ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള (കൽക്കട്ട) ഒരു മാർബിൾ നിർമ്മിത സ്മാരകമന്ദിരമാണ് വിക്ടോറിയ മെമ്മോറിയൽ. 1906-1921 കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. വിക്ടോറിയ രാജ്ഞിയുടെ (1819-1901) സ്മരണാർത്ഥം നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകം, ഇപ്പോൾ കേന്ദ്രസാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയവും ടൂറിസ്റ്റ് കേന്ദ്രവുമാണ്. ജവഹർലാൽ നെഹ്റു റോഡിനടുത്തായി, ഹൂഗ്ലീ നദിക്കരയിലുള്ള, വിക്ടോറിയ മെമ്മോറിയൽ മൈതാൻ എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡിനടുത്താണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.
1901-ൽ വിക്ടോറിയ രാജ്ഞിയുടെ മരണത്തെത്തുടർന്ന്, അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ്, ബ്രീട്ടിഷിന്ത്യയുടെ ഭരണതലസ്ഥാനമായിരുന്ന കൽക്കത്തയിൽ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മമന്ദിരത്തിന്റെ നിർമ്മാണമാരംഭിച്ചത്. മ്യൂസിയവും പൂന്തോട്ടവും ഉൾക്കൊള്ളുന്ന ബൃഹത്ത് മന്ദിരത്തിനാണ് അദ്ദേഹം പദ്ധതിയിട്ടത്.
1906 ജനുവരി 4-നു് വേൽസ് രാജകുമാരനും പീന്നിട് രാജാവുമായ ജോർജ്ജ് അഞ്ചാമനാണ് ഈ സ്മാരകത്തിനു തറക്കല്ലിട്ടത്. പീന്നിട് ഇത്, 1921-ൽ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി വിട്ടുകൊടുന്നു. 1912-ൽ, വിക്ടോറിയ മെമ്മോറിയലിന്റെ നിർമ്മാണം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജോർജ്ജ് അഞ്ചാമൻ ചക്രവർത്തി ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേയ്ക്ക് മാറ്റിയിരുന്നു. അങ്ങനെ, വിക്ടോറിയ മെമ്മോറിയലിന് തലസ്ഥാനനഗരിയിലെ ശ്രദ്ധേയ സ്മാരകം എന്ന സ്ഥാനം നഷ്ടമായി.
ആഗ്രയിലെ താജ് മഹലിന്റെ അത്രയും ഭംഗി വരില്ലെങ്കിലും, ഏതാണ്ട് അതുപോലെ രൂപത്തിലാണ് വിക്ടോറിയ മെമ്മോറിയൽ നിര്‍മ്മിച്ചിരിക്കുന്നത്. മാർബിളിൽ നിർമിച്ചിരിക്കുന്ന ഈ സ്മാരകം ഇന്ന് കൊൽക്കത്തയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നു കൂടിയാണ്. ബ്രിട്ടീഷുകാരുടെ വാസ്തുവിദ്യയോട് ചേർത്ത് മുഗൾ വാസ്തുവിദ്യ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കൂടാതെ വെനീഷ്യൻ, ഈജിപ്ഷ്യൻ, ഇസ്ലാമിക് വാസ്തുവിദ്യകളുടെ സ്വാധീനവും ഇതിൽ കാണാൻ സാധിക്കും.
1921 ലാണ് ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്. രാജകുടുംബത്തിന്റെ ചില പെയിന്റിംഗുകളൊക്കെ ഇവിടെ കാണാം. അവയേക്കാളുപരി കെട്ടിടത്തിന്റെ ഭംഗി ആസ്വദിക്കാനാണ് മിക്കവരും ഇവിടെയെത്തുന്നത്. ഒഴിവ് സമയം ചെലവഴിക്കാന്‍ ഏറെയാളുകളെത്തുന്ന കൊല്‍ക്കത്തയിലെ ഒരു പ്രധാന സ്ഥലമാണിത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ പ്രവേശനം. തിങ്കളാഴ്ചകളിലും മറ്റ് ദേശീയ അവധി ദിവസങ്ങളിലും ഇവിടെ പ്രവേശനമില്ല. കോവിഡ് പ്രശ്നങ്ങൾ മൂലം വിക്ടോറിയ മെമ്മോറിയലിൽ നിലവിൽ സന്ദർശകരെ അനുവദിക്കുന്നില്ല.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, Malayalam News Daily.