവനന്തപുരം, 06.05 – തിരുവനന്തപുരം – ആറ്റിങ്ങൽ, 07.50 – ആറ്റിങ്ങൽ – കിഴക്കേകോട്ട, 09.25 – കിഴക്കേകോട്ട – ആറ്റിങ്ങൽ, 11.30 – ആറ്റിങ്ങൽ – കിഴക്കേകോട്ട, 13.40 – കിഴക്കേകോട്ട – ആറ്റിങ്ങൽ, 15.15 – ആറ്റിങ്ങൽ – കിഴക്കേകോട്ട, 17.10 – കിഴക്കേകോട്ട – ആറ്റിങ്ങൽ, 18.50 – ആറ്റിങ്ങൽ – കിഴക്കേകോട്ട, 20.30 – കിഴക്കേകോട്ട – പേരൂർക്കട.

തിരുവനന്തപുരത്ത് എത്തുന്നവർക്ക് ഒരു അത്ഭുതാവഹമായ കാഴ്ചയാണ് യാത്രക്കാരെയും കയറ്റിക്കൊണ്ടു പാമ്പിനെപ്പോലെ പോകുന്ന ഈ വെസ്റ്റിബ്യൂൾ ബസ്. അപ്പോൾ മറക്കേണ്ട… ഇനി എന്നെങ്കിലും തിരുവനന്തപുരത്ത് വരികയാണെങ്കിൽ നിരത്തിലൂടെയുള്ള ഈ കെഎസ്ആർടിസി തീവണ്ടി യാത്ര ഒന്നാസ്വദിക്കുവാൻ ശ്രമിക്കുക.

വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.